sections
MORE

5000 വര്‍ഷങ്ങൾക്ക് മുന്‍പത്തെ കറൻസികൾ വാരിയെല്ല്, വളകൾ, കോടാലികളുടെ രൂപത്തില്‍

bronze-age-currency
Image credit: M.H.G. Kuijpers
SHARE

ബ്രിട്ടിഷ് പൗണ്ട് മുതല്‍ ക്രൊയേഷ്യന്‍ കുന വരെ വിവിധ യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് വ്യത്യസ്തമായ കറന്‍സികളുമുണ്ട്. എന്നാല്‍, 5000 വര്‍ഷങ്ങള്‍ക്ക് മുൻപെ തന്നെ യൂറോപ്പിന് ഒരു പൊതുകറന്‍സിയുണ്ടായിരുന്നു എന്നാണ് ഇപ്പോഴത്തെ കണ്ടെത്തല്‍. വെങ്കലത്തില്‍ നിര്‍മിച്ച വളകളും മോതിരങ്ങളും തുടങ്ങി പലതും വസ്തുകൈമാറ്റത്തിനായി കറന്‍സിയുടെ രൂപത്തില്‍ ഉപയോഗിച്ചിരുന്നുവെന്നാണ് കരുതപ്പെടുന്നത്.

പണം എന്നതിന്റെ പ്രധാന യോഗ്യതകളിലൊന്ന് എല്ലാത്തിനുമായി പൊതുനിലവാരങ്ങളും മാനദണ്ഡങ്ങളും വേണമെന്നതാണ്. ഇന്നത്തെ അപേക്ഷിച്ച് അളവുതൂക്ക സമ്പ്രദായങ്ങളെ കാര്യക്ഷമമല്ലാതിരുന്നിട്ട് പോലും ഒരേ പോലുള്ള വസ്തുക്കളാണ് പ്രാചീന കറന്‍സികളായി ഉപയോഗിച്ചിരുന്നത്. ഇത്തരം കറന്‍സിയായി ഉപയോഗിച്ചിരുന്ന വസ്തുക്കളില്‍ വലുപ്പത്തിലും ഭാരത്തിലുമുള്ള സമാനത പുലര്‍ത്താനും പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ലെയ്ഡന്‍ സര്‍വകലാശാലയിലെ ഗവേഷകരാണ് മധ്യ യൂറോപിലെ വെങ്കലയുഗത്തിലെ കറന്‍സികളെക്കുറിച്ച് പഠനം നടത്തിയിരിക്കുന്നത്.

വളകള്‍, കോടാലിയുടെ തലപ്പ് തുടങ്ങി ഒരേ വലുപ്പത്തിലുള്ള 5000 ത്തോളം വസ്തുക്കളാണ് പഠനവിധേയമാക്കിയത്. ഈ വസ്തുക്കളുടെ രൂപവും ഭാരവുമെല്ലാം പരിശോധിച്ചു. നൂറോളം പുരാവസ്തു ഖനന കേന്ദ്രങ്ങളില്‍ നിന്നാണ് ഇത് കണ്ടെത്തിയത്. നേരിയ തോതില്‍ ഭാരവ്യത്യാസങ്ങളുണ്ടെങ്കിലും ഒരേ രൂപത്തിലുള്ള 70 ശതമാനത്തോളം വസ്തുക്കളും കൈകൊണ്ട് നോക്കി വ്യത്യാസം തിരിച്ചറിയാന്‍ സാധിക്കുമായിരുന്നില്ല. ഈ സാമ്യതക്കൊപ്പം ഇവ ശേഖരമായാണ് ലഭിച്ചതെന്നതും അന്നത്തെ പണമായിരുന്നു ഇതെന്ന സൂചനയാണ് നല്‍കുന്നത്. 

വാരിയെല്ല് രൂപങ്ങളുടേയും വളകളുടേയും കോടാലികളുടേയും രൂപത്തിലാണ് യൂറോപ്പിലെ ആദ്യ യൂറോ ഉണ്ടായതെന്നാണ് പഠനത്തിന് നേതൃത്വം നല്‍കിയ ഡോ. മൈക്കല്‍ കുയ്‌പേഴ്‌സ് പറയുന്നത്. വലുപ്പത്തിലും ഭാരത്തിലും സാമ്യത പുലര്‍ത്തിയിരുന്ന ഇവ വെങ്കലയുഗത്തിന്റെ തുടക്കത്തില്‍ യൂറോപ്പില്‍ കറന്‍സിയായി ഉപയോഗിച്ചിരുന്നു. വൈകാതെ കൂടുതല്‍ കാര്യക്ഷമമായ അളവ് തൂക്ക സംവിധാനങ്ങള്‍ നിലവില്‍ വരികയും ഇത് കറന്‍സിയുടെ കാര്യത്തിലും മാറ്റങ്ങളുണ്ടാക്കുകയും ചെയ്തുവെന്നും ഡോ. മൈക്കല്‍ കൂട്ടിച്ചേര്‍ക്കുന്നു. 

പേര് സൂചിപ്പിക്കുന്നതുപോലെ വെങ്കലയുഗം മുതലാണ് മനുഷ്യന്‍ ലോഹങ്ങള്‍ ഉപയോഗിച്ചു തുടങ്ങിയത്. വെങ്കലത്തിന്റെ കണ്ടെത്തലാണ് ശിലായുഗ മനുഷ്യനെ വെങ്കലയുഗത്തിലേക്കെത്തിച്ചത്. ശിലായുഗ കാലഘട്ടത്തില്‍ കല്ലുകളായിരുന്നു മനുഷ്യന്റെ പ്രധാന ആയുധങ്ങള്‍. പ്ലസ് വണ്‍ ജേണലിലാണ് പഠനഫലം പുറത്തുവന്നിരിക്കുന്നത്.

English Summary: Europe's first common currency: Early Bronze Age people used rings, bangles

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA