ADVERTISEMENT

നമ്മുടെ അയലത്തുള്ള നക്ഷത്ര സമൂഹത്തില്‍ നിന്നും മനുഷ്യന്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മിക്കുന്നതിന് സമാനമായ നിഗൂഢമായ റേഡിയോ സിഗ്നലുകള്‍ ഗവേഷകര്‍ കണ്ടെത്തി. സൂര്യനോട് ഏറ്റവും അടുത്തുള്ള നക്ഷത്രമായ പ്രോക്‌സിമ സെഞ്ച്വറിയുടെ ദിശയില്‍ നിന്നാണ് ഈ റേഡിയോ സിഗ്നലുകള്‍ വരുന്നതെന്ന് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. ഓസ്‌ട്രേലിയയിലെ പാര്‍ക്‌സ് ടെലസ്‌കോപാണ് ഈ നിഗൂഢ സിഗ്നലുകളെ കണ്ടെത്തിയത്. 

 

കഴിഞ്ഞ വര്‍ഷം ഏപ്രിലിലും മെയ് മാസത്തിലുമാണ് 980 മെഗാ ഹെട്‌സുള്ള ഈ റേഡിയോ സിഗ്നലുകള്‍ ഓസ്‌ട്രേലിയയിലെ പാര്‍ക്‌സ് ടെലസ്‌കോപ് സംവിധാനം തിരിച്ചറിഞ്ഞത്. ഇതേക്കുറിച്ചുള്ള വിശദമായ പഠനങ്ങള്‍ നടന്നുവരികയാണെന്നും കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ലെന്നും ഗാര്‍ഡിയന്‍ റിപ്പോര്‍ട്ടിലുണ്ട്. 

 

വിദൂര പ്രപഞ്ചത്തില്‍ നിന്നുള്ള റേഡിയോ സിഗ്നലുകളെ കണ്ടെത്തുന്നതിന് വേണ്ടിയുള്ള 100 ദശലക്ഷം ഡോളറിന്റെ ബ്രേക്ക്ത്രൂ ലിസന്‍ പ്രൊജക്ടിന്റെ ഭാഗമായാണ് പാര്‍ക്‌സ് ടെലസ്‌കോപ് സ്ഥാപിച്ചിട്ടുള്ളത്. പ്രോക്‌സിമ സെഞ്ച്വറിയുടെ ദിശയില്‍ നിന്നുള്ള 980 മെഗാഹെട്‌സിന്റെ സിഗ്നലുകള്‍ പിന്നീട് തിരിച്ചറിയാന്‍ ഗവേഷകര്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. മനുഷ്യ നിര്‍മിത ബഹിരാകാശ വാഹനങ്ങളും കൃത്രിമോപഗ്രഹങ്ങളും പുറത്തുവിടുന്നതിന് സമാനമായ സിഗ്നലുകളാണിവയെന്നത് ശാസ്ത്രലോകത്തിന്റെ നെഞ്ചിടിപ്പ് കൂട്ടുന്നുണ്ട്. ഇതുവരെയുള്ള മനുഷ്യന്റെ അറിവ് വെച്ച് ഇത്തരം സിഗ്നലുകള്‍ പ്രകൃതിയില്‍ നിന്നും ഉണ്ടാവില്ലെന്നും സാങ്കേതികവിദ്യകളിലൂടെ മാത്രമേ നിര്‍മിക്കാന്‍ സാധിക്കൂ എന്നും ഗവേഷകലോകം കൂട്ടിച്ചേര്‍ക്കുന്നു.  

 

ടെക് ശതകോടീശ്വരനായ യുരി മില്‍നറുടെ മില്‍നര്‍സ് ബ്രേക്ക്ത്രൂ ഇനീഷ്യേറ്റീവിന്റെ ഭാഗമായാണ് ബ്രേക് ത്രൂ ലിസന്‍ പ്രൊജക്ട് ഉണ്ടായത്. 2015ല്‍ ആരംഭിച്ച ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം അന്യഗ്രഹജീവന് തെളിവ് കണ്ടെത്തുകയെന്നതാണ്. സ്റ്റീഫന്‍ ഹോക്കിങ് അടക്കമുള്ള വിഖ്യാത പ്രപഞ്ച ശാസ്ത്രജ്ഞര്‍ ഈ പദ്ധതിയോട് സഹകരിച്ചിരുന്നു. ലോകമെങ്ങുമുള്ള റേഡിയോ ടെലസ്‌കോപുകള്‍ നിശ്ചിത സമയം വാടകക്കെടുത്താണ് ഗവേഷകര്‍ അന്യഗ്രഹ ജീവന്റെ സാധ്യതകള്‍ തിരയുന്നത്. 

