sections
MORE

ഇനി പുറത്തിറങ്ങാൻ വാക്സീൻ പാസ്പോർട്ട് വേണ്ടി വരും! അറിഞ്ഞിരിക്കാം വരാനിരിക്കുന്ന നടപടികൾ

vaccine-passport
SHARE

പലരും ആരോഗ്യസേതു ആപ്പിനെ അകറ്റി നിർത്തിയതു പോലെ എളുപ്പമായിരിക്കില്ല വാക്‌സീന്‍ സ്വീകരിച്ച ശേഷമുള്ള ജീവിതം എന്നതിന്റെ വ്യക്തമായ സൂചനകളാണ് ഇപ്പോൾ ലഭിക്കുന്നത്. വാക്‌സീന്‍ ലഭിച്ചു കഴിഞ്ഞിട്ടുവേണം ഒന്നു പുറത്തിറങ്ങി വിലസാന്‍ എന്നു കരുതിയിരിക്കുകയാണ് വാക്‌സീന്‍ വിരുദ്ധരൊഴികെ എല്ലാവരും. എന്നാല്‍, കോവിഡ്-പൂര്‍വ ലോകത്തേക്കുള്ള പോക്ക് അത്ര സിംപിളായിരിക്കില്ല. വാക്‌സീന്‍ സ്വീകരിച്ച ശേഷവും പുറത്തിറങ്ങണമെങ്കില്‍ വാക്‌സീന്‍ പാസ്‌പോര്‍ട്ട് ആപ്ലിക്കേഷനുകള്‍ കൈയ്യില്‍ വയ്‌ക്കേണ്ടിവരുമെന്നുമാണ് ഇപ്പോള്‍ മനസ്സിലാകുന്നത്. നിരവധി കമ്പനികളും ടെക്‌നോളജി ഗ്രൂപ്പുകളും ഇപ്പോള്‍ത്തന്നെ അതിനുള്ള സ്മാര്‍ട് ഫോണ്‍ ആപ്പുകളോ, തങ്ങള്‍ വാക്‌സീന്‍ എടുത്തു എന്നു തെളിയിക്കാനുള്ള രേഖകള്‍ സൂക്ഷിക്കാനുള്ള സിസ്റ്റങ്ങളോ വികസിപ്പിച്ചെടുക്കുന്ന തിരക്കിലാണ്. 

തങ്ങള്‍ സ്വീകരിച്ച കോവിഡ്-19 ടെസ്റ്റുകളെക്കുറിച്ചും വാക്‌സീനുകളെക്കുറിച്ചുമുള്ള വിവരങ്ങള്‍ വ്യക്തികള്‍ക്ക് ഡജിറ്റലായി സൂക്ഷിക്കാനും അധികാരികള്‍ ചോദിക്കുമ്പോള്‍ നല്‍കാനുമുള്ള രീതിയിലായിരിക്കും അവ വികസിപ്പിക്കപ്പെടുക. കായിക വിനോദങ്ങള്‍ നടക്കുന്ന സ്‌റ്റേഡിയങ്ങളിലേക്കും, സിനിമ തിയേറ്ററുകളിലേക്കും, സംഗീത കച്ചേരികള്‍ നടക്കുന്ന സ്ഥലങ്ങളിലേക്കും, ഓഫിസുകളിലേക്കും, മറ്റു രാജ്യങ്ങളിലേക്കും, ചിലപ്പോള്‍ പൊതു സ്ഥലങ്ങളിലേക്കും മറ്റും കടക്കണമെങ്കില്‍ പോലും ഇവ നിര്‍ബന്ധമാക്കിയേക്കാം. അമേരിക്കന്‍ ഇന്ത്യനായ ശാസ്ത്രജ്ഞന്‍ ശിവ അണ്ണാദുരൈ പോലെയുള്ള ഗൂഢാലോചനാ വാദക്കാര്‍ നേരത്തെ പ്രവചിച്ച കാര്യങ്ങളാണ് ഇതെല്ലാമെന്നതാണ് മറ്റൊരു രസകരമായ കാര്യം.

ജനീവ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കോമണ്‍ ട്രസ്റ്റ് നെറ്റ്‌വര്‍ക്ക് എന്ന കമ്പനി ദി വേള്‍ഡ് ഇക്കമോമിക് ഫോറവുമായി സഹകരിച്ച്, ലുഫ്താന്‍സാ, ജെറ്റ്ബ്ലൂ, സ്വിസ് എയര്‍ലൈന്‍സ്, യുണൈറ്റഡ് എയര്‍ലൈന്‍സ്, വെര്‍ജിന്‍ അറ്റ്‌ലാന്റിക് തുടങ്ങി വിവിധ വിമാനക്കമ്പനികളുമായും, ലോകമെമ്പാടുമുള്ള ആരോഗ്യ സിസ്റ്റങ്ങളും അമേരിക്കന്‍ സർക്കാരുമായി ചേര്‍ന്നും ഇതിനുള്ള മുന്നൊരുക്കം നടത്തുന്ന കമ്പനികളിലൊന്നാണ്. അവര്‍ സൃഷ്ടിച്ചിരിക്കുന്ന കോമണ്‍പാസ് ആപ് (https://commonpass.org/) പരിശോധിച്ചാല്‍ പല കാര്യങ്ങളും മനസ്സിലാകും. ഇതിലേക്ക് ഉപയോക്താക്കള്‍ക്ക് തങ്ങളുടെ കോവിഡ്-19 ടെസ്റ്റ് റിസള്‍ട്ടുകളും ഏതെങ്കിലും ആശുപത്രിയില്‍ നിന്നോ ആരോഗ്യരംഗത്തെ പ്രൊഫഷണലില്‍ നിന്നോ വാക്‌സീനേഷന്‍ സ്വീകരിച്ചതിന്റെ വിവരങ്ങള്‍ തുടങ്ങിയവ അപ്‌ലോഡ് ചെയ്യണം. ഇത് ഒരു ക്യൂആര്‍ കോഡിന്റെ രൂപത്തില്‍ എടുത്തു കാണിക്കാന്‍ സാധിക്കും. അതുവഴി ഉപയോക്താവിനെപ്പറ്റിയുള്ള സൂക്ഷ്മ വിവരങ്ങള്‍ നല്‍കാതിരിക്കാന്‍ സാധിക്കുമെന്നാണ് വയ്പ്പ്. യാത്ര ചെയ്യേണ്ടവര്‍ അതു തുടങ്ങുന്നിടത്തും അവസാനിക്കുന്നിടത്തും ഇത് കാണിക്കേണ്ടതായി വന്നേക്കും.

∙ കോണ്ടാക്ട് ട്രെയ്‌സിങ് ആപ്പുകളുടെ ഗതിയായിരിക്കില്ല

ഓരോ തവണയും രാജ്യാതിര്‍ത്തി വിടുമ്പോള്‍ ഇത് കാണിക്കേണ്ടി വരും. ഇതിനെ ഒരു 'ഡിജിറ്റല്‍ യെലോ കാര്‍ഡ്' എന്നാണ് വിളിക്കുന്നത്. എന്നാല്‍, ഈ മേഖലയിലേക്ക് വമ്പന്‍ ടെ്കനോളജി കമ്പനികളും ഇറങ്ങുകയാണ്. ഐബിഎം അവരുടെ സ്വന്തം ആപ് നിര്‍മിച്ചു കഴിഞ്ഞു. 'ഡിജിറ്റല്‍ ഹെല്‍ത് പാസ്' എന്നു പേരിട്ടിരിക്കുന്ന ആപ് കമ്പനികള്‍ക്കും മറ്റും ഇതില്‍ കോവിഡ് ടെസ്റ്റിന്റെ ഫലവും, പനിയോ മറ്റൊ ഉണ്ടോ എന്നും, വാക്‌സീനേഷന്‍ വിവരങ്ങളും മറ്റും രേഖപ്പെടുത്താനുള്ള ഇടവും നല്‍കിയിട്ടുണ്ട്. ഇത് പിന്നെ ഒരു മൊബൈല്‍ വോലറ്റില്‍ സൂക്ഷിക്കുകയാണ് ചെയ്യുന്നത്. 'സാധാരണ നില' പ്രാപിക്കാനാകുമോ എന്നറിയാനാണ് ഇതെല്ലാം എന്നു പറയുന്നു. എന്നാല്‍, അതിന് നിരവധി വെല്ലുവിളികളും ഉണ്ട്. ഒരു വ്യക്തി എവിടെപ്പോകുന്നു എന്നതൊക്കെ അറിയാമെന്നുള്ള നിരവധി സ്വകാര്യതാ പ്രശ്‌നങ്ങളും ഉടലെടുത്തേക്കാം. ഇതു കൂടാതെ നിരവധി വാക്‌സീനുകളാണല്ലോ വരുന്നത്. ഇതില്‍ ഏതെല്ലാമാണ് വിവിധ രാജ്യങ്ങള്‍ക്ക് സ്വീകാര്യം എന്നതൊക്കെ ഇനിയും അറിയേണ്ട കാര്യങ്ങളാണ്. എന്നാല്‍, ഏറ്റവും വലിയ വെല്ലുവിളി ഈ പദ്ധതി വിജയിക്കണമെങ്കില്‍ ഇത് അടിച്ചേല്‍പ്പിക്കകുക തന്നെ വേണ്ടിവരുമെന്നതാണ്. കോണ്ടാക്ട് ട്രെയ്‌സിങ് ആപ്പുകളുടേതു പോലെ ആയിരിക്കില്ല ഇതിന്റെ വരവ്.

