ADVERTISEMENT

അന്യഗ്രഹ ജീവികളെ കുറിച്ചും അവരുടെ പേടകമെന്ന് പൊതുവെ പറയപ്പെടുന്ന പറക്കുംതളികയെ സംബന്ധിച്ചും എന്നും നിഗൂഢതയാണ്. അന്യഗ്രഹജീവികളെ കണ്ടെത്താനായി കോടികൾ ചെലവിട്ടു ഗവേഷണവും അന്വേഷണവും വരെ നടക്കുന്നുണ്ട്. രാജ്യാന്തര അന്വേഷണ ഏജൻസികൾ വരെ യുഎഫ്ഒയ്ക്ക് പിന്നാലെ പോകുന്നു. ഭൂമിയിൽ അന്യഗ്രഹ ജീവികളുടെ സാന്നിധ്യം കണ്ടെത്തിയ വാർത്ത ഇടക്കിടെ വരാറുമുണ്ട്. ഇത്തരം കാര്യങ്ങളെ കുറിച്ച് അന്വേഷിക്കുന്നതിൽ മുന്നിലുള്ളത് അമേരിക്ക തന്നെയാണ്.

 

മൂന്ന് പതിറ്റാണ്ടിലേറെയായി യു‌എഫ്‌ഒകളെക്കുറിച്ചുള്ള യു‌എസ് സർക്കാരിന്റെ രേഖകളുടെ ഡേറ്റ സി‌ഐ‌എ പുറത്തുവിട്ടു എന്നതാണ് പുതിയ വാർത്ത. മാത്രമല്ല, ഈ ഡേറ്റ ഇപ്പോൾ സാധാരണക്കാർക്ക് ഡൗൺ‌ലോഡ് ചെയ്യാനും കഴിയും. യു‌എഫ്‌ഒകളെക്കുറിച്ചുള്ള വിപുലമായ ഡേറ്റയിൽ‌ യു‌എസ് സർക്കാർ ശേഖരിച്ചതും റെക്കോർഡു ചെയ്‌തതുമായ 2,700 പേജിലധികം വരുന്ന വിവരങ്ങൾ‌ ഉൾ‌പ്പെട്ടിരിക്കുന്നുവെന്ന് റിപ്പോർട്ടുകൾ‌ സൂചിപ്പിക്കുന്നു. യു‌എഫ്‌ഒയുമായി ബന്ധപ്പെട്ട ഡീക്ലാസിഫൈഡ് പ്രമാണങ്ങൾ 1980 കളിലേതാണ്.

 

യു‌എഫ്‌ഒകളുമായി ബന്ധപ്പെട്ട വിവരങ്ങളുടെ ഓൺലൈൻ ശേഖരമായ ബ്ലാക്ക് വോൾട്ടിൽ ഈ ഡേറ്റ ലഭ്യമാണെന്ന് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു. ബ്ലാക്ക് വോൾട്ട് സ്ഥാപകൻ ജോൺ ഗ്രീൻവാൾഡ് ജൂനിയർ ആണ് യുഎഫ്ഒ വിവരങ്ങൾ അന്വേഷിച്ച് ശേഖരിച്ചത്. യു‌എഫ്‌ഒ രേഖകൾ ഉപയോഗിച്ച് സി‌എ‌എ നിർമിച്ച ഒരു സിഡി-റോം അദ്ദേഹം വാങ്ങിയതായാണ് റിപ്പോർട്ട്.

 

യു‌എഫ്‌ഒകളെ കുറിച്ചുള്ള 2,700 പേജുകളിൽ (ഏകദേശം) സി‌ഐ‌എയ്ക്ക് ലഭ്യമായ എല്ലാ രേഖകളും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് അറിയുന്നത്. ഒരു റഷ്യൻ പട്ടണത്തിലെ ദുരന്ത സ്ഫോടനങ്ങളെക്കുറിച്ചും മറ്റൊന്ന് ഒരു പറക്കുന്ന വസ്തുവിനെ വിചിത്രമായി കണ്ടതിന്റെ ആദ്യ വിവരണമുൾപ്പെടെയുള്ള ചില റിപ്പോർട്ടുകൾ ഇതിൽ ലഭ്യമാണ്. ചിലതെല്ലാം ഒരു ഫിക്‌ഷൻ നോവൽ പോലെ വായിക്കാനാകും. എന്നാൽ ചില രേഖകൾ വായിക്കാൻ പ്രയാസമാണ്, അവയിൽ കൃത്യമായി പറഞ്ഞിരിക്കുന്നത് എന്താണെന്ന് വ്യക്തമല്ലെന്നും ദി ഗാർഡിയൻ റിപ്പോർട്ടിൽ പറയുന്നുണ്ട്.

 

English Summary: CIA finally releases 'all' US govt documents on UFOs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com