sections
MORE

ഭൂമിയിലെ ഏറ്റവും വലിയ റഡാര്‍ സ്ഥാപിക്കാനൊരുങ്ങി ചൈന, ലക്ഷ്യം ജീവന് സുരക്ഷയൊരുക്കൽ!

china-radar
ചൈനീസ് റഡാർ –representative image - Photo: South China Morning Post
SHARE

ഭൂമിയിലെ ഏറ്റവും വലിയ റഡാര്‍ സംവിധാനം സ്ഥാപിക്കാനൊരുങ്ങി ചൈന. ഭൂമിക്കും ജീവജാലങ്ങള്‍ക്കും ഭീഷണിയാവാന്‍ സാധ്യതയുള്ള ഛിന്നഗ്രഹങ്ങളുടെ സാന്നിധ്യം കണ്ടെത്തി മുന്നറിയിപ്പ് നല്‍കുകയാണ് ലക്ഷ്യം. നിലവില്‍ അമേരിക്കക്ക് മാത്രമാണ് ഇത്തരം റഡാറുകളുള്ളത്.

ചൈന 115 അടി വ്യാസമുള്ള റോഡിയോ ഡിഷുകള്‍ കാഷ്ഗര്‍, സിങ്ജിയാങ് എന്നിവിടങ്ങളിലാണ് സ്ഥാപിക്കുക. ഈ റഡാറുകളില്‍ നിന്നുള്ള സിഗ്നലുകള്‍ ഭൂമിക്ക് പുറത്തേക്ക് അയക്കുകയും ശൂന്യാകാശത്തെ വസ്തുക്കളില്‍ തട്ടി തിരിച്ചെത്തുന്ന സിഗ്നലുകളെ അടിസ്ഥാനമാക്കി ഉല്‍ക്കകളുടെ സാന്നിധ്യം തിരിച്ചറിയുകയുമാണ് ചെയ്യുക. ചൈനയിലെ ജിയാമുസി, ബെയ്ജിങ്, ടിയാന്‍ജിങ്, ഷാങ്ഹായ്, കുന്‍മിങ് എന്നിവിടങ്ങളിലായിരിക്കും തിരിച്ചെത്തുന്ന സിഗ്നലുകളെ പിടിച്ചെടുക്കാന്‍ വേണ്ട സംവിധാനം ഒരുക്കുക. ഏതാണ്ട് 0.1 അസ്‌ട്രോണമിക്കല്‍ യൂണിറ്റ് വരെയുള്ള അകലത്തിലെ വസ്തുക്കള്‍ ഇതുവഴി കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സൂര്യനില്‍ നിന്നും ഭൂമിയിലേക്കുള്ള ദൂരമാണ് ഒരു അസ്‌ട്രോണമിക്കല്‍ യൂണിറ്റ്.

മനുഷ്യരാശിയോടുള്ള ചൈനയുടെ ഉത്തരവാദിത്വം എന്ന നിലയിലാണ് ഈ കൂറ്റന്‍ റഡാര്‍ പദ്ധതിയെ ചൈന അവതരിപ്പിക്കുന്നത്. ഭൂമിക്ക് ഭീഷണിയാവാന്‍ സാധ്യതയുള്ള ഉല്‍ക്കകളെയും ഛിന്നഗ്രഹങ്ങളേയും തിരിച്ചറിയാന്‍ കഴിയുന്ന റഡാറുകള്‍ നിലവിലുള്ള ഏക രാജ്യം അമേരിക്കയാണ്. റഡാര്‍ യാഥാര്‍ഥ്യമാവുന്നതോടെ ഏതെങ്കിലും ഛിന്നഗ്രഹം ഭൂമിക്ക് ഭീഷണിയാവുമെന്ന മുന്നറിയിപ്പ് നല്‍കാനുള്ള ശേഷി ഭാവിയില്‍ അമേരിക്കക്കൊപ്പം ചൈനക്കും കൈവരും.

അടുത്തിടെയാണ് അമേരിക്കയുടെ രണ്ട് പ്ലാനറ്ററി റഡാര്‍ സംവിധാനങ്ങളിലൊന്ന് കാലപ്പഴക്കത്തെ തുടര്‍ന്ന് പ്രവര്‍ത്തനം അവസാനിപ്പിച്ചത്. പ്യൂര്‍ട്ടോറിക്കയിലെ അരീസിബോ ഒബ്‌സര്‍വേറ്ററിയായിരുന്നു കാലപ്പഴക്കത്തെ തുടര്‍ന്ന് ഒരുഭാഗം തകര്‍ന്നതോടെ കഴിഞ്ഞ ഡിസംബറില്‍ അടച്ചുപൂട്ടിയത്. കൊടുങ്കാറ്റിനെ തുടര്‍ന്ന് തകര്‍ന്ന അരീസിബോ ഒബ്‌സര്‍വേറ്ററിയുടെ അറ്റകുറ്റ പണികള്‍ നടത്തി പ്രവര്‍ത്തനക്ഷമമാക്കുക പ്രായോഗികമല്ലെന്ന് തിരിച്ചറിഞ്ഞതോടെയായിരുന്നു നടപടി. 

ഭൂമിക്ക് സമീപത്തെ ഛിന്നഗ്രഹങ്ങളെയും ഉല്‍ക്കകളേയും ദൂരദര്‍ശിനികള്‍ കൊണ്ടും നിരീക്ഷിക്കാനാകും. എന്നാല്‍ അവയുടെ വേഗവും വലുപ്പവും അടക്കമുള്ള നിര്‍ണായക വിവരങ്ങള്‍ ഇതുവഴി ശേഖരിക്കുക എളുപ്പമല്ല. ഈ കുറവ് പരിഹരിക്കാനാണ് റഡാറുകള്‍ അവതരിപ്പിക്കുന്നത്. വ്യോമഗതാഗതം അധികമില്ലാത്ത വാര്‍ത്താ വിനിമയ സംവിധാനങ്ങളെ ബാധിക്കാത്ത വിധത്തിലുള്ള പ്രദേശത്ത് റഡാറുകള്‍ സ്ഥാപിക്കുകയാണ് പ്രധാന വെല്ലുവിളികളിലൊന്ന്. ഇത്തരം കാര്യങ്ങള്‍ കൂടി കണക്കിലെടുത്താണ് ചൈനയിലെ ഏറ്റവും കുറവ് ജനസാന്ദ്രയുള്ള പ്രദേശങ്ങളിലൊന്നായ സിന്‍ജിങ്പിങില്‍ റഡാര്‍ സ്ഥാപിക്കുന്നത്.

സൗരയൂഥത്തില്‍ നാല് ലക്ഷത്തിലേറെ ഛിന്നഗ്രഹങ്ങളെ ഇതിനകം തന്നെ വാനനിരീക്ഷകര്‍ കണ്ടെത്തിയിട്ടുണ്ട്. 2013 ഫെബ്രുവരിയില്‍ റഷ്യയുടെ ആകാശത്ത് 30 കിലോമീറ്റര്‍ ഉയരത്തില്‍ 18 മീറ്റര്‍ വ്യാസമുള്ള ഒരു ഉല്‍ക്ക പൊട്ടിത്തെറിച്ചിരുന്നു. അന്ന് ആയിരത്തോളം പേര്‍ക്കാണ് പരിക്കേറ്റത്. ഹിരോഷിമയില്‍ വീണ അണുബോംബിന്റെ 20-30 ഇരട്ടി ശക്തിയാണ് ഈ ഉല്‍ക്കാസ്‌ഫോടനത്തെ തുടര്‍ന്നുണ്ടായതെന്നാണ് കണക്കാക്കപ്പെടുന്നത്. ഛിന്നഗ്രഹങ്ങളുടെ ഭീഷണിയെക്കുറിച്ചുള്ള മുന്നറിയിപ്പ് നല്‍കേണ്ടതിന്റെ പ്രാധാന്യം മനസ്സിലാക്കി യുഎന്‍ തന്നെ ഇത്തരമൊരു സംവിധാനത്തിന് രൂപം നല്‍കിയിട്ടുണ്ട്. ഭൂമിക്കടുത്തേക്ക് 50 മീറ്ററില്‍ കൂടുതല്‍ വ്യാസമുള്ള ഛിന്നഗ്രഹം വരികയാണെങ്കില്‍ ഈ രാജ്യാന്തര മുന്നറിയിപ്പ് സംവിധാനം വഴി എല്ലാ രാജ്യങ്ങള്‍ക്കും മുന്നറിയിപ്പ് ലഭിക്കും.

English Summary: China urged by scientists to create biggest radar system to save lives threatened by asteroid strike

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA