1959ല്‍ സൈബീരിയയിലെ ഉറാള്‍ മലനിരകളില്‍ സ്കൈയിംങ് ട്രക്കിങ്ങിന് പോയ ഒമ്പത് ഹൈക്കര്‍മാരും കൊല്ലപ്പെട്ട സംഭവത്തിലെ ദുരൂഹതകളുടെ ചുരുളഴിയുന്നു. അന്ന് ലഭിച്ച മൃതദേഹങ്ങളില്‍ മൂന്നെണ്ണം അര്‍ധനഗ്നമായ നിലയിലായിരുന്നുവെന്നതും ഗൂഢാലോചനാ സിദ്ധാന്തങ്ങള്‍ക്ക് കൂടുതല്‍ അവസരമൊരുക്കി. അന്യഗ്രഹജീവികളോ രഹസ്യ ആയുധ പരീക്ഷണങ്ങളോ ഒക്കെയാണ് ഈ ദാരുണ സംഭവത്തിന് പിന്നിലെന്നായിരുന്നു പ്രചരിപ്പിക്കപ്പെട്ടത്.
സ്വിസ് ഫെഡറല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ശാസ്ത്രജ്ഞരുടെ സംഘമാണ് ട്രക്കിങ് സംഘത്തിന്റെ അസാധാരണ തിരോധാനത്തിനും മരണത്തിനും പിന്നിലെ കാരണങ്ങള്‍ വിശകലനം ചെയ്തത്. 1959 ജനുവരി 27നാണ് ഈ സംഘം 14 ദിവസം നീണ്ട, അപകടസാധ്യതകള്‍ ഒരുപാടുള്ള ക്രോസ് കണ്ട്രി സ്കൈയിംങിന് തുടക്കം കുറിച്ചത്. -30 ഡിഗ്രി സെല്‍ഷ്യസ് വരെ താഴാന്‍ സാധ്യതയുള്ള ഈ പ്രദേശത്തെ ട്രക്കിങ് അപകടസാധ്യതയുടെ കാര്യത്തില്‍ മൂന്നാം വിഭാഗത്തിലാണ് പെടുത്തിയിരുന്നത്.
ഫെബ്രുവരി ഒന്നിന് അര്‍ധരാത്രിയായിരുന്നു അപകടം സംഭവിച്ചത്. അപകടം നടന്ന് ഒരു മാസത്തിന് ശേഷമാണ് ടെന്റിന്റെ അവശിഷ്ടങ്ങളും അഞ്ച് മൃതദേഹങ്ങളും കണ്ടെത്തിയത്. ഇക്കൂട്ടത്തില്‍ പെട്ട നാല് പേരുടെ മൃതദേഹങ്ങള്‍ ഒരിക്കലും കണ്ടെത്താന്‍ സാധിച്ചതുമില്ല. രണ്ട് മൃതദേഹങ്ങളുടെ നാവും കണ്ണുകളും നഷ്ടമായ നിലയിലായിരുന്നു. മറ്റു ചിലരുടെ തലയോട്ടിയിലും വാരിയെല്ലുകളിലും പൊട്ടലുകളും ഉണ്ടായിരുന്നു. ഇതെല്ലാം സംഭവത്തെ തുടര്‍ന്നുള്ള വിവാദങ്ങള്‍ക്ക് വേഗം കൂട്ടി.
220 മൈല്‍ ദൈര്‍ഘ്യമുള്ള ഈ ട്രക്കിങ് ഒട്ടോര്ട്ടന് മലയിലേക്കുള്ളതായിരുന്നു. പ്രാദേശിക മാന്‍സി ഭാഷയില്‍ 'അവിടേക്ക് പോകരുത്' എന്നായിരുന്നു ഈ മലയുടെ പേരിന്റെ അര്‍ഥം. ഉറാള്‍ പോളിടെക്നിക് ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥികളായിരുന്നു ട്രക്കിങ് സംഘത്തിലെ ഭൂരിഭാഗം പേരും. മലയുടെ ചെരുവില്‍ മഞ്ഞില്‍ കുഴിയെടുത്ത് നിരപ്പാക്കിയായിരുന്നു ഇവര്‍ രാത്രി തങ്ങാന്‍ വേണ്ട ടെന്റ് നിര്‍മിച്ചത്. ഇത് തന്നെ ഇവര്‍ക്കുള്ള മരണക്കെണിയായി മാറുകയായിരുന്നുവെന്നാണ് കരുതപ്പെടുന്നത്.
സ്ലാബ് മഞ്ഞുവീഴ്ച്ച എന്നറിയപ്പെടുന്ന പ്രതിഭാസത്തിന് ഇത് കാരണമായെന്നാണ് സൂചന. താഴെയുള്ള പാളിയേക്കാള്‍ കട്ടിയുള്ള മഞ്ഞുപാളി മുകള്‍ ഭാഗത്ത് വരുമ്പോള്‍ മഞ്ഞ് ഇടിഞ്ഞിറങ്ങുന്ന പ്രതിഭാസമാണിത്. സഞ്ചാരികള്‍ ചരിവുള്ള പ്രദേശത്ത് കുഴിയെടുത്ത് ടെന്റ് അടിച്ചതും ആഞ്ഞുവീശിയ കറ്റബാറ്റിക് കാറ്റും ഇതിന്റെ ആക്കം കൂട്ടി. ഒരു കൂറ്റന്‍ ചില്ല് പാളി വന്ന് വീഴുന്നതിന് സമാനമായ അനുഭവമാണ് ഈ മഞ്ഞുവീഴ്ച്ച സമ്മാനിക്കുക. മണിക്കൂറില്‍ 220 മൈല്‍ വേഗം വരെ ഈ സമയം മഞ്ഞു വീഴ്ച്ചക്കുണ്ടാകും. ആദ്യ മൂന്നു സെക്കന്റില്‍ മണിക്കൂറില്‍ 20 മൈല്‍ വേഗം കൈവരിക്കുന്ന മഞ്ഞു വീഴ്ച്ച ആറു സെക്കന്റിനകം തന്നെ 80 മൈല്‍ വേഗത്തിലേക്ക് മാറുകയും ചെയ്യും.
നിരവധി കാരണങ്ങള്‍ ഈ സംഭവത്തിന്റെ ദുരൂഹത വര്‍ധിപ്പിച്ചിരുന്നു. ദുരന്തം നടന്ന ദിവസം പ്രദേശത്ത് എന്തെങ്കിലും തരത്തിലുള്ള കനത്ത മഞ്ഞുവീഴ്ച്ച രേഖപ്പെടുത്തിയിരുന്നില്ല. ട്രക്കിങ് സംഘത്തിലെ ഒമ്പത് പേര്‍ക്കും സോവിയറ്റ് യൂണിയന് ചാരസംഘടനയായിരുന്ന കെജിബിയുമായി ബന്ധമുണ്ടായിരുന്നുവെന്നും അമേരിക്കന്‍ ഏജന്റുമാരെ കാണാന്‍ പോയ ഇവര്‍ക്കു നേരെ സോവിയറ്റ് മിസൈല്‍ പ്രയോഗിക്കുകയായിരുന്നു എന്നുമായിരുന്നു ഒരു പ്രചാരണം. സോവിയറ്റ് അധികൃതര്‍ ഈ ദുരന്തം രഹസ്യമാക്കി വെക്കാന്‍ ശ്രമിച്ചതും ദുരൂഹത കൂട്ടി. യതിയുടേയും അന്യഗ്രഹ ജീവികളുടേയും ആക്രമണത്തിന് ഇരയാവുകയായിരുന്നു ഇവരെന്ന പ്രചാരണവും ശക്തമായിരുന്നു.
നിരവധി പുസ്തകങ്ങള്‍ക്കും ഡോക്യുമെന്ററികള്‍ക്കും സിനിമകള്‍ക്കും കംപ്യൂട്ടര്‍ ഗെയിമുകള്‍ക്കും വരെ ഈ സംഭവം പ്രേരണയായിട്ടുണ്ട്. ഡിസ്കവറി ചാനലില്‍ വന്ന റഷ്യന്‍ യതി, ദ കില്ലര്‍ ലൈവ്സ് എന്ന ടിവി പരിപാടിയും ഈ ദുരന്തത്തെ ആസ്പദമാക്കിയുള്ളതായിരുന്നു. മരണകാരണം മഞ്ഞുപാളി വീണതാണെന്ന് പറയുമ്പോഴും ഈ സംഭവത്തെ ചൊല്ലിയുള്ള എല്ലാ ദുരൂഹതകളും ഇല്ലാതാക്കാനും സാധിച്ചിട്ടില്ല. ഈ കൊടും തണുപ്പിലും മൃതദേഹൾ പലതും ടെന്റില്‍ നിന്നും ഒരു മൈല്‍ വരെ ദൂരത്തിലായിരുന്നു. ചില മൃതദേഹങ്ങളാകട്ടെ അടിവസ്ത്രം മാത്രം ധരിച്ച നിലയിലായിരുന്നുവെന്നതും എന്തുകൊണ്ടാണെന്ന് വിശദീകരിക്കാന്‍ ഇപ്പോഴും സാധിച്ചിട്ടില്ല.
English Summary: Has science solved one of history’s greatest adventure mysteries?