ADVERTISEMENT

ചൂതാട്ടം ശീലമാക്കുന്നത് പോക്കറ്റിനെ മാത്രമല്ല ആയുസ്സിനേയും നേരിട്ട് ബാധിക്കുമെന്ന് പഠനം. ഓക്‌സ്‌ഫഡില്‍ നിന്നുള്ള ഗവേഷകരാണ് ചൂതാട്ടവും ആയുസ്സും തമ്മിലുള്ള കാണാച്ചരടിനെക്കുറിച്ച് പഠനത്തിലൂടെ വിളിച്ചുപറയുന്നത്. നിങ്ങളുടെ മാസവരുമാനത്തിന്റെ 30 ശതമാനം ചൂതാട്ടത്തിന് വേണ്ടി ചെലവാക്കുന്നവരാണെങ്കില്‍ അകാലമരണത്തിനുള്ള സാധ്യത 37 ശതമാനം അധികമാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. പ്രായമോ ലിംഗമോ ഇക്കാര്യത്തില്‍ വിഷയമേയല്ലെന്നും പഠനം പറയുന്നു. 

 

ചൂതാട്ടം നിങ്ങള്‍ ചെയ്യുന്നുണ്ടോ ഇല്ലയോ എന്നത് മാത്രമാണ് വിഷയമെന്നും ചെറിയ തരത്തിലുള്ള ചൂതാട്ടമാണോ വലിയ രീതിയിലുള്ളതാണോ എന്നതിന് പ്രാധാന്യമില്ലെന്നും ഇവര്‍ പറയുന്നു. ചെറിയ രീതിയില്‍ ഒരു കാലത്ത് ചൂതാട്ടം നടത്തിയവരാണ് പിന്നീട് വലിയ തോതില്‍ ചൂതാട്ടത്തിലേക്ക് നീങ്ങിയതെന്നും ഓര്‍മിപ്പിക്കപ്പെടുന്നുണ്ട്. ചെറിയ ചൂതാട്ടത്തില്‍ നിന്നും വലിയ ചൂതാട്ടത്തിലേക്ക് നേരിട്ട് എത്താനാകുന്ന വഴിയുണ്ടെന്നാണ് മുന്നറിയിപ്പ്. 

 

പഠനത്തിന്റെ ഭാഗമായി ലോയിഡ് ബാങ്കിലെ ഒരു ലക്ഷം ഉപഭോക്താക്കളുടെ വിവരമാണ് ശേഖരിച്ചത്. 2018ല്‍ ഈ ഉപഭോക്താക്കളില്‍ 43 ശതമാനം പേരും ഒരിക്കലെങ്കിലും ചൂതാട്ടത്തിനായി ബാങ്കിലെ പണം ഉപയോഗിച്ചുവെന്നാണ് തെളിഞ്ഞത്. അത് ലോട്ടറിക്കായോ ബുക്കിംങിനായോ കാസിനോയിലേക്ക് വേണ്ടിയോ ഒക്കെ ആയിരുന്നു. ആകെ തുകയുടെ ശരാശരി 1,345 പൗണ്ടാണ് (ഏകദേശം 1.34 ലക്ഷം രൂപ). അതേസമയം, ആകെ വ്യക്തികളുടെ പകുതി കണക്കാക്കി അവരിലൊരാള്‍ ചെലവാക്കുന്ന തുക നോക്കിയാല്‍ വെറും 125 പൗണ്ട് (ഏകദേശം 12,500 രൂപ) മാത്രമാണ് കിട്ടുന്നത്. ഇതില്‍ നിന്നും ചൂതാട്ടത്തിന് അടിമയായിട്ടുള്ളവര്‍ ഭീമമായ തുകയാണ് ചിലവാക്കുന്നതെന്നും തെളിയുന്നു.

 

1,01,151 വ്യക്തികളുടെ 2012 മുതല്‍ 2018 വരെയുള്ള ബാങ്ക് ഇടപാടിന്റെ വിവരങ്ങള്‍ ശേഖരിച്ചതില്‍ നിന്നും പഴക്കം ചെല്ലും തോറും ചൂതാട്ട ഭ്രമം വര്‍ധിച്ചുവരുന്നുവെന്നും തെളിഞ്ഞു. കൂടുതലായി ചൂതാട്ടത്തിന് പണം ചെലവാക്കുന്നവരില്‍ പകുതിപേരും മൂന്ന് വര്‍ഷം മുമ്പേ രംഗത്ത് സജീവമായിരുന്നു. അതേസമയം, വലിയ തോതില്‍ പണം ചെലവാക്കുന്നവരില്‍ 6.9 ശതമാനം പേരും ആറ് മാസം മുൻപ് ചൂതാട്ടം തുടങ്ങിയിട്ട് പോലുമില്ലെന്നും കണക്കുകള്‍ തെളിയിക്കുന്നു. 

 

ഇനി ചൂതാട്ടത്തില്‍ വന്നുപെടുന്നവര്‍ ദീര്‍ഘകാലത്തേക്ക് ഇതില്‍ മുഴുകാറുണ്ടെന്നും ഇത് കാണിക്കുന്നു. വലിയ തോതില്‍ ചൂതാട്ടത്തില്‍ മുഴുകുന്നവര്‍ വിദ്യാഭ്യാസം, ആരോഗ്യ പരിരക്ഷ, ഒഴിവു സമയ വിനോദങ്ങള്‍ എന്നിവയിലെല്ലാം പിന്നോട്ടു പോകാറുണ്ട്. മാത്രമല്ല ഇവര്‍ താരതമ്യേന കുറവ് മാത്രം യാത്ര ചെയ്യുന്നവരുമാണ്. വലിയ ചൂതാട്ടക്കാര്‍ കൂടുതല്‍ പണം ചെലവാക്കുന്നത് രാത്രി സമയത്താണെന്നും പഠനം പറയുന്നു. 

 

ചെറിയ തോതിലുള്ള ചൂതാട്ടം പോലും വലിയ പ്രശ്‌നമായി കരുതേണ്ടി വരുമെന്നും പഠനത്തിന് നേതൃത്വം നല്‍കിയ ഓക്‌സ്‌ഫഡ് സര്‍വകലാശാലയിലെ ബിഹേവിയറല്‍ സയന്റിസ്റ്റ് നവോമി മുഗ്ലെറ്റണ്‍ ഓര്‍മിപ്പിക്കുന്നുണ്ട്. കാലങ്ങളായി ചൂതാട്ടത്തിനെതിരെ പോരാടുന്നവര്‍ വലിയ തോതില്‍ ചൂതാട്ടത്തിന് അടിമപ്പെട്ടവരിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സത്യത്തില്‍ ചെറിയ തോതില്‍ ചൂതാട്ടം നടത്തുന്നവര്‍ ഏത് സമയത്തും വലിയ ചൂതാട്ടക്കാരായി മാറാനുള്ള സാധ്യതയുണ്ടെന്നുമാണ് നവോമി ചൂണ്ടിക്കാണിക്കുന്നത്. നേച്ചുര്‍ ഹ്യൂമന്‍ ബിഹേവിയര്‍ ജേണലിലാണ് പഠനം പൂര്‍ണമായും പ്രസിദ്ധീകരിച്ചിരിക്കുന്നത്.

 

English Summary: Heavy gambling significantly increases your risk of dying

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com