ആപ്പിളും ഗൂഗിളും ചേര്‍ന്ന് കോണ്ടാക്ട് ട്രെയ്‌സിങ് ആപ്പുകള്‍ നിർമിച്ചിരുന്നു. വിവിധ രാജ്യങ്ങള്‍ സ്വന്തം നിലയിലും ആപ്പുകള്‍ ഉണ്ടാക്കി. ഇവ വിജയിക്കാതെ പോയത് അത് കേന്ദ്രീകൃതമായല്ല നടപ്പിലാക്കിയത് എന്നതിനാലാണെന്നു പറയുന്നു. എന്നാല്‍, വാക്‌സീന്‍ പാസ്‌പോര്‍ട്ടുകള്‍ക്ക് ആ ഗതി വരില്ലെന്ന് ഉറപ്പാക്കാനാണ് ഇപ്പോള്‍ നടക്കുന്ന ശ്രമം. ലൈനക്‌സ് ഫൗണ്ടേഷന്‍ വരെ കോവിഡ്-19 ക്രെഡന്‍ഷ്യല്‍സ് ഇനിഷ്യേറ്റീവുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കോവിഡ്-19 ക്രെഡന്‍ഷ്യല്‍സ് ഇനിഷ്യേറ്റീവില്‍ ലോകത്ത് വിവിധ സംഘടനകളെ പ്രതിനിധീകരിക്കുന്ന 300ലേറെ പേരുണ്ട്. അഞ്ചു ഭൂഖണ്ഡങ്ങളില്‍ നിന്നും പ്രതിനിധികളുണ്ട്. ഇവരെല്ലാം ഐബിഎം, കോമണ്‍പാസ് എന്നിവയുമായി ചേര്‍ന്ന് ലോകത്തെല്ലായിടത്തും ഒരു പോലെ ഉപയോഗിക്കാവുന്ന വാക്‌സീന്‍ ക്രെഡന്‍ഷ്യല്‍ ആപ്പുകള്‍ വികസിപ്പിക്കുകയാണ് ലക്ഷ്യം.

ഇത്തരം വാക്‌സീന്‍ പാസ്‌പോര്‍ട്ടുകള്‍ ഇല്ലാതെ ഒരു രാജ്യത്തുനിന്ന് വേറൊരു രാജ്യത്തും മറ്റും എത്തുന്നയാളെ പൊതുപരിപാടികളിലും മറ്റും പങ്കെടുപ്പിക്കുക എന്നു പറയുന്നത് സാഹസമായിരിക്കുമെന്നു പറയുന്നു. ഇത് ഇമെയിലും ഇന്റര്‍നെറ്റും പോലെ ലോകത്തെവിടെയും സ്വീകിരിക്കാവുന്നതും സര്‍വസമ്മതവുമായ ഒന്നായിരിക്കണം. തങ്ങള്‍ അത്തരത്തിലൊന്ന് സൃഷ്ടിച്ചേക്കുമെന്നു തന്നെയാണ് പുതിയ സംരംഭങ്ങള്‍ക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്.

∙ വെല്ലുവിളികള്‍

ഇവര്‍ നേരിടുന്ന ഒരു വലിയ വെല്ലുവിളി ധാരാളം പേര്‍ ഇപ്പോഴും സ്മാര്‍ട് ഫോണുകള്‍ ഉപയോഗിക്കുന്നില്ല എന്നതാണ്. അത്തരക്കാര്‍ക്കായി സ്മാര്‍ട് കാര്‍ഡുകളും വികസിപ്പിക്കുന്നുണ്ട്. പരമ്പരാഗത പേപ്പര്‍ കാര്‍ഡുകള്‍ക്കും സ്മാര്‍ട് ഫോണിനും ഇടയിലായിരിക്കും ഇവയുടെ സ്ഥാനം. കൂടാതെ ക്ലൗഡിലേക്ക് ഡേറ്റ അപ്‌ലോഡ് ചെയ്തശേഷം ആവശ്യം വരുമ്പോള്‍ അത് പ്രദര്‍ശിപ്പികാവുന്ന രീതിയും ഉണ്ടായേക്കും. സ്മാര്‍ട് ഫോണുകളില്‍ കൂടിയല്ലാതെ വാക്‌സിന്‍ എടുത്തോ എന്നതടക്കമുള്ള ആരോഗ്യ വിവരങ്ങള്‍ എങ്ങനെ അറിയിക്കാനാകും എന്നതൊരു വെല്ലുവിളിയായി തുടരുകയാണ്. എന്നാല്‍ ഇക്കാര്യത്തിലും പുരോഗതി കൈവരിച്ചു തുടങ്ങിയെന്നു പറയപ്പെടുന്നു. ഒരിക്കല്‍ വാക്‌സീന്‍ പാസ്‌പോര്‍ട്ട് നിര്‍മിച്ചുകഴിഞ്ഞാല്‍, അത് ആത്മവിശ്വാസത്തോടെ ഉപയോഗിക്കാന്‍ ആളുകളെ എങ്ങനെ പ്രേരിപ്പിക്കാനാകും എന്നതായിരിക്കും വെല്ലുവിളി. തന്റെ രോഗങ്ങളെപ്പറ്റിയും മറ്റുമുള്ള വിവരങ്ങള്‍ എല്ലാവരും അറിയുമെന്നത് എല്ലാവര്‍ക്കും ഇഷ്ടമുള്ള കാര്യമായിരിക്കില്ല. ഇപ്പോള്‍ രോഗമില്ലാത്ത ഒരാള്‍ക്ക് അതൊരു പ്രശ്‌നമായി തോന്നിയേക്കില്ല. പക്ഷേ, ആര്‍ക്കും എന്ത് അസുഖവും എപ്പോഴും വരാമെന്നിരിക്കെ തന്റെ അസുഖങ്ങളെക്കുറിച്ചൊക്കെ എഴുതിയ സ്വകാര്യ ഡേറ്റ ഒപ്പം കൊണ്ടു നടക്കുക തന്നെ വേണം എന്നത് എത്രപേര്‍ക്ക് ദഹിക്കുന്ന കാര്യമായിരിക്കുമെന്നതും ഒരു പ്രശ്‌നമാണ്.

