ADVERTISEMENT

അമേരിക്കൻ വ്യോമസേനയുടെ രഹസ്യ താവളങ്ങളിലൊന്നിന്റെ ചിത്രം പൈലറ്റ് പുറത്തുവിട്ടു. നിരവധി നിഗൂഢതകളും ഊഹാപോഹങ്ങളും നിലനിൽക്കുന്ന ഏരിയ 51 ന്റെ ഫോട്ടോയാണ് പൈലറ്റുമാരിൽ ഒരാൾ ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രം പുറത്തുവന്നതോടെ, ഏരിയ 51 ലെ ഓരോ ഭാഗത്തെയും കുറിച്ച് സോഷ്യൽ മീഡിയയിൽ ചർച്ചകൾ നടക്കുന്നുണ്ട്. യു‌എഫ്‌ഒയെ കുറിച്ചുള്ള കിംവദന്തികൾ തന്നെയാണ് ചർച്ചയിലെ പ്രധാന വിഷയം.

 

നെവാദ ടെസ്റ്റ് ആൻഡ് ട്രെയിനിങ് റേഞ്ചിൽ (എൻ‌ടി‌ടി‌ആർ) സ്ഥിതിചെയ്യുന്ന രഹസ്യ യു‌എസ് വ്യോമസേനയുടെ പൊതുവായ പേരാണ് ഏരിയ 51. ഈ പ്രദേശം കണ്ടെത്തിയതു മുതൽ കോൺസ്പിറസി തിയറികളുടെ കേന്ദ്രം കൂടിയായി മാറുകയായിരുന്നു. ഈ പ്രദേശത്ത് അന്യഗ്രഹ ജീവികളുണ്ടെന്നാണ് യുഎഫ്ഒ പ്രേമികൾ വാദിക്കുന്നത്.

 

സ്വകാര്യ പൈലറ്റായ ഗേബ് സീഫ്മാൻ ക്രിസ്മസ് ദിനത്തിൽ തന്റെ ചെറിയ വിമാനത്തിൽ പറന്ന് നെവാദ ടെസ്റ്റ് ആൻഡ് ട്രെയിനിങ് റേഞ്ചിലെ (എൻ‌ടി‌ടി‌ആർ) ഏരിയ 51 ന്റെ സ്കൈ വ്യൂ ചിത്രങ്ങൾ പകർത്തി പുറത്തുവിടുകയായിരുന്നു. ഈ ചിത്രങ്ങളെല്ലാം ട്വിറ്ററിൽ ട്രന്റിങ്ങാണ്. 

 

∙ എന്താണ് ഏരിയ 51?

 

ഓൺലൈൻ സയൻസ് മാഗസിനുകളുടെ 'നിധികുഴിച്ചെടുക്കൽ കേന്ദ്ര'മെന്ന് പ്രാഥമികമായി പറയാം, ഏരിയ 51നെക്കുറിച്ചുള്ള ഏത് വാർത്തകളും പാശ്ചാത്യമാധ്യമങ്ങളിൽ ചൂടപ്പമാണ്. അമേരിക്കയിലെ നെവാദ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന വളരെ തന്ത്രപ്രധാനമായ പ്രദേശമാണ് ഏരിയ 51. അതിനുള്ളിൽ എന്താണ് നടക്കുന്നതെന്ന് ഇപ്പോഴും പുറംലോകത്തിന് അവ്യക്തമാണ്. ഈ രഹസ്യമൂടുപടം ഈ സ്ഥലത്തെക്കുറിച്ച് അറിയാനുള്ള അടങ്ങാത്ത ആഗ്രഹം ജനങ്ങളിലുണ്ടാക്കാനിടയാക്കുന്നു. ഇവിടേക്ക് അതിക്രമിച്ച് കടക്കാൻ ശ്രമിക്കുന്നവരും കുറവല്ല.

 

നെവാദ ടെസ്റ്റ് ആൻഡ് ട്രെയിനിങ് റേഞ്ച് എന്നാണ് എഡ്വാർഡ് എയർഫോഴ്സ് ബേസിന്റെ ഭാഗമായുള്ള ഈ സ്ഥലത്തിന്റെ ഔദ്യോഗിക നാമം. ‌ഏരിയ 51ൽ നിന്ന് പുറത്തുവരുന്ന പരീക്ഷണ എയർക്രാഫ്റ്റുകളാകാമത്രെ പറക്കുംതളികകളെന്ന് പ്രതീതി ജനങ്ങളിലുണ്ടാക്കുന്നതെന്ന് നിരീക്ഷകർ പറയുന്നുണ്ട്. എന്നാൽ 2012ൽ നാഷണൽ ജോഗ്രഫിക് ചാനൽ നടത്തിയ സർവേയിൽ കണ്ടെത്തിയത് 80 ദശലക്ഷം അമേരിക്കക്കാർ അന്യഗ്രഹജീവികൾ സത്യമാണെന്ന് വിശ്വാസിക്കുന്നുണ്ടത്രെ. അന്യഗ്രഹജീവികൾ ഭൂമി സന്ദര്‍ശിക്കാനെത്തുന്നുണ്ടെന്നു കരുതുന്നവരും പകുതിയിലധികം പേരുണ്ട്. 

 

50 വർഷത്തോളമായി ഏരിയ 51 വാർത്തകളിലുണ്ട്. എന്നാൽ ഇതേവരെ ഒരു അമേരിക്കൻ പ്രസിഡന്റും ഈ സ്ഥലത്തെപ്പറ്റി പറയാൻ തയ്യാറായിട്ടില്ല. എന്നാൽ മുൻ പ്രസിഡന്റ് ക്ലിന്റൺ ഏരിയ 51ലെ യുഎഫ്ഒ ഫയലുകകളിൽ കാര്യമായി ഒന്നുംതന്നെ ഇല്ലെന്ന് പറഞ്ഞിരുന്നു. എന്നാൽ ഹിലരി ഇതിനെക്കുറിച്ച് അന്വേഷിക്കാൻ ആവശ്യപ്പെട്ടിരുന്നു. കേവലം കൗതുകം മാത്രമല്ല ഹിലരിയുടെ ഈ തീരുമാനത്തിന് പിന്നിൽ സുതാര്യതയെന്നതത്രെ ലക്ഷ്യം. മുൻ പ്രസിഡന്റിന്റെ ഭാര്യയായിട്ടും ഈ രഹസ്യം അറിയില്ലേയെന്ന് ചോദിക്കുന്നവരുമുണ്ട്.

 

English Summary: Pilot Shares Photos of Area 51, Reveals Mysterious Hidden Object in UFO-Rumoured Site

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com