ADVERTISEMENT

അതിവേഗത്തിനും സുരക്ഷക്കും പേരുകേട്ട ക്വാണ്ടം ഇന്റര്‍നെറ്റ് യാഥാര്‍ഥ്യമാക്കുന്നതില്‍ ഒരുപടികൂടി ഗവേഷകര്‍ മുന്നേറിയിരിക്കുന്നു. ക്വാണ്ടം വിവരങ്ങള്‍ 44 കിലോമീറ്റര്‍ അകലത്തിലേക്ക് 90 ശതമാനം കൃത്യതയോടെ അയക്കുന്നതിലാണ് ശാസ്ത്രലോകം വിജയിച്ചിരിക്കുന്നത്. ഇത് ഭാവിയുടെ ഇന്റര്‍നെറ്റ് എന്ന് വിളിക്കപ്പെടുന്ന ക്വാണ്ടം ഇന്റര്‍നെറ്റ് യാഥാര്‍ഥ്യമാക്കുന്നതിന് സഹായിക്കുന്നതാണെന്ന് വിലയിരുത്തപ്പെടുന്നു. 

 

വിവരങ്ങള്‍ സഞ്ചരിക്കുന്ന ദൂരവും കൃത്യതയുമാണ് ക്വാണ്ടം ഇന്റര്‍നെറ്റിന്റെ കാര്യത്തിലെ പ്രധാനപ്പെട്ട രണ്ട് ഘടകങ്ങള്‍. വിവരങ്ങള്‍ 90 ശതമാനം കൃത്യതയില്‍ 44 കിലോമീറ്റര്‍ ദൂരത്തേക്ക് ഫൈബര്‍ ഒപ്റ്റിക് നെറ്റ്‌വര്‍ക്കുകള്‍ വഴി അയക്കാനാവുക എന്നത് വലിയ നേട്ടമാണ്. അതുകൊണ്ടാണ് 'ലഭിച്ച ഫലത്തിന്റെ ആവേശത്തിലാണ് ഞങ്ങള്‍' എന്ന് പരീക്ഷണത്തില്‍ പങ്കാളിയായ ഭൗതികശാസ്ത്രജ്ഞനായ പനാജിയോട്ടിസ് സ്‌പെന്‍സോറിസ് പറഞ്ഞത്.

 

സാധാരണ കംപ്യൂട്ടറില്‍ ബൈനറി (0, 1)ആണ് ഉപയോഗിക്കുന്നത്. ഒരു ബിറ്റിന് 1, 0 എന്നിവയിലെ ഒരു വില മാത്രമാണ് ഒരേ സമയം എടുക്കാന്‍ സാധിക്കുക. അതേസമയം ക്വാണ്ടം കംപ്യൂട്ടറുകള്‍ ക്യുബിറ്റ് ഉപയോഗിച്ചാണ് ഉണ്ടാക്കിയിട്ടുള്ളത്. ഒരു ക്യുബിറ്റിന് 1, 0 എന്നീ അവസ്ഥകളും അല്ലെങ്കില്‍ ഇവയുടെ ഒരു ക്വാണ്ടം വിശിഷ്ടസ്ഥിതിയിലുള്ള അവസ്ഥയും എടുക്കാന്‍ സാധിക്കും. അതിവേഗതക്കൊപ്പം അതീവ സുരക്ഷയുമാണ് ക്വാണ്ടം ഇന്റര്‍നെറ്റിന്റെ പ്രധാന സവിശേഷത.

 

അതേസമയം, ഒപ്റ്റിക്കല്‍ ഫൈബറുകളുടെ നീളം കൂടുന്നു എന്നാല്‍ വിവര ചോരണത്തിനുള്ള സാധ്യത വര്‍ധിക്കുന്നുവെന്ന് കൂടിയാണ് അര്‍ഥം. അതുകൊണ്ടാണ് 44 കിലോമീറ്റര്‍ ദൂരത്തേക്ക് 90 ശതമാനം കൃത്യതയോടെ ക്വാണ്ടം ടെലിപോര്‍ട്ടേഷന്‍ നടത്തിയെന്നത് വലിയ നേട്ടമായി മാറുന്നത്. ഇത് ക്വാണ്ടം കംപ്യൂട്ടിങ്ങില്‍ ഗവേഷകര്‍ക്ക് മുൻപാകെ പുതിയൊരു അതിര്‍ത്തികൂടിയാണ് വെച്ചിരിക്കുന്നത്. ഇനി മുതല്‍ 44 കിലോമീറ്റര്‍ 90 ശതമാനം കൃത്യത എന്നതിനെ മറികടക്കാനാകും ഗവേഷകരുടെ ശ്രമം. പിആർഎക്സ് ക്വാണ്ടം (PRX Quantum) ജേണലിലാണ് ഗവേഷണഫലം പൂര്‍ണമായി പ്രസിദ്ധീകരിച്ചിരിക്കുന്നത്. 

 

സൂപ്പര്‍ കംപ്യൂട്ടറുകള്‍ പോലും ദിവസങ്ങളെടുക്കുന്ന അതിസങ്കീര്‍ണമായ കണക്കുകളെ പോലും നിമിഷ നേരത്തില്‍ ചെയ്യാന്‍ ക്വാണ്ടം കംപ്യൂട്ടറുകള്‍ക്കാകും. സാധാരണ കംപ്യൂട്ടറുകള്‍ പതിനായിരം വര്‍ഷമെടുത്ത് ചെയ്യുന്ന ഒരു പ്രശ്‌നം ഗൂഗിളിന്റെ ക്വാണ്ടം കംപ്യൂട്ടര്‍ വെറും 200 സെക്കന്റുകൊണ്ടാണ് പരിഹരിച്ചത്. 

 

ഒപ്റ്റിക്കല്‍ ഫൈബര്‍ ഉപയോഗിച്ച് മാത്രമല്ല സാറ്റലൈറ്റുകള്‍ വഴിയും ക്വിബിറ്റുകള്‍ ഉപയോഗിച്ച് വിവര കൈമാറ്റം സാധ്യമാണ്. അമേരിക്ക, കാനഡ, ജപ്പാന്‍, ഇറ്റലി, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളും ക്വാണ്ടം എന്‍ക്രിപ്ഷന്‍ വഴിയുള്ള സുരക്ഷാനെറ്റ്‌വര്‍ക്ക് സ്ഥാപിക്കാന്‍ ഗവേഷണം ആരംഭിച്ചിട്ടുണ്ട്. ഗൂഗിള്‍ മാത്രമല്ല, ഐബിഎം, ഹണിവെല്‍, നാസ, എംഐടി തുടങ്ങി സ്വകാര്യ- പൊതു ഉടമസ്ഥതയിലുള്ള നിരവധി കമ്പനികളും ക്വാണ്ടം കംപ്യൂട്ടിങ്ങിന് പിന്നാലെയുണ്ട്.

 

English Summary: Quantum Teleportation Was Just Achieved With 90% Accuracy Over a 44km Distance

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com