∙ സ്വകാര്യതയ്ക്ക് ഊന്നല്‍

എന്നാല്‍ കോമണ്‍പാസും, ഐബിഎമ്മും, ലൈനക്‌സ് ഫൗണ്ടേഷനും തങ്ങളുടെ ശ്രമം സ്വകാര്യതയ്ക്ക് ഏറ്റവുമധികം ഊന്നല്‍ നല്‍കാനായിരിക്കുമെന്ന് പറയുന്നുണ്ട്. ആരോഗ്യ ഡേറ്റാ ആരു കാണണമെന്നു തീരുമാനിക്കാനുള്ള പരിപൂര്‍ണ അവകാശം ഉപയോക്താവിനു നല്‍കാനാണ് തങ്ങളുടെ തീരുമാനമെന്ന് ഐബിഎം പറയുന്നു. വിശ്വാസവും സുതാര്യതയും വളര്‍ത്താനുള്ള ശ്രമങ്ങളായിരിക്കും കമ്പനികള്‍ നടത്തുക. തങ്ങളെക്കുറിച്ചുള്ള വളരെ സൂക്ഷ്മമായ വിവരങ്ങള്‍ പോലും ഇത്ര വ്യാപകമായി കൊണ്ടുനടക്കുക എന്നത് ഇതിനു മുൻപ് നടന്നിട്ടുള്ള കാര്യമല്ല. സ്വകാര്യതയ്ക്കാണ് ഊന്നല്‍ എന്ന കാര്യം ധരിപ്പിക്കാനായാല്‍ മാത്രമായിരിക്കും ഇതിനു വിജയം കാണാനാകുക എന്നാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നവരുടെ വിശ്വാസം. ഒരാൾ അതിര്‍ത്തി കടക്കുന്ന സമയത്ത് നിങ്ങള്‍ക്കു കിട്ടിയത് ഫൈസറിന്റെ വാക്‌സീനാണോ, റഷ്യന്‍ വാക്‌സീനാണോ, ഇന്ത്യന്‍ വാക്‌സീനാണോ, ചൈനീസ് വാക്‌സീന്‍ ആണോ എന്നൊക്കെ അധികാരികള്‍ക്ക് അറിയേണ്ടി വരും. ചൈനീസ് വാക്‌സീന്റെ ഫലപ്രാപ്തി 86 ശതമാനമാണെന്നാണ് പറയുന്നത്. ഫൈസറിന്റെയും മോഡേണയുടെയും ഫലപ്രാപ്തി 95 ആണെന്നും പറയുന്നു. ഇതെല്ലാം ഭാവിയിലെ യാത്രകളെ ബാധിക്കാവുന്ന ഘടകങ്ങളായിരിക്കാം.

കടലാസില്‍ അവകാശവാദങ്ങള്‍ കൊണ്ട് നിറയ്ക്കാനാകുന്നുണ്ടെങ്കിലും, ഈ വാക്‌സീനുകളൊക്കെ വൈറസിനെ പ്രതിരോധിക്കാന്‍ എത്രമാത്രം ഫലപ്രദമാണ് എന്ന കാര്യം കണ്ടുതന്നെ അറിയണമെന്നാണ് സ്റ്റാന്‍ഫഡ് യൂണിവേഴ്‌സിറ്റിയിലെ ഡോ. ജൂലിയറ്റ് പാര്‍സണെറ്റ് പറയുന്നത്. അതിനാല്‍ തന്നെ നിങ്ങള്‍ ഏതെങ്കിലും വാക്‌സീന്‍ എടുത്തു എന്നതിനു റെക്കോഡ് ഉണ്ടെങ്കിലും അത് എല്ലായിടത്തും അംഗീകരിക്കപ്പെടണമെന്നില്ല. ചല ചടങ്ങുകളില്‍ പങ്കെടുക്കാനും, വിമാനങ്ങളില്‍ കയറാനും ഒന്നും അതുകൊണ്ടു സാധിക്കണമെന്നില്ല. വാക്‌സീന്‍ എടുത്തയാളില്‍ നിന്നു രോഗം പകരുമോ എന്ന കാര്യവും ഇതുവരെ തീര്‍ച്ചപ്പെടുത്താനായിട്ടില്ല. ഇതെല്ലാം ഉറപ്പാക്കപ്പെടുന്നതു വരെയെങ്കിലും വാക്‌സീന്‍ പാസ്‌പോര്‍ട്ടുകള്‍ വേണ്ടിവരുമെന്നാണ് ഡോ. ജൂലിയറ്റ് പറയുന്നത്. എന്നാല്‍, വാക്‌സീന്‍ പാസ്‌പോര്‍ട്ടുകള്‍ 2021 ആദ്യം തന്നെ ലഭ്യമായേക്കുമെന്നാണ് പറയുന്നത്.

English Summary: If you want to travel next year, you may need a vaccine passport

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA