sections
MORE

കൊറോണയേക്കാളും വലിയ 2 ദുരന്തങ്ങൾ വരുന്നുണ്ടെന്ന് മുന്നറിയിപ്പ്, കരുതിയിരിക്കണമെന്ന് ബിൽ ഗേറ്റ്സ്

bill-gates
SHARE

ലോകം ഒന്നടങ്കം ഇപ്പോഴും കൊറോണവൈറസ് ഭീതിയിലാണ്. ഓരോ 15 സെക്കന്റിലും ഒരാൾ വീതം മരിക്കുന്നുണ്ട്. കഴിഞ്ഞ ഒരു വർഷത്തിനിടെ കോവിഡ് ബാധിച്ച് ലോകത്ത് മരിച്ചത് 23.1 ലക്ഷം പേരാണ്.  ഇപ്പോൾ കോവിഡിനെതിരായ വാക്സീനേഷൻ നടക്കുകകയാണ്. എന്നാൽ, കോവിഡിനേക്കാൾ വലിയ രണ്ടു ദുരന്തങ്ങൾ കൂടി ഭൂമിയിൽ വരാനുണ്ടെന്നാണ് മൈക്രോസോഫ്റ്റ് സ്ഥാപകനും ലോക കോടീശ്വരനുമായ ബിൽഗേറ്റ്സ് മുന്നറിയിപ്പു നൽകുന്നത്. ലോകത്ത് വലിയൊരു മഹാമാരി വരാനുണ്ടെന്ന് പ്രവചിച്ച വ്യക്തി കൂടിയാണ് ബിൽഗേറ്റ്സ്. 2015 ൽ ബിൽഗേറ്റ്സ് നടത്തിയ പ്രവചനം കോവിഡ് കാലത്ത് വലിയ ചർച്ചയായിരുന്നു.

കോവിഡ് മഹാമാരിയെ കുറിച്ച് വ്യക്തമായ മുന്നറിയിപ്പ് നൽകിയിരുന്ന ബിൽഗേറ്റ്സ് ഇപ്പോൾ മറ്റു രണ്ടു വിഷയങ്ങളാണ് മുന്നോട്ടുവെച്ചിരിക്കുന്നത്. യുട്യൂബറായ ഡെറിക് മുള്ളറുമായുള്ള അഭിമുഖത്തിനിടെയാണ് ബിൽഗേറ്റ്സ് ലോകം നേരിടാനിരിക്കുന്ന പുതിയ വെല്ലുവിളികളെ കുറിച്ച് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കാലാവസ്ഥാ വ്യതിയാനും ജൈവ ഭീകരവാദവുമാണ് ഇനി ലോകം നേരിടാൻ പോകുന്ന രണ്ട് വലിയ പ്രതിസന്ധികളെന്നാണ് ബിൽഗേറ്റ്സ് പറയുന്നത്.

കൊറോണ വൈറസിനേക്കാൾ വലിയ ദുരന്തം വരാനിക്കുന്നുവെന്ന് നേരത്തെയും ബിൽ ഗേറ്റ്സ് പറഞ്ഞിട്ടുണ്ട്. മഹാമാരി പോലെ മോശമാണ് കാലാവസ്ഥാ വ്യതിയാനം വരുത്തിയേക്കാവുന്ന നാശനഷ്ടങ്ങൾ എന്നാണ് അദ്ദേഹം വാദിക്കുന്നത്. കാലാവസ്ഥാ വ്യതിയാനം മുഴുവൻ ആവാസവ്യവസ്ഥയെയും നശിപ്പിക്കുമെന്ന് ബ്ലൂംബർഗ് ന്യൂസിന് നൽകിയ അഭിമുഖത്തിലും ഗേറ്റ്സ് പറഞ്ഞിരുന്നു. ഇത് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്നത് അസാധ്യമാക്കും. കാലാവസ്ഥാ വ്യതിയാനത്തിൽ നിന്നുള്ള യഥാർഥ സാമ്പത്തിക, മരണസംഖ്യ കൊറോണയേക്കാൾ വളരെ വലുതായിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു.

2021 ഫെബ്രുവരിയിൽ നോഫിൽ നിന്ന് പുറത്തിറങ്ങാനിരിക്കുന്ന ‘കാലാവസ്ഥാ ദുരന്തം എങ്ങനെ ഒഴിവാക്കാം’ എന്ന തന്റെ വരാനിരിക്കുന്ന പുസ്തകത്തിലും ഇക്കാര്യത്തെ കുറിച്ച് ഗേറ്റ്സ് മുന്നറിയിപ്പ് നൽകുന്നുണ്ട്. രണ്ട് പ്രതിഭാസങ്ങളും വ്യത്യസ്തമാണ്. കാലാവസ്ഥാ പ്രതിസന്ധി കാലക്രമേണ വ്യാപിക്കുകയും വലിയ തോതിലുള്ള നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്യും. നാസ സൂചിപ്പിക്കുന്നത് പോലെ കാലാവസ്ഥാ രീതികളെയും സമുദ്രനിരപ്പിനെയും ഭൂമിയിലെ ജീവിതത്തെ പിന്തുണയ്ക്കുന്ന എല്ലാ സിസ്റ്റങ്ങളെയും ഇത് കാര്യമായി ബാധിക്കും.

ശാസ്ത്ര ഡേറ്റയുടെ അടിസ്ഥാനത്തില്‍ കൊറോണാവൈറസ് പോലെയുള്ള ഒരു മഹാമാരി വന്നു പെടാമെന്നും അതിന് ലോകത്തിന്റെ കയ്യില്‍ ഉത്തരങ്ങളില്ലെന്നും 2015ല്‍ മുന്നറിയിപ്പു നല്‍കിയ ആളായിരുന്നു ഗേറ്റ്സ്. എന്നാല്‍, കൊറോണ പ്രശ്‌നം ഒതുങ്ങിയാല്‍ അതിവേഗം കാലാവസ്ഥാ വ്യതിയാനം വിതയ്ക്കാവുന്ന വിനാശത്തിന്റെ കാര്യത്തില്‍ ശ്രദ്ധിച്ചു തുടങ്ങണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു. ലോകത്തിന്റെ കാര്‍ബണ്‍ പുറത്തുവിടല്‍ ആണ്. അതിന് അതിവേഗം പരിഹാരം കണ്ടില്ലെങ്കില്‍ വരാന്‍പോകുന്നത് ദുരന്തമായിരിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.

ഇതുവരെയുണ്ടായിട്ടുള്ള കൊറോണ വൈറസ് മൂലമുള്ള മരണം ഏകദേശം 100,000 പേരില്‍ 14 എന്ന അനുപാതത്തിലാണ്. അടുത്ത 40 വര്‍ഷത്തിനുള്ളില്‍ കാലാവസ്ഥാ വ്യതിയാനം മൂലമുള്ള മരണ നിരക്കിന്റെ തോത് ഇതായിരിക്കുമെന്ന് അദ്ദേഹം നേരത്തെ നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. എന്നാല്‍, 2100 ആകുമ്പോഴേക്ക് ഇത് അഞ്ചു മടങ്ങു വര്‍ധിക്കുമെന്നും അദ്ദേഹം പ്രവചിക്കുന്നുണ്ട്. ഓരോ പതിറ്റാണ്ടും സമ്പദ്‌വ്യവസ്ഥയ്ക്ക് ഉണ്ടാകാന്‍ പോകുന്ന ആഘാതവും ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്ന രീതിയിലുള്ളതായിരിക്കും. 

അതേസമയം, കോവിഡ്-19 ഒരു ഗുണം ചെയ്തു. കാലാവസ്ഥാ വ്യതിയാനത്തിനു കാരണമാകുന്ന ഹരിതവാതക വ്യാപനം 8 ശതമാനം കുറച്ചിട്ടുണ്ട്. ഏകദേശം 47 ബില്ല്യന്‍ ടണ്‍ കാര്‍ബണ്‍ കുറച്ചിട്ടുണ്ട്. എന്നാല്‍, അതുപോലും ഇനി ഉണ്ടാവില്ല. അത് ലോക്ഡൗണിന്റെ പ്രതിഫലനമാണ്. ലോക്ഡൗണ്‍ തുടരാന്‍ ആരും ആഗ്രഹിക്കുന്നില്ല. വൈദ്യുതി നിർമിക്കല്‍, ഉല്‍പന്ന നിര്‍മാണം, ഭക്ഷ്യ സാധനങ്ങള്‍ ഉണ്ടാക്കല്‍, കെട്ടിടങ്ങളിലെ കൂളിങ് സിസ്റ്റങ്ങള്‍, ലോകമെമ്പാടും സാധനങ്ങള്‍ എത്തിച്ചുകൊടുക്കുന്ന രീതി ഇവയെല്ലാം അതിവേഗം മാറ്റണം. കാര്‍ബണ്‍ വാര്‍ച്ച 0 ശതമാനമാക്കണം. അത് കൊറോണാവൈറസിന് വാക്‌സീന്‍ കണ്ടെത്തിയതു പോലെ പ്രധാനപ്പെട്ട കാര്യമാണെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കിയതാണ്.

കാലാവസ്ഥാ വ്യതിയാനം പോലെ ലോകത്തിനു വലിയ ഭീഷണിയാണ് ജൈവ ഭീകരവാദം. ഈ ലോകം തകർക്കാൻ ആഗ്രഹിക്കുന്ന ഒരാൾക്ക് വിവിധ വൈറസുകളെ പടച്ചു വിടാൻ സാധിക്കും. ഇതിലൂടെ ലോകത്ത് സംഭവിക്കുക വൻ ദുരന്തമായിരിക്കും. കൊറോണവൈറസ് കാലത്തെ കാഴ്ചയായിരിക്കില്ല അത്തരം ദുരന്തങ്ങൾ സമ്മാനിക്കുക എന്നും ബിൽഗേറ്റ്സ് മുന്നറിയിപ്പ് നൽകുന്നു. സ്വാഭാവികമായി സംഭവിക്കുന്ന പകർച്ചവ്യാധികളേക്കാൾ ഭീകരമായിരിക്കും ഇത്തരം ദുരന്തങ്ങളുണ്ടാക്കുക എന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, കോവിഡ് പോലുള്ള മറ്റൊരു മഹാമാരി വന്നാൽ അതിവേഗം നേരിടാനുള്ള ശേഷിയൊന്നും ലോകത്തിനില്ല. ഇനിയും മഹാമാരികൾ ഉണ്ടാകുമെന്നും ബിൽഗേറ്റ്സ് പറഞ്ഞു. കോവിഡ് കാലത്ത് സംഭവിച്ച നിരവധി വിഷയങ്ങളെ കുറിച്ച് ഈ അഭിമുഖത്തിൽ ബിൽഗേറ്റ്സ് സംസാരിക്കുന്നുണ്ട്.

English Summary: Bill Gates Predicts Upcoming Disasters, Warns That Millions Face Threats

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA