ADVERTISEMENT

മേഘങ്ങള്‍ക്കിടയിലൂടെ വ്യക്തമായി ചിത്രങ്ങളെടുക്കാനും ആകാശത്തു നിന്നും ഭൂമിയിലെ അപ്പാര്‍ട്ട്‌മെന്റുകള്‍ക്കുള്ളിലേക്ക് പോലും കാണാനുമാവുന്ന ചാര ഉപഗ്രഹം നമ്മുടെ തലക്ക് മുകളിലുണ്ട്. കാപെല്ല സ്‌പേസ് എന്ന അമേരിക്കന്‍ സ്വകാര്യ ബഹിരാകാശ കമ്പനിയുടെ കാപെല്ല 2 എന്ന ചാര ഉപഗ്രഹമാണ് തുളച്ചുകയറുന്ന നോട്ടത്തിന് പിന്നില്‍. ഭൂമിയില്‍ എവിടേക്കും ആവശ്യമെങ്കില്‍ ചാരക്കണ്ണുകള്‍ വ്യാപിപ്പിക്കാന്‍ കാപെല്ല 2വിനാകും.

 

capella-2-

ശക്തിയേറിയ റേഡിയോ സിഗ്നലുകള്‍ ഉപയോഗിക്കുന്ന സിന്തറ്റിക് അപേച്ചര്‍ റഡാര്‍ (എസ്എആര്‍) സാങ്കേതികവിദ്യയാണ് ഈ ചാര ഉപഗ്രഹത്തില്‍ ഉപയോഗിക്കുന്നത്. സെല്‍ഫോണ്‍, വൈ-ഫൈ സിഗ്നലുകള്‍ പോലെ ഏത് ചുമരുകള്‍ക്ക് അപ്പുത്തേക്കും സഞ്ചരിക്കാന്‍ ഈ റേഡിയോ സിഗ്നലുകള്‍ക്ക് സാധിക്കും. അതേസമയം, ഉറവിടത്തില്‍ നിന്നും ദൂരത്തേക്ക് പോകും തോറും സെല്‍ഫോണ്‍ സിഗ്നലുകളെ പോലെ തന്നെ ഇവയുടെ ശേഷി കുറഞ്ഞു വരികയും ചെയ്യും.

 

capella

കാപെല്ല സ്‌പേസ് പുറത്തുവിട്ട ചിത്രങ്ങളില്‍ കെട്ടിടങ്ങള്‍ക്ക് അപ്പുറത്തെ കാഴ്ച്ചകള്‍ വ്യക്തമായി കാണാനാകും. ടോക്യോയിലെ ചിയോട നഗരത്തില്‍ നിന്നുള്ള ചിത്രത്തില്‍ ഫ്‌ളാറ്റുകള്‍ക്ക് അപ്പുറത്തെ റോഡ് വ്യക്തമാണ്. അതേസമയം, വ്യക്തികളെ നിരീക്ഷിക്കുന്നതിന് ഈ സാങ്കേതികവിദ്യ ഉപയോഗിക്കില്ലെന്നും കമ്പനി പറയുന്നുണ്ട്. അപ്പാര്‍ട്ടുമെന്റുകള്‍ക്കും ഫ്‌ളാറ്റുകള്‍ക്കും അകത്തെ ചിത്രങ്ങള്‍ എടുക്കുക ഇതുകൊണ്ട് സാധ്യമല്ലെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.

 

സാധാരണ സാറ്റലൈറ്റുകള്‍ക്ക് മേഘങ്ങള്‍ തുളച്ച് ചിത്രങ്ങളെടുക്കാനുള്ള ശേഷിയില്ല. എന്നാല്‍ കാപെല്ല 2വിന് എത്ര ശക്തമായ മേഘപടലങ്ങള്‍ക്കും അപ്പുറത്തെ കാഴ്ച്ചകള്‍ വ്യക്തമായി പകര്‍ത്താനാകും. തങ്ങളുടെ സേവനങ്ങള്‍ സ്വകാര്യ കമ്പനികള്‍ക്കും സര്‍ക്കാരുകള്‍ക്കും കാപ്പെല്ല സ്‌പേസ് വാഗ്ദാനം ചെയ്യുന്നുണ്ട്. അമേരിക്കന്‍ വ്യോമസേന അടക്കമുള്ളവര്‍ ഈ സേവനം പ്രയോജനപ്പെടുത്തുന്നുണ്ട്. ഭൂമിയില്‍ എവിടെയുമുള്ള പ്രദേശത്തെ 50X50 സെന്റിമീറ്റര്‍ റെസലൂഷനില്‍ ചിത്രങ്ങളെടുക്കാന്‍ കാപെല്ല 2നാകും.

 

ഭൂമിയില്‍ നിന്നും വിക്ഷേപിക്കപ്പെടുമ്പോള്‍ കാപ്പെല്ല 2വിന് ഒരു വാഷിങ് മെഷീന്റെ വലുപ്പം മാത്രമാണുണ്ടായിരുന്നത്. എന്നാല്‍, ബഹിരാകാശത്തെ ഭ്രമണപഥത്തിലെത്തിയ ശേഷം കാപ്പെല്ല 2 സോളാര്‍ പാനലുകളും കൂറ്റന്‍ ആന്റിനയും നിവര്‍ത്തി. ഇതോടെ ഈ ചാര ഉപഗ്രഹത്തിന് ചെറിയൊരു കിടപ്പുമുറിയുടെ വലിപ്പമായി. 400 മീറ്റര്‍ നീളമുള്ള കേബിളും 100 ഇലക്ട്രോണിക് ബോര്‍ഡുകളും കാപ്പെല്ല 2 ല്‍ ഉപയോഗിച്ചിട്ടുണ്ട്. സി, പൈത്തണ്‍, എഫ്പിജിഎ തുടങ്ങിയ കംപ്യൂട്ടര്‍ പ്രോഗ്രാമിങ് ഭാഷകളിലായി 8.50 ലക്ഷം വരി കോഡുകളാണ് ഈ ചാര ഉപഗ്രഹത്തിനായി എഴുതിച്ചേര്‍ത്തിട്ടുള്ളത്.

 

English Summary: The spy satellite that can see inside your apartment and take 'crystal clear' pictures even through clouds

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com