ADVERTISEMENT

ഏതാണ്ട് 3400 ചതുരശ്ര മൈല്‍ വിസ്തൃതിയുണ്ട് അമേരിക്കയിലെ യെല്ലോസ്‌റ്റോണ്‍ ദേശീയപാര്‍ക്കിന്. യെല്ലോ സ്‌റ്റോണിന്റെ ചെറിയൊരുഭാഗം സ്ഥിതി ചെയ്യുന്നത് ഇഡാഹോ സ്റ്റേറ്റിലാണ്. 50 ചതുരശ്ര മൈല്‍ മാത്രം വിസ്തൃതിയുള്ള ഈ ഭാഗം അറിയപ്പെടുന്നത് 'മരണ മേഖല' എന്നാണ്. ഇവിടെ നടക്കുന്ന കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടുന്ന കുറ്റവാളികളെ നിയമത്തിന്റെ മുന്നിലെത്തിക്കാന്‍ സാധിക്കില്ലെന്നതാണ് ഈ വിചിത്ര പേരിന് പിന്നില്‍. ഈ സ്ഥലത്തെ കുറിച്ച് നിരവധി ഗവേഷണങ്ങൾ നടന്നിട്ടുണ്ട്. കുട്ടികളും സ്ത്രീകളും ഉൾപ്പടെ നിരവധി പേർ ഇവിടെ കൊല്ലപ്പെടുകയോ കാണാതാകുകയോ ചെയ്തിട്ടുണ്ട്. കുറ്റവാളികളെല്ലാം രക്ഷപ്പെടുകയും ചെയ്തു.

 

അമേരിക്കന്‍ ഭരണഘടനയുടെ ആറാം ഭേദഗതിയാണ് ഇഡാഹോയിലെ ഈ ഭാഗത്തെ നിയമത്തിന്റെ കൈപ്പിടിയില്‍ നിന്നും മാറ്റി നിര്‍ത്തുന്നത്. ആറാം ഭേദഗതി പ്രകാരം കുറ്റവാളികള്‍ക്ക് കുറ്റം നടന്ന ജില്ലയിലെ കോടതിയില്‍ വിചാരണക്ക് അധികാരമുണ്ട്. ഇഡാഹോയിലെ യെല്ലോസ്‌റ്റോണ്‍ ഉള്‍പ്പെടുന്ന ജില്ലയില്‍ താമസക്കാരായി ആരുമില്ലെന്നതാണ് നിയമത്തിലെ പഴുതായി മാറിയിരിക്കുന്നത്. ഇതിനാൽ യെല്ലോസ്‌റ്റോണ്‍ ഭാഗത്തെ കുറ്റകൃത്യങ്ങൾക്ക് പിന്നിലുള്ളവരെ ശിക്ഷിക്കാനും സാധിക്കില്ല.

 

1872ലാണ് യെല്ലോസ്‌റ്റോണ്‍ ദേശീയ പാര്‍ക്ക് രൂപീകരിക്കുന്നത്. അക്കാലത്ത് 37 സ്റ്റേറ്റുകളാണ് അമേരിക്കയിലുണ്ടായിരുന്നത്. നിലവില്‍ വ്യോമിങ്, മോണ്ടാന, ഇഡാഹോ തുടങ്ങിയ സ്റ്റേറ്റുകളിലായാണ് യെല്ലോ സ്‌റ്റോണ്‍ കിടക്കുന്നത്. ഈ സംസ്ഥാനങ്ങളിലൊന്നുപോലും അന്ന് രൂപീകരിക്കപ്പെട്ടിരുന്നില്ല. 1889ല്‍ പിറവിയെടുത്ത മോണ്ടാനയാണ് ഇക്കൂട്ടത്തില്‍ ആദ്യമായി സ്ഥാപിക്കപ്പെട്ടത്. യെല്ലോസ്‌റ്റോണിന്റെ ഒമ്പത് ശതമാനം പ്രദേശം മാത്രമാണ് മോണ്ടാനയിലുള്ളത്. 1890 ജൂലൈയില്‍ സ്ഥാപിതമായ ഇഡാഹോയില്‍ യെല്ലോ സ്‌റ്റോണിന്റെ 50 ചതുരശ്ര മൈല്‍ ഭാഗം മാത്രമാണുള്ളത്. യെല്ലോസ്‌റ്റോണിന്റെ 96 ശതമാനം ഭാഗങ്ങളും ഉള്‍ക്കൊള്ളുന്ന വ്യോമിങ് സ്റ്റേറ്റ് 1890ല്‍ തന്നെയാണ് സ്ഥാപിക്കപ്പെടുന്നത്.

 

മരണ മേഖല എന്ന് വിശേഷിപ്പിക്കപ്പെടുന്ന പ്രദേശത്ത് ഒരു കൊലപാതകം നടക്കുകയും ആറാം ഭേദഗതി പ്രകാരം വിചാരണക്ക് അപേക്ഷിക്കുകയും ചെയ്താല്‍ നിലവിലെ നിയമം അനുസരിച്ച് കോടതി കുഴപ്പത്തിലാകും. ഇതിന്റെ പരിഹാരം എളുപ്പമാണെന്ന് തോന്നുമെങ്കിലും അതങ്ങനെയല്ല എന്നാണ് മിഷിഗണിലെ നിയമ അധ്യാപകനായ ബ്രയന്‍ കാള്‍ട്ട് പറയുന്നത്. 

 

'2000ത്തിലെ സെന്‍സസ് പ്രകാരം ഇഡാഹോയിലെ യെല്ലോ സ്‌റ്റോണ്‍ പാര്‍ക്കിന്റെ ഭാഗത്തെ ജനസംഖ്യ പൂജ്യമാണ്' ദ പെര്‍ഫെക്ട് ക്രൈം എന്ന പേരില്‍ തയാറാക്കിയിരിക്കുന്ന പഠനക്കുറിപ്പില്‍ അദ്ദേഹം പറയുന്നു. ഈ നിയമത്തിലെ പഴുത് ഒഴിവാക്കാനായി 50 ചതുരശ്ര മൈല്‍ വരുന്ന ഭാഗം വ്യോമിംങിലേക്ക് മാറ്റുന്നതിനെക്കുറിച്ച് നടത്തിയ ചര്‍ച്ചകളും ശ്രമങ്ങളും ഫലം കാണാതെ പോയതിനെക്കുറിച്ചും കാള്‍ട്ട് ഈ പഠനത്തില്‍ സൂചിപ്പിക്കുന്നുണ്ട്. ഇഡാഹോയിലെ സെനറ്ററായ മൈക്ക് സിംപ്‌സണെയാണ് ഇക്കാര്യം ചൂണ്ടിക്കാണിച്ച് കാള്‍ട്ട് സമീപിച്ചത്. എന്നാല്‍ ഇത്തരം പഴുതുകള്‍ മറികടക്കാന്‍ അമേരിക്കന്‍ നിയമത്തിന് സാധിക്കുമെന്നായിരുന്നു സിംപ്‌സന്റെ വിശ്വാസം. അതുകൊണ്ടുതന്നെ അമേരിക്കന്‍ നിയമത്തിലെ ഒരു പഴുതായി യെല്ലോ സ്‌റ്റോണിലെ ഈ 'മരണ മേഖല' ഇപ്പോഴും നിലനില്‍ക്കുകയാണ്.

 

English Summary: Yellowstone's 'Zone of Death'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com