ADVERTISEMENT

മൂവായിരം വര്‍ഷങ്ങള്‍ പഴക്കമുള്ള ഈജിപ്ഷ്യന്‍ മമ്മിയിലെ പുരുഷന്റേതെന്ന് കരുതിയ ശരീരം സ്ത്രീയുടേതാണെന്ന് കണ്ടെത്തല്‍. ഓസ്‌ട്രേലിയയിലെ സിഡ്‌നി സര്‍വകലാശാലയിലെ ഗവേഷകര്‍ മമ്മിയിലും ശവപ്പെട്ടിയിലും നടത്തിയ സിടി സ്‌കാനും റേഡിയോ കാര്‍ബണ്‍ ഡേറ്റിങ്ങുമാണ് ഈ കണ്ടെത്തലിനു പിന്നില്‍. മമ്മിയാക്കിയ സ്ത്രീ ശരീരം 1200 ബിസിയിലേതും ശവപ്പെട്ടി 1000 ബിസിയിലേതുമാണെന്നാണ് കണക്കാക്കിയിരിക്കുന്നത്.

 

മമ്മിയെ അടക്കം ചെയ്ത ശവപ്പെട്ടിയിലേക്ക് ഈ മമ്മിയാക്കിയ ശരീരം 19ാം നൂറ്റാണ്ടിലെപ്പോഴോ വെച്ചതാകാനുള്ള സാധ്യതയും ചൂണ്ടിക്കാണിക്കപ്പെടുന്നു. വെറുമൊരു ശവപ്പെട്ടി എന്നതിനേക്കാള്‍ മമ്മി അടക്കം ചെയ്ത ശവപ്പെട്ടി എന്ന നിലയില്‍ ലഭിക്കുന്ന അധികമൂല്യമായിരിക്കാം പുരാവസ്തു കച്ചവടക്കാരെ ഇതിന് പ്രേരിപ്പിച്ചതെന്നും സൂചനയുണ്ട്.

 

mummy

സിഡ്‌നി സര്‍വകലാശാലയിലെ പ്രധാന ക്യാംപസിലുള്ള മ്യൂസിയത്തിലാണ് നിലവില്‍ ഈ മമ്മിയും ശവപ്പെട്ടിയും സൂക്ഷിച്ചിരിക്കുന്നത്. 1856-67 കാലഘട്ടത്തില്‍ ഇംഗ്ലിഷ് പര്യവേഷകനായിരുന്ന സര്‍ ചാള്‍സ് നിക്കോള്‍സാണ് ഈ മമ്മിയും ശവപ്പെട്ടിയും ഓസ്‌ട്രേലിയയിലേക്ക് എത്തിച്ചത്. സര്‍ നിക്കോള്‍സണ്‍ തന്നെയാണ് ഈ മമ്മി സിഡ്‌നി സര്‍വകലാശാലക്ക് നല്‍കിയതും. വൈകാതെ അദ്ദേഹം ഇംഗ്ലണ്ടിലേക്ക് മടങ്ങുകയും ചെയ്തിരുന്നു.

 

ശവപ്പെട്ടിയുടെ രൂപവും അലങ്കാരങ്ങളും എഴുത്തും കണക്കിലെടുത്താണ് ഏത് കാലത്തേതാണ് ഇതെന്ന് ഊഹിച്ചെടുത്തത്. 1999ല്‍ മമ്മിയാക്കപ്പെട്ട ശരീരം പൂര്‍ണമായും സിടി സ്‌കാനിന് വിധേയമാക്കിയിരുന്നു. മമ്മിയുടെ പല്ലുകളും എല്ലുകളും പരിശോധിച്ചതില്‍ നിന്നും 26നും 35നും ഇടക്കാണ് അടക്കം ചെയ്ത വ്യക്തിയുടെ പ്രായമെന്ന് കണക്കാക്കിയിരുന്നു. അതേസമയം മമ്മിയാക്കുന്നതിന് മുന്നോടിയായി ആന്തരികാവയവങ്ങളും ബാഹ്യ ലൈംഗികാവയവങ്ങളും നീക്കം ചെയ്യുന്നതിനാല്‍ സിടി സ്‌കാന്‍ വഴി ആണാണോ പെണ്ണാണോ എന്ന് തിരിച്ചറിയാന്‍ സാധിച്ചിരുന്നില്ല.

 

ഇപ്പോള്‍ ഇടുപ്പെല്ല്, താടിയെല്ല്, തലയോട്ടി എന്നിവയുടെ പരിശോധനയില്‍ നിന്നും മമ്മിയിലെ ശരീരം ഒരു സ്ത്രീയുടേതാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. നേരത്തെ നടത്തിയ ഡിഎന്‍എ പരിശോധനയില്‍ ശരീരം പുരുഷന്റേതാണെന്ന് കണ്ടെത്തിയിരുന്നു. 20 വര്‍ഷം മുൻപ് നടത്തിയ ഡിഎന്‍എ പരിശോധനയിലാണ് പിഴവ് സംഭവിച്ചതെന്നാണ് ഇപ്പോഴത്തെ നിഗമനം. പ്ലസ് വണ്‍ ജേണലിലാണ് പഠനഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

 

English Summary: Egyptian mummy is revealed not to be the noblewoman named on the 3,000-year-old coffin

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com