sections
MORE

ഒരു ഗ്രഹത്തിന് മൂന്ന് ‘സൂര്യന്മാർ’, കണ്ടെത്തിയത് 1800 പ്രകാശവര്‍ഷങ്ങള്‍ക്കകലെ

three-suns-KOI-5
KOI-5 system. (Caltech/R. Hurt (IPAC)
SHARE

നമ്മുടെ ഭൂമിക്ക് ഒരു സൂര്യനാണെന്ന് കരുതി സൗരയൂഥത്തിലെ എല്ലാ ഗ്രഹങ്ങള്‍ക്കും ഒരു നക്ഷത്രമാണുള്ളതെന്ന് കരുതരുത്. ക്ഷീരപഥത്തിലെ ഒട്ടുമിക്ക നക്ഷത്രങ്ങള്‍ക്കും കൂട്ടാളിയായി മറ്റൊന്നു കൂടിയുണ്ടെന്നതാണ് വസ്തുത. ഇപ്പോഴിതാ 1800 പ്രകാശവര്‍ഷങ്ങള്‍ക്കകലെ മൂന്ന് നക്ഷത്രങ്ങളുള്ള ഒരു താരാപഥത്തെ കണ്ടെത്തിയിരിക്കുന്നു. ഭൂമിക്ക് ഒരു സൂര്യനാണെങ്കില്‍ ഈ നക്ഷത്രസമൂഹത്തിലെ ഗ്രഹത്തിന് സ്വന്തമായി മൂന്ന് 'സൂര്യന്മാരാണ്' ഉള്ളത്. 

സിഗ്നസ് എന്ന നക്ഷത്രസമൂഹത്തിലെ KOI 5 എന്ന് വിളിക്കുന്നിടത്താണ് മൂന്ന് സൂര്യന്മാര്‍ ഗ്രഹങ്ങള്‍ക്കുള്ളത്. ബഹിരാകാശ ദൂരദര്‍ശിനിയായ കെപ്ലര്‍ ഏതാണ്ട് ഒരു പതിറ്റാണ്ട് മുൻപ് നല്‍കിയ സൂചന ഇപ്പോഴാണ് സ്ഥിരീകരിക്കാനായത്. KOI-5Ab എന്ന ഗ്രഹത്തിനാണ് മൂന്ന് നക്ഷത്രങ്ങളുള്ളത്. 2009ല്‍ ഇക്കാര്യം കെപ്ലര്‍ ദൂരദര്‍ശിനി കണ്ടെത്തിയിരുന്നെങ്കിലും ജ്യോതിശാസ്ത്രജ്ഞര്‍ക്ക് ഉറപ്പിക്കാന്‍ സാധിച്ചിരുന്നില്ല.

ഇതുവരെ സൂര്യനെ അല്ലാതെ മറ്റു നക്ഷത്രങ്ങളെ വലംവെക്കുന്ന 4300ഓളം ഗ്രഹങ്ങളെ നമ്മള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ പത്ത് ശതമാനത്തിന് മാത്രമാണ് രണ്ട് സൂര്യന്മാരുള്ളത്. എങ്കിലും സൗരയൂഥത്തില്‍ ആകെയുള്ള കണക്കെടുത്താല്‍ ഇരട്ട നക്ഷത്രങ്ങളുള്ളവയാണ് കൂടുതലെന്നാണ് കരുതപ്പെടുന്നത്. ഇത് സൗരയൂഥത്തെക്കുറിച്ചുള്ള നമ്മുടെ പരിമിതമായ അറിവിനെ കൂടിയാണ് സൂചിപ്പിക്കുന്നത്. 

നാസയുടെ എക്‌സോപ്ലാനറ്റ് സയന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡേവിഡ് സിക്കാര്‍ഡി അടക്കമുള്ള ജ്യോതിശാസ്ത്രജ്ഞരാണ് മൂന്ന് നക്ഷത്രങ്ങളുള്ള ഗ്രഹത്തെ കണ്ടെത്തിയത്. കെപ്ലര്‍ നല്‍കിയ സൂചനയെ അടിസ്ഥാനപ്പെടുത്തി ഭൂമിയിലെ മൂന്ന് ടെലസ്‌കോപുകള്‍ ഉപയോഗിച്ചായിരുന്നു വിവരങ്ങള്‍ ശേഖരിച്ചത്. 2014 ആകുമ്പോഴേക്കും അവര്‍ KOI-5B, KOI-5C എന്നീ നക്ഷത്രങ്ങളുടെ സാന്നിധ്യം തിരിച്ചറിഞ്ഞു. ഈ നക്ഷത്രസമൂഹം 1800 പ്രകാശവര്‍ഷം അകലെയാണെന്നതായിരുന്നു ഗ്രഹത്തിന്റെ സാന്നിധ്യം ഉറപ്പിക്കാന്‍ നേരിട്ട പ്രധാനവെല്ലുവിളി. കെപ്ലര്‍ ടെലസ്‌കോപ് രേഖപ്പെടുത്തിയ നക്ഷത്രത്തിന്റെ പ്രകാശത്തിലെ മങ്ങല്‍ ഗ്രഹത്തിന്റെ സാന്നിധ്യം കൊണ്ടാണോ അതോ മറ്റേതെങ്കിലും വസ്തുവാണോ എന്ന് ഉറപ്പിക്കേണ്ടിയിരുന്നു. 

2018ല്‍ കെപ്ലറുടെ പിന്‍ഗാമി ടെസ് ടെലസ്‌കോപാണ് ഈ ദൗത്യം പിന്നീട് ഏറ്റെടുത്തത്. ലഭ്യമായ വിവരങ്ങള്‍ സൂഷ്മമായി പരിശോധിച്ചതോടെയാണ് KOI-5Ab എന്ന ഗ്രഹത്തിന് KOI-5A, KOI-5B, KOI-5C എന്നിങ്ങനെ മൂന്ന് നക്ഷത്രങ്ങളുണ്ടെന്ന് ഉറപ്പിക്കാനായത്. ഭൂമിയേക്കാള്‍ ഏതാണ്ട് ഏഴിരട്ടി വലുപ്പമുള്ള ഗ്രഹമായ KOI-5Abക്ക് അഞ്ച് ദിവസം മാത്രം മതി KOI-5A എന്ന നക്ഷത്രത്തെ വലം വെക്കാന്‍. KOI-5Aക്കും KOI-5Bക്കും സൂര്യനോളം തന്നെ ഭാരമാണുള്ളത്. മൂന്നാം നക്ഷത്രമായ KOI-5Cയുടെ ഭ്രമണപഥം ഈ രണ്ട് നക്ഷത്രങ്ങളേക്കാളും ദൂരെയാണ്. KOI-5C ഒരു തവണ ഭ്രമണപഥം പൂര്‍ത്തിയാക്കാന്‍ 400 വര്‍ഷം വരും. നമ്മുടെ പ്ലൂട്ടോ ഏതാണ്ട് 248 വര്‍ഷമെടുത്താണ് സൂര്യനെ വലം വെക്കുന്നത്. 

ഇനി നമ്മള്‍ KOI-5Ab എന്ന ഗ്രഹത്തിലെത്തിയെന്ന് കരുതുക, അപ്പോള്‍ ആകാശത്ത് കാണുന്ന പ്രധാന നക്ഷത്രം KOI-5A ആയിരിക്കും. ശനിയില്‍ നിന്നും നമ്മുടെ സൂര്യനെ കാണുന്നതുപോലിരിക്കും KOI-5Abയില്‍ രണ്ടാമത്തെ നക്ഷത്രമായ KOI-5B നക്ഷത്രത്തെ കാണുന്നത്. മൂന്നാം നക്ഷത്രമായ KOI-5C തെളിച്ചമുള്ള നക്ഷത്രം പോലെ ആകാശത്ത് തിളങ്ങി നല്‍ക്കുകയും ചെയ്യും. മൂന്ന് നക്ഷത്രങ്ങളുള്ള താരാപഥത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനുള്ള ശ്രമത്തിലാണ് ഗവേഷകര്‍. അമേരിക്കന്‍ അസ്‌ട്രോണമിക്കല്‍ സൊസൈറ്റിയുടെ 237ാം യോഗത്തിലാണ് മൂന്ന് നക്ഷത്രങ്ങളുള്ള താരാപഥത്തെക്കുറിച്ച് പ്രഖ്യാപനം ഉണ്ടായത്.

English Summary: Astronomers Have Discovered an Alien Planet With Three Suns

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA