ADVERTISEMENT

ശാന്തസമുദ്രം മുതൽ കാസ്പിയൻ കടൽ വരെ വ്യാപിച്ച മംഗോൾ രാജവംശത്തിന്റെ സ്ഥാപകനും ഒട്ടനവധി പടയോട്ടങ്ങൾ നടത്തി വിജയം വരിച്ച സേനാധിപതിയുമായ ചെങ്കിസ് ഖാൻ മരിച്ചത് പ്ലേഗ് ബാധിച്ചാണെന്നു പുതിയ പഠനം. ഓസ്ട്രേലിയയിലെ അഡലെയ്ഡ് സർവകലാശാലയ്ക്കു കീഴിലുള്ള മെഡിക്കൽ സ്കൂളിലെ ഗവേഷകനായ വെങ്പെങ് യൂവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഞെട്ടിക്കുന്ന പഠനവുമായി രംഗത്തെത്തിയത്. ഇവരുടെ ഗവേഷണഫലങ്ങൾ ഇന്റർനാഷനൽ ജേണൽ ഓഫ് ഇൻഫെക്ഷ്യസ് ഡിസീസസ് എന്ന ജേണലിൽ പ്രസിദ്ധീകരിച്ചു.

‌പന്ത്രണ്ടാം നൂറ്റാണ്ടിൽ ജനിച്ച ചെങ്കിസ് ഖാന്റെ മരണമെങ്ങനെയായിരുന്നു എന്നുള്ളത് ഇന്നും ചരിത്രകാരൻമാരെ കുഴക്കുന്ന സംഗതിയാണ്. കുതിരപ്പുറത്തു നിന്നു വീണു മരിച്ചു എന്നൊരു വിഭാഗം വാദിക്കുമ്പോൾ, യുദ്ധത്തിൽ പിടിച്ച ഒരു തിബറ്റൻ രാജകുമാരിയുടെ ആക്രമണത്തിൽ രക്തം വാർന്നെന്നാണു മറ്റൊരു പക്ഷം. ചൈനക്കാരുമായുള്ള യുദ്ധത്തി‍ൽ കൊല്ലപ്പെട്ടെന്നും അതല്ല ഒരു അമ്പ് കൊണ്ടു കയറിയ മുറിവ് പഴുത്ത് വ്രണമായാണ് മരണം സംഭവിച്ചതെന്നും സിദ്ധാന്തങ്ങളുണ്ട്. ഇവയെയെല്ലാം തിരുത്തിയാണ് പുതിയ ഗവേഷണ ഫലം രംഗത്ത് വന്നിരിക്കുന്നത്.

∙ ഖാൻ ഉറങ്ങുന്നതെവിടെ?

ചെങ്കിസ് ഖാന്റെ മൃതശരീരം അടക്കിയ സ്ഥലം കണ്ടെത്താനായി വരെ വിവിധ സംഘങ്ങൾ തിരച്ചിൽ നടത്തിയിട്ടുണ്ട്. മംഗോളിയയിലെ ബർഖാൻ ഖാൽദുനിലും, ഖെൻതിയിലും ശാസ്ത്രജ്ഞർ ഗവേഷണത്തിനായി തിരച്ചിൽ നടത്തിയപ്പോൾ ഇതിലുൾപ്പെടാത്ത ചില സാഹസികർ മൃതശരീരത്തോടൊപ്പം അടക്കം ചെയ്തിരിക്കാവുന്ന വമ്പൻ നിധിയും മറ്റ് അമൂല്യ സമ്പത്തും തേടിയാണ് തിരച്ചിലിൽ ഏർപെട്ടത്. എന്നാൽ ആർക്കും ഒന്നും ഇതു വരെ കിട്ടിയിട്ടില്ല.