 

ബ്രേക്ക്ത്രൂ ലിസന്‍ പദ്ധതിയുടെ ഭാഗമായി നിരന്തരം ഭൂമിക്ക് പുറത്തുനിന്നുള്ള റേഡിയോ സിഗ്നലുകള്‍ കണ്ടെത്താറുണ്ട്. സൂര്യനില്‍ നിന്നുള്ള റേഡിയോ സിഗ്നലുകള്‍ പലയിടങ്ങളിലും തട്ടി പ്രതിഫലിച്ചും ഭൂമിയിലേക്കെത്താറുണ്ട്. എന്നാല്‍, ഇത്തവണ കണ്ടെത്തിയ റേഡിയോ സിഗ്നലുകള്‍ ഭൂമിയില്‍ നിന്നും 4.2 പ്രകാശ വര്‍ഷം അകലെയുള്ള പ്രോക്‌സിമ സെഞ്ച്വറിയില്‍ നിന്നുള്ളതാണ്. പ്രോക്‌സിമ സെഞ്ച്വറിയോട് ചേര്‍ന്നുള്ള ഗ്രഹത്തില്‍ നിന്നുള്ളതാണ് ഈ സിഗ്നലുകളെന്നാണ് കരുതപ്പെടുന്നത്. 

 

1977ല്‍ കണ്ടെത്തിയ വൗ! സിഗ്നലിന് ശേഷം ആദ്യമായാണ് അന്യഗ്രഹ ജീവന് വ്യക്തമായ സൂചന നല്‍കുന്ന റേഡിയോ തരംഗങ്ങളെ തിരിച്ചറിയുന്നതെന്നാണ് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്. ബ്രേക്ക്ത്രൂ ലിസന്‍ പ്രൊജക്ടിന്റെ ഭാഗമായി ലഭിക്കുന്ന ഏറ്റവും ശ്രദ്ധേയമായ നേട്ടമായാണ് ഈ റേഡിയോ തരംഗങ്ങള്‍ കണ്ടെത്തിയതിനെ പെന്‍ സ്റ്റേറ്റ് സര്‍വ്വകലാശാലയിലെ സോഫിയ ഷെയ്ക്ക് വിശേഷിപ്പിക്കുന്നത്. സോഫിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഈ സിഗ്നലുകളെക്കുറിച്ച് വിശദമായ പഠനങ്ങള്‍ നടത്തുന്നത്. ബ്രേക്ക്ത്രൂ ലിസന്‍ കാന്‍ഡിഡേറ്റ് 1 അഥവാ ബിഎല്‍സി 1 എന്നാണ് അവര്‍ ഈ സിഗ്നലിന് പേരിട്ടിരിക്കുന്നത്. 

 

അന്യഗ്രഹജീവികളെക്കുറിച്ച് ഇന്നും നമുക്ക് ധാരണയില്ലാത്തതുപോലെ അങ്ങനെയൊന്ന് ഉണ്ടെങ്കില്‍ തന്നെ അവര്‍ എങ്ങനെയാണ് ആശയവിനിമയം നടത്തുകയെന്നതിനെക്കുറിച്ചും മനുഷ്യന് വലിയ പിടിയില്ല. സാങ്കേതികമായി അന്യഗ്രഹ ജീവികള്‍ എത്രത്തോളം പുരോഗമിച്ചിട്ടുണ്ടെന്നത് സംബന്ധിച്ചും വ്യക്തതയില്ല. പ്രകൃത്യാ നിര്‍മിക്കപ്പെടാത്ത സിഗ്നലുകള്‍ എങ്ങനെ വന്നു എന്ന ചോദ്യത്തിന് വ്യക്തമായ വിശദീകരണവുമായിട്ടായിരിക്കും ഇത് സംബന്ധിച്ച പഠനഫലം പുറത്തിറങ്ങുകയെന്ന് പ്രതീക്ഷിക്കാം.

 

English Summary: Mysterious Radio Signal Detected From Our Closest Neighbouring Star System

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com