ADVERTISEMENT

ലോകത്തിന്റെ പല ഭാഗങ്ങളിലും പറക്കുംതളിക (യു‌എഫ്‌ഒ) കണ്ടതായി റിപ്പോർട്ട് ചെയ്യുന്നത് വർധിച്ചുവരികയാണ്. ഓരോ ദിവസവും വിവിധ പ്രദേശങ്ങളിൽ നിന്ന് വിചിത്ര കാഴ്ചകളും സംഭവങ്ങളും റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇത്തരം സംഭവങ്ങളും കാഴ്ചകളും അമേരിക്കയിലാണ് കാര്യമായി റിപ്പോർട്ട് ചെയ്യുന്നതെങ്കിലും ഇപ്പോൾ പാക്കിസ്ഥാനിൽ നിന്നും അത്തരമൊരു വിഡിയോ പുറത്തുവന്നിരിക്കുകയാണ്. വിമാനത്തിൽ പറക്കുമ്പോൾ പറക്കുംതളിക പോലുള്ള വിചിത്ര വസ്തുവിനെ കണ്ടുവെന്നും വിഡിയോ പകർത്തി എന്നുമാണ് പാക് പൈലറ്റ് അവകാശപ്പെടുന്നത്. ഇത്തരം വിചിത്ര കാഴ്ചകൾ അന്യഗ്രഹ ജീവികൾ ഭൂമിയിൽ വരുന്നുണ്ടെന്നതിന് തെളിവാണെന്നാണ് കോണ്‍സ്പിറസി തിയറിസ്റ്റുകൾ വാദിക്കുന്നത്.

 

യു‌എഫ്‌ഒ കാഴ്ചകളെ ചുറ്റിപ്പറ്റിയുള്ള രഹസ്യങ്ങൾക്ക് ഇതുവരെ വ്യക്തമായ ഉത്തരം ലഭിച്ചിട്ടില്ല. അന്യഗ്രഹ ജീവികൾക്കും യുഎഫ്ഒകൾക്കും പിന്നാലെ പോകുന്ന സ്കോട്ട് സി വാരിങ് ആണ് ഇപ്പോൾ പാക്കിസ്ഥാനിൽ ഒരു വിമാനത്തിൽ നിന്ന് പകർത്തിയ വിഡിയോ പുറത്തിറക്കിയിരിക്കുന്ന്. കോക്ക്പിറ്റിൽ നിന്ന് പൈലറ്റ് തന്നെ യു‌എഫ്‌ഒയുടെ വിഡിയോ പകർത്തിയതായും വാരിങ് തന്റെ വെബ്‌സൈറ്റ് പോസ്റ്റിൽ അവകാശപ്പെടുന്നു.

 

വിമാനം 35,000 അടി ഉയരത്തിൽ പറക്കുകയായിരുന്നു. ഓപ്പറേറ്റിങ് ക്യാപ്റ്റൻ തന്റെ ഇരിപ്പിടത്തിൽ ഇരിക്കാനുള്ള തയാറെടുപ്പിലായിരുന്നു. ഈ സമയത്താണ് വെളുത്തതും വൃത്താകൃതിയിലുള്ളതുമായ വെള്ള നിറത്തിലുള്ള വിചിത്ര വസ്തുവിനെ കണ്ടത്. സാവധാനം നീങ്ങുകയായിരിരുന്നു ആ വസ്തു (കൃത്യമായ ആപേക്ഷിക ചലനം പറയാൻ പ്രയാസമാണ്). കാഴ്ച പിടിച്ചെടുക്കുന്നതിന് സെൽഫോൺ ക്യാമറകൾ ഉപയോഗിച്ചു. വിമാനം ലാൻഡ് ചെയ്തതിനു ശേഷം ഇതേ കാഴ്ച വിവിധ പ്രദേശങ്ങളിൽ കണ്ടതായും ചിത്രീകരിച്ചതായും കണ്ടെത്തിയെന്നും യു‌എഫ്‌ഒയെ ക്യാമറയിൽ പകർത്തിയ പൈലറ്റ് പറഞ്ഞു.

 

വിചിത്രമായ ക്ലിപ്പ് ഇപ്പോൾ യു‌എസ് ആസ്ഥാനമായുള്ള ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഒരു സംഘടനയായ MUFON (മ്യൂച്വൽ യു‌എഫ്‌ഒ നെറ്റ്‌വർക്ക്) ന് നൽകിയിരിക്കുകയാണ്. ക്ലിപ്പ് വിശകലനം ചെയ്ത ശേഷം, ഇതുപോലുള്ള സംഭവങ്ങൾ ഭൂമിയിൽ അന്യഗ്രഹ ജീവിയുടെ വ്യക്തമായ തെളിവാണെന്ന് വാരിങ് ഉറപ്പുനൽകി.

 

പാക്കിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസ് (പി‌എ‌എ) പൈലറ്റുമാരാണ് യു‌എഫ്‌ഒ (അജ്ഞാത ഫ്ലൈയിങ് ഒബ്ജക്റ്റ്) എന്നറിയപ്പെടുന്ന ഒരു ‘ഫൂ ഫൈറ്റർ’ കണ്ടതായി റിപ്പോർട്ട് ചെയ്തത്. രണ്ടാം ലോകമഹായുദ്ധ കാലത്ത് പൈലറ്റുമാർ ആകാശത്ത് കണ്ടിരുന്ന അജ്ഞാതമായ അല്ലെങ്കിൽ നിഗൂഢ വസ്തുക്കളെക്കുറിച്ച് വിശദീകരിക്കാൻ ഉപയോഗിച്ചിരുന്ന പേരാണ് ‘ഫൂ ഫൈറ്റർ’.

 

ഈ സംഭവം 2019 ജനുവരിയിലും പി‌എ‌എ പൈലറ്റുമാർ റിപ്പോർട്ട് ചെയ്തിരുന്നു, അതും കറാച്ചിയിൽ. അന്ന് വിമാനം 4300 അടി ഉയരത്തിൽ പറക്കുന്നതിനിടെയാണ് യു‌എഫ്‌ഒയെ കണ്ടെത്തിയത്. സംഭവം ഉടൻ തന്നെ കറാച്ചിയിലെ എയർ ട്രാഫിക് കൺട്രോളിൽ (എടിസി) അറിയിക്കുകയും ചെയ്തിരുന്നു.

 

ഏതാനും ആഴ്ചകൾക്ക് മുൻപാണ് മുൻ ഇസ്രയേലി ബഹിരാകാശ സുരക്ഷാ മേധാവി ഹെയ്ം എഷെഡ്  ഭൂമിയിൽ വരുന്ന അന്യഗ്രഹ ജീവികളെക്കുറിച്ച് സംസാരിച്ചത്. ഗാലക്സിക് ഫെഡറേഷൻ മുന്നോട്ടുവച്ച നിബന്ധനകൾക്കും വ്യവസ്ഥകൾക്കും വിധേയമായി അമേരിക്കയും ഇസ്രയേലും പോലുള്ള ലോകശക്തികൾ അന്യഗ്രഹജീവികളുമായി അടുത്ത് പ്രവർത്തിക്കുന്നുണ്ടെന്ന് എഷെഡ് അവകാശപ്പെട്ടിരുന്നു. ചൊവ്വയിൽ രഹസ്യ ഭൂഗർഭ അടിത്തറയുണ്ടെന്നും അവിടെ അന്യഗ്രഹജീവികളുടെയും മനുഷ്യരുടെയും പ്രതിനിധികളുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. 

 

English Summary: PIA pilots spot UFO in the skies of Karachi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com