ADVERTISEMENT

കൃത്രിമ നിയോണ്‍ വെളിച്ചങ്ങള്‍ക്ക് സമീപത്ത് താമസിക്കുന്നവരില്‍ കാൻസർ സാധ്യത കൂടുതലാണെന്ന് പഠനം. നിയോണ്‍ വെളിച്ചത്തിന്റെ പരിധിയില്‍ വരുന്നവരില്‍ തൈറോയിഡ് കാൻസറിനുള്ള സാധ്യത 55 ശതമാനം അധികമാണെന്നാണ് കണ്ടെത്തല്‍. ടെക്‌സാസ് ഹെല്‍ത്ത് സയന്‍സ് സെന്റര്‍ സര്‍വകലാശാലയിലെ ഗവേഷകരാണ് നിയോണ്‍ തെരുവുവിളക്കുകളും തൈറോയിഡ് കാൻസറും തമ്മിലുള്ള ബന്ധം കണ്ടെത്തിയിരിക്കുന്നത്.

 

കഴിഞ്ഞ ദശാബ്ദങ്ങളില്‍ വന്‍ നഗരങ്ങളിലെ തെരുവുകളിലെ വെളിച്ചം മുൻപ് ഒരിക്കലുമില്ലാത്തവിധം വര്‍ധിച്ചിരിക്കുകയാണ്. ഈ വെളിച്ച മലിനീകരണത്തിന്റെ അധികമാരും ശ്രദ്ധിക്കാതിരുന്ന അപകടമേഖലയാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. രാത്രികാലത്തെ അമിത വെളിച്ചം ബ്രസ്റ്റ് കാൻസറിന്റെ സാധ്യതയും വര്‍ധിപ്പിക്കുന്നുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ചില ബ്രസ്റ്റ് കാൻസറുകള്‍ക്ക് തൈറോയിഡ് കാൻസറുമായും നേരിട്ട് ബന്ധമുണ്ടെന്നും പഠനത്തിന് നേതൃത്വം നല്‍കിയ ക്വിയാന്‍ സിയാവോ പറയുന്നു. 

 

NIH-AARP ഹെല്‍ത്ത് സ്റ്റഡിയുടെ ഭാഗമായി 13 വര്‍ഷം കൊണ്ട് ശേഖരിച്ച 4,64,371 പേരുടെ വിവരങ്ങളാണ് ക്വിയാന്‍ സിയാവോയും സംഘവും വിശകലനം ചെയ്തത്. ഇതില്‍ അര്‍ബുദ രോഗികളുടെ വാസസ്ഥലത്തിന്റെ സാറ്റലൈറ്റ് ചിത്