ADVERTISEMENT

വിവാഹ വാർഷികത്തിൽ ഭാര്യ ഭാർത്താക്കൻമാർ അങ്ങോട്ടും ഇങ്ങോട്ടും പല സമ്മാനങ്ങളും നൽകാറുണ്ട്. ഇതിൽ ചിലതെല്ലാം പലപ്പോഴും വാർത്തയുമാകാറുണ്ട്. വാഹനങ്ങൾ, ഗാ‍ഡ്ജറ്റുകൾ, മറ്റു വിലപ്പെട്ട പലതും നൽകാറുണ്ട്. എന്നാൽ, ഒരാൾ ഒരിക്കലും സ്വപ്നം കാണാൻ സാധ്യതയില്ലാത്ത സമ്മാനമാണ് രാജസ്ഥാനിലെ ഒരാൾ ഭാര്യക്ക് സമ്മാനിച്ചത്.

 

രാജസ്ഥാനിലെ അജ്മീറിലെ ഒരാൾ വിവാഹ വാർഷികത്തിൽ ഭാര്യക്ക് ചന്ദ്രനിൽ മൂന്ന് ഏക്കർ സ്ഥലം വാങ്ങി സമ്മാനമായി നൽകിയിരിക്കുകയാണ്. എട്ടാമത്തെ വിവാഹ വാർഷികത്തിൽ ഭാര്യ സപ്ന അനിജയ്‌ക്കായി പ്രത്യേകമായി എന്തെങ്കിലും ചെയ്യാൻ ആഗ്രഹിച്ചതിനാലാണ് ചന്ദ്രനിൽ ഭൂമി വാങ്ങി നൽകിയതെന്ന് ഭർത്താവ് ധർമേന്ദ്ര അനിജ പറഞ്ഞു.

 

ഡിസംബർ 24 ന് ഞങ്ങളുടെ വിവാഹ വാർഷികമായിരുന്നു. ഞാൻ അവർക്കായി പ്രത്യേകമായി എന്തെങ്കിലും ചെയ്യാൻ ആഗ്രഹിച്ചു. എല്ലാവരും കാറുകളും ആഭരണങ്ങളും പോലുള്ള സ്വത്തുക്കൾ സമ്മാനിക്കുന്നു. പക്ഷേ വ്യത്യസ്തമായ എന്തെങ്കിലും ചെയ്യാനാണ് ഞാൻ ആഗ്രഹിച്ചത്. അതിനാൽ ഞാൻ അവർക്കായി ചന്ദ്രനിൽ ഭൂമി വാങ്ങി സമ്മാനിച്ചെന്ന് ധർമേന്ദ്ര അനിജ എഎൻഐയോട് പറഞ്ഞു.

 

ലൂണ സൊസൈറ്റി ഇന്റർനാഷണൽ വഴിയാണ് ധർമ്മേന്ദ്ര അനിജ ചന്ദ്രനിൽ സ്ഥലം വാങ്ങിയത്. മുഴുവൻ പ്രക്രിയയും പൂർത്തിയാക്കാൻ ഒരു വർഷമെടുത്തതായും ധർമേന്ദ്ര അനിജ പറഞ്ഞു. ഞാൻ സന്തുഷ്ടനാണ്. ചന്ദ്രനിൽ ഭൂമി വാങ്ങിയ രാജസ്ഥാനിൽ നിന്നുള്ള ആദ്യ വ്യക്തി ഞാനാണെന്ന് കരുതുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തന്റെ ഭർത്താവിൽ നിന്ന് അത്തരമൊരു പ്രത്യേക സമ്മാനം ലഭിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് സപ്ന അനിജയും പറഞ്ഞു.

 

ബഹിരാകാശത്തിന്റെ സ്വകാര്യ ഉടമസ്ഥാവകാശം സാധ്യമല്ലെങ്കിലും, സമ്മാനങ്ങൾ നൽകുന്ന വെബ്‌സൈറ്റുകൾ ഇപ്പോഴും ചന്ദ്രനിലെ ഭൂമി വിൽക്കുന്നുണ്ട്. അവ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് സർട്ടിഫിക്കറ്റും നൽകുന്നു. അന്തരിച്ച ബോളിവുഡ് നടൻ സുശാന്ത് സിങ് രജ്പുത്  2018 ൽ  ചന്ദ്രന്റെ വിദൂര ഭാഗത്ത് സ്ഥലം വാങ്ങിയതായി അവകാശപ്പെട്ടിരുന്നു. ഏതാനും മാസങ്ങൾക്ക് മുൻപ് ബോധ് ഗയ നിവാസിയായ നീരജ് കുമാറും ജന്മദിനത്തിൽ ചന്ദ്രനിൽ ഒരേക്കർ സ്ഥലം വാങ്ങിയിരുന്നു.

 

English Summary: Rajasthan man gifts plot of land on Moon to wife on wedding anniversary

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com