ADVERTISEMENT

തലയ്ക്ക് മുകളിലൂടെ സഞ്ചരിക്കുന്ന ബഹിരാകാശ നിലയത്തിൽ താമസിക്കാൻ ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല. അവിടെ എത്തിപ്പെടാൻ ഇത്തിരി ചെലവുള്ള കാര്യം തന്നെയാണ്. എന്നാൽ, നിങ്ങളുടെ കയ്യിൽ 401.65 കോടി രൂപയുണ്ടെങ്കിൽ ആ സ്വപ്നം പൂർത്തീകരിക്കാൻ കഴിയുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന പുതിയ റിപ്പോർട്ടുകൾ പറയുന്നത്.

 

ലോകത്തിലെ ആദ്യത്തെ സ്വകാര്യ ബഹിരാകാശ യാത്ര സംഘടിപ്പിക്കാൻ ഒരു കമ്പനി തന്നെ മുന്നോട്ട് വന്നിട്ടുണ്ട്. യാത്ര പോകുന്ന ഓരോരുത്തരും ബഹിരാകാശ നിലയത്തിലേക്ക് പറക്കുന്നതിന് കോടികൾ പണമടയ്ക്കണമെന്ന് മാത്രം. രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്കുള്ള നിങ്ങളുടെ സ്വകാര്യ യാത്രയ്ക്ക് ഒരു വലിയ തുക നൽകേണ്ടിവരുമെന്നാണ് അറിയുന്നത്.

 

ബഹിരാകാശ നിലയത്തിലേക്കുള്ള സ്വകാര്യ യാത്രയ്ക്ക് 55 ദശലക്ഷം ഡോളർ (ഏകദേശം 401.65 കോടി രൂപ) ആണ് ഏകദേശ ചെലവ് പ്രതിക്ഷിക്കുന്നത്. ബഹിരാകാശ നിലയത്തിലേക്ക് ആദ്യമായി പോകുന്ന സ്വകാര്യ വ്യക്തികളെ കഴിഞ്ഞ ദിവസമാണ് പരിചയപ്പെടുത്തിയത്. മൂന്ന് അംഗങ്ങളിൽ ഓരോരുത്തരും 55 ദശലക്ഷം ഡോളർ നൽകിയാണ് യാത്ര പോകുന്നത്. അവർ സ്‌പേസ് എക്‌സിന്റെ റോക്കറ്റിലാണ് പോകുക. തിരിച്ചിറങ്ങുന്നത് സ്പേസ്എക്സ് പേടകത്തിൽ തന്നെയായിരിക്കും.

 

അടുത്ത ജനുവരിയിലേക്കാണ് യാത്ര ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ഹ്യൂസ്റ്റൺ കമ്പനിയായ ആക്സിയം സ്‌പെയ്‌സിനായി ജോലി ചെയ്യുന്ന മുൻ നാസ ബഹിരാകാശയാത്രികനാണ് മൂന്ന് പേരടങ്ങുന്ന സംഘത്തെ നയിക്കുന്നത്. രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്കുള്ള ആദ്യത്തെ സ്വകാര്യ പേടകമാണിത്. മുൻപൊരിക്കലും ഇത് നടന്നിട്ടില്ലെന്നും ആക്സിയോമിന്റെ ചീഫ് എക്സിക്യൂട്ടീവും പ്രസിഡന്റുമായ മൈക്ക് സഫ്രെഡിനി അസോസിയേറ്റഡ് പ്രസ്സിനോട് പറഞ്ഞു.

 

ബഹിരാകാശ സർക്കിളുകളിൽ അറിയപ്പെടുന്ന മിഷൻ കമാൻഡർ മൈക്കൽ ലോപ്പസ്-അലെഗ്രിയ കൂടാതെ മറ്റ് മൂന്ന് പേരും സാധാരണക്കാരാണെന്ന് സഫ്രെഡിനി പറഞ്ഞു. അവർ ബഹിരാകാശത്തേക്ക് പോകാൻ ആഗ്രഹിക്കുന്ന ആളുകൾ മാത്രമാണ്, ഞങ്ങൾ അവർക്ക് അവസരം നൽകുന്നുവെന്നും സഫ്രെഡിനി പറഞ്ഞു.

 

ആദ്യത്തെ സ്വകാര്യ സംഘം എട്ട് ദിവസം രാജ്യാന്തര ബഹിരാകാശ നിലയത്തിൽ ചെലവഴിക്കുമെന്നാണ് ലഭ്യമായ റിപ്പോർട്ടുകൾ പറയുന്നത്. കേപ് കനാവറലിൽ നിന്ന് ഫാൽക്കൺ റോക്കറ്റിൽ യാത്രതിരിക്കും. സ്പേസ് എക്സ് ഡ്രാഗൺ കാപ്സ്യൂൾ വഴി ഭൂമിയിലേക്ക് തിരിക്കും.

 

ബഹിരാകാശ നിലയത്തിലേക്കുള്ള ആദ്യത്തെ സ്വകാര്യ വ്യക്തികൾ മൂന്ന് രാജ്യങ്ങളിൽ നിന്നുള്ളവരാണ്. ഇവർ വിവിധ മേഖലകളിൽ നിന്നുള്ളവരുമാണ്. 1. ലാറി കോനർ, യു‌എസിലെ ഒഹായോയിലെ ഡേട്ടണിൽ നിന്നുള്ള ഒരു റിയൽ എസ്റ്റേറ്റ്, ടെക് സംരംഭകൻ. 2. മാർക്ക് പാതി, കനേഡിയൻ ഫിനാൻസിയർ. 3. ഐതാൻ സ്റ്റിബെ, 2003 ൽ ബഹിരാകാശവാഹനമായ കൊളംബിയ അപകടത്തിൽ കൊല്ലപ്പെട്ട ഇസ്രയേലിന്റെ ആദ്യത്തെ ബഹിരാകാശയാത്രികൻ ഇലൻ റാമോണിന്റെ അടുത്ത സുഹൃത്തായ ഇസ്രയേൽ വ്യവസായി.

 

English Summary: 1st private space crew paying $55M each to fly to station

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com