ഇതിനി കണ്ടെത്താനും സാധ്യത കുറവാണെന്ന് ഡോ.വെങ്പെങ് യൂ പറയുന്നു. ഈജിപ്തിലെയും മറ്റു ചില സംസ്കാരങ്ങളിലെയും രാജാക്കൻമാർ മരിക്കുമ്പോൾ വമ്പൻ നിധി ഒപ്പമടക്കുന്ന രീതിയുണ്ടായിരുന്നു. എന്നാൽ മംഗോളുകൾക്ക് ഈ രീതിയായിരുന്നില്ല. ഘോരവനങ്ങൾക്കു നടുവിലോ, അല്ലെങ്കിൽ മലമുകളിലോ ഒക്കെ തികച്ചും അപ്രധാനമായ രീതിയിലായിരുന്നത്രേ അവരുടെ ശവസംസ്കരണം. ചിലപ്പോൾ ദഹിപ്പിച്ചു കളയുകയും ചെയ്തിരുന്നു. എവിടെ അടക്കിയെന്നുള്ളത് ചക്രവർത്തിയുടെ അടുത്ത ബന്ധുക്കൾക്കും മറ്റു ചില അഭ്യുദയകാംക്ഷികൾക്കും മാത്രമറിയാവുന്ന രഹസ്യമായിരുന്നു. ഇതു പുറത്തറിയാതിരിക്കാനായി മരണാനന്തരച്ചടങ്ങിൽ പങ്കെടുത്തവരെ എല്ലാവരെയും കൊന്നു കളഞ്ഞെന്നും കൊല നടത്തിയവർ ആത്മഹത്യ ചെയ്തെന്നുമാണ് ഐതിഹ്യം. ചിലപ്പോൾ ഒരു കെട്ടുകഥയാവും ഇത്. അതെന്തു തന്നെയായാലും ചെങ്കിസ് ഖാന്റെ മൃതസ്ഥലം ഒരിക്കലും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇതിനി സാധിക്കാനും പോകുന്നില്ലെന്നു ഗവേഷകർ പറയുന്നത്. അതിനാൽ തന്നെ ഭൗതികാവശിഷ്ടങ്ങൾ കണ്ടെടുക്കാനോ അതിൽ പരിശോധന നടത്താനോ സാധിക്കില്ല.

 

∙ ബൂബോണിക് പ്ലേഗ്

 

നിലവിൽ ചെങ്കിസ് ഖാൻ മരിച്ച രീതിയെക്കുറിച്ചുള്ള കഥകൾ ഖാന്റെ ബന്ധുക്കളോ അല്ലെങ്കിൽ ശത്രുക്കളോ പറഞ്ഞു പരത്തി ഐതിഹ്യമായി മാറിയതായിരിക്കാമെന്നാണു ഗവേഷകരുടെ ന്യായം. അക്കാലത്ത് ലോകത്ത് പടർന്നു പിടിച്ച മഹാമാരിയായ ബൂബോണിക് പ്ലേഗ് ആണ് ചക്രവർത്തിയുടെ മരണത്തിനു കാരണമായതെന്ന് അവർ സമർഥിക്കുന്നു. ചരിത്രത്തെയും മെഡിക്കൽ രീതികളെയും കോർത്തിണക്കിയുള്ള ഗവേഷണരീതിയാണ് ചെങ്കിസ് ഖാന്റെ മരണകഥയുടെ കുരുക്കഴിക്കാൻ ഗവേഷകർ അവലംബിച്ചത്.

 

പതിമൂന്നാം നൂറ്റാണ്ട് വരെ ജീവിച്ചിരുന്നയാളും, ഖാന്റെ ഉപദേശകനുമായിരുന്ന കൺഫ്യൂഷ്യൻ പണ്ഡിതൻ യേലു ചുകായിയെപ്പറ്റി പറഞ്ഞു കൊണ്ടാണ് ഗവേഷകർ പ്രബന്ധം തുടങ്ങുന്നത്. 1226ൽ ചൈനയ്ക്കെതിരെ പടയൊരുക്കം നടത്തിയ ചെങ്കിസിന്റെ പടയിലെ ഒട്ടേറെ സൈനികർക്ക് പ്ലേഗ് ബാധിച്ചെന്നും, യേലു ചുകായ് റുബാർബ് എന്ന പരമ്പരാഗത ഔഷധം നൽകി അവരിൽ പലരെയും സുഖപ്പെടുത്തിയെന്നും ചരിത്രരേഖകളിലുണ്ട്. ഇത് ചെങ്കിസ് ഖാന്റെ അവസാന കാലത്ത് പ്ലേഗ് രൂക്ഷമായിരുന്നു എന്നതിന്റെ തെളിവാണെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.

 

തുടർന്ന് 1227ൽ ചെങ്കിസ് ഖാൻ തന്റെ അവസാനയുദ്ധത്തിനിറങ്ങി. 20 വർഷത്തിൽ നടത്തിയ ആറു വൻപടപ്പുറപ്പാടുകളിലും തനിക്കു കീഴടങ്ങാതിരുന്ന ചൈനയിലെ പടിഞ്ഞാറൻ സിയ എന്ന മേഖലയായിരുന്നു ലക്ഷ്യം. എന്നാൽ ഇത്തവണ ശ്രമം വിജയമായി. പടിഞ്ഞാറൻ സിയയുടെ തലസ്ഥാന നഗരമായ യിൻചുൻ ആറുമാസത്തോളം നീണ്ട ശ്രമത്തിൽ മംഗോൾ സൈന്യം പിടിച്ചടക്കി.

 

എന്നാൽ അക്കാലത്ത് 65 വയസ്സുകാരനായ ചക്രവർത്തിയെ ഈ നീണ്ട യുദ്ധം ശാരീരികമായി തളർത്തിയെന്നും വിശ്രമത്തിനായി അയാൾ ചൈനയിലെ ലിയുവാൻ പർവതമേഖലയിലേക്കു പോയെന്നുമാണ് ചരിത്രം. എന്നാൽ 1227 ഓഗസ്റ്റ് പകുതിയോടെ ഏതോ അസുഖം മൂലം ചെങ്കിസ് ഖാൻ തീർത്തും അവശനായതിനെക്കുറിച്ച് ചൈനീസ് ചരിത്രഗ്രന്ഥമായ യുവാൻഷി പറയുന്നത് ഗവേഷകർ ശ്രദ്ധയിൽ പെടുത്തുന്നു. ഇതു കഴി‍ഞ്ഞ് കൃത്യം എട്ടാം ദിനം ചെങ്കിസ് ഖാൻ അന്തരിച്ചെന്നും യുവാൻഷിയിലുണ്ട്. ആരും അധികം ശ്രദ്ധിക്കാതെ കിടന്ന ഈ പരാമർശങ്ങളിലാണ് ഗവേഷകർ തങ്ങളുടെ ഗവേഷണത്തിന്റെ ശ്രദ്ധ കേന്ദ്രീകരിച്ചത്.

ഇക്കാര്യങ്ങളും ലക്ഷണങ്ങളും, സമയദൈർഘ്യവും കണക്കിലെടുക്കുമ്പോൾ ചെങ്കിസ് ഖാനെ ബാധിച്ചത് ബൂബോണിക് പ്ലേഗ് എന്ന അസുഖമാണെന്ന് ഉറപ്പിക്കാമെന്നു ഗവേഷക സംഘം പറയുന്നു.

 

∙ ലോകത്തെ വിറപ്പിച്ച മംഗോൾ‌

 

തെമുജിൻ എന്ന പേരിൽ 1162ൽ ഇന്നത്തെ മംഗോളിയയുടെയും സൈബീരിയയുടെയും അതിർത്തി പ്രദേശത്തായിരുന്നു ചെങ്കിസ് ഖാന്റെ ജനനം. പുൽമേടുകൾ നിറഞ്ഞ ഇവിടെ ജീവിച്ച നാടോടി ഗോത്രങ്ങൾ പരസ്പരം പോരാടിക്കൊണ്ടിരുന്നു. കഠിനമായ ജീവിതരീതിയായിരുന്നു അവിടെ.

 

കൊച്ചു തെമുജിന് 10 വയസ്സ് തികയുംമുൻപ് അവന്റെ അച്ഛനെ ആരോ ശത്രുക്കൾ വിഷം കൊടുത്തു കൊന്നു. തങ്ങൾക്ക് ബാധ്യതയായി മാറിയ ചെങ്കിസിനെയും ആറു സഹോദരൻമാരെയും അമ്മയെയും ഗോത്രം ഉപേക്ഷിച്ചു. 1178ൽ തെമുജിൻ ബോർട്ടെ എന്ന യുവതിയെ വിവാഹം കഴിച്ചു. ആ ബന്ധത്തി‍ൽ കുറെ കുട്ടികളുമുണ്ടായി. ഇടയ്ക്കൊരുനാൾ ബോർട്ടെയെ ശത്രുഗോത്രത്തിലെ പടയാളികൾ തട്ടിക്കൊണ്ടുപോയി. ഹതാശനായ ബോർട്ടെയെ വീണ്ടെടുക്കാനായി തെമുജിൻ ശ്രമങ്ങൾ തുടരുകയും മാസങ്ങൾക്കു ശേഷം ഒരു പോരാട്ടത്തിലൂടെ അതു സാധിക്കുകയും ചെയ്തു. തെമുജിനെ പോരാളിയുടെ ഉദയമായിരുന്നു അത്.

 

തുടർന്ന് തെമുജിന് ധാരാളം അനുയായികളുണ്ടായി. മംഗോളിയയിൽ പരസ്പരം പോരടിച്ചു നിന്ന ഗോത്രങ്ങൾ അയാൾക്കു പിന്നിൽ അണിനിരന്നു. തുടർന്ന് ലോകത്തിന്റെ ഭരണാധികാരി എന്നർഥം വരുന്ന ‘ചെങ്കിസ് ഖാൻ’ എന്ന പേര് തെമുജിൻ സ്വീകരിച്ചു.

പുറത്തേക്കുള്ളവർക്ക് ക്രൂരനായ ആക്രമണകാരിയായിരുന്നെങ്കിലും മംഗോളുകളുടെ ജീവിതത്തിൽ വലിയ സാംസ്കാരിക മാറ്റങ്ങൾ ഉണ്ടാക്കാൻ ചെങ്കിസിനു സാധിച്ചു.

 

അവിടത്തെ സമൂഹവ്യവസ്ഥയുടെ ഭാഗമായിരുന്ന സ്ത്രീകളെ തട്ടിക്കൊണ്ടുപോകൽ, ഗോത്രങ്ങൾ തമ്മിലുള്ള കൊള്ളയടി, അടിമത്വം തുടങ്ങിയവയൊക്കെ ഖാൻ നിരോധിച്ചു. ചെങ്കിസിനു കീഴിൽ ഒരു ജനത അണിനിരക്കുകയായിരുന്നു.

പിന്നീട് നടന്നത് ചരിത്രത്തിൽ ഇടം നേടിയ പടയോട്ടങ്ങൾ. ചൈനയിലെ വടക്കുപടിഞ്ഞാറൻ മേഖലയെ ആദ്യം ആക്രമിച്ച ചെങ്കിസ് ഖാന്റെ സൈന്യം പിന്നീട് തുർക്ക്മെനിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ഇറാൻ, അർമീനിയ, ജോർജിയ, അസർബൈജാൻ തുടങ്ങി വിവിധ രാജ്യങ്ങളിൽ തങ്ങളുടെ പടയോട്ടം നടത്തി. ചെങ്കിസ് ഖാൻ മരിക്കുമ്പോൾ അയാളുടെ സാമ്രാജ്യത്തിന് ആഫ്രിക്ക ഭൂഖണ്ഡത്തിന്റെ വിസ്തീർണമുണ്ടായിരുന്നെന്ന് ചരിത്രകാരൻമാർ പറയുന്നു.

 

മംഗോളിയയുടെ ദേശീയ ഹീറോയായി മാറിയ ചെങ്കിസ് ഖാൻ പക്ഷേ അന്യദേശങ്ങൾക്കു വില്ലനായിരുന്നു. വിവിധ രാജ്യങ്ങളിൽ നടത്തിയ പടയോട്ടങ്ങളിലും തുടർന്നുണ്ടായ നരനായാട്ടിലും 4 കോടിയോളം ജനങ്ങളെയാണ് ഖാനും അയാളുടെ സൈന്യവും കൊന്നൊടുക്കിയത്. ഇറാനുമായുണ്ടായ യുദ്ധത്തിൽ ആ രാജ്യത്തിന്റെ മുക്കാൽ പങ്ക് ജനസംഖ്യയെയും മംഗോളുകൾ കൊലപ്പെടുത്തി. സ്ത്രീകൾക്കെതിരെയുള്ള ആക്രമണങ്ങളും കുറ്റകൃത്യങ്ങളും ഈ പടയോട്ടങ്ങളിൽ വ്യാപകമായിരുന്നു.

 

English Summary: Genghis Khan dies of plague New research to correct history

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com