ADVERTISEMENT

ഭൂമിയേയും മറ്റു ഗ്രഹങ്ങളേയും കുറിച്ച് അറിഞ്ഞു തുടങ്ങിയ കാലം മുതല്‍ക്ക് തന്നെ അന്യഗ്രഹങ്ങളിലെ ജീവനുള്ള സാധ്യതയെക്കുറിച്ചും തേടുന്നുണ്ട്. ഇന്നുവരെ ഫലം കണ്ടിട്ടില്ലെങ്കിലും ഒരിക്കലും അങ്ങനെയൊരു വിസ്മയ കണ്ടെത്തല്‍ ഉണ്ടാവില്ലെന്ന് ഉറപ്പിക്കാനുമാവില്ല. പ്രപഞ്ചത്തിന്റെ പല കോണുകളിലും ജീവനും ജീവജാലങ്ങളും ഉണ്ടെങ്കില്‍ പോലും അവ പരസ്പരം സമ്പര്‍ക്കത്തില്‍ വരാനുള്ള സാധ്യത വളരെ കുറവാണ്. സ്വന്തം ഗ്രഹത്തിനും നക്ഷത്ര സമൂഹത്തിനും അപ്പുറത്തേക്കുള്ള സഞ്ചാരം തന്നെയാണ് ഇതിനുള്ള പ്രധാന പ്രതിബന്ധം.

 

നമ്മുടെ ആകാശഗംഗയെന്ന നക്ഷത്ര സമൂഹത്തിന് ഏതാണ്ട് 1351 കോടി വര്‍ഷമാണ് പ്രായം കണക്കാക്കുന്നത്. ആകാശഗംഗയില്‍ മാത്രം 10,000 കോടി മുതല്‍ 40,000 കോടി വരെ നക്ഷത്രങ്ങള്‍ ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഈ നക്ഷത്രങ്ങളോട് ചേര്‍ന്നും ഗ്രഹങ്ങളുണ്ട്. ഇതില്‍ ഏതെങ്കിലും നക്ഷത്രത്തിന്റെ ഭാഗമായ ഗ്രഹത്തില്‍ പോലും ജീവനുണ്ടാവാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. അങ്ങനെയുണ്ടെങ്കില്‍ അക്കൂട്ടത്തിലെ ബുദ്ധിപരമായി വികസിച്ച ഏതെങ്കിലും ജീവി സമൂഹം തങ്ങളുടെ ഗ്രഹത്തിനും നക്ഷത്രത്തിനും അപ്പുറത്തുള്ള ലോകത്തേക്ക് സാമ്രാജ്യം വ്യാപിപ്പിക്കാനും സാധ്യതയുണ്ടെന്ന് വാദിക്കുന്നവരുമുണ്ട്.

ശൂന്യതയില്‍ പ്രകാശത്തിന്റെ വേഗം സെക്കന്റില്‍ 29.97 കോടി മീറ്ററാണ്. ആപേക്ഷികതാ സിദ്ധാന്ത പ്രകാരം ദ്രവ്യം, ഊര്‍ജ്ജം, വിവരം എന്നിവക്ക് സഞ്ചരിക്കാവുന്ന പരമാവധി വേഗമാണിത്. ഏതൊരുവസ്തുവും പ്രകാശവേഗത്തോട് അടുത്തുള്ള വേഗത്തിലേക്ക് എത്തണമെങ്കില്‍ തന്നെ വലിയ തോതിലുള്ള ഊര്‍ജ്ജം ചെലവഴിക്കേണ്ടതുണ്ട്. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ പ്രകാശ വേഗം മറ്റേതെങ്കിലും വസ്തു കൈവരിക്കുകയെന്നത് തന്നെ അസാധ്യമാണ്. പ്രകാശത്തേക്കാള്‍ വേഗത്തില്‍ ചിന്തിക്കുന്നതിനെക്കുറിച്ച് മനുഷ്യന് ലഭ്യമായ അറിവ് പ്രകാരം ചിന്തിക്കുക പോലും വേണ്ട.

 

1981ല്‍ വിഖ്യാത പ്രപഞ്ച ശാസ്ത്രജ്ഞന്‍ കാള്‍ സാഗനും വില്യം ന്യൂമാനും ചേര്‍ന്ന് നടത്തിയ ഒരു പഠനത്തില്‍ ഇങ്ങനെ നിരീക്ഷിച്ചിരുന്നു. ഒരുപക്ഷേ അന്യഗ്രഹജീവികള്‍ അയച്ച സിഗ്നലുകളും പറക്കുംതളികയുമെല്ലാം ഇതുവരെ ഭൂമിയില്‍ എത്താത്തതാകാം എന്ന ചിന്തയാണത്. പ്രപഞ്ചത്തിന്റെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ പ്രകാശം സഞ്ചരിക്കണമെങ്കില്‍ പോലും ഏതാണ്ട് 13.5 ബില്യണ്‍ വര്‍ഷം എടുക്കുമെന്നാണ് ഇവര്‍ കണക്കാക്കിയത്. അത് പ്രപഞ്ചത്തിന്റെ പ്രായത്തിന് തുല്യമായ കാലയളവാണ്. 

 

ബഹിരാകാശ ശാസ്ത്രമെന്നത് ഏതൊരു ജീവിസമൂഹത്തിനും ഏറെ ചെലവേറിയ മേഖലയാണ്. ആര്‍ക്കായാലും അതിനായി വലിയ തോതില്‍ വിഭവങ്ങള്‍ ചെലവഴിക്കേണ്ടി വരും. ബഹിരാകാശ രംഗത്തെ ഗവേഷണങ്ങള്‍ക്കും കണ്ടെത്തലുകള്‍ക്കും വേണ്ടി മനുഷ്യന്‍ നടത്തിയ ചെലവ് തന്നെ ഇതിന്റെ പ്രധാന ഉദാഹരണം. 1961നും 1973നും ഇടക്ക് അപ്പോളോ ദൗത്യത്തിന്റെ ഭാഗമായി മനുഷ്യനെ ചന്ദ്രനിലെത്തിക്കാന്‍ ചിലവായത് 25.4 ബില്യണ്‍ ഡോളറാണ്. ഇന്നത്തെ പണത്തിന്റെ മൂല്യവുമായി തട്ടിച്ച് നോക്കുമ്പോള്‍ ഇത് 150 ബില്യണ്‍ ഡോളറിലേക്കെത്തും (ഏതാണ്ട് 11 ലക്ഷം കോടി രൂപ). 

 

ശൂന്യതയില്‍ നിന്നുണ്ടായതല്ല അപ്പോളോ ദൗത്യം. ഇതിന് മുന്നോടിയായി പ്രൊജക്ട് മെര്‍ക്കുറിയും പ്രൊജക്ട് ജെമിനിയും ഉണ്ടായിട്ടുണ്ട്. ഈ ദൗത്യങ്ങളിലാണ് അമേരിക്കന്‍ സഞ്ചാരികള്‍ ബഹിരാകാശത്തേക്കെത്തിയത്. ഇതിന് രണ്ടിനും ഇന്നത്തെ നിരക്കില്‍ ഏതാണ്ട് 13 ബില്യണ്‍ ഡോളര്‍ ചെലവായിട്ടുണ്ട്. അതുകൂടി കൂട്ടിയാല്‍ അപ്പോളോ ദൗത്യത്തിന്റെ മാത്രം ചിലവ് 163 ബില്യണ്‍ ഡോളറിലെത്തും (ഏതാണ്ട് 1.19 ലക്ഷം കോടി രൂപ). ഇപ്പോഴത്തെ അമേരിക്കന്‍ ചാന്ദ്ര ദൗത്യമായ ആര്‍ട്ടിമിസിനാകട്ടെ വെറും നാല് വര്‍ഷം കൊണ്ട് ചെലവിടേണ്ടി വരുന്ന തുക 35 ബില്യണ്‍ ഡോളറാണ്. ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രനെ ചുറ്റിപ്പറ്റിയുള്ള മനുഷ്യ ദൗത്യത്തിന്റെ ചെലവ് മാത്രമാണിത്. 

 

നമുക്ക് അടുത്തുള്ള നക്ഷത്ര സമൂഹങ്ങളിലേക്ക് മനുഷ്യ നിര്‍മിത പേടകം അയക്കുന്നതിനെക്കുറിച്ചുള്ള സാധ്യതകളും മാതൃകകളും നേരത്തെയും പലതുണ്ടായിട്ടുണ്ട്. അവയില്‍ ഭൂരിഭാഗവും അവസാനിക്കുന്നതിന് മുൻപ് ഈ സ്വപ്‌നം നമ്മുടെ ജീവിതകാലത്തിനിടെ സംഭവിക്കുമോ? എന്ന യാഥാര്‍ഥ്യ ബോധത്തോടെയുള്ള ചിന്തകൂടി പങ്കുവെക്കാറുമുണ്ട്. 1958-1963 കാലത്ത് അവതരിപ്പിച്ച പ്രൊജക്ട് ഓറിയോണായിരുന്നു ഇതിലൊന്ന്. ആദ്യമായി ന്യൂക്ലിയര്‍ പള്‍സ് പ്രൊപ്പല്‍ഷന്‍ സംവിധാനത്തെക്കുറിച്ച് പറഞ്ഞത് പ്രൊജക്ട് ഓറിയോണിലായിരുന്നു. ന്യൂക്ലിയര്‍ ബോംബ് സ്‌ഫോടനങ്ങള്‍ വഴി മുന്നോട്ടുകുതിക്കാനുള്ള ഊര്‍ജ്ജം ബഹിരാകാശ യാനത്തിന് ലഭിക്കുമെന്നതായിരുന്നു ആശയം. 

 

പരമാവധി പ്രകാശത്തിന്റെ അഞ്ച് ശതമാനം വരെ വേഗം മാത്രമാണ് ഓറിയോണിന് കൈവരിക്കാന്‍ സാധിക്കുക. അതേസമയം, പ്രൊജക്ട് ഓറിയോണിലെ ബഹിരാകാശ പേടകം നിര്‍മിക്കാന്‍ അന്നത്തെ കണക്കില്‍ ഏതാണ്ട് 367 ബില്യണ്‍ ഡോളറായിരുന്നു ചെലവ് പ്രതീക്ഷിച്ചിരുന്നത്. ഇന്നാണെങ്കില്‍ ആ തുക 2.75 ട്രില്യണ്‍ ഡോളര്‍ വരെയായി ഉയരും. അത് 2019ലെ അമേരിക്കന്‍ സര്‍ക്കാരിന്റെ വാര്‍ഷിക വരുമാനത്തിന്റെ 78 ശതമാനം വരും. 

 

മറ്റൊരു അന്യഗ്രഹയാത്രക്കുള്ള ആശയം ആന്റിമാറ്റര്‍ പ്രൊപ്പല്‍ഷനാണ്. ഹൈഡ്രജനും ആന്റി ഹൈഡ്രജന്‍ പാര്‍ട്ടിക്കിളുകളും ഉപയോഗിച്ചുള്ളതാണിത്. സൂര്യന്‍ കഴിഞ്ഞാല്‍ ഏറ്റവും അടുത്തുള്ള നക്ഷത്രമായ പ്രോക്‌സിമ സെന്റോറിയിലെത്താന്‍ രണ്ട് ഘട്ടങ്ങളുള്ള ആന്റിമാറ്റര്‍ റോക്കറ്റിന് ഏതാണ്ട് 8.15 ലക്ഷം മെട്രിക് ടണ്‍ ഇന്ധനം വേണം. ഈ സങ്കല്‍പത്തിലുള്ള യാത്രയില്‍ ഏതാണ്ട് 40 വര്‍ഷം കൊണ്ട് മനുഷ്യ നിര്‍മിത പേടകം പ്രോക്‌സിമ സെന്റോറിയിലെത്തും. എന്നാല്‍ ഈ ആന്റി മാറ്റര്‍ ഇന്ധനത്തിന്റെ ഒരു ഗ്രാം നിര്‍മിക്കാന്‍ ഏതാണ്ട് ഒരു ട്രില്യണ്‍ ഡോളര്‍ വേണ്ടിവരുമെന്നതാണ് ഈ ആശയത്തിന്റെ ആന്റി ക്ലൈമാക്‌സ്.

 

ഭൂമിയിലെ സാങ്കേതികമായി ഏറ്റവും പുരോഗതി പ്രാപിച്ച ജീവി വര്‍ഗമായ മനുഷ്യന് പോലും ബഹിരാകാശത്തേക്കോ അതിനപ്പുറത്തേക്കോ ഉള്ള യാത്രകള്‍ എത്രത്തോളം ബുദ്ധിമുട്ടേറിയതാണെന്നാണ് എന്നതിന്റെ തെളിവുകളാണിത്. പ്രപഞ്ചത്തിലെ ഏതെങ്കിലും ഭാഗത്ത് ഭൂമിക്ക് സമാനമായ ജീവന്റെ സാന്നിധ്യമുള്ള ഗ്രഹമോ ഗ്രഹങ്ങളോ ഉണ്ടെങ്കില്‍ പോലും അവര്‍ക്ക് പുറത്തേക്ക് സഞ്ചരിക്കാനുള്ള സാധ്യതകള്‍ പരിമിതമാണ്. മനുഷ്യനെ അപേക്ഷിച്ച് വികസിതമായ ശാസ്ത്ര സാങ്കേതിക വിദ്യകളും അറിവും കൈവശമുള്ള അന്യഗ്രഹജീവികള്‍ക്ക് മാത്രമേ അത് ഒരു പരിധിവരെയെങ്കിലും സാധ്യമാവൂ. നമ്മള്‍ അറിഞ്ഞ ഭൗതികശാസ്ത്രത്തിന്റെ നിയമങ്ങള്‍ വെച്ച് നോക്കുമ്പോള്‍ പ്രപഞ്ചത്തിന്റെ ഒരുകോണില്‍ നിന്നും മറ്റൊന്നിലേക്കുള്ള യാത്രകളും വിവര കൈമാറ്റവുമെല്ലാം ഒരു പരിധിവരെ അസാധ്യവുമാണ്.

 

English Summary: The Cost of Visiting Earth May Be Too Astronomical For Aliens

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com