ADVERTISEMENT

ആര്‍ക്കാണ് ആദ്യം കോവിഡ് വാക്‌സീന്‍ നല്‍കേണ്ടതെന്ന് ഇക്കാലത്ത് പല രാജ്യങ്ങളും തീരുമാനിക്കുന്നത് വ്യക്തികളുടെ പ്രായം നിര്‍ണയിച്ചാണ്. എന്നാല്‍, ആ ഒരു ഘടകം മാത്രം ആശ്രയിച്ചു മുന്നോട്ടു പോകേണ്ടതില്ല എന്നാണ് ഒരു കൂട്ടം ഗവേഷകര്‍ പറയുന്നത്. മികച്ച ഫലം നല്‍കുമെന്നു കണ്ടെത്തിയാല്‍ വിവിധ രാജ്യങ്ങള്‍ക്ക് സ്വീകരിക്കാവുന്ന ഒന്നായി തീരാവുന്ന ഗവേഷണ ഫലമാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. ഡേറ്റ പഠിച്ച ശേഷം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് ഒരാള്‍ കോവിഡ് മൂലം മരിക്കുമോ ഇല്ലയോ എന്നകാര്യം 90 ശതമാനം കൃത്യതയോടെ പ്രവചിക്കാനാകുമെന്ന് യൂണിവേഴ്‌സിറ്റി ഓഫ് കോപ്പന്‍ഹേഗനിലെ ഗവേഷകര്‍ അവകാശപ്പെടുന്നു. ശരീരം-തൂക്കം അനുപാതം, സ്ത്രീയോ പുരുഷനോ എന്ന കാര്യം, അമിത രക്ത സമ്മര്‍ദ്ദം തുടങ്ങിയ ഘടകങ്ങളടക്കം വിശകലനം ചെയ്താണ് കംപ്യൂട്ടര്‍ നിഗമനത്തിലെത്തുന്നത്. ആശുപത്രികളിലെത്തുന്നവരില്‍ വെന്റിലേറ്റര്‍ സംവിധാനം നല്‍കേണ്ടവരില്‍ മുന്‍ഗണന ലഭിക്കേണ്ടവരെ കണ്ടെത്താനും ഈ സംവിധാനം ഉപയോഗിക്കാമെന്ന് ഗവേഷകര്‍ പറയുന്നു.

അതുപോലെ കൊറോണ വൈറസ് ബാധിക്കാത്തവരുടെ ഡേറ്റയില്‍ നിന്ന് ആര്‍ക്കാണ് ആദ്യം വാക്‌സീന്‍ നല്‍കേണ്ടതെന്ന തീരുമാനത്തിലെത്താനാകുമെന്നും ഗവേഷകര്‍ പറയുന്നു. ആരെല്ലാമായിരിക്കാം കൊറോണ വൈറസ് ബാധിച്ചാല്‍ മരിക്കാന്‍ പോകുന്നതെന്ന കാര്യം പ്രവചിക്കാന്‍ കംപ്യൂട്ടറിനു പ്രവചിക്കാന്‍ സാധിക്കുമെന്നും, ഈ ഡേറ്റ ഉപയോഗിച്ചു വേണം ഡെന്‍മാര്‍ക്കില്‍ ആര്‍ക്കാണ് ആദ്യം വാക്‌സീന്‍ നല്‍കേണ്ടതെന്നു കണ്ടേത്തേണ്ടത് എന്നുമാണ് യൂണിവേഴ്‌സിറ്റി ഓഫ് കോപ്പന്‍ഹേഗനിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കംപ്യൂട്ടര്‍ സയന്‍സിലെ ഗവേഷകര്‍ പറയുന്നത്. 

കോവിഡിന്റെ ആദ്യ തരംഗം കടന്നു പോയപ്പോള്‍ മുതല്‍ ഗവേഷകര്‍ ഇത്തരത്തിലൊരു കംപ്യൂട്ടര്‍ മോഡല്‍ സൃഷ്ടിക്കാനുള്ള ശ്രമത്തിലായിരുന്നു. ഒരാള്‍ക്കു വന്നിരിക്കുന്ന രോഗങ്ങള്‍, ആരോഗ്യ ഡേറ്റാ എന്നിവ വിശകലനം ചെയ്ത് കോവിഡ് ബാധിച്ചാല്‍ അയാള്‍ക്ക് എന്തു സംഭവിക്കുമെന്ന കാര്യം പ്രവചിക്കാന്‍ കംപ്യൂട്ടറുകളെ പ്രാപ്തരാക്കുകയാണ് ഗവേഷകര്‍ ചെയ്തിരിക്കുന്നത്.

നിലവില്‍ ഡെന്മാര്‍ക്കില്‍ ആയിരിക്കും ഇത് കൊണ്ടുവരാന്‍ ശ്രമിക്കുക. ക്യാപ്പിറ്റല്‍ റീജ്യന്‍ ഓഫ് ഡെന്മാര്‍ക്ക്, റീജ്യന്‍ സീലൻഡ് എന്നീ മേഖലകളിലെ രോഗികളുടെ ഡേറ്റ ഉപയോഗിച്ചാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് 90 ശതമാനം കൃത്യതയോടെ ആരാണ് കൊറോണ വൈറസ് ബാധിച്ചാല്‍ മരിക്കാന്‍ സാധ്യതയുള്ള വ്യക്തി എന്നു കണ്ടെത്തല്‍ നടത്തിയിരിക്കുന്നതെന്ന് ഗവേഷകര്‍ പറയുന്നു. രോഗിയെ ആശുപത്രിയിലെത്തിച്ചാല്‍ അയാള്‍ക്ക് കൃത്രിമ ശ്വാസോച്ഛ്വാസം നല്‍കേണ്ടി വേണ്ടിവരുമോ എന്നും 80 ശതമാനം കൃത്യതയോടെ പ്രവചിക്കാനാകുമെന്നാണ് ഗവേഷകര്‍ അവകാശപ്പെടുന്നത്.

∙ പുരുഷന്മാര്‍ക്ക് കൂടുതല്‍ പ്രശ്‌നങ്ങള്‍ വരാം

ഗവേഷകരുടെ കണ്ടെത്തലുകളില്‍ നിന്ന് ഇപ്പോള്‍ പിന്തുടരുന്ന ചില കാര്യങ്ങള്‍ ശരിയാണെന്നും കാണാം. രക്തസമ്മര്‍ദ്ദം കൂടുതലുള്ള മുതിര്‍ന്ന പുരുഷന്മാര്‍ക്കാണ് കൂടുതല്‍ അപായ സാധ്യത എന്നാണ് ഡെന്മാര്‍ക്കിലെ 3,944 കോവിഡ് രോഗികളുടെ ഡേറ്റ വിശകലനം ചെയ്തശേഷം ഗവേഷകര്‍ പറഞ്ഞിരിക്കുന്നത്. ഈ ഡേറ്റ ഉപയോഗിച്ചാണ് അവര്‍ കംപ്യൂട്ടറുകളെ പരിശീലിപ്പിച്ച പ്രാപ്തരാക്കിയിരിക്കുന്നതും. വ്യക്തിയുടെ ആരോഗ്യ ഡേറ്റയിലെ പാറ്റേണുകളും, മുൻപ് വന്നിട്ടിള്ള രോഗങ്ങളുമടക്കം ഫീഡു ചെയ്താണ് ഒരാള്‍ക്ക് കോവിഡ് വന്നാല്‍ മരണസാധ്യതയുണ്ടോ എന്നു കണ്ടെത്തുന്നതെന്ന് ഗവേഷകര്‍ പറയുന്നു. 

പ്രായത്തോടൊപ്പം പ്രാധാന്യമുള്ളതാണ് ബോഡി മാസ് ഇന്‍ഡെക്‌സ് എന്നാണ് ഗവേഷകര്‍ പറയുന്നത്. ഇതു രണ്ടുമാണ് ഒരാളെ എത്ര കഠിനമായി കോവിഡ് ബാധിക്കാമെന്നു കണ്ടെത്താന്‍ സഹായിക്കുക. അതേസമയം, മരണസാധ്യതയും, വെന്റിലേറ്ററിന്റെ സഹായം വേണ്ടിവരാനുള്ള സാധ്യതയും പുരുഷന്മാര്‍ക്ക് കൂടുതലാണെന്നും ഗവേഷകര്‍ വേര്‍തിരിച്ചെടുത്ത ഡേറ്റയില്‍ നിന്നു വ്യക്തമാണ്. അതേപോലെ തന്നെ, ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ളവര്‍, നാഡീവ്യൂഹ സംബന്ധമായ പ്രശ്‌നങ്ങളുള്ളവര്‍ തുടങ്ങിയവര്‍ക്കും കോവിഡ് കഠിനമായി ബാധിക്കാം.

∙ വാക്‌സീന്‍ ആര്‍ക്കാദ്യം നല്‍കണം?

മൊത്തം ആരോഗ്യവും, മുൻപ് വന്ന രോഗങ്ങളും പരിഗണിച്ചാല്‍ ഒരാള്‍ക്ക് വെന്റിലേറ്റര്‍ വേണ്ടിവരുമോ എന്ന കാര്യം കണ്ടെത്താനാകും. റെസ്പിരേറ്റര്‍ വേണ്ടിവരാന്‍ സാധ്യതയുള്ളവര്‍ക്കുള്ള മുന്‍ഗണനാ ക്രമം നിര്‍ണയിക്കേണ്ട ഘടകങ്ങള്‍ ഇവയാണ് എന്നാണ് ഗവേഷകര്‍ പറയുന്നത്. 1. ബോഡി മാസ് ഇന്‍ഡെക്‌സ്, 2. പ്രായം, 3. ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം, 4. പുരുഷനാണോ എന്ന കാര്യം, 5. നീഡീവ്യവസ്ഥയ്ക്കു പ്രശ്‌നങ്ങളുണ്ടോ എന്ന കാര്യം, 6. ശ്വാസകോശ സംബന്ധ രോഗങ്ങളുണ്ടോ (copd) എന്ന കാര്യം, 7. ആസ്ത്മ, 8. പ്രമേഹം, 9. ഹൃദ്രോഗം.

ഇവയില്‍ ഒന്നിലേറെ പ്രശ്‌നങ്ങളുള്ളവര്‍ക്ക് വാക്‌സീന്‍ സ്വീകരിക്കാന്‍ നില്‍ക്കുന്നവരുടെ ക്യൂവില്‍ മുന്‍പന്തിയിലേക്ക് കൊണ്ടുവരണമെന്നാണ് ഗവേഷകര്‍ പറയുന്നത്. ജീവന്‍ രക്ഷിക്കുന്ന കാര്യത്തില്‍ ആര്‍ക്കെല്ലാമാണ് വെന്റിലേറ്റര്‍ വേണ്ടിവരിക എന്നു കണ്ടെത്തേണ്ടത് വളരെ അത്യാവശ്യമാണെന്നാണ് ഗവേഷകര്‍ പറയുന്നത്. ഡെന്മാര്‍ക്കിലെ എല്ലാ ആശുപത്രികളിലും അധികം വൈകാതെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായം എത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണിവര്‍. അതേസമയം, കംപ്യൂട്ടറിന് ഡോക്ടറുടെ തീരുമാനത്തെ മറികടക്കാനാവില്ലെന്നും അവര്‍ പറയുന്നു. ഡോക്ടര്‍മാര്‍ക്ക് തങ്ങളുടെ തീരുമാനം എടുക്കുക എന്നത് കുടുതല്‍ എളുപ്പമാക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നാണ് അവരുടെ നിലപാട്.

English Summary: Computers can decide whether you will die of Covid

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com