sections
MORE

ഇതായിരുന്നോ ഇന്റർനെറ്റ് ലോകം കാത്തിരുന്ന മാറ്റം? ഗൂഗിളിന്റെ സ്ഥാനത്ത് ബിങ് മതിയെന്ന് ഓസ്‌ട്രേലിയ

nadella-pichai
SHARE

സേര്‍ച്ച് ഭീമന്‍ ഗൂഗിളും, സമൂഹമാധ്യമ രാജാവ് ഫെയ്‌സ്ബുക്കും പ്രാദേശിക മാധ്യമ സ്ഥാപനങ്ങളുമായി സംസാരിച്ച് ധാരണയിലെത്തണമെന്നാണ് ഓസ്‌ട്രേലിയ ആവശ്യപ്പെട്ടിരിക്കുന്നത്. മാധ്യമങ്ങളുടെ ലിങ്കുകള്‍ ഗൂഗിള്‍ സേര്‍ച്ചിലോ, ഫെയ്സ്ബുക്കിലോ വരികയും അത് ഏതെങ്കിലും ഉപയോക്താവ് തുറക്കുന്നുണ്ടെങ്കില്‍ ഒരു തുക വാര്‍ത്ത പ്രസിദ്ധീകരിച്ച മാധ്യമ സ്ഥാപനത്തിനും നല്‍കണമെന്നാണ് ഓസ്‌ട്രേലിയ നിഷ്‌കര്‍ഷിക്കുന്നത്. ഇത്തരം വാര്‍ത്താ ലിങ്കുകള്‍ അടക്കം പ്രദര്‍ശിപ്പിച്ചാണ് ഫെയ്സ്ബുക്കും ഗൂഗിളും സ്വന്തം ട്രാഫിക് വര്‍ധിപ്പിക്കുന്നതെന്നാണ് ഓസ്‌ട്രേലിയ പറയുന്നത്. അതേസമയം, ഇത് പ്രാവര്‍ത്തികമാക്കാന്‍ സാധിക്കില്ലെന്നും തങ്ങള്‍ ഗൂഗിള്‍ സേര്‍ച്ച് ഓസ്‌ട്രേലിയിയില്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുന്ന കാര്യം ഗൗരവത്തില്‍ പരിഗണക്കുകയാണെന്നുമാണ് ഗൂഗിള്‍ അറിയിച്ചിരിക്കുന്നത്.

∙ ബിങ് സജ്ജമെന്ന് പ്രധാനമന്ത്രി മോറിസണ്‍

ഓസ്‌ട്രേലിയയിലെ സേര്‍ച്ചിന്റെ 94 ശതമാനവും നടത്തുന്നത് ഗൂഗിളാണ്. അതേസമയം, ഗൂഗിള്‍ ഓസ്‌ട്രേലിയ വിടാന്‍ തീരുമാനിച്ചാല്‍ അവരുടെ അഭാവം രാജ്യത്ത് അനുഭവപ്പെടില്ലെന്നും ഈ വിടവു നികത്താന്‍ മൈക്രോസോഫ്റ്റിന്റെ ബിങ് മതിയെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ പറഞ്ഞു. പ്രധാനമന്ത്രി മോറിസണുമായി പുതിയ നിയമങ്ങളെക്കുറിച്ചു സംസാരിച്ചുവെന്നും ബിങിന് ഗൂഗിളുണ്ടാക്കുന്ന വിടവ് നികത്താനാകുമെന്നും മൈക്രോസോഫ്റ്റ് മേധാവി സത്യ നദെല്ല പറഞ്ഞു. മൈക്രോസോഫ്റ്റ് വളരെ ആത്മവിശ്വാസത്തിലാണെന്നും, താന്‍ സത്യയോട് സംസാരിച്ചുവെന്നും മോറിസന്‍ പറഞ്ഞു. എന്നാല്‍, എന്തെല്ലാം കാര്യങ്ങളാണ് തങ്ങള്‍ സംസാരിച്ചതെന്ന് പ്രധാനമന്ത്രി വിശദീകരിച്ചില്ല. യഥാര്‍ഥ ലോകത്തെ നിയമങ്ങള്‍ ഓണ്‍ലൈനിലും നടപ്പിലാക്കണമെന്നാണ് ഓസ്ട്രേലിയ നിര്‍ബന്ധം പിടിക്കുന്നതെന്ന് മോറിസണ്‍ പറഞ്ഞു. മൈക്രോസോഫ്റ്റും മോറിസണുമായി വിവിധ വശങ്ങള്‍ ചര്‍ച്ച ചെയ്തുവെന്ന് കമ്പനിയുടെ വക്താവും സമ്മതിച്ചു. വിശദാംശങ്ങള്‍ വിട്ടുപറയാന്‍ വക്താവും തയാറായില്ല. ഒരോ ജനാധിപത്യ രാജ്യത്തും ഊര്‍ജ്ജസ്വലമായ പത്രപ്രവര്‍ത്തനം നിലനില്‍ക്കേണ്ടതിന്റെ ആവശ്യകത തങ്ങള്‍ തിരിച്ചറിയുന്നുവെന്ന് വക്താവ് പറഞ്ഞു.

വാര്‍ത്തകള്‍ ഓണ്‍ലൈനില്‍ വായിക്കാനുള്ള പ്രവണത വര്‍ധിച്ചത് ലോകമെമ്പാടുമുള്ള പല പത്രമാധ്യമങ്ങളെയും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഓസ്‌ട്രേലിയയിലെ സേര്‍ച്ചിന്റെ കുത്തക നഷ്ടമാകുന്നത് ഗൂഗിളിന് ഒരു പ്രശ്‌നമായിരിക്കില്ല. അതേസമയം, ആഗോള ഇന്റര്‍നെറ്റ് രംഗത്തെ പരസ്യരംഗത്ത് കുത്തയായി തീര്‍ന്നിരിക്കുന്ന ഗൂഗിളിന് അതു കൈവിട്ടു പോയേക്കാം എന്ന സാധ്യത പേടിപ്പിക്കുന്നതാകാം. ഏകദേശം ഒന്നര പതിറ്റാണ്ടോളമായി ഓണ്‍ലൈനിലെത്തുന്ന പരസ്യവരുമാനത്തിന്റെ അറുപതു ശതമാനത്തിനടുത്ത് പോകുന്നത് ഗൂഗിളിനും ഫെയ്‌സ്ബുക്കിനുമാണ്. ഈ കുത്തക നിലനിന്നു പോകുന്നത് പുതിയ കമ്പനികള്‍ക്കു കടന്നുവരാനുള്ള സാധ്യത പോലും കുറയ്ക്കുന്നുവെന്ന കാര്യവും അമേരിക്കയിലും യൂറോപ്യന്‍ യൂണിയനിലുമടക്കമുള്ള ഭരണാധികാരികളും മനസ്സിലാക്കി വരികയാണ്. അതേസമയം, ഭരണാധികാരികളെ പണമുപയോഗിച്ച് ഇരു കമ്പനികളും സ്വാധീനിക്കാനുള്ള സാധ്യത ആരും തള്ളിക്കളയുന്നുമില്ല. ഓസ്‌ട്രേലിയയില്‍ നിന്ന് പുറത്തു പോകാന്‍ ഗൂഗിള്‍ തീരുമാനിച്ചാല്‍ അതു ചിലപ്പോള്‍ ചരിത്രം മാറ്റുന്ന ഒരു തീരുമാനമായി തീരാം.

∙ യുട്യൂബില്‍ നിന്ന് 5 മുതല്‍ 60 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ക്ലിപ്പുകള്‍ ഷെയര്‍ ചെയ്യാന്‍ സാധിച്ചേക്കും

താമസിയാതെ യുട്യൂബ് ഉപയോക്താക്കള്‍ക്ക് തങ്ങള്‍ കണ്ടുകൊണ്ടിരിക്കുന്ന വിഡിയോയുടെ 5 സെക്കന്‍ഡ് മുതല്‍ 60 സെക്കന്‍ഡ് വരെ ദൈര്‍ഘ്യമുള്ള ക്ലിപ്പുകള്‍ ഷെയർ ചെയ്യാന്‍ സാധിച്ചേക്കും. ഈ ഫീച്ചര്‍ ഇപ്പോള്‍ ടെസ്റ്റു ചെയ്തുകൊണ്ടിരിക്കുകയാണ്. നിലവില്‍ വിഡിയോയുടെ ഒരു പ്രത്യേക സമയം മുതലുള്ള ദൃശ്യങ്ങൾ ഷെയർ ചെയ്യാന്‍ സാധിക്കും. എന്നാല്‍ ഇനി വിഡിയോയുടെ ചില പ്രസക്ത ഭാഗം മാത്രം പങ്കുവയ്ക്കാന്‍ അനുവദിക്കുന്നതാണ് പുതിയ ഫീച്ചര്‍.

∙ ഏറ്റവും ആരാധിക്കപ്പെടുന്ന കമ്പനിയായി 14-ാം വര്‍ഷവും ആപ്പിള്‍

ലോകത്തെ ഏറ്റവും ആരാധിക്കപ്പെടുന്ന കമ്പനിയായി തുടര്‍ച്ചയായി 14-ാം വര്‍ഷവും ഫോര്‍ച്യൂണിന്റെ പട്ടികയില്‍ ആപ്പിള്‍ തിരഞ്ഞെടുക്കപ്പെട്ടു. ലോകമെമ്പാടുമായി 30 രാജ്യങ്ങളില്‍ വിവിധ കമ്പനികളുടെ 3,820 എക്‌സിക്യൂട്ടീവുമാര്‍ക്കും, ഡയറക്ടര്‍മാര്‍ക്കും മറ്റുമിടയില്‍ നടത്തിയ സര്‍വെ വഴിയാണ് ഇതു കണ്ടെത്തിയിരിക്കുന്നത്. ആല്‍ഫബെറ്റ് (ഗൂഗിള്‍), ആമസോണ്‍, മൈക്രോസോഫ്റ്റ്, വാള്‍ട്ട് ഡിസിനി തുടങ്ങിയ കമ്പനികളെ പരാജയപ്പെടുത്തിയാണ് ആപ്പിള്‍ ഈ സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നത്.

∙ ഫയര്‍ ടിവിയുടെ ഉപയോഗം 2020ല്‍ ഇന്ത്യയില്‍ ഇരട്ടിയായെന്ന് ആമസോണ്‍

ആമസോണിന്റെ ഇന്റര്‍നെറ്റ് സ്ട്രീമിങ് ഉപകരണമായ ഫയര്‍ ടിവി വഴി ഇന്റര്‍നെറ്റ് കാണല്‍ ഇന്ത്യയില്‍ ഇരട്ടിയായെന്ന് ആമസോണ്‍. സിനിമകള്‍, ക്രിക്കറ്റ്, ഗെയിമുകള്‍, സംഗീതം തുടങ്ങിയവയൊക്കെ ഫയര്‍ ടിവിയിലൂടെ ആസ്വദിക്കുന്നവരുടെ എണ്ണവും വര്‍ധിച്ചു.

∙ റിയല്‍മി 4.2 കോടി ഫോണുകള്‍ കയറ്റുമതി ചെയ്തു

താരതമ്യേന താമസിച്ച് വിപണിയിലെത്തിയ റിയല്‍മി കമ്പനി 2020ല്‍ മാത്രം 4.2 കോടി സ്മാര്‍ട് ഫോണുകള്‍ കയറ്റുമതി ചെയ്തതായി അറിയിച്ചു. മുന്‍ വര്‍ഷത്തെ അപേഷിച്ച് 65 ശതമാനം വളര്‍ച്ചയാണ് കമ്പനി കാണിച്ചിരിക്കുന്നത്.

∙ ബിറ്റ്‌കോയിനിന് മസ്‌ക് പകര്‍ന്ന ആവേശവും തണുത്തു

ക്രിപ്‌റ്റോകറന്‍സിയെ ടെസ്‌ല മേധാവി ഇലോണ്‍ മസ്‌ക് ടാഗു ചെയ്തതോടെ ബിറ്റ്‌കോയിനിന് 16 ശതമാനം കുതിപ്പാണ് ലഭിച്ചത്. എന്നാല്‍, അത് അധികം നാള്‍ നീണ്ടുനിന്നില്ല. വില 38,627 ഡോളറില്‍ നിന്ന് 33,600 ഡോളറായി കുറഞ്ഞിരിക്കുകയാണ്.

English Summary: As Google Eyes Australia Exit, Microsoft Talks Bing With PM

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA