ADVERTISEMENT

രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ നിന്നാണ് ഈ 'സ്വര്‍ണ നദി'യുടെ ചിത്രം പകര്‍ത്തിയത്. സ്വര്‍ണ വര്‍ണത്തില്‍ തിളങ്ങുന്ന ഈ നദിക്ക് യഥാര്‍ഥത്തില്‍ സ്വര്‍ണ്ണവുമായി ബന്ധമുണ്ട്. ആമസോണ്‍ കാടുകളുടെ പെറുവിലെ പ്രദേശത്തെ ഈ സ്വര്‍ണ നദിക്ക് പക്ഷേ അത്ര തിളക്കമില്ലാത്ത ജീവിതങ്ങളുടെ കഥ കൂടി പറയാനുണ്ട്.

 

സ്വര്‍ണം കുഴിച്ചെടുക്കാനായി എടുത്ത നൂറുകണക്കിന് കുഴികളില്‍ ചെളി നിറഞ്ഞിരിക്കുന്നതിന്റെ ചിത്രമാണ് ബഹിരാകാശത്തു നിന്നുള്ള കാഴ്ച്ചയില്‍ സ്വര്‍ണ നിറത്തില്‍ തിളങ്ങുന്നത്. ആമസോണ്‍ കാടുകളിലെ സ്വര്‍ണ ശേഖരം തിരഞ്ഞുപോയ ഭാഗ്യാന്വേഷികള്‍ പ്രകൃതിയില്‍ സൃഷ്ടിച്ച അടയാളങ്ങളാണവ. സ്വര്‍ണത്തിനുവേണ്ടി എടുത്ത ഓരോ കുഴികളും ചളിക്കുണ്ടുകളായി മാറിയിരിക്കുന്നുവെന്നാണ് ടെക്‌സസ് സ്റ്റേറ്റ് സര്‍വ്വകലാശാലയിലെ ജസ്റ്റിന്‍ വില്‍ക്കിന്‍സണ്‍ പറയുന്നത്. 

 

ഭൂമിയിലെ തന്നെ ഏറ്റവും കൂടുതല്‍ സ്വതന്ത്ര സ്വര്‍ണ ഖനി വ്യവസായങ്ങളുള്ള പെറുവിയന്‍ സ്റ്റേറ്റാണ് മാഡ്രെ ഡി ഡിയോസ്. സര്‍ക്കാരിന്റെ യാതൊരു നിയന്ത്രണവുമില്ലാത്ത സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന 30000ത്തോളം ഖനി വ്യവസായങ്ങളാണ് ഇവിടെയുള്ളത്. ഇവ ഖനനത്തിനിടെ തീര്‍ത്ത എണ്ണമറ്റ കുഴികളും അടയാളങ്ങളുമാണ് ഈ 'സ്വര്‍ണ നദി' യുടെ അങ്ങോളമിങ്ങോളമായുള്ളത്. ഈ സ്വര്‍ണ ഖനനം പ്രദേശത്തെ ആമസോണ്‍ കാടിന്റെ ഭാഗം നശിപ്പിച്ചതിന് കയ്യും കണക്കുമില്ല. മേഖലയിലെ വനനശീകരണത്തിന്റെ ഒന്നാം നമ്പര്‍ കാരണമായാതാണ് പ്ലൊസ് വണ്‍ ജേണല്‍ സ്വര്‍ണ ഖനനത്തെ 2011ലെ പഠനത്തില്‍ വിശേഷിപ്പിച്ചത്.

 

പ്രകൃതിക്കൊപ്പം തദ്ദേശവാസികള്‍ക്കും ഈ അനിയന്ത്രിത ഖനനം വിനാശകാരിയായി മാറിയിട്ടുണ്ട്. ഖനികളില്‍ പ്രകൃതിയില്‍ നിന്നും ലഭിക്കുന്ന സ്വര്‍ണത്തെ മറ്റു ലോഹങ്ങളില്‍ നിന്നും വേര്‍തിരിക്കുന്നതിന് വ്യാപകമായി മെര്‍ക്കുറി ഉപയോഗിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ഓരോ വര്‍ഷവും 55 ടണ്‍ മെര്‍ക്കുറിയാണ് ഈ നദിയില്‍ കലരുന്നത്. മെര്‍ക്കുറി കൊണ്ട് മലിനമായ നദിയിലെ മത്സ്യത്തെ പ്രധാന ഭക്ഷണമാക്കുന്നവരാണ് തദ്ദേശവാസികള്‍. ഇവരുടെ ഭക്ഷണത്തിലാണ് ഈ സ്വര്‍ണ വേട്ടക്കാര്‍ വിഷം കലര്‍ത്തുന്നത്. 2012ല്‍ പ്ലൊസ് വണ്‍ ജേണല്‍ നടത്തിയ മറ്റൊരു പഠത്തില്‍ ഈ നദിയിലെ മത്സ്യം കഴിക്കുന്നവരുടെ ശരീരത്തില്‍ മറ്റു മത്സ്യങ്ങള്‍ കഴിക്കുന്നവരെ അപേക്ഷിച്ച് മൂന്നിരട്ടിയാണ് മെര്‍ക്കുറിയുടെ സാന്നിധ്യം കണ്ടെത്തിയത്. 2020 ഡിസംബര്‍ 24നാണ് ഈ സ്വര്‍ണ നദിയുടെ ചിത്രം രാജ്യാന്തര ബഹിരാകാശ നിലയത്തിലെ സഞ്ചാരികള്‍ പകര്‍ത്തിയത്. ആകാശത്തു നിന്നും പകര്‍ത്തിയ ഈ സ്വര്‍ണ നദിയുടെ ചിത്രത്തിനു പിന്നില്‍ തെളിയാതെ കിടക്കുന്നത് പെറുവിലെ മനുഷ്യരുടെ അത്ര തിളക്കമില്ലാത്ത ജീവിത യാഥാര്‍ഥ്യങ്ങള്‍ കൂടിയാണ്.

 

English Summary: 'Rivers of gold' rush through the Peruvian Amazon in stunning NASA photo

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com