ADVERTISEMENT

ബഹിരാകാശ ലോകത്തെ ശക്തിയാകാൻ ഇന്ത്യയുടെ ഇസ്രോയും വലിയ പദ്ധതികളാണ് ആസൂത്രണം ചെയ്യുന്നത്. പുനരുപയോഗിക്കാൻ‌ കഴിയുന്ന റോക്കറ്റുകൾ‌, ഹെവി ലിഫ്റ്റ് റോക്കറ്റ്, അതിവേഗ ഇന്റർനെറ്റിനായി സാറ്റലൈറ്റുകള്‍ എന്നിവയാണ് ഇസ്രോയുടെ 10 വർഷത്തെ പദ്ധതിയിൽ‌ പറയുന്നത്.

 

ഹെവി ലിഫ്റ്റ് റോക്കറ്റ്, പുനരുപയോഗിക്കാവുന്ന സാറ്റലൈറ്റ് വിക്ഷേപണ പേടകം, സെമി ക്രയോജനിക് എൻജിൻ, എന്നിവ ഉൾപ്പെടുന്ന പത്ത് വർഷ പദ്ധതിക്ക് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഇസ്‌റോ) 2021 ൽ തുടക്കമിടുകയാണ്. സ്മോൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ (എസ്എസ്എൽവി), മൂന്നാം ചന്ദ്ര ദൗത്യം ചന്ദ്രയാൻ -3, ആദ്യത്തെ സോളാർ മിഷൻ ആദിത്യ-എൽ 1, ആദ്യത്തെ ഇന്ത്യൻ ഡേറ്റാ റിലേ ഉപഗ്രഹം എന്നിവയാണ് ഇസ്രോയുടെ ഹ്രസ്വകാല പദ്ധതികൾ.

 

k-sivan-isro

ഗഗന്യാൻ പദ്ധതിക്ക് കീഴിലുള്ള ആദ്യത്തെ ആളില്ലാ പേടകം ഈ വർഷം കൈവരിക്കേണ്ട മറ്റൊരു സുപ്രധാന നാഴികക്കല്ലാണെന്നും ഇസ്രോ ചെയർമാൻ കെ. ശിവൻ പറഞ്ഞു. ഇസ്രോയുടെ എല്ലാ കേന്ദ്രങ്ങളും, യൂണിറ്റുകളും ദശക പദ്ധതി രൂപീകരിക്കുന്നതിന് സജീവമായി സംഭാവന നൽകിയിട്ടുണ്ടെന്ന് തന്റെ പുതുവത്സര സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു.

 

ഈ ദശകത്തിൽ ബഹിരാകാശ ഗതാഗത സംവിധാനങ്ങളുടെ പ്രധാന കേന്ദ്രമായ വിഎസ്എസ്‌സി (വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രം) ഹെവി ലിഫ്റ്റ് റോക്കറ്റുകൾ വികസിപ്പിക്കുന്നതിനായി കാര്യമായി പ്രവർത്തിക്കും. ഭാഗികവും പൂർണവുമായും പുനരുപയോഗിക്കാവുന്ന സ്ക്രാംജെറ്റ് എൻജിനിൽ പുരോഗതി കൈവരിക്കുമെന്നും ശിവൻ പറഞ്ഞു.

 

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഉയർന്ന ത്രസ്റ്റ് (തള്ളൽ ശക്തി) നൽകുന്ന സെമി ക്രയോജനിക് പ്രൊപ്പൽ‌ഷൻ സംവിധാനം വികസിപ്പിച്ചെടുക്കുന്നതിന്റെ പിന്നാലെയാണ് ലിക്വിഡ് പ്രൊപ്പൽ‌ഷൻ സിസ്റ്റംസ് സെന്റർ (എൽ‌പി‌എസ്‌സി). ഇത് വിജയിക്കുന്നതോടെ ഇന്ത്യൻ റോക്കറ്റുകളുടെ ജിയോസ്റ്റേഷണറി ട്രാൻസ്ഫർ ഓർബിറ്റിലേക്കുള്ള (ജിടിഒ) ലിഫ്റ്റിങ് ശേഷി 5.5 ടണ്ണിലേക്ക് ഉയർത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലിക്വിഡ് ഓക്സിജൻ (ഓക്സിഡൈസർ) - മീഥെയ്ൻ പ്രൊപ്പൽ‌ഷൻ, ഗ്രീൻ പ്രൊപ്പൽ‌ഷൻ, ഇലക്ട്രിക് പ്രൊപ്പൽ‌ഷൻ എന്നിവയിലാണ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

 

പുതിയ പ്രൊപ്പൽ‌ഷൻ സംവിധാനങ്ങളുടെ ശേഷി പരീക്ഷിക്കുന്നതിനായി ടെസ്റ്റിങ് സൗകര്യങ്ങൾ ഒരുക്കുന്നതിനു ഇസ്രോ പ്രൊപ്പൽ‌ഷൻ കോംപ്ലക്‌സ് (ഐ‌പി‌ആർ‌സി) ആവശ്യമാണെന്നും പുതിയ സെമി ക്രയോജനിക്, ലോക്സ് / മീഥെയ്ൻ എൻജിനുകൾ സാക്ഷാത്കരിക്കുന്നതിന് അതിന്റെ സംയോജന സൗകര്യങ്ങൾ വിപുലീകരിക്കണമെന്നും ശിവൻ പറഞ്ഞു.

isro-rlv

 

അടുത്ത ദശകത്തിൽ ബ്രോഡ്‌ബാൻഡ് ആശയവിനിമയത്തിനായുള്ള സാറ്റലൈറ്റുകൾക്ക് ഊന്നൽ നൽകുമെന്ന് യുആർ റാവു സാറ്റലൈറ്റ് സെന്ററിന്റെ (യുആർ‌എസ്‌സി) ദശക പദ്ധതികളെക്കുറിച്ച് ശിവൻ പറഞ്ഞു. ആറ്റോമിക് ക്ലോക്ക്, ട്രാവൽ വേവ് ട്യൂബ് ആംപ്ലിഫയറുകൾ (ടിഡബ്ല്യുടിഎ) എന്നിവയ്ക്കുള്ള തദ്ദേശീയവൽക്കരണ ശ്രമങ്ങൾ ബഹിരാകാശ ആപ്ലിക്കേഷൻ സെന്റർ (എസ്എസി) പൂർത്തിയാക്കുമെന്ന് അദ്ദേഹം പറഞ്ഞു.

 

ഈ ദശകത്തിൽ, എസ്‌എസിയും നാഷണൽ റിമോട്ട് സെൻസിങ് സെന്ററും (എൻ‌ആർ‌എസ്‌സി) ഉപയോക്താക്കളുടെ പ്രതീക്ഷകൾക്ക് അനുസൃതമായി ഉപഗ്രഹ ഡേറ്റാ സേവനങ്ങളുടെ ശേഖരണം, പ്രോസസ്സിങ്, ആവശ്യാനുസരണം വിതരണം എന്നിവ ഉറപ്പാക്കുന്നതിന് പ്രവർത്തിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിന്റെ (എസ്‌ഡി‌എസ്‌സി) കീഴിലുള്ള റോക്കറ്റ് പോർട്ടിനെ സംബന്ധിച്ചിടത്തോളം മനുഷ്യ ബഹിരാകാശ യാത്രയ്‌ക്കും പുതിയ ഹെവി ലിഫ്റ്റ് വാഹനങ്ങൾക്കും പിന്തുണ നൽകുന്നതിനായി ലോഞ്ച് ഇൻഫ്രാസ്ട്രക്ചർ വർധിപ്പിക്കുകയും രാജ്യത്ത് സ്വകാര്യ ബഹിരാകാശ ഗതാഗത സംവിധാനങ്ങൾ ആരംഭിക്കുന്നതിന് സഹായിക്കുകയും ചെയ്യുമെന്ന് ശിവൻ പറഞ്ഞു.

 

സെമി കണ്ടക്ടർ ലബോറട്ടറി (എസ്‌സി‌എൽ) രാജ്യത്ത് ശക്തമായ മൈക്രോ ഇലക്ട്രോണിക്സ് അടിത്തറ സൃഷ്ടിക്കുന്നതിനും വെരി ലാർജ് സ്കെയിൽ ഇന്റഗ്രേറ്റഡ് സർക്യൂട്ട് (വി‌എൽ‌എസ്‌ഐ) ഡൊമെയ്‌നിലെ കഴിവുകൾ വർധിപ്പിക്കുന്നതിനും വേണ്ടി പ്രവർത്തിക്കും.

 

ഗഗന്യാൻ (ഹ്യൂമൻ ബഹിരാകാശ ദൗത്യം) പദ്ധതി സുഗമമാക്കുന്നതിനും ദീർഘകാലത്തേക്ക് മനുഷ്യ ബഹിരാകാശ യാത്രാ പ്രവർത്തനങ്ങൾ നിലനിർത്തുന്നതിനുമായി ഇസ്‌റോയുടെ സാങ്കേതിക വികസനത്തിലും നൂതന ഗവേഷണ-വികസന പ്രവർത്തനങ്ങളിലും വലിയ പങ്ക് വഹിക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്നും ശിവൻ കൂട്ടിച്ചേർത്തു.

 

ഹ്യൂമൻ സ്പേസ് ഫ്ലൈറ്റ് സെന്റർ (എച്ച്എസ്എഫ്സി), മറ്റെല്ലാ ഇസ്‌റോ കേന്ദ്രങ്ങളുമായി സഹകരിച്ച്, ഹ്യൂമൻ റേറ്റഡ് ലോഞ്ച് വെഹിക്കിൾ, ഓർബിറ്റൽ മൊഡ്യൂൾ, റെൻഡെജൂവസ്, ഡോക്കിങ്, റീജനറേറ്റീവ് ലൈഫ് സപ്പോർട്ട് എന്നിവയുൾപ്പെടെയുള്ള മനുഷ്യ ബഹിരാകാശ യാത്രയ്ക്ക് ആവശ്യമായ ശേഷി വർധിപ്പിക്കുന്നതിനായി പ്രവർത്തിക്കുന്നുണ്ടെന്നും ശിവൻ കൂട്ടിച്ചേർത്തു.

 

English Summary: Reusable rockets, satellite constellation for broadband in ISRO's 10-year plan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com