ADVERTISEMENT

മനുഷ്യന് പരമാവധി വിവരങ്ങള്‍ കൈമാറുകയെന്ന ലക്ഷ്യത്തില്‍ അത്യാധുനിക വിവരശേഖരണ ഉപകരണങ്ങളുമായിട്ടാണ് ഓപര്‍ച്യൂനിറ്റിയും ക്യൂരിയോസിറ്റിയും സ്പിരിറ്റുമെല്ലാം ചൊവ്വയിലേക്ക് പറന്നത്. എന്നാൽ ചൊവ്വയിലേക്കുള്ള യാത്രയുടെ അവസാന നാളുകളിലായ നാസയുടെ ചൊവ്വാ പര്യവേഷണ പേടകമായ പെര്‍സവറന്‍സ് ഇക്കാര്യത്തില്‍ ഒരുപടികൂടി മുന്നിലാണ്. ചൊവ്വയിലെ ശബ്ദം എങ്ങനെയിരിക്കുമെന്ന് മനുഷ്യനെ അറിയിക്കുകയാണ് പെര്‍സവറന്‍സ് ഏറ്റെടുത്തിരിക്കുന്ന ദൗത്യങ്ങളിലൊന്ന്.

 

2020 ജൂലൈ 30നാണ് പെര്‍സവറന്‍സ് ഭൂമിയില്‍ നിന്നും ചൊവ്വയെ ലക്ഷ്യമാക്കി കുതിച്ചത്. 2021 ഫെബ്രുവരി 18ന് ജസേറോ ക്രാറ്ററില്‍ ഇറങ്ങുന്ന പെര്‍സവറന്‍സില്‍ രണ്ട് സൂപ്പര്‍ക്യാം മൈക്രോഫോണുകളുമുണ്ട്. പ്രധാനമായും രണ്ട് ദൗത്യങ്ങളാണ് ആദ്യത്തെ മൈക്രോഫോണിനുള്ളത്. ചൊവ്വാ ഉപരിതലത്തില്‍ നിന്നും കേള്‍ക്കുന്ന ഓരോ ചെറു ശബ്ദവും റെക്കോഡു ചെയ്യുകയെന്നതാണ് ഇതില്‍ ആദ്യത്തേത്. എവിടെ നിന്നാണ് ശബ്ദം വരുന്നതെന്ന് തിരിച്ചറിയാനുള്ള ശേഷിയും ഈ ഉപകരണങ്ങള്‍ക്കുണ്ട്. ചൊവ്വയുടെ ഉപരിതലത്തില്‍ ലേസറുകള്‍ ഉപയോഗിച്ച് തുരക്കാനും പെര്‍സവറന്‍സിന് പദ്ധതിയുണ്ട്. ഈ സമയത്തെ ശബ്ദവ്യതിയാനങ്ങളും ആദ്യത്തെ മൈക്രോഫോണ്‍ ശേഖരിക്കും.

 

മൈക്രോഫോണുകളുടെ രണ്ടാമത്തെ ദൗത്യം എൻജിനീയറിങ് വിഭാഗത്തെ സഹായിക്കുന്നതാണ്. പേടകത്തിന്റെ ചലനങ്ങളുടെ ശബ്ദങ്ങളാണ് ശേഖരിക്കപ്പെടുകയും പരിശോധിക്കുകയും ചെയ്യുക. ശബ്ദത്തിലെ വ്യതിയാനങ്ങളില്‍ നിന്നും ചക്രങ്ങളുടെ ചലനവും മറ്റും വിലയിരുത്താന്‍ ഭൂമിയിലെ എഞ്ചിനീയര്‍മാര്‍ക്ക് സാധിക്കും.

 

രണ്ടാമത്തെ മൈക്രോഫോണാണ് ദൗത്യത്തിന്റെ ഓരോ ഘട്ടത്തിലേയും ചെറുശബ്ദങ്ങളെ പോലും ശേഖരിക്കുകയും ഭൂമിയിലേക്ക് അയക്കുകയും ചെയ്യുന്നത്. ചൊവ്വയിലേക്കുള്ള യാത്രക്കിടെ മാത്രമല്ല ചൊവ്വയിലേക്ക് പേടകം ഇറങ്ങുന്ന നിര്‍ണായക സമയത്തെ ശബ്ദങ്ങളും ഈ രണ്ടാമത്തെ മൈക്രോഫോണ്‍ പകര്‍ത്തും. ചൊവ്വാ ദൗത്യത്തിന്റെ അവസാനഘട്ടത്തില്‍ പാരച്യൂട്ട് വിടര്‍ത്തുന്നതിന്റെ അടക്കം ശബ്ദം ഭൂമിയിലിരുന്ന് മനുഷ്യര്‍ കേള്‍ക്കും. ചൊവ്വയിലിറങ്ങിയ ശേഷം അവിടുത്തെ കാറ്റിന്റേയും മറ്റും ശബ്ദവും രേഖപ്പെടുത്തും. 

 

എങ്കില്‍ പോലും ചൊവ്വയില്‍ കേള്‍ക്കുന്ന അതേപോലെയായിരിക്കണമെന്നില്ല ഭൂമിയില്‍ ആ ശബ്ദങ്ങള്‍ കേള്‍ക്കുകയെന്ന മുന്നറിയിപ്പ് ശാസ്ത്രജ്ഞര്‍ തന്നെ നല്‍കുന്നുണ്ട്. ഭൂമിയും ചൊവ്വയും തമ്മിലുള്ള പ്രകടമായ വ്യത്യാസങ്ങളാണ് ഇതിന് കാരണം. ഭൂമിയുടെ അന്തരീക്ഷത്തിന്റെ ഒരു ശതമാനം മാത്രമുള്ള ചൊവ്വയില്‍ നിന്നും പകര്‍ത്തുന്ന ശബ്ദങ്ങള്‍ ഭൂമിയിലേക്കെത്തിച്ചാല്‍ പോലും അവിടെ ചെന്ന് കേള്‍ക്കുന്നതുപോലെ ആകില്ലെന്നാണ് സൂചന. എങ്കില്‍ പോലും ആദ്യമായി ചൊവ്വയിലെ ശബ്ദം ഭൂമിയിലെത്തിക്കുന്നതിന്റെ ആവേശത്തിലാണ് ശാസ്ത്രലോകം.

 

English Summary: Scientists Hope to Soon Have Clues About What Mars Sounds Like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com