sections
MORE

ഇങ്ങനെ പോയാൽ മനുഷ്യൻ ചൊവ്വയിലെത്തില്ല, പൊട്ടിത്തെറിച്ച് ഇലോൺ മസ്ക്

mars-starship
SHARE

യുഎസ് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്റെ (എഫ്എഎ) സഹകരണം ഇതുപോലെയാണെങ്കില്‍ മനുഷ്യന്‍ ഒരിക്കലും ചൊവ്വയിലെത്തില്ലെന്ന് സ്‌പേസ് എക്‌സ് മേധാവി ഇലോണ്‍ മസ്‌ക്. സ്റ്റാര്‍ഷിപ്പ് എസ്എന്‍ 9 റോക്കറ്റിന്റെ വിക്ഷേപണം നീണ്ടതാണ് മസ്‌കിനെ പ്രകോപിപ്പിച്ചത്. പതിവുപോലെ തന്റെ ട്വിറ്ററിലൂടെയായിരുന്നു മസ്‌കിന്റെ പ്രതികരണം.

'വര്‍ഷത്തില്‍ സര്‍ക്കാരിന്റെ കുറച്ച് വിക്ഷേപണ ദൗത്യങ്ങള്‍ക്ക് മാത്രമാണ് ഈ നിയമങ്ങള്‍ പാലിച്ചുകൊണ്ട് നടക്കുക. നിലവിലെ നിയമങ്ങള്‍ അനുസരിച്ച് മനുഷ്യന്‍ ഒരിക്കലും ചൊവ്വയിലെത്തില്ല' എന്നായിരുന്നു മസ്‌കിന്റെ ട്വീറ്റ്. തന്റെ അസ്വസ്ഥത പൂര്‍ണമായും ഇലോണ്‍ മസ്‌ക് ട്വീറ്റിലൂടെ പ്രകടിപ്പിച്ചെങ്കിലും അതേ നാണയത്തില്‍ മറുപടി നല്‍കാന്‍ എഫ്എഎ തയാറായിട്ടില്ല. അതേസമയം വിക്ഷേപണ കേന്ദ്രത്തിന് സമീപത്തെ വ്യക്തികളുടേയും വസ്തുക്കളുടേയും ജീവനും സ്വത്തിനുമുള്ള സുരക്ഷ ഉറപ്പാക്കുകയെന്ന നിര്‍ബന്ധം മാത്രമാണ് തങ്ങള്‍ക്കുള്ളതെന്ന് എഫ്എഎ വിശദീകരിക്കുകയും ചെയ്യുന്നുണ്ട്.

സ്‌പേസ് എക്‌സിന്റെ സ്റ്റാര്‍ഷിപ്പ് എസ്എന്‍ 8 റോക്കറ്റിന്റെ പരീക്ഷണമാണ് എഫ്എഎയെ നിലപാട് കൂടുതല്‍ കടുപ്പിക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് സൂചന. ഭൂമിയില്‍ നിന്നും ഏഴ് മൈല്‍ ഉയരത്തിലേക്ക് പരീക്ഷണ വിക്ഷേപണത്തിനിടെ പറന്ന എസ്എന്‍ 8 തിരിച്ച് ഭൂമിയിലിറങ്ങുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. എങ്കില്‍ പോലും പരീക്ഷണമെന്ന നിലയില്‍ ഗംഭീര ഫലമാണ് എസ്എന്‍ 8 നല്‍കിയതെന്നാണ് ഇലോണ്‍ മസ്‌ക് അവകാശപ്പെടുന്നത്.

ദിവസങ്ങളായി സ്റ്റാര്‍ഷിപ്പ് എസ്എന്‍ 9 എഫ്എഎ അനുമതിയും കാത്ത് വിക്ഷേപണത്തറയില്‍ കഴിയുകയാണ്. ആറ് മൈല്‍ ഉയരത്തിലേക്ക് പറന്ന ശേഷം തിരിച്ച് ഭൂമിയിലേക്ക് കുത്തനെ പറന്നിറങ്ങുകയെന്നതാണ് ദൗത്യം. ഡിസംബറില്‍ എസ്എന്‍ 8 ശ്രമിച്ച അതേ ലക്ഷ്യമാണ് നേരിയ വ്യത്യാസങ്ങളോടുകൂടി എസ്എന്‍ 9 ശ്രമിക്കുന്നത്. വിക്ഷേപണകേന്ദ്രത്തിന് സമീപത്തെ ജനങ്ങളെ മാറ്റി പാര്‍പ്പിക്കുന്നതടക്കമുള്ള നടപടികള്‍ സ്‌പേസ് എക്‌സ് സ്വീകരിച്ച് കഴിഞ്ഞശേഷമാണ് എഫ്എഎ അനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് വിക്ഷേപണം നീട്ടിവെക്കേണ്ടി വന്നത്. 

സ്വകാര്യ ബഹിരാകാശ വ്യവസായത്തിന് ഈ അനുമതി എത്രത്തോളം പ്രധാനമാണെന്ന് ഉള്‍ക്കൊള്ളുമ്പോഴും ജനങ്ങളുടെ ജീവനും സ്വത്തിനും ഹാനികരമായ ഒന്നും സംഭവിക്കരുതെന്ന് നിര്‍ബന്ധമുണ്ടെന്നാണ് എഫ്എഎ അടിവരയിടുന്നത്. ആവശ്യമായ വിവരങ്ങള്‍ നല്‍കിക്കൊണ്ട് തങ്ങളുടെ വിക്ഷേപണ ലൈസന്‍സ് സ്‌പേസ് എക്‌സ് പുതുക്കണമെന്നതാണ് എഫ്എഎ ആവശ്യം. ജനുവരി തുടക്കം മുതല്‍ തന്നെ എസ്എന്‍9 വിക്ഷേപണത്തെക്കുറിച്ച് സ്‌പേസ് എക്‌സും ഇലോണ്‍ മസ്‌കും ആവര്‍ത്തിക്കുന്നുണ്ട്. അതേസമയം, എഫ്എഎ അനുമതിയില്ലാതെ ഈ വിക്ഷേപണം അസാധ്യവുമാണ്. ഇലോണ്‍ മസ്‌കിന്റെ ട്വീറ്റ് ഒരു പരിധിവരെ എഫ്എഎയുമായുള്ള അഭിപ്രായ വ്യത്യാസങ്ങളുടെ എരിതീയില്‍ എണ്ണയൊഴിക്കുന്നതിന് തുല്യമാവുകയും ചെയ്തു. 

ഡിസംബര്‍ ഒമ്പതിനാണ് എസ്എന്‍ 8 റോക്കറ്റ് ടെക്‌സാസിലെ വിക്ഷേപണ തറയില്‍ നിന്നും കുതിച്ചത്. ഏതാണ്ട് 7.8 മൈല്‍ (41,000 അടി) ഉയരത്തില്‍ വരെ ഈ റോക്കറ്റ് ഉയര്‍ന്നു. ഏതാണ്ട് ആറ് മിനിറ്റെടുത്താണ് ഈ ദൂരം റോക്കറ്റ് സഞ്ചരിച്ചത്. പിന്നീട് ഭൂമിയിലേക്ക് തിരിച്ചിറങ്ങി കുത്തനെ ഇറങ്ങുകയായിരുന്നു ലക്ഷ്യം. ഭൂമിയിലേക്ക് ഇറങ്ങുന്നതിന് തൊട്ടുമുൻപ് എസ്എന്‍ 8 റോക്കറ്റിന്റെ ഇന്ധനം ജ്വലിപ്പിച്ചെങ്കിലും റോക്കറ്റ് തീഗോളമായി മാറുകയായിരുന്നു. റോക്കറ്റ് തകര്‍ന്നെങ്കിലും പരീക്ഷണം വിജയമായിരുന്നുവെന്നാണ് മസ്‌ക് അവകാശപ്പെട്ടത്. തങ്ങളുടെ ചൊവ്വാ ദൗത്യത്തിനടക്കം ആവശ്യമായ നിര്‍ണായക വിവരങ്ങള്‍ സ്വരൂപിക്കാനായി എന്നതുകൊണ്ടാണ് ഈ ദൗത്യത്തെ വിജയമെന്ന് വിശേഷിപ്പിച്ചതെന്നാണ് എലോണ്‍ മസ്‌ക് പറഞ്ഞത്.

English Summary: 'Humanity will never go to Mars': Elon Musk bashes FAA for delaying SpaceX's Starship SN9

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA