ADVERTISEMENT

അരനൂറ്റാണ്ടോളം ഭൂമിയിലെ ഏറ്റവും വലിയ ദൂരദര്‍ശിനി എന്ന പദവി സ്വന്തമാക്കിയിരുന്ന അരിസിബോ ടെലസ്‌കോപ് ഒടുവില്‍ അടച്ചുപൂട്ടുന്നു. ആദ്യത്തെ സൗരയൂഥേതര ഗ്രഹം അടക്കമുള്ള പല നിര്‍ണായകമായ കണ്ടെത്തലുകളും ഈ ദൂരദര്‍ശിനിയാണ് നടത്തിയത്. രണ്ട് സപ്പോർട്ടിങ് കേബിളുകൾ കൂടി പ്രശ്നത്തിലായതോടെ ഭീമൻ ഡിഷ് നന്നാക്കാൻ കഴിയില്ലെന്ന് നാഷണൽ സയൻസ് ഓഫ് ഫൗണ്ടേഷൻ നവംബർ 19 ന് പ്രഖ്യാപിക്കുകയായിരുന്നു. പ്രവര്‍ത്തനം അവസാനിപ്പിച്ച് അടച്ചുപൂട്ടിയാലും കാലങ്ങളോളം ശാസ്ത്രജ്ഞരുടേയും വാനനിരീക്ഷകരുടേയും ഓര്‍മകളില്‍ അരിസിബോ ഉണ്ടാകുമെന്ന് തെളിയിക്കുന്നതാണ് ഇപ്പോള്‍ വരുന്ന അനുസ്മരണക്കുറിപ്പുകള്‍.

 

യുഎസ് നാഷണല്‍ സയന്‍സ് ഫൗണ്ടേഷന്റെ (എന്‍എസ്എഫ്) ഉടമസ്ഥതയില്‍ പ്യൂര്‍ട്ടോറിക്കയിലാണ് സ്ഥാപിക്കപ്പെടുന്നത്. 1960 നവംബറില്‍ ആരഭിച്ച നിര്‍മാണം മൂന്നുവര്‍ഷങ്ങള്‍ക്കുശേഷം 1963 നവംബറിലാണ് ഇതിന്റെ പ്രവര്‍ത്തനം ആരംഭിച്ചത്. 1000 അടി വ്യാസമുള്ള ഈ കൂറ്റന്‍ ടെലസ്‌കോപ് പ്രകൃതി നിര്‍മിത ഗര്‍ത്തത്തിനുള്ളിലാണ് സ്ഥാപിച്ചത്. 2016 ജൂലൈയില്‍ ചൈനയില്‍ ഫാസ്റ്റ് ടെലസ്‌കോപ് സ്ഥാപിക്കും വരെ അരിസിബോയായിരുന്നു ലോകത്തെ ഏറ്റവും വലിയ ടെലസ്‌കോപ്. 

 

ഈ വര്‍ഷമുണ്ടായ രണ്ട് നിര്‍ണായക കേടുപാടുകളാണ് അരിസിബോയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്ന തീരുമാനത്തിലേക്ക് അധികൃതരെ എത്തിച്ചത്. ഓഗസ്റ്റിലും നവംബര്‍ തുടക്കത്തിലും അവിചാരിതമായി അരിസിബോയുടെ രണ്ട് കേബിളുകളുടെ പ്രവര്‍ത്തനം നിലച്ചിരുന്നു. ഇത് അരിസിബോയുടെ കൂറ്റന്‍ ഡിഷില്‍ വലിയ വിള്ളലാണുണ്ടാക്കിയത്. അറ്റകുറ്റപണികള്‍ നടത്തി പൂര്‍വ്വസ്ഥിതിയിലാക്കാന്‍ സാധിക്കില്ലെന്ന് തിരിച്ചറിഞ്ഞതോടെയാണ് മറ്റൊരു നവംബറില്‍ അരിസിബോ ദൂരദര്‍ശിനിയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്.

 

അരിസിബോ ദൂരദര്‍ശിനി വഴിയുള്ള പ്രധാന കണ്ടെത്തല്‍ നടക്കുന്നത് 1974ലാണ്. ആദ്യമായി പള്‍സാര്‍ നക്ഷത്രങ്ങളെ കണ്ടെത്തിയത് അന്നായിരുന്നു. സ്വയം ഭ്രമണം ചെയ്യുകയും വൈദ്യുതകാന്തിക വികിരണം പ്രസരിപ്പിക്കുകയും ചെയ്യുന്ന ന്യൂട്രോണ്‍ നക്ഷത്രങ്ങളാണ് പള്‍സാറുകള്‍. ഭ്രമണത്തിനിടെ ഇവയിലെ വികിരണങ്ങള്‍ ഭൂമിയുടെ ദിശയില്‍ വരുമ്പോള്‍ മാത്രമേ പള്‍സാറുകള്‍ നമുക്ക് ദൃശ്യമാകാറുള്ളൂ. കൃത്യമായ ഇടവേളകളില്‍ മിന്നിത്തിളങ്ങുന്ന ഈ പ്രതിഭാസത്തെ ലൈറ്റ് ഹൗസ് പ്രതിഭാസം എന്നും പറയാറുണ്ട്.

 

പ്യൂര്‍ട്ടോറിക്കക്കാര്‍ക്കുമാത്രമല്ല ലോകത്തിന് തന്നെ എത്രത്തോളം പ്രിയങ്കരമായിരുന്നു ഈ കൂറ്റന്‍ ദൂരദര്‍ശിനിയെന്ന് തെളിയിക്കുന്നതാണ് ഇപ്പോള്‍ പുറത്തുവരുന്ന അനുസ്മരണ സന്ദേശങ്ങള്‍. #WhatAreciboMeansToMe എന്ന ഹാഷ്ടാഗില്‍ നിരവധി പേരാണ് അരിസിബോ അനുഭവങ്ങള്‍ ഓര്‍ത്തെടുക്കുന്നത്. ശാസ്ത്രജ്ഞര്‍ക്ക് മാത്രമല്ല സാധാരണക്കാരുടെ വിനോദ- വിജ്ഞാന സഞ്ചാര കേന്ദ്രം കൂടിയായിരുന്നു ഇത്. ജെയിംസ് ബോണ്ട് ചിത്രമായ ഗോള്‍ഡന്‍ ഐ അടക്കം നിരവധി ഹോളിവുഡ് ചിത്രങ്ങളും ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്. 

 

പ്യൂര്‍ട്ടോറിക്കന്‍ ശാസ്ത്രജ്ഞയായ ജുനേലി ഗോണ്‍സാലെസ് ക്യൂലെസ് താന്‍ ജ്യോതിശാസ്ത്രത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടത് കുട്ടിക്കാലത്ത് അരിസിബോ ടെലസ്‌കോപ് സന്ദര്‍ശിച്ച ശേഷമാണെന്നാണ് പറഞ്ഞത്. കുട്ടിക്കാലത്തെ ആ ആഗ്രഹം വര്‍ഷങ്ങള്‍ കഴിയും തോറും വര്‍ധിച്ചു വന്നു. അന്ന് അരിസിബോ ഒബ്‌സര്‍വേറ്ററി സന്ദര്‍ശിച്ചില്ലായിരുന്നെങ്കില്‍ തന്റെ ജീവിതം ഒരിക്കലും ജ്യോതിശാസ്ത്രത്തിന്റെ വഴിയേ ആകില്ലായിരുന്നുവെന്നാണ് അവര്‍ പറയുന്നത്. 

 

പല തലമുറയില്‍ പെട്ട ജ്യോതിശാസ്ത്രജ്ഞരേയും വാനനിരീക്ഷകരേയും പ്രപഞ്ചശാസ്ത്രജ്ഞരേയും മാത്രമല്ല ബയോളജിസ്റ്റുകളേയും എൻജിനീയര്‍മാരേയും തുടങ്ങി ജീവിതത്തിന്റെ പല മേഖലയില്‍ പെട്ടവരും അരിസിബോയെ കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെക്കുന്നുണ്ട്. 'വിശാലമായ പ്രപഞ്ചത്തിലെ ഭൂമിക്ക് പുറത്തെ ജീവന്‍ അടക്കമുള്ള കാര്യങ്ങള്‍ തിരയുന്ന ഈ കൂറ്റന്‍ ദൂരദര്‍ശിനി ഒരുസ്വപ്‌നം പോലെ അത്ഭുതമായിരുന്നു.' എന്നാണ് ബോട്ടണിസ്റ്റായ അമേലിയ മെര്‍സെഡ് പറയുന്നത്. 

'ഈയൊരുനിര്‍മിതി എത്രത്തോളം പ്യൂര്‍ട്ടോറിക്കന്‍ കുട്ടികള്‍ക്ക് പ്രചോദനമായിട്ടുണ്ടെന്ന് നിങ്ങളറിയുമോ? ഞങ്ങള്‍ക്ക് ഇതൊരു ശാസ്ത്ര ഉപകരണമായിരുന്നില്ല മറിച്ച് സംസ്‌ക്കാരത്തിന്റെ ഭാഗം തന്നെയായിരുന്നു' എന്നാണ് ഡോ. അമേലിയ മെര്‍സെഡ് ട്വീറ്റു ചെയ്തിരിക്കുന്നത്.

 

English Summary: NSF begins planning for decommissioning of Arecibo Observatory’s 305-meter telescope due to safety concerns

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com