ദിവസങ്ങൾക്ക് മുൻപാണ് പാക്കിസ്ഥാനിലേക്ക് ഒരു വിമാനം നിറയെ ചൈനീസ് വാക്സീനുകൾ എത്തിയത്. ഭൂരിഭാഗം രാജ്യങ്ങളും പാക്കിസ്ഥാനെ കൈവിട്ടപ്പോൾ ചൈനയാണ് വാക്സീൻ നൽകി സഹായിക്കാൻ മുന്നോട്ടുവന്നത്. കടത്തിൽ മുങ്ങിയ പാക്കിസ്ഥാൻ മറ്റു രാജ്യങ്ങളുടെ വാക്സീനുകൾ വലിയ വിലകൊടുത്ത് വാങ്ങാനും സാധിക്കുന്നില്ല. ഇതോടെയാണ് ചൈനീസ് വാക്സീനുകള് ഉപയോഗിക്കാൻ പാക്കിസ്ഥാൻ തീരുമാനിച്ചത്. എന്നാൽ, ചൈനയിലെ സിനോഫാം വാക്സീൻ പ്രായമായവർക്ക് ഫലപ്രദമല്ലെന്ന് പാക് മന്ത്രി തന്ന വെളിപ്പെടുത്തി.
60 വയസ്സിനു മുകളിലുള്ളവർക്ക് ചൈനയുടെ സിനോഫാം വാക്സീൻ ഫലപ്രദമല്ലെന്ന് വ്യാഴാഴ്ചയാണ് പാക്കിസ്ഥാൻ അറിയിച്ചത്. ചൈനീസ് വാക്സീനുകളുമായി രാജ്യവ്യാപകമായി കൊറോണ വൈറസ് വാക്സീനേഷൻ പ്രോഗ്രാം ആരംഭിച്ചതിന് ഒരു ദിവസത്തിന് ശേഷമാണ് പാക്കിസ്ഥാന്റെ വെളിപ്പെടുത്തൽ.
ചൈന അരലക്ഷം ഡോസ് സിനോഫാം വാക്സീനുകവാണ് പാക്കിസ്ഥാനു സംഭാവനയായി നൽകിയത്. പ്രാഥമിക വിശകലന ഡേറ്റ പരിഗണിച്ച് 18-60 വയസ് പ്രായമുള്ളവർക്ക് മാത്രമാണ് വാക്സീൻ ശുപാർശ ചെയ്യുന്നതെന്ന് പാക് ആരോഗ്യ മന്ത്രിയുടെ പ്രത്യേക അസിസ്റ്റന്റ് ഡോ. ഫൈസൽ സുൽത്താൻ മാധ്യമങ്ങളോട് പറഞ്ഞു.
ഈ ഘട്ടത്തിൽ, 60 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കായി സിനോഫാം വാക്സീൻ വിദഗ്ധ സമിതി അംഗീകരിച്ചിട്ടില്ല. കൂടുതൽ വിവരങ്ങൾ ലഭിച്ച ശേഷം പ്രായമായവർക്ക് ഉപയോഗിക്കാമോ എന്ന് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി ഇമ്രാൻ ഖാനും രോഗപ്രതിരോധ കുത്തിവയ്പ്പ് നടത്തിയിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് നാല് പ്രവിശ്യകളിലും ഒരേസമയം ആദ്യത്തെ ഡോസുകൾ നൽകി പാക്കിസ്ഥാൻ രാജ്യവ്യാപകമായി കൊറോണ വൈറസ് വാക്സീനേഷൻ പ്രോഗ്രാം ആരംഭിച്ചത്.
മുൻനിര ആരോഗ്യ പ്രവർത്തകർക്ക് ആദ്യം പ്രതിരോധ കുത്തിവയ്പ് നൽകുമെന്നും തുടർന്ന് പ്രായമായ പൗരന്മാർക്കും പിന്നീട് ബാക്കിയുള്ളവർക്കും കുത്തിവയ്പ് നൽകുമെന്നുമാണ് ഖാൻ പറഞ്ഞിരുന്നത്. എന്നാൽ, ഇപ്പോൾ 60 വയസ്സിനു മുകളിലുള്ളവർക്ക് കൊറോണ വൈറസിൽ നിന്ന് സംരക്ഷണം ലഭിക്കാൻ മറ്റേതെങ്കിലും വാക്സീനുകൾക്കായി കാത്തിരിക്കേണ്ടി വരുമെന്നാണ് അറിയുന്നത്.
പാക്കിസ്ഥാൻ ഉൾപ്പെടെ നിരവധി രാജ്യങ്ങൾക്ക് വിതരണം ചെയ്ത വാക്സീനാണ് സിനോഫാം. ചൈനയുടെ സിനോഫാം വാക്സീൻ, റഷ്യയുടെ സ്പുട്നിക് വി വാക്സീൻ, ഓക്സ്ഫർഡ് യൂണിവേഴ്സിറ്റി-അസ്ട്രാസെനെക വികസിപ്പിച്ച കോവിഷീൽഡ് വാക്സീൻ എന്നിവയാണ് പാക്കിസ്ഥാനിൽ ഇതുവരെ പരീക്ഷണങ്ങൾക്ക് അനുമതി നൽകിയിരിക്കുന്നത്.
English Summary: Pakistan says China's Sinopharm vaccine not effective for people over 60 years