ADVERTISEMENT

ഇപ്പോഴും നിലക്കാത്ത പുരാവസ്തു ഖനിയാണ് സക്കാറയെന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞിരിക്കുകയാണ്. പുരാതന ഈജിപ്ത് തലസ്ഥാനമായിരുന്ന മെംഫിസിന്റെ സെമിത്തേരിയായിരുന്നു സക്കാറ. നീണ്ടകാലം ആരാധനാലയമായിരുന്ന നിയാറിറ്റ് രാജ്ഞിയുടെ ശവകുടീരവും 'മരണത്തിന്റെ പുസ്തക'വുമാണ് ഇക്കുറി കണ്ടെത്തിയിരിക്കുന്നത്. നിയാറിറ്റ് രാജ്ഞിയുടെ ജീവിതപങ്കാളി ടെറ്റി ഫറവോ 2323 ബിസി മുതല്‍ 2291 ബിസി വരെ ഈജിപ്ത് ഭരിച്ചിരുന്നു. 

 

കല്ലുകൊണ്ട് നിര്‍മിച്ച പ്രധാന ആരാധനാലയത്തില്‍ മണ്ണുകൊണ്ടുണ്ടാക്കിയ മൂന്ന് ശേഖരണ കേന്ദ്രങ്ങളുമുണ്ടായിരുന്നു. ഇവിടെയാണ് രാജ്ഞിയേയും ടെറ്റി ഫറവോയേയും ആരാധിച്ചിരുന്നതെന്നാണ് കരുതപ്പെടുന്നത്. ഇതിന് സമീപത്തു നിന്നും ഈജിപ്ത് ഭരിച്ചിരുന്ന 18, 19 രാജകുടുംബങ്ങളിലെ അംഗങ്ങളുടെ ശവകുടീരങ്ങളും കണ്ടെത്തിയിട്ടുണ്ട്. 

 

ദേവന്മാരുടെ ശ്മശാനമെന്നാണ് അക്കാലത്ത് സക്കാറ അറിയപ്പെട്ടിരുന്നത്. മരണാനന്തരം ദേവലോകത്തേക്കെത്താന്‍ ഏറ്റവും ഉചിതമായ സ്ഥലമായും ഇത് കരുതപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ ഇവിടെ സംസ്‌ക്കരിക്കപ്പെടുകയെന്നത് അക്കാലത്തെ ഈജിപ്തിലെ ഉന്നതരുടെ അവകാശവും ആഗ്രഹവുമായി മാറുകയായിരുന്നു. ടെറ്റി ഫറവോയുടെ മരണശേഷം അദ്ദേഹത്തേയും രാജ്ഞിയേയും ആരാധിക്കുന്ന പതിവ് ഏതാണ്ട് ആയിരത്തോളം വര്‍ഷം ഈജിപ്തുകാര്‍ തുടര്‍ന്നുവെന്നാണ് കരുതപ്പെടുന്നത്. ഈ പ്രദേശത്തു നിന്നുമാത്രം ഏതാണ്ട് അമ്പതോളം മരംകൊണ്ടുള്ള ശവപ്പെട്ടികളും ലഭിച്ചിട്ടുണ്ട്. 

 

13 അടി നീളമുള്ള പാപിറസില്‍ (പുല്‍ചുരുളില്‍ നിര്‍മിച്ച പുസ്തകം) നിര്‍മിച്ച മരണത്തിന്റെ പുസ്തകവും പുരാവസ്തുഗവേഷകര്‍ക്ക് ഇവിടെ നിന്നും ലഭിച്ച അമൂല്യ വസ്തുവാണ്. പൗരാണിക ഈജിപ്തുകാര്‍ മരണാനന്തരജീവിതത്തെക്കുറിച്ച് പ്രതിപാദിക്കുന്ന പതിനേഴാം അധ്യായമാണ് ഈ മരണത്തിന്റെ പുസ്തകത്തില്‍ ഉള്‍ക്കൊള്ളിച്ചിരുന്നത്. ഈജിപ്തുകാര്‍ മരണാനന്തര ജീവിതം സുഗമമാക്കാന്‍ സഹായിക്കുന്നത് എന്ന് കരുതിയിരുന്ന വിവരങ്ങളായിരുന്നു ഇതിലുണ്ടായിരുന്നത്. 

 

1970 മുതല്‍ സക്കാറയെ യുനെസ്‌കോ പൈതൃക പട്ടികയില്‍ ഉള്‍ക്കൊള്ളിച്ചിരുന്നു. നിലവിലെ ഈജിപ്ത് തലസ്ഥാനമായ കെയ്‌റോയുടെ തെക്കായാണ് സക്കാറയുടെ സ്ഥാനം. ഗിസ പിരമിഡുകളും അബു സര്‍, ദഹ്ഷൂര്‍, അബു റൂവേഷ് എന്നിവിടങ്ങളുലുമുള്ള ചെറുതും വലുതുമായ പന്ത്രണ്ടോളം പിരമിഡുകളും ഇവിടെയാണുള്ളത്. പുരാതന ഈജിപ്തിലെ ആദ്യകാല പിരമിഡുകളില്‍ ഒന്നായ ജോസറിന്റെ സ്റ്റെപ് പിരമിഡും സക്കാറയില്‍ തന്നെയാണുള്ളത്.

 

English Summary: Giant 'Book of The Dead' Scroll Discovered in Ancient Egyptian Burial Shaft

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com