sections
MORE

ചൊവ്വ കാത്തിരിക്കുന്നു; അവർക്കായി

mars-nasa
പെഴ്സിവിയറൻസ് ചൊവ്വയിൽ ഇറങ്ങുന്നതിന്റെ വിവിധ ഘട്ടങ്ങൾ വ്യക്തമാക്കുന്ന ചിത്രീകരണം. കടപ്പാട്: നാസ
SHARE

ഒന്നിനു പിറകെ ഒന്നായി മൂന്നു ദൗത്യങ്ങൾ. 2020 ജൂലൈയിൽ ഭൂമിയിൽ നിന്നു കുതിച്ചുയർന്ന മൂന്നു പേടകങ്ങളാണ് ഈ മാസം  ചൊവ്വയിൽ എത്തുന്നത്. ചൊവ്വയിലെ മനുഷ്യസാന്നിധ്യമുൾപ്പെടെ ഭാവിയിലേക്ക് വാതിൽ തുറക്കുന്ന പരീക്ഷണങ്ങൾക്കാണ് ഈ ദൗത്യങ്ങൾ വഴിയൊരുക്കുന്നത്.

∙ പ്രതീക്ഷ എന്ന പേടകം

യുഎഇയുടെ അൽ അമാലാണ് ഫെബ്രുവരിയിൽ ചൊവ്വയിൽ എത്തുന്ന ആദ്യ ദൗത്യം. ഫെബ്രുവരി ഒൻപതാണ് യുഎഇ കാത്തിരിക്കുന്ന ആ ദിവസം. ജപ്പാനിലെ തനെഗഷിമ ബഹിരാകാശ കേന്ദ്രത്തിൽ നിന്നു ജൂലൈ 19ന് അൽ അമാൽ (പ്രതീക്ഷ) കുതിച്ചുയർന്നപ്പോൾ ആകാശം കടന്നത് യുഎഇയുടെ അഭിമാനം കൂടിയാണ്. ആറു വർഷം മുൻപ് അറബ് മേഖലയിൽ നിന്നുള്ള ആദ്യ ചൊവ്വാ ദൗത്യം പ്രഖ്യാപിക്കുമ്പോൾ യുഎഇക്കു ബഹിരാകാശ വകുപ്പോ ശാസ്ത്രസംഘമോ ഉണ്ടായിരുന്നില്ല. നിശ്ചിത സമയത്തിനുള്ളിൽ നേട്ടം കൈവരിച്ചപ്പോൾ രൂപകൽപനയിലടക്കം പ്രധാന പങ്കുവഹിക്കാൻ കഴിയുന്ന രീതിയിൽ വനിതകൾ ഉൾപ്പെടുന്ന 150 സ്വദേശി എൻജിനീയർമാരെ വളർത്തിയെടുക്കാൻ കഴിഞ്ഞതു പദ്ധതിയുടെ ഏറ്റവും വലിയ മികവാണ്. രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്കു രാജ്യത്തെ പ്രഥമ ബഹിരാകാശ യാത്രികനെ അയച്ചു ചരിത്രം രചിച്ച് ഒരു വർഷം തികയും മുൻപെയായിരുന്നു യുഎഇയുടെ ചൊവ്വാദൗത്യം.

ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും താപനിലയെക്കുറിച്ചും മനസ്സിലാക്കാനുള്ള ഇൻഫ്രാറെഡ് സ്പെക്ട്രോമീറ്റർ, ഓസോൺ പാളികളെക്കുറിച്ചു പഠിക്കാനുള്ള ഇമേജർ, ഓക്സിജന്റെയും ഹൈഡ്രജന്റെയും തോത് നിർണയിക്കാനുള്ള അൾട്രാവയലറ്റ് സ്പെക്ട്രോ മീറ്റർ എന്നിവയാണ് പേടകത്തിന്റെ പ്രധാന ഘടകങ്ങൾ. 2 വർഷം കൊണ്ടു ചൊവ്വയെക്കുറിച്ചുള്ള ഒരു ടെറാബൈറ്റ് വിവരങ്ങൾ ഇരുന്നൂറിലേറെ ഗവേഷണ സ്ഥാപനങ്ങൾക്കു സൗജന്യമായി കൈമാറാനാണ് ‘അൽ അമാൽ’ ദൗത്യം ലക്ഷ്യമിടുന്നത്. ചൊവ്വയിൽ 2117 ൽ മനുഷ്യരെ എത്തിക്കാനും ചെറുനഗരം യാഥാർഥ്യമാക്കാനുമുള്ള പദ്ധതിക്ക് യുഎഇ സമഗ്രരൂപരേഖ തയാറാക്കിയിട്ടുണ്ട്.

∙ ചൈനയുടെ ചോദ്യങ്ങൾ

2020 ജൂലൈ 23നാണു ചൊവ്വ ലക്ഷ്യമാക്കി വെൻചെൻ സ്പേസ് സെന്ററിൽ നിന്നു ലോങ് മാർച്ച് 5 റോക്കറ്റിൽ ചൈനയുടെ ടിയാൻവെൻ–1 (സ്വർഗത്തിലേക്കുള്ള ചോദ്യങ്ങൾ) എന്ന പേടകം യാത്ര തുടങ്ങിയത്. ഓർബിറ്ററും ലാൻഡറും റോവറും അടങ്ങുന്നതാണു പേടകം. ചൊവ്വയിലെ മണ്ണിന്റെ ഘടനയും അതിന്റെ സാധ്യതകളും പഠിക്കുകയാണു പ്രധാന ലക്ഷ്യം. ലക്ഷ്യം വിജയിക്കുകയാണെങ്കിൽ ഒരു യാത്രയിൽ തന്നെ ഓർബിറ്ററും ലാൻഡറും റോവറും ഉപയോഗപ്പെടുത്താൻ കഴിഞ്ഞ ആദ്യ രാജ്യമായി ചൈന മാറും.  റഷ്യയുടെ സഹായത്തോടെയുള്ള ചൈനയുടെ ആദ്യ ചൊവ്വാ ദൗത്യമായ യിൻഗ്വോ – 1 പരാജയമായിരുന്നു. ഫെബ്രുവരി പത്തിനാണ് ലാൻഡിങ് ലക്ഷ്യമിടുന്നത്.

∙ ആഘോഷമായി ചൊവ്വയിലിറങ്ങാം

ചൊവ്വയിലേക്കുള്ള മനുഷ്യരുടെ യാത്രകൾക്ക് വാതിൽ തുറക്കാനൊരുങ്ങുന്ന നാസയുടെ ‘പെഴ്സിവിയറൻസ്’ ദൗത്യത്തിന്റെ വിജയകരമായ ലാൻഡിങ്ങിനായി കാത്തിരിക്കുകയാണ് ലോകം. ഈ കാത്തിരിപ്പിന്റെ ആവേശം അറിയുന്നതിനാലും നാസയുടെ ഇതുവരെയുള്ള ചൊവ്വാ ദൗത്യങ്ങളിൽ ഏറ്റവും പ്രാധാന്യമേറിയത് എന്ന വിശേഷണം ഉള്ളതിനാലും പെഴ്സിവിയറൻസിന്റെ ലാൻഡിങ് എല്ലാ രീതിയിലും ജനകീയമാക്കാനുള്ള ശ്രമത്തിലാണ്  നാസ.

ജൂലൈ 30ന് വിക്ഷേപിച്ച  പെഴ്സിവിയറൻസ് 48 കോടി കിലോമീറ്റർ സഞ്ചരിച്ച്  ഫെബ്രുവരി 18നാണ് ചൊവ്വയിലെത്തുക. 300 കോടി വർഷം മുൻപു തടാകമായിരുന്നെന്നു കരുതുന്ന ജെസറോ ഗർത്തത്തിനു സമീപമാണ് ലാൻഡ് ചെയ്യുക.  സ്കൂൾ വിദ്യാർഥികൾ മുതൽ ശാസ്ത്രജ്ഞർ വരെയുള്ളവരുടെ പങ്കാളിത്തം ഉറപ്പാക്കി ലാൻഡിങ് ജനകീയമാക്കാൻ വ്യത്യസ്തമാർന്ന പരിപാടികളാണ് നാസ ആസൂത്രണം ചെയ്തിരിക്കുന്നത്. 17ന് ലാൻഡിങ് കൗൺഡൗണ്ടിനൊപ്പം ദൗത്യത്തിന്റെ വിവിധ ഘട്ടങ്ങളെക്കുറിച്ചുള്ള ചർച്ചകൾ ഉണ്ടാകും. 18ന് ലാൻഡിങ് ലൈവായി കാണാനും കഴിയും. യൂ ട്യൂബിലും മറ്റു സാമൂഹിക മാധ്യമങ്ങളിലും ഉള്ള നാസ ചാനലുകൾ വഴിയാകും സംപ്രേക്ഷണം.

‘പെഴ്സിവിയറൻസ്’ റോവറിന്റെയും അതിലുള്ള ചെറു ഹെലികോപ്റ്ററിന്റെയും ദൃശ്യങ്ങളും ത്രീഡി മോഡലുകളും അടങ്ങിയിട്ടുള്ള ടൂൾ കിറ്റും നാസ വെബ്സൈറ്റിൽ ലഭ്യമാണ്. ഇതോടൊപ്പം ചൊവ്വ ദൗത്യങ്ങളിൽ സ്വന്തം പേര് ചേർത്തുള്ള ബോർഡിങ് പാസ് തയാറാക്കാനും കഴിയും. വിദ്യാർഥികൾക്കായി മിഷൻ ടൂ മാർസ് ചലഞ്ചും ഉണ്ട്.

mars-rover
പെഴ്സിവിയറൻസ് റോവറിന്റെയും ചെറു ഹെലികോപ്റ്ററിന്റെയും ദൃശ്യം. കടപ്പാട്: നാസ

∙ അറിയാം ജീവന്റെ സാന്നിധ്യം

ജീവന്റെ സാന്നിധ്യമുൾപ്പെടെ ശ്രദ്ധേയ പഠനങ്ങൾക്കു വഴിയൊരുക്കും എന്നതാണ് പെഴ്സിവിയറൻസ് ദൗത്യത്തിന്റെ പ്രധാന സാധ്യത. ചൊവ്വയുടെ  ഉപരിതലത്തിലൂടെ ഉരുണ്ടുനീങ്ങി സഞ്ചരിച്ചു പര്യവേക്ഷണം നടത്തുന്ന റോവറിനൊപ്പം അന്തരീക്ഷ പഠനങ്ങൾക്കായി പ്രയോജനപ്പെടുത്താനുള്ള ചെറു ഹെലികോപ്റ്ററും ഉണ്ട്. ചൊവ്വയിൽ ആദ്യമായാണ് ഹെലികോപ്റ്ററിന്റെ സാധ്യത പരീക്ഷിക്കുന്നത്. ചൊവ്വയിലെ പാറക്കഷണങ്ങളും ഉപരിതലം കുഴിക്കാനുമുള്ള ക്യാമറകളും ഡ്രില്ലിങ് സാമഗ്രികളും ലേസറുകളും റോവറിന്റെ ഭാഗമാണ്. ശേഖരിക്കുന്ന സാധനങ്ങൾ ചെറു കണ്ടെയ്നറുകളിലാക്കി സൂക്ഷിച്ച് ഭാവി ദൗത്യങ്ങൾ വഴി തിരിച്ചു കൊണ്ടുവരാനാണ് ലക്ഷ്യമിടുന്നത്.

English Summary: Mars Landings 2021 | Perseverance, UAE and China mission details

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA