sections
MORE

സ്ത്രീകളെ പീഡിപ്പിക്കുന്നവർക്ക് രാസ ഷണ്ഡീകരണം, മൈക്കിള്‍ ജാക്‌സനെ ‘ശിക്ഷിച്ചത്’ അച്ഛൻ

chemical-castration-mj
SHARE

പീഡനക്കേസിലെ പ്രതികള്‍ക്ക് രാസ ഷണ്ഡീകരണത്തിന് പാക് സര്‍ക്കാര്‍ അംഗീകാരം നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ പോപ് ഇതിഹാസം മൈക്കിള്‍ ജാക്‌സണെ പിതാവ് രാസ ഷണ്ഡീകരണത്തിന് വിധേയനാക്കിയിരുന്നുവെന്ന വെളിപ്പെടുത്തലും വിവാദമായിരുന്നു. എന്താണ് രാസ ഷണ്ഡീകരണം? ഇതുകൊണ്ട് എന്താണ് ലക്ഷ്യമിടുന്നത്?

∙ രാസ ഷണ്ഡീകരണം എന്ത്? എങ്ങനെ? എന്തിന്?

ലൈംഗികമായ ഉത്തേജനം മരുന്നുകള്‍ ഉപയോഗിച്ച് കുറക്കുന്ന രീതിയെയാണ് രാസഷണ്ഡീകരണം എന്ന് പറയുന്നത്. ശസ്ത്രക്രിയയില്‍ വൃഷണങ്ങള്‍ മാറ്റിയാണ് ഷണ്ഡീകരണം നടത്തുന്നതെങ്കില്‍ രാസ ഷണ്ഡീകരണത്തില്‍ മരുന്നുകള്‍ മാത്രമാണ് ഉപയോഗിക്കുന്നത്. ഫലത്തില്‍ സ്ഥിരമായല്ല, താല്‍ക്കാലികമായ മാറ്റം മാത്രമാണ് പലപ്പോഴും ഇതുകൊണ്ടുണ്ടാവുക. മരുന്നുകള്‍ നല്‍കുന്നത് നിലച്ചാല്‍ ഷണ്ഡീകരണവും നിലക്കും. അതേസമയം, ചിലരില്‍ ശരീരത്തിലെ രാസപ്രവര്‍ത്തനങ്ങള്‍ക്ക് ഇതുവഴി സ്ഥിരമായ മാറ്റവും സംഭവിക്കാറുള്ളതായും കണ്ടിട്ടുണ്ട്.

പലരാജ്യങ്ങളും പീഡനക്കേസിലെ പ്രതികള്‍ക്ക് രാസ ഷണ്ഡീകരണം നടത്തി ശിക്ഷാ ഇളവുകള്‍ നല്‍കാറുണ്ട്. മറ്റു ചിലയിടത്ത് ശിക്ഷയായും ഇത് വിധിക്കാറുണ്ട്. പല കാരണങ്ങള്‍കൊണ്ടും രാസഷണ്ഡീകരണം വിവാദമായിട്ടുണ്ട്. ഇത്തരം മരുന്ന് പ്രയോഗത്തിന് ഇരയാകുന്നവര്‍ പിന്നീട് കുറ്റകൃത്യങ്ങളില്‍ ഏര്‍പെടില്ലെന്ന് ഉറപ്പിക്കാനാവില്ല. പിന്നെന്തിനാണ് ഇങ്ങനെയൊരു രീതി എന്നും വിമര്‍ശകര്‍ ഉന്നയിക്കുന്നുണ്ട്. മാത്രമല്ല പലരിലും ഈ മരുന്നു പ്രയോഗം മൂലം ദീര്‍ഘകാലത്തേക്ക് പാര്‍ശ്വഫലങ്ങളുണ്ടാവാറുണ്ട്. അതുകൊണ്ട് രാസഷണ്ഡീകരണം മനുഷ്യാവകാശ ധ്വംസനമാണെന്ന് വാദിക്കുന്നവരുമുണ്ട്. 

പുരുഷ ലൈംഗിക ഹോര്‍മോണുകളെ തളര്‍ത്തുന്ന ആന്റി ആന്‍ഡ്രോജന്‍ മരുന്നുകളാണ് രാസ ഷണ്ഡീകരണത്തിന്റെ ഭാഗമായി നല്‍കുക. സൈക്കോസിസ് എന്ന മാനസികരോഗ ചികിത്സക്ക് ഉപയോഗിക്കുന്ന ബെന്‍പെരിഡോള്‍ പോലുള്ള മരുന്നുകളും നല്‍കാറുണ്ട്. ഇവയില്‍ പലതും ദീര്‍ഘനാളത്തേക്ക് ഫലം നല്‍കുന്നവയാണ്. ഇത്തരം മരുന്നുകള്‍ പുരുഷന്മാരില്‍ ലൈംഗികാസക്തിയും ഉദ്ധാരണ ശേഷിയും കുറക്കും. ശരീരത്തില്‍ കൊഴുപ്പ് കൂടുക, അസ്ഥിയുടെ സാന്ദ്രത കുറയുക, ഹൃദ്രോഗ സാധ്യത എന്നിവയാണ് പ്രധാന പാര്‍ശ്വഫലങ്ങള്‍. സ്തനവളര്‍ച്ച, രോമവളര്‍ച്ച കുറയുക, മാംസപേശികളുടെ അളവും ദൃഢതയും കുറയുക എന്നീ പാര്‍ശ്വഫലങ്ങളും കണ്ടുവരാറുണ്ട്. 

അമേരിക്കയില്‍ കാലിഫോര്‍ണിയ, ഫ്‌ളോറിഡ, ജോര്‍ജ്ജിയ തുടങ്ങി ഏഴ് സംസ്ഥാനങ്ങളിലെങ്കിലും രാസ ഷണ്ഡീകരണം പരീക്ഷിച്ചിട്ടുണ്ട്. ബ്രിട്ടന്‍, ജര്‍മനി, പോര്‍ച്ചുഗല്‍, പോളണ്ട്, റഷ്യ, ഇസ്രയേല്‍, ഓസ്‌ട്രേലിയ, അര്‍ജന്റീന, ദക്ഷിണകൊറിയ എന്നീ രാജ്യങ്ങളിലും പീഡനക്കേസിലെ കുറ്റവാളികള്‍ക്കെതിരെ രാസ ഷണ്ഡീകരണം പ്രാബല്യത്തിലുണ്ട്. 

∙ പിതാവ് രാസ ഷണ്ഡീകരം നടത്തിയ എംജെ

പോപ് സംഗീതലോകം ഭരിച്ചിരുന്ന മൈക്കിള്‍ ജാക്‌സണ്‍ രാസ ഷണ്ഡീകരണത്തിനിരയായെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത് അദ്ദേഹത്തിന്റെ ഡോക്ടറായിരുന്ന കൊണാഡ് മറേയാണ്. എംജെയുടെ പിതാവായിരുന്ന ജോ ജാക്‌സണെതിരെയായിരുന്നു ഡോക്ടറുടെ വെളിപ്പെടുത്തല്‍. മൈക്കിള്‍ജാക്‌സന്റെ ശബ്ദ സൗന്ദര്യം നഷ്ടപ്പെടാതിരിക്കാന്‍ കുട്ടിക്കാലത്തേ അദ്ദേഹം രാസ ഷണ്ഡീകരണത്തിനിരയായി എന്നായിരുന്നു ഡോ. കൊണാഡ് മറേ വെളിപ്പെടുത്തിയത്. 

ജോ 89ാം വയസില്‍ മരിച്ചതിന് ശേഷമായിരുന്നു കൊണാഡ് മറേയുടെ ലോകത്തെ ഞെട്ടിച്ച വെളിപ്പെടുത്തലുണ്ടായത്. സ്വന്തം മക്കള്‍ക്കെതിരെ ഏറ്റവും ക്രൂരമായി പെരുമാറിയ പിതാവായാണ് ജോയെ കൊണാഡ് മറേ വിശേഷിപ്പിച്ചത്. മൈക്കിള്‍ ജാക്‌സണിന്റെ ഹൈ പിച്ച് ശബ്ദം നഷ്ടപ്പെടാതിരിക്കാന്‍ വേണ്ടി രാസ ഷണ്ഡീകരണത്തിനുള്ള മരുന്നുകള്‍ അദ്ദേഹത്തില്‍ കുത്തിവെച്ചെന്നായിരുന്നു ഡോക്ടറുടെ ആരോപണം. മൈക്കിള്‍ ജാക്‌സണിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് 2010ല്‍ ഡോക്ടര്‍ മറേക്കെതിരെ ജോ ജാക്‌സണ്‍ ഒരു പരാതി നല്‍കിയിരുന്നു. പിന്നീട് ഈ പരാതി ജോ തന്നെ പിന്‍വലിക്കുകയായിരുന്നു.

English Summary: Pakistan Prime Minister Approves Chemical Castration Of Rapists, What is Chemical Castration

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA