ADVERTISEMENT

തിരക്കേറിയ വിമാനത്താവളത്തിന് സമീപത്തെ താമസം നിങ്ങളുടെ ആയുസ്സിനെ തന്നെ ബാധിച്ചേക്കാമെന്ന് കണ്ടെത്തല്‍. ജീവിതത്തില്‍ അവസാനം കേള്‍ക്കാന്‍ സാധ്യതയുള്ള ശബ്ദം ഒരു വിമാനം പറക്കുന്ന ശബ്ദമാകാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. വിമാനങ്ങളുടെ ഇരമ്പല്‍ ഹൃദയാഘാത സാധ്യതയെ വലിയ തോതില്‍ വര്‍ധിപ്പിക്കുന്നുവെന്നാണ് സ്വിറ്റ്‌സര്‍ലൻഡില്‍ നടത്തിയ പഠനം സൂചിപ്പിക്കുന്നത്.

 

സ്വിറ്റ്‌സര്‍ലൻഡിലെ സൂറിച്ച് വിമാനത്താവളത്തിനു സമീപത്ത് 2000 മുതല്‍ 15 വര്‍ഷക്കാലത്ത് സംഭവിച്ച ഹൃദയസംബന്ധമായ അസുഖങ്ങളുടെ പട്ടികയെടുത്താണ് ഗവേഷകര്‍ ഇക്കാര്യത്തെക്കുറിച്ച് പഠിച്ചത്. പ്രദേശത്തുള്ളവര്‍ക്ക് രാത്രികാലങ്ങളില്‍ പ്രത്യേകിച്ചും 40-50 ഡെസിബല്‍ ശബ്ദം കേള്‍ക്കേണ്ടി വരുന്നുണ്ട്. ഫ്രിഡ്ജിന്റെ ഇരമ്പലിന് തുല്യമായ ശബ്ദമാണിത്. ആകാശത്തു നിന്നും ഇത്തരം ശബ്ദം തുടര്‍ച്ചയായി കേള്‍ക്കേണ്ടി വരുന്നവരില്‍ ഹൃദയസംബന്ധമായ അസുഖങ്ങള്‍ വര്‍ധിക്കുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഹൃദയാഘാത സാധ്യതയുള്ളവര്‍ ഉറക്കത്തില്‍ വിമാനത്തിന്റെ ഇരമ്പല്‍ കേട്ടാല്‍ രണ്ട് മണിക്കൂറിനകം ഹൃദയാഘാതം സംഭവിക്കാന്‍ ഇടയുണ്ടെന്നാണ് ഗവേഷകര്‍ നല്‍കുന്ന മുന്നറിയിപ്പ്.

 

2000-2015 കാലത്ത് 800 മുതല്‍ 25,000 വരെ ഹൃദയാഘാതത്തെ തുടര്‍ന്നുള്ള മരണങ്ങള്‍ക്ക് സൂറിച്ച് വിമാനത്താവളത്തിലെ വിമാനങ്ങളുടെ ശബ്ദം കാരണമായിട്ടുണ്ടെന്നാണ് എപിഡെമോളജിസ്റ്റ് മാര്‍ട്ടിന്‍ റോസ്‌ലി പറയുന്നത്. സ്വിസ് ട്രോപിക്കല്‍ ആൻഡ് പബ്ലിക് ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ടിലെ എപിഡെമോളജിസ്റ്റായ റോസ്‌ലിയാണ് പഠനത്തിന് നേതൃത്വം നല്‍കിയത്. കണ്ടെത്തിയ മരണങ്ങള്‍ സ്വിറ്റ്‌സര്‍ലൻഡില്‍ ഇതേ കാലയളവില്‍ ആകെ സംഭവിച്ച ഹൃദയാഘാത മരണങ്ങളുടെ മൂന്ന് ശതമാനം വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. ഡോ. റോസ്‌ലിയും സംഘവും സൂറിച്ച് വിമാനത്താവളത്തോട് ചേര്‍ന്നുള്ള പ്രദേശത്തെ 24,886 ഹൃദയസംബന്ധമായ അസുഖങ്ങളാണ് പരിശോധനാവിധേയമാക്കിയത്.

 

വിമാനങ്ങളുടെ ശബ്ദം കൂടുതലായി കേള്‍ക്കുന്ന സമയങ്ങളില്‍ ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്നുള്ള മരണങ്ങള്‍ വലിയ തോതില്‍ കൂടുതലാണെന്നും ഇവര്‍ കണ്ടെത്തി. ഇതിനായി പഠനം നടത്തിയ പതിനഞ്ച് വര്‍ഷക്കാലത്തെ സൂറിച്ച് വിമാനത്താവളവുമായി ബന്ധപ്പെട്ട വിമാനങ്ങളുടെ സമയക്രമവും ഗവേഷണസംഘം പരിശോധിച്ചിരുന്നു. രാത്രി സമയത്ത് ഉറക്കത്തിനിടെ 40-50 ഡെസിബെല്ലിലുള്ള വിമാനത്തിന്റെ ഇരമ്പല്‍ കേള്‍ക്കുന്നവര്‍ക്കിടയിലെ ഹൃദയസംബന്ധമായ അസുഖത്തിന്റെ സാധ്യത 33 ശതമാനം കണ്ട് വര്‍ധിക്കുന്നുവെന്നാണ് ഒടുവില്‍ കണ്ടെത്തിയത്.

 

സാധാരണ സംഭാഷണത്തിന്റെ ശബ്ദമായ 55 ഡെസിബെലില്‍ ഉയര്‍ന്ന ശബ്ദം ഉറക്കത്തിനിടെ കേള്‍ക്കേണ്ടി വരുന്നവര്‍ക്കാകട്ടെ ഹൃദയാഘാതത്തിനും മരണത്തിനുമുള്ള സാധ്യത 44 ശതമാനം വര്‍ധിക്കുകയും ചെയ്യുന്നു. ഹെയര്‍ ഡ്രെയര്‍ പ്രവര്‍ത്തിക്കുന്നത് പോലുള്ള 85 ഡെസിബല്‍ തീവ്രതയുള്ള ശബ്ദം തുടര്‍ച്ചയായി അര മണിക്കൂര്‍ കേല്‍ക്കുന്നത് സ്ഥിരമായി കേള്‍വിശക്തി ഇല്ലാതാകുന്നതിന് കാരണമാകുന്നുവെന്നതും നേരത്തെ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. 

 

യൂറോപിലാകെ പ്രതിവര്‍ഷം 48,000 ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്ക് ശബ്ദ മലിനീകരണം കാരണമാകുന്നുണ്ടെന്ന് നേരത്തെ തന്നെ മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ട്. തിരക്കേറിയ വിമാനത്താവളങ്ങളില്‍ രാത്രി 11.30 മുതല്‍ രാവിലെ 06.00 വരെയുള്ള സമയത്ത് വിമാനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുക മാത്രമാണ് ഇതിനുള്ള പോംവഴിയെന്നാണ് കരുതപ്പെടുന്നത്. യൂറോപ്യന്‍ ഹേര്‍ട്ട് ജേണലിലാണ് സൂറിച്ച് വിമാനത്താവളവുമായി ബന്ധപ്പെട്ട് നടത്തിയ പഠനഫലം പൂര്‍ണമായി പ്രസിദ്ധീകരിച്ചിരിക്കുന്നത്.

 

English Summary: Sound of an aeroplane flying overhead at night could be last thing you hear

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com