sections
MORE

ചൈനയിൽ കർഷകരെ കീഴടക്കിയത് ‘നിർമിത ബുദ്ധി’, മനുഷ്യരേക്കാൾ വിളവെടുത്തത് യന്ത്രങ്ങൾ!

strawberry
SHARE

കര്‍ഷകരും നിര്‍മിത ബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങളും തമ്മില്‍ ചൈനയില്‍ ഒരു മത്സരം നടന്നു. ആരാണ് മികച്ച രീതിയില്‍ സ്‌ട്രോബറി കൃഷി ചെയ്യുക എന്നതായിരുന്നു വെല്ലുവിളി. തലമുറകളുടെ അനുഭവപരിചയമുള്ള കര്‍ഷകരെ എല്ലാ മേഖലയിലും തോല്‍പ്പിച്ചാണ് യന്ത്രങ്ങള്‍ ഞെട്ടിച്ചിരിക്കുന്നത്.

കാര്‍ഷികമേഖലയിലും നിര്‍മിത ബുദ്ധിയും മെഷീന്‍ ലേണിങ്ങുമെല്ലാം ഒഴിവാക്കാനാവാത്തതാണെന്ന് തെളിയിച്ചിരിക്കുകയാണ് ചൈനീസ് ഗവേഷകര്‍. മെഷീനുകള്‍ ഉപയോഗിച്ച് നിര്‍മിച്ച സ്‌ട്രോബറികള്‍ക്ക് കര്‍ഷകര്‍ നിര്‍മിച്ച സ്‌ട്രോബറിയേക്കാള്‍ 196 ശതമാനം വലുപ്പം കൂടുതലുണ്ടായിരുന്നു. വരുമാനത്തില്‍ 75 ശതമാനത്തിന്റെ അന്തരമാണ് കര്‍ഷകരും മെഷീനുകളും തമ്മിലുണ്ടായത്. ചൈനയിലെ കാര്‍ഷിക സാങ്കേതികവിദ്യ മേഖലയിലെ പിന്‍ഡുവോഡുവോ എന്ന കമ്പനിയാണ് സ്മാര്‍ട് അഗ്രികള്‍ച്ചര്‍ കോംപെറ്റീഷന്‍ സംഘടിപ്പിച്ചത്. 

ഇന്റര്‍നെറ്റ് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന നിര്‍മിത ബുദ്ധിയും മെഷീന്‍ ലേണിങും കൈമുതലായുള്ള യന്ത്രങ്ങളാണ് നാല് മാസത്തോളം സ്‌ട്രോബറി കൃഷി നടത്തിയത്. ഊഷ്മാവ്, അന്തരീക്ഷത്തിലെ ഈര്‍പ്പം തുടങ്ങി ഓരോ ചെടിക്കും അനുയോജ്യമായ കാലാവസ്ഥ ഗ്രീന്‍ ഹൗസുകളില്‍ ഉറപ്പുവരുത്താന്‍ ഈ യന്ത്രങ്ങള്‍ക്ക് സാധിച്ചു. പരമ്പരാഗത കൃഷിയെ അപേക്ഷിച്ച് ഈ രീതിയില്‍ ഓരോ ചെടികള്‍ക്കും ആവശ്യമുള്ള വെള്ളവും പോഷകങ്ങളും സൂഷ്മമായും കൃത്യതയോടെയും എത്തിക്കാന്‍ സാധിച്ചു. സാധാരണ കൃഷിയില്‍ കര്‍ഷകര്‍ സ്വന്തം അനുഭവവും തലമുറകള്‍ കൈമാറി ലഭിച്ച അറിവുകളും ഉപയോഗിച്ചാണ് കൃഷി ചെയ്തത്. 

സമ്പദ് വ്യവസ്ഥകളേയും ഉത്പാദനത്തേയും സ്വാധീനിക്കാന്‍ നിര്‍മിത ബുദ്ധിക്ക് എങ്ങനെ സാധിക്കുമെന്നതിന്റെ തെളിവായി ഈ കര്‍ഷക-യന്ത്ര പോരാട്ടം. നിര്‍മിത ബുദ്ധിയുടെ സ്വാധീനത്തില്‍ 2035 ആകുമ്പോഴേക്കും 40 ശതമാനം കൂടുതല്‍ ഉത്പാദനക്ഷമത കൈവരിക്കാന്‍ വികസിത രാജ്യങ്ങള്‍ക്ക് കഴിയുമെന്നാണ് കരുതപ്പെടുന്നത്. സ്വീഡന്‍, അമേരിക്ക, ജപ്പാന്‍ എന്നീ രാജ്യങ്ങളായിരിക്കും നിര്‍മിത ബുദ്ധിയെ ഇത്തരത്തില്‍ കാര്യക്ഷമമായി ഉപയോഗിക്കുന്നതില്‍ മുന്നിലുണ്ടാവുക. ഇതേ വഴിയില്‍ തന്നെയാണ് ചൈനയുടേയും സഞ്ചാരം.

ലോക സാമ്പത്തിക ഫോറത്തിന്റെ കണക്കുകള്‍ പ്രകാരം 2025 ആകുമ്പോഴേക്കും 8.5 കോടി തൊഴിലുകള്‍ മനുഷ്യരില്‍ നിന്നും യന്ത്രങ്ങള്‍ ഏറ്റെടുക്കും. കോവിഡ് 19 പോലുള്ള പ്രതിസന്ധികള്‍ മറികടക്കാന്‍ പോലും നിര്‍മിത ബുദ്ധിയും ഡ്രോണുകളും പോലുള്ളവയുടേയും സഹായം വേണ്ടി വരും. ഭാവിയില്‍ നിര്‍മിത ബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങള്‍ സര്‍വ മേഖലയിലും സ്വാധീനിക്കുമെന്നതിന്റെ തെളിവാണ് ചൈനയില്‍ കര്‍ഷകരെ യന്ത്രങ്ങള്‍ തോല്‍പിച്ച സംഭവം കാണിക്കുന്നത്.

English Summary: AI and traditional farmers competed in a strawberry-growing contest - What happened?

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA