sections
MORE

ജൂണോയെ വ്യാഴത്തിൽ ഇടിപ്പിച്ച് തകർക്കൽ പദ്ധതി നീട്ടിവച്ചു, ആയുസ്സ് നീട്ടിക്കൊടുത്തത് 25 വർഷം

juno-nasa
Photo: NASA
SHARE

സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴത്തെക്കുറിച്ച് ആഴത്തിലറിയാൻ യുഎസ് ബഹിരാകാശ ഏജൻസിയായ നാസ അയച്ച പേടകമാണ് ജൂണോ. ജൂണോയെ സംബന്ധിച്ച് ഇപ്പോൾ ഒരു പുതിയ വാർത്ത നാസ പുറത്തുവിട്ടിരിക്കുന്നു. 2021 ജൂലൈയിൽ ജൂണോയെ വ്യാഴത്തിൽ ഇടിപ്പിച്ച് തകർക്കാനുള്ള പദ്ധതി നാസ നീട്ടിവച്ചതാണ് വാർത്ത. 2025 സെപ്റ്റംബർ വരെയാണ് ആയുസ്സ് നീട്ടിക്കൊടുത്തിരിക്കുന്നത്. വ്യാഴത്തെ ദീർഘവൃത്താകൃതിയിലാണ് ജൂണോ ചുറ്റിക്കറങ്ങുന്നത്. ഒരു തവണ ചുറ്റാൻ ശരാശരി 53 ദിവസം വേണ്ടിവരും. 2021 ജൂലൈയിൽ 35–ാമത്തെ ചുറ്റലോടെ വ്യാഴത്തിൽ ഇടിച്ചു തകരുന്ന വിധമായിരുന്നു പ്ലാൻ. എന്നാൽ ഇത് 42–ാം ചുറ്റലിൽ ആക്കാനാണ് നാസ ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്.

ഭൂമിയിൽ നിന്ന് അഞ്ചുവർഷത്തെ യാത്രയ്ക്കൊടുവിൽ 290 കോടി കിലോമീറ്റർ താണ്ടി 2016ലാണ് ജൂണോ ഗ്രഹങ്ങളുടെ രാജാവായ ജൂപ്പിറ്ററിന്റെ (വ്യാഴം) ഭ്രമണപഥത്തിൽ പ്രവേശിച്ചത്. ജൂണോയ്ക്ക് മുൻപ് 1995 മുതൽ 2003 വരെ ഗലീലിയോ എന്ന പേടകവും വ്യാഴത്തെ ഭ്രമണം ചെയ്തിട്ടുണ്ട്. അന്നാണ് ആദ്യമായി വ്യാഴത്തിന്റെ കാഴ്ചകൾ ലോകത്തിനു മുന്നിലെത്തുന്നത്.

റോമൻ ദേവനായ ജൂപ്പിറ്ററിന്റെ ഭാര്യയായ ജൂണോ ദേവതയുടെ പേരാണു നാസ ദൗത്യത്തിനു നൽകിയിരിക്കുന്നത്. ഓരോ തവണ കറങ്ങിവരുമ്പോഴും പേടകം വ്യാഴത്തോടു കൂടുതൽ അടുക്കും. സൗരോജം ഉപയോഗിച്ചു പ്രവർത്തിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. സൂര്യനിൽ നിന്ന് ഏറെ അകലെ ആയതിനാൽ വമ്പൻ സോളർപാനലുകളാണ് ജൂണോയ്ക്കുള്ളത്.

20 മീറ്റർ വ്യാസവും 3.5 മീറ്റർ ഉയരവുമുള്ള ജൂണോ ദൗത്യത്തിന്റെ ചെലവ് ഏകദേശം 7500 കോടി രൂപയാണ്. ജോവിയൻ ഓറോറൽ ഡിസ്ട്രിബ്യൂഷൻസ് എക്സ്പെരിമെന്റിനുള്ള സംവിധാനം, പ്ലാസ്മ തരംഗപഠന ഉപകരണം, മാഗ്നെറ്റോമീറ്റർ, മൈക്രോവേവ് റേഡിയോമീറ്റർ ഊർജകണ മാപിനി തുടങ്ങിയ ഉപകണങ്ങളാണ് ജൂണോയിലുള്ളത്.

പൊതുജനങ്ങൾക്ക് ജൂണോയുടെ കൂടുതൽ വിവരങ്ങളറിയാനും ചിത്രങ്ങളെടുക്കാൻ നിർദേശം നൽകാനും ചർച്ച നടത്താനുമായി  www.missionjuno.swri.edu എന്ന വെബ്‌സൈറ്റും ഉണ്ട്. ‘ജൂണോക്യാം’ എന്ന സംവിധാനം വഴിയാണ് പേടകത്തിലെ ഫോട്ടോയെടുപ്പ്. ജൂണോക്യാം എടുക്കുന്ന ചിത്രങ്ങൾ ജൂണോ വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്യും. ലോകത്തെവിടെ നിന്നും, താൽപര്യമുള്ള ആർക്കും ഈ ചിത്രങ്ങൾ ഡൗൺലോഡ് ചെയ്ത് അത് പ്രോസസ് ചെയ്തെടുക്കാം.

ഇന്ന് ലഭ്യമായിട്ടുള്ള വ്യാഴത്തിന്റെ നല്ല ചിത്രങ്ങളിൽ മിക്കതും ഇത്തരത്തിൽ ജനകീയ ശാസ്ത്രകാരന്മാർ നിർമിച്ചെടുത്തവയാണ്. എന്തായാലും 2025 വരെ ആയുസ് നീട്ടിയ സ്ഥിതിക്ക് ലോകത്തിന് ഇനിയും വ്യാഴത്തിന്റെ നല്ല ചിത്രങ്ങൾ ലഭിക്കുമെന്നു പ്രതീക്ഷിക്കാം.

English Summary: Juno illuminates 25 year old Jovian mystery, mission extended to 2025

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA