ADVERTISEMENT

മുഖവും ഇരു കൈകളും മാറ്റിവെക്കുന്ന ആദ്യത്തെ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി അമേരിക്കയിലെ ഡോക്ടര്‍മാര്‍. 22കാരനായ ജോ ഡിമെയോക്കാണ് ശാസ്ത്രത്തിന്റെ മികവില്‍ പുതിയ മുഖവും ജീവിതവും ലഭിച്ചിരിക്കുന്നത്. 2018ല്‍ ഉണ്ടായ കാറപകടത്തെ തുടര്‍ന്ന് 80 ശതമാനവും പൊള്ളലേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന ഈ യുവാവിന് ഇപ്പോഴാണ് മുഖത്തിന്റെ രൂപം തിരിച്ചുകിട്ടുന്നത്.

 

അപകടത്തെ തുടര്‍ന്ന് ചുണ്ടുകളും കണ്‍പോളകളും വിരലുകളുടെ തുമ്പുകളും വരെ ജോയ്ക്ക് നഷ്ടപ്പെട്ടിരുന്നു. കഴിഞ്ഞ ഓഗസ്റ്റിലാണ് വിദഗ്ധ ഡോക്ടര്‍മാര്‍ അടങ്ങുന്ന 140 ആരോഗ്യപ്രവര്‍ത്തകരുടെ സംഘം 23 മണിക്കൂര്‍ നീണ്ട മാരത്തോണ്‍ ശസ്ത്രക്രിയ നടത്തിയത്. ന്യൂയോര്‍ക്ക് സര്‍വകലാശാലക്ക് കീഴിലെ ലാങ്കോണ്‍ ഹെല്‍ത്തിലെ ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരുമായിരുന്നു ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയത്. ശസ്ത്രക്രിയയെ തുടര്‍ന്ന് മുഖരൂപവും കൈകളും ജോയ്ക്ക് തിരികെ ലഭിച്ചെന്നും ട്രാന്‍സ്പ്ലാന്റേഷന്‍ വിജയമായിരുന്നുവെന്നും അധികൃതര്‍ അപ്പോഴാണ് സ്ഥിരീകരിച്ചത്. 

 

മുഖംമാറ്റ ശസ്ത്രക്രിയയെന്നത് മറ്റേതൊരു പ്ലാസ്റ്റിക് സര്‍ജറിയേക്കാളും ഏറെ വെല്ലുവിളികള്‍ നിറഞ്ഞതാണെന്നാണ് ഡോ. ഫ്രാങ്ക് പപായ് പ്രതികരിച്ചത്. ശസ്ത്രക്രിയയുടെ ഭാഗമായി ചര്‍മം മാത്രമല്ല പേശികളും എല്ലുകളും നാഡികളുമെല്ലാം ശരീരത്തില്‍ കൂട്ടിച്ചേര്‍ക്കേണ്ടി വന്നുവെന്നും മുഖത്തെ പ്ലാസ്റ്റിക് സര്‍ജറിയില്‍ വിദഗ്ധനായ പപായ് പറയുന്നു. നേരത്തെ മുഖംമാറ്റ ശസ്ത്രക്രിയക്ക് വിധേയയായ ഒരു സ്ത്രീക്ക് അണുബാധ സംഭവിച്ചിരുന്നു. ശസ്ത്രക്രിയ ആദ്യഘട്ടം വിജയമാണെന്ന് കരുതിയതിന് ശേഷമായിരുന്നു അവരുടെ കൈകള്‍ അണുബാധയെ തുടര്‍ന്ന് എടുത്തുകളയേണ്ടി വന്നത്. 

 

ഡിമെയോയുടെ ശസ്ത്രക്രിയക്ക് പ്രശസ്ത പ്ലാസ്റ്റിക് സര്‍ജ്ജറി വിദഗ്ധനായ ഡോ. എഡ്യൂറോ റോഡ്രിഗസാണ് നേതൃത്വം നല്‍കിയത്. ലോകത്തെ ഏറ്റവും സങ്കീര്‍ണമായ മുഖം മാറ്റ ശസ്ത്രക്രിയ എന്ന വിശേഷണം ലഭിച്ച 2015 ഒരു അഗ്നിശമനസേനാംഗത്തിന്റെ ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയതും എഡ്യൂറോ റോഡ്രിഗസായിരുന്നു. 

 

ഡിമെയോയുടെ കാര്യത്തില്‍ അദ്ദേഹത്തിന്റെ ശരീരത്തിന്റെ പ്രതിരോധ സംവിധാനം വേഗത്തില്‍ പ്രതികരിക്കുന്നതായിരുന്നു എന്നതായിരുന്നു പ്രധാന വെല്ലുവിളി. അനുയോജ്യമായ ദാതാവിനെ കണ്ടെത്താന്‍ വെറും ആറ് ശതമാനം മാത്രമാണ് സാധ്യതയെന്നായിരുന്നു ഡോക്ടര്‍മാര്‍ കണക്കാക്കിയിരുന്നത്. എന്നാല്‍ 2020 ഓഗസ്റ്റില്‍ അത്തരത്തിലുള്ള യോജിക്കുന്ന ദാതാവിനെ കണ്ടെത്താന്‍ സാധിച്ചതോടെയാണ് ഡിമെയോയുടെ ശസ്ത്രക്രിയ സാധ്യമായത്. 

 

ഡിമെയോയുടെ കൈവിരലുകളുടെ പകുതി ഭാഗത്തോളം ശസ്ത്രക്രിയയിലൂടെ മാറ്റിവെക്കേണ്ടതായും വന്നിരുന്നു. കണ്‍പോള, പുരികം, ചെവി, മൂക്ക്, ചുണ്ട്, തലയോട്ടിയുടെ ഭാഗം, താടിയെല്ല് തുടങ്ങിയവയെല്ലാം മുഖംമാറ്റ ശസ്ത്രക്രിയയുടെ ഭാഗമായി വെച്ചുപിടിപ്പിച്ചു. 'ജീവിതകാലത്തെ സമ്മാനമാണിത്. ദാതാവിന്റെ ശരീരഭാഗങ്ങള്‍ എന്നിലൂടെ ജീവിക്കുന്നത് കാണുമ്പോള്‍ ഒരുപക്ഷേ അദ്ദേഹത്തിന്റെ കുടുംബത്തിനു കൂടി സന്തോഷമുണ്ടാകും' എന്നായിരുന്നു ഡിമെയോയുടെ പ്രതികരണം. ജീവിതത്തില്‍ രണ്ടാമതൊരു അവസരം കൂടി ലഭിച്ചതില്‍ താനും കുടുംബവും ഏറെ സന്തുഷ്ടരാണെന്നും ഡിമെയോ പറഞ്ഞു.

 

English Summary: First successful face, double hand transplant completed in US

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com