ADVERTISEMENT

ഓരോ ഫെബ്രുവരിയും ബ്രിട്ടനിൽ പിറന്നു വീഴുന്നത് പ്രമാദമായ ഒരു കേസിന്റെ ഓർമപ്പെടുത്തലുകളുമായിട്ടാണ്. ബ്രിട്ടനിലെ അത്യുന്നത കുറ്റാന്വേഷണ കേന്ദ്രമായ സ്‌കോട്‌ലൻഡ് യാർഡ് നേരിട്ട് ഏറ്റെടുത്ത കേസുകളിലൊന്ന്, വയർലസ് സാങ്കേതിക വിദ്യ കുറ്റവാളിയെ പിടികൂടാനായി ലോകത്ത് ആദ്യമായി ഉപയോഗിച്ച കേസ്. ഫോറൻസിക് സയൻസ് എന്ന ശാസ്ത്രശാഖ ആദ്യമായി അന്വേഷണത്തിൽ വലിയ പങ്കഹിച്ച കേസ്... ഒട്ടേറെ വിശേഷണങ്ങളുണ്ട് ലോകത്തെ മുഴുവൻ ഞെട്ടിച്ച ഈ കേസിന്.

ആധുനിക കുറ്റാന്വേഷണ രീതിയെ തന്നെ വഴിതിരിച്ചുവിട്ട ഈ കുപ്രസിദ്ധസംഭവം കോറ ക്രിപ്പൻ കൊലക്കേസ് അല്ലെങ്കിൽ ക്രെസന്റ് ഹിൽടോപ് കൊലപാതകക്കേസ് എന്നറിയപ്പെടുന്നു.

 

∙ യുഎസിൽ നിന്നു ബ്രിട്ടനിലേക്ക്

 

അമേരിക്കയിൽ താമസിച്ചിരുന്ന ഡോ.ഹാർവി ക്രിപ്പൻ-കോറ ക്രിപ്പൻ ദമ്പതികൾ ബ്രിട്ടനിലേക്ക് താമസത്തിനായി എത്തുന്നിടത്താണ് കഥ തുടങ്ങുന്നത്. ഒരു ഹോമിയോ മരുന്ന് കമ്പനിയിൽ ഉന്നത ഉദ്യോഗസ്ഥനായിരുന്നു ക്രിപ്പൻ. കോറയ്ക്ക് ഒരു ഓപറ ഗായിക ആകാനായിരുന്നു ആഗ്രഹം.

 

എന്നാൽ അതിനൊന്നുമുള്ള കഴിവ് അവൾക്കുണ്ടായിരുന്നില്ല. റഷ്യൻ, പോളിഷ്, ജർമൻ വംശപാരമ്പര്യമുള്ള കോറ ബെല്ലെ എൽമോർ എന്ന പേരുപയോഗിച്ചാണ് ഓപറ പാടാൻ നോക്കിയത്. കുറച്ച് ആളുകളുമായി പരിചയവും സൗഹൃദവും വളർന്നെന്നല്ലാതെ അക്കാലത്തെ ഗ്ലാമർ ജോലികളിലൊന്നായ ഓപറ ഗായിക എന്ന അവളുടെ സ്വപ്നം പൂവണിഞ്ഞില്ല.

ഇത് കോറയ്ക്ക് വല്ലാത്ത അസ്വസ്ഥതയും നിരാശയും സമ്മനിച്ചു. ഇതിന്‌റെ സംഘർഷങ്ങൾ പലപ്പോഴും അനുഭവിക്കേണ്ടി വന്നത് ഡോ.ക്രിപ്പനായിരുന്നു.

 

പോകപ്പോകെ ക്രിപ്പന്‌റെയും കോറയുടെയും വിവാഹ ജീവിതം തണുപ്പൻ മട്ടിലായിക്കഴിഞ്ഞിരുന്നു. ലണ്ടനിലെ 39 ഹിൽഡ്രോപ് ക്രെസന്‌റിൽ അവർ എടുത്ത വലിയ വില്ലയിൽ പ്രത്യേക കിടപ്പുമുറികളിലായായിരുന്നു ദമ്പതിമാരുടെ ഉറക്കം. കോറ ഇതിനിടെ പലരുമായും അവിഹിത പ്രണയങ്ങളിൽ ഏർപ്പെട്ടെന്നു പറയപ്പെടുന്നു. ഇതൊരിക്കൽ ക്രിപ്പൻ നേരിട്ടു കണ്ടു പിടിക്കുകയും ചെയ്തു.

ഇതോടെ ക്രിപ്പനും ഒരു പ്രണയത്തിൽ ചെന്നു ചാടി. തന്റെ ടൈപ്പിസ്റ്റും പതിനെട്ടുകാരിയുമായ എഥൽ ലെനീവുമായായിരുന്നു അത്.

crippen-belle
ഡോ. ഹാർവി ക്രിപ്പൻ, ഭാര്യ കോറ ക്രിപ്പൻ

 

∙ ദുരന്തദിനം

 

1910 ജനുവരി 31, ദുരൂഹമായ വിധി നിറഞ്ഞ ആ ദിനത്തിൽ കോറയുടെ രണ്ടു സുഹൃത്തുക്കൾക്കായി ക്രിപ്പനും കോറയും തങ്ങളുടെ വസതിയിൽ ഒരു അത്താഴവിരുന്ന് സംഘടിപ്പിച്ചു. പോൾ മാർട്ടിനെറ്റിയും ഭാര്യ ക്ലാരയുമായിരുന്നു ആ സുഹൃത്തുക്കൾ. അന്നു രാത്രി ഒരു മണിയോടെ പാർട്ടി കഴിഞ്ഞ് പോളും ക്ലാരയും മടങ്ങി. അതിനിടെ എന്തോ കാര്യം പറഞ്ഞ് ക്രിപ്പനും കോറയും തമ്മിൽ വഴക്കും നടന്നിരുന്നു. ഏതായാലും അന്നത്തെ ദിവസത്തിനു ശേഷം ആരും കോറയെ ജീവനോടെ കണ്ടിട്ടില്ല!

 

പിറ്റേന്നു മുതൽ ഭാര്യ എവിടെയെന്ന നാട്ടുകാരുടെയും ബന്ധുക്കളുടെയും ചോദ്യത്തിന് ക്രിപ്പൻ ഉത്തരം നൽകി... 'അവൾ അമേരിക്കയിലേക്കൊരു യാത്ര പോയി '. പിന്നീട് കഥയിൽ ചില്ലറ കൂട്ടിച്ചേർക്കലുകൾ വന്നു തുടങ്ങി. ഭാര്യയ്ക്ക് അമേരിക്കയിൽ വച്ച് കടുത്ത രോഗം പിടിച്ച് ആശുപത്രിവാസത്തിലാണെന്നും പിന്നീട് ഭാര്യ മരിച്ചെന്നും ക്രിപ്പ‍ൻ പറഞ്ഞു.

 

പക്ഷേ ഒരു കാര്യത്തിൽ ഇവരുടെ കുടുംബസുഹൃത്തുക്കൾക്കും പരിചയക്കാർക്കും ദുരൂഹത തോന്നിയിരുന്നു. ക്രിപ്പന്‌റെ ടൈപ്പിസ്റ്റും രഹസ്യകാമുകിയുമായിരുന്ന എഥൽ ലെനീവ് കോറയുടെ സ്വർണാഭരണങ്ങൾ അണിയാൻ തുടങ്ങിയതായിരുന്നു ദുരൂഹതയ്ക്ക് വഴി വച്ചത്. കുറച്ചുനാളുകൾക്കുള്ളിൽ എഥൽ ക്രിപ്പന്‌റെയും കോറയുടെയും ലണ്ടനിലെ വസതിയിലേക്കു താമസം കൂടി മാറ്റിയതോടെ ദുരൂഹത ഇരട്ടിച്ചു.

 

∙ സ്കോട്‌ലൻഡ് യാർഡ് ഇടപെടുന്നു

 

ചിലർ പൊലീസിനെ ഇക്കാര്യം അറിയിച്ചു. ഇതോടെ സ്കോട്‌ലൻഡ് യാർഡ് ചീഫ് ഇൻസ്്‌പെക്ടർ വാൾട്ടർ ഡ്യൂ, സംഭവത്തിൽ തൽപരനാകുകയും കേസ് അന്വേഷിക്കാൻ തുടങ്ങുകയും ചെയ്തു. ഒരിക്കൽ ഹിൽടോപ് ക്രെസന്‌റിലെ ക്രിപ്പന്‌റെ വസതിയിൽ ഡ്യൂ നേരിട്ടെത്തി. എഥൽ ലെനീവ് അവിടെ താമസിക്കുന്നത് അദ്ദേഹം നേരിട്ടു കണ്ടു ബോധ്യപ്പെട്ടു.

 

തുടർന്ന് ക്രിപ്പനെ സമീപിച്ച് കോറയെക്കുറിച്ച് അന്വേഷിച്ചപ്പോൾ ക്രിപ്പൻ മറ്റൊരു കഥയാണ് പറഞ്ഞത്. ബ്രൂസ് മില്ലർ എന്ന കാമുകനൊപ്പം കോറ അമേരിക്കയിലേക്ക് ഓടിപ്പോയെന്നായിരുന്നു അത്. എന്നാൽ കോറ തന്നെ വിളിച്ച് ഇക്കാര്യം പറയുന്നത് വരെ ഇതു വിശ്വസിക്കില്ലെന്നു ഡ്യൂ, ക്രിപ്പനെ അറിയിച്ചു. ഡ്യൂവിനെ വിളിക്കാൻ ആവശ്യപ്പെട്ട് കോറയ്ക്കായി അമേരിക്കൻ പത്രങ്ങളിൽ പരസ്യം നൽകാമെന്നു ക്രിപ്പനും അറിയിച്ചു.

 

എന്നാൽ പിറ്റേന്നു തന്നെ ക്രിപ്പൻ തന്‌റെ മുഖത്തെ ഏവരും ശ്രദ്ധിക്കുന്ന വലിയ മീശ വടിച്ചുകളഞ്ഞു. കാമുകി എഥലിനെ ആൺവേഷം ധരിപ്പിച്ചു. എന്നിട്ട് ഇരുവരും ബെൽജിയത്തിലെത്തി, കാനഡയിലേക്കുള്ള ടിക്കറ്റുകൾ വാങ്ങി. ബെൽജിയൻ തുറമുഖനഗരമായ ആന്റ്‌വെർപി‍ൽ നിന്നും ‘എസ്എസ് മൺട്രോസ്’ എന്ന കപ്പലിൽ കാനഡയിലേക്കുള്ള യാത്ര തുടങ്ങി.

ഏതാണ്ട് ഇതേ സമയത്തു തന്നെ ഇൻസ്‌പെക്ടർ വാൾട്ടർ ഡ്യൂ, ക്രെസന്‌റ് ഹിൽടോപ്പിലെ ക്രിപ്പന്‌റെ വസതി പരിശോധിക്കാനും തുടങ്ങിയിരുന്നു.

 

ആ വീടിനൊരു നിലവറയുണ്ടായിരുന്നു. അങ്ങോട്ടിറങ്ങിയ വാൾട്ടർ ഡ്യൂവും സംഘവും ഒരു കാര്യം ശ്രദ്ധിച്ചു. മുറിയുടെ ഒരു ഭാഗത്തെ തറയിൽ ഇഷ്ടികകൾ ലൂസായിട്ടാണ് കിടക്കുന്നത്. ഇപ്പോഴെങ്ങോ എടുത്തുമാറ്റിയശേഷം തിരിച്ചിട്ടതു പോലെ. ആ ഭാഗത്തെ ഇഷ്ടികകൾ മാറ്റാനും അവിടെ കുഴിക്കാനും വാൾട്ടർ തന്‌റെ കീഴിലുള്ള പൊലീസ് സംഘത്തിനു നിർദേശം നൽകി. കുഴിയെടുത്ത സംഘം ഞെട്ടിപ്പോയി.

അവിടെ... ഒരു ശവശരീരം

ആ ശവത്തിനു തലയുണ്ടായിരുന്നില്ല, എല്ലുകളോ വിരലുകളോ ഉണ്ടായിരുന്നില്ല. മനുഷ്യമാംസം കഷണങ്ങളാക്കിയ നിലയിൽ അവിടെ നിന്നു കണ്ടെടുത്തു.

ക്രിപ്പനെ എത്രയും പെട്ടെന്നു പിടിക്കണം, വാൾട്ടർ ഡ്യൂ തന്‌റെ കീഴുദ്യോഗസ്ഥരോട് ഗർജിച്ചു.

 

∙ കപ്പലിലെ വേട്ട

 

ജൂലൈ 31, കാനഡയിലേക്കുള്ള കപ്പൽയാത്രയിൽ തികഞ്ഞ ശാന്തതയിലായിരുന്നു ക്രിപ്പനും എഥലും. വിദേശയാത്രയ്ക്കു പോകുന്ന അച്ഛനും മകളും എന്ന വ്യാജേനയാണ് ഇരുവരും കപ്പലിൽ കയറിയത്. എങ്കിലും രണ്ടുപേരുടെയും വേഷവിധാനങ്ങൾ യാത്രികരിലും കപ്പൽ ഓടിച്ച ക്യാപ്റ്റൻ കെൻഡാലിലും സംശയം വളർത്തിയിരുന്നു.

ഒരു അച്ഛനും മകളും പെരുമാറുന്ന തരത്തിലല്ല, മറിച്ച് കമിതാക്കളുടെ രീതിയിലാണ് അപരിചിതർ പെരുമാറിയതെന്നതും സംശയത്തിന്‌റെ ആക്കം കൂട്ടി.

ഇതിനിടെ ഏതോ ഒരു തുറമുഖത്തു നിന്നു കിട്ടിയ പത്രത്തിൽ നിന്നും കോറ വധിക്കപ്പെട്ടെന്നും പ്രതികളായ ക്രിപ്പനും കാമുകി എഥലും ഒളിച്ചോടിയെന്നും ക്യാപ്റ്റൻ കെൻഡാൽ വായിക്കുകയും ചെയ്തു. ഇതോടെ അപരിചിതർ ക്രിപ്പിനും എഥലുമാണെന്നു തോന്നിയ ക്യാപ്റ്റൻ സ്കോട്‌ലൻഡ് യാർഡിലേക്കു ടെലിഗ്രാഫ് സന്ദേശമയച്ചു.

ഒരു കുറ്റവാളിയെ പിടികൂടാൻ പൊലീസിനു വിവരം കൊടുക്കുന്ന ലോകത്തെ ആദ്യ ടെലിഗ്രാം സന്ദേശം.

 

∙ കടലിലെ വേട്ട

 

ഏറെനാളായി കാത്തിരുന്ന ലീഡ് കിട്ടിയ വാൾട്ടർ ഡ്യൂ, ലോറന്റിക് എന്ന അതിവേഗ കപ്പലിലേറി ക്രിപ്പന്‌റെ കപ്പലിനടുത്തേക്കു പാഞ്ഞു. ഏതു വിധേനയും ക്രിപ്പനെ അകത്താക്കണമെന്ന് സ്കോട്‌ലൻഡ് യാർഡിനോട് ബ്രിട്ടിഷ് ആഭ്യന്തരസെക്രട്ടറി കർശനമായ നിർദേശം നൽകിയിട്ടുണ്ടായിരുന്നു. പിൽക്കാലത്ത് ബ്രിട്ടിഷ് പ്രധാനമന്ത്രിയായി മാറിയ സാക്ഷാൽ വിൻസ്റ്റൺ ചർച്ചിലായിരുന്നു അന്നത്തെ ആഭ്യന്തര സെക്രട്ടറി.

 

ഒടുവിൽ ക്രിപ്പനും കാമുകിയും കടലിൽ വച്ചു തന്നെ പിടികൂടപ്പെട്ടു. ഇവരെ തിരികെ ലണ്ടനിലെത്തിച്ചു വിചാരണ തുടങ്ങി. ഇരുവരെയും ഒരുമിച്ചല്ലാതെ പ്രത്യേകമായാണ് പൊലീസ് വിചാരണ ചെയ്തത്. തന്റെ വീട്ടിൽ നിന്നു കണ്ടെടുത്ത ശരീരഭാഗം കോറയുടേത് അല്ലെന്ന് ക്രിപ്പിൻ വാദിച്ചു. തന്നെ കുടുക്കാനായി ആരോ ചെയ്തതാണ് ഈ വേലയെന്നായിരുന്നു ക്രിപ്പിന്റെ ന്യായം.

 

എന്നാൽ ക്രിപ്പിന്റെ വീട്ടിൽ നിന്നു കണ്ടെടുത്ത മാംസഭാഗത്തിന്റെ തൊലിയിൽ ഒരു പ്രത്യേക മുറിവടയാളം ഉണ്ടായിരുന്നു. കോറയുടെ ശരീരത്തിലും ഇത്തരമൊരു അടയാളമുണ്ടായിരുന്നെന്നു റെക്കോഡുകളുണ്ടായിരുന്നു. കൂടാതെ കണ്ടെത്തിയ ശരീരഭാഗത്തി‍ൽ ഹ്യോസീൻ എന്നൊരു വിഷവസ്തുവും കണ്ടെടുത്തിരുന്നു. ഇതു ക്രിപ്പിൻ നേരത്തെ വാങ്ങിയതിനും തെളിവുണ്ടായിരുന്നു. അന്നത്തെ കാലത്തെ പ്രശസ്ത ഫോറൻസിക് വിദഗ്ധരാണ് ഈ പഠനങ്ങൾ നടത്തിയത്. ഫോറൻസിക് സയൻസിന്റെ സാധ്യതകൾ ഇത്രകണ്ട് ഉപയോഗിച്ച ഒരു കേസ് യൂറോപ്പിൽ തന്നെയാദ്യമായിരുന്നു.

 

തുടർന്ന് വെറും 30 മിനിറ്റ് മാത്രം നീണ്ടു നിന്ന വിചാരണയ്ക്കൊടുവിൽ ക്രിപ്പിനെ കുറ്റക്കാരനായി വിധിച്ച് കോടതി വിചാരണ അവസാനിപ്പിച്ചു. 1910 നവംബർ 23നു അയാളെ ബ്രിട്ടിഷ് സർക്കാർ തൂക്കിലേറ്റി. എഥലിനെ വെറുതെ വിടുകയും ചെയ്തു.

ലോകമെമ്പാടുമുള്ള പല പത്രങ്ങളുടെയും ഫ്രണ്ട്പേജുകളിൽ ക്രിപ്പന്റെ മുഖം നിറഞ്ഞുനിന്നു. പിൽക്കാലത്ത് ഈ കേസ് കുറ്റകൃത്യസംഭവങ്ങളിലെ ഒരു ക്ലാസിക് ആയി മാറി. ഇതു പശ്ചാത്തലമാക്കി സിനിമകളും മറ്റും ധാരാളമിറങ്ങി. ഡോ.ഹാർവി ക്രിപ്പന്റെ മുഴുനീള മെഴുകുപ്രതിമ ലണ്ടനിലെ മാഡം തുസഡ്സ് മ്യൂസിയത്തിൽ പോലും സ്ഥാപിക്കപ്പെട്ടു.

 

∙ വീണ്ടും ട്വിസ്റ്റ്

 

ക്രിപ്പിന്റെ കഥ അവിടെ അവസാനിച്ചെങ്കിലും കേസിനെ ചുറ്റിപ്പറ്റിയുള്ള ദുരൂഹത അവസാനിച്ചില്ല. തുടർന്നുളള വർഷങ്ങളിൽ ഇത് കൂടുതൽ കരുത്താർജിച്ചതേയുള്ളൂ. ക്രിപ്പൻ കോറയെ കൊന്നിട്ടില്ലെന്നു വിശ്വസിച്ച, വിശ്വസിക്കുന്ന ആളുകൾ ഒരുപാടുപേരുണ്ട്. അതിലൊരാളായ ജോൺ ട്രെസ്ട്രെയിൽ ബിബിസിക്കു നൽകിയ അഭിമുഖത്തിൽ ഒരു കാര്യം പറഞ്ഞു. ആളുകളെ വിഷം കൊടുത്തു കൊലപ്പെടുത്തുന്നവർ ഇരകളുടെ മൃതശരീരം വെട്ടിമുറിക്കാറില്ല എന്നതായിരുന്നു അത്.

പിന്നീട് 2007ൽ മിഷിഗൻ സർവകലാശാലയിലെ ഡോ.ഫൊറാന്റെ നേതൃത്വത്തിലുള്ള കുറച്ച് ഫോറൻസിക് സയൻസ് വിദഗ്ധരും കേസന്വേഷണത്തിൽ വന്നു. അവർ 100 വർഷത്തോളം ഇപ്പോൾ പഴക്കമുള്ള, ക്രിപ്പന്റെ വീട്ടിൽ നിന്നു കണ്ടെത്തിയ ശരീരഭാഗത്തിന്റെ ജനിതകഘടന പരിശോധിച്ചു. രണ്ടുവർഷത്തോളം നീണ്ട അവരുടെ ഗവേഷണത്തിനൊടുവിലെ ഫലം ഇതായിരുന്നു.

 

‘വീട്ടിൽ നിന്നു കിട്ടിയ ശരീരഭാഗം കോറയുടേതല്ല, കിട്ടിയത് ഒരു സ്ത്രീയുടെ ശരീരഭാഗമല്ല’

 

ഈ ഫലം വലിയ വിവാദം സൃഷ്ടിച്ചു. മറ്റു ചിലർ കോറ കൊല്ലപ്പെട്ടിട്ടില്ലെന്നും യുഎസിലേക്കു കടന്ന അവർ മറ്റൊരു പേരിൽ ജീവിച്ചെന്നുമൊക്കെ വെളിപ്പെടുത്തലുകൾ നടത്തി. എന്നാൽ ഇതിനൊന്നും ഇപ്പോഴും വ്യക്തായ തെളിവുകളില്ല. തൂക്കിലേറ്റുന്നതിനു മുൻപായി ക്രിപ്പനു കോറ എഴുതിയ ഒരു എഴുത്തും കണ്ടെടുത്തെന്നു പറയപ്പെടുന്നു. വ്യാജക്കത്താണെന്നു കരുതി പൊലീസ് അതു മൂടിവച്ചത്രേ...

 

കോറ ശരിക്കും കൊല്ലപ്പെട്ടിരുന്നോ? ക്രിപ്പൻ നിരപരാധിയായിരുന്നോ?

ക്രെസന്റ് ഹിൽട്ടോപ്പിലെ കൊലപാതകം ഈ 111ാം വാർഷികത്തിലും ഒരു നിഗൂഢതയായി തുടരുന്നു.

 

English Summary: Crescent Hilltop Murder in 1910

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com