sections
MORE

എത്രപേർക്കറിയാം പേനയുടെ അടപ്പിലെ ദ്വാരം മനുഷ്യനെ മരണത്തിൽ നിന്ന് രക്ഷിക്കാനാണെന്ന്

pen-top
Photo: kathleenru/iStock
SHARE

ദൈനംദിന ജീവിതത്തില്‍ ഉപയോഗിക്കുന്ന പല വസ്തുക്കളിലും ശാസ്ത്രത്തിന്റെ അദൃശ്യ സാന്നിധ്യമുണ്ട്. ചെറുതെന്ന് നമ്മള്‍ കരുതുന്ന പലകാര്യങ്ങള്‍ക്ക് പിന്നിലും വളരെ വലിയ കാരണമുണ്ടാകും. അതുപൊലുള്ള ഒന്നാണ് പേനയുടെ അടപ്പിലെ ദ്വാരം. ഇത് നമ്മളില്‍ പലരും ശ്രദ്ധിച്ചിട്ടുണ്ടാകുമെങ്കിലും ഇതുകൊണ്ടുള്ള ഗുണം എന്താണെന്ന് അറിവുള്ളവര്‍ കുറവായിരിക്കും.

പേനയുടെ അടപ്പ് അടക്കുമ്പോഴും തുറക്കുമ്പോഴും വായു സമ്പര്‍ക്കം ഉണ്ടാവാന്‍ ഇത് സഹായിക്കുമെന്നായിരിക്കും ഇതേക്കുറിച്ച് ആലോചിക്കുമ്പോള്‍ ലഭിക്കുന്ന ആദ്യ ഉത്തരം. സംഭവം ഇത് ശരിയുമാണ്. എന്നാല്‍ അതിനേക്കാള്‍ പ്രധാനമായ മറ്റു പല ഉത്തരവാദിത്വങ്ങളും ഈ ചെറിയ തുളക്കുണ്ട്. ഒരു ജീവന്‍ രക്ഷാ ഉപാധിയാണ് അടപ്പിലെ തുളയെന്നതാണ് വസ്തുത. 

പേനയുടെ അടപ്പ് വായിലിടുകയും കടിക്കുകയും ചെയ്യുന്നത് ലോകത്തെവിടെയുമുള്ള മനുഷ്യരുടെ ശീലമാണ്. ഈ ദുശ്ശീലം ചിലപ്പോഴെല്ലാം ദുരന്തകാരണമാവാറുണ്ട്. അറിയാതെ അടപ്പ് വിഴുങ്ങി പോകുന്ന സാഹചര്യമുണ്ടായാല്‍ മരണത്തിന് പോലും കാരണമാകാറുണ്ട്. 2016ല്‍ ദ ഇന്‍ഡിപെന്റന്റില്‍ പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ട് പ്രകാരം അമേരിക്കയില്‍ മാത്രം നൂറോളം മനുഷ്യര്‍ക്കാണ് തൊണ്ടയില്‍ പേനയുടെ അടപ്പ് കുടുങ്ങി ദാരുണാന്ത്യം സംഭവിക്കുന്നത്.

പേനയുടെ അടപ്പില്‍ ആവശ്യത്തിന് ദ്വാരമുണ്ടെങ്കില്‍ അടപ്പ് വിഴുങ്ങുന്ന സാഹചര്യമുണ്ടായാല്‍ പോലും ശ്വാസം തടസപ്പെടില്ല. ഇക്കാര്യം തിരിച്ചറിഞ്ഞ് ബിക് എന്ന കമ്പനിയാണ് ആദ്യമായി അടപ്പില്‍ ദ്വാരം പരീക്ഷിച്ചത്. സംഭവം വിജയമാണെന്ന് തിരിച്ചറിഞ്ഞതോടെ ഐഎസ്ഒ 11540 സുരക്ഷാ മാനദണ്ഡത്തില്‍ പോലും ഇക്കാര്യം നിഷ്‌ക്കര്‍ഷിക്കുന്ന സ്ഥിതി വന്നു. വിഴുങ്ങാന്‍ സാധ്യതയുള്ളതിനേക്കാള്‍ വലിയ അടപ്പാണെങ്കില്‍ മാത്രമാണ് ഒഴിവുകഴിവുള്ളത്.

വിമാനങ്ങളിലെ ജനലുകളിലുള്ള ചെറിയ തുളകള്‍ക്കും ഇതുപോലെ ഒരു ദൗത്യം നിര്‍വഹിക്കാനുണ്ട്. വിമാനത്തിനകത്തേയും പുറത്തേയും സമ്മര്‍ദം ക്രമീകരിക്കാന്‍ ഈ തുളകളും സഹായിക്കുന്നുണ്ട്. പേനയുടെ അടപ്പിലെ തുള പോലെ നമ്മള്‍ ദിവസേന ഉപയോഗിക്കുന്ന പല വസ്തുക്കളിലും ശാസ്ത്രത്തിന്റെ ഇടപെടല്‍ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്നതാണ് വസ്തുത. ഇത്തരം മാറ്റങ്ങള്‍ ചിലപ്പോഴെല്ലാം ജീവന്‍ വരെ രക്ഷിക്കുന്ന കാരണമായി മാറാറുമുണ്ട്.

English Summary: There's a Reason For Holes on The Tops of Pen Caps, And It's Surprisingly Awesome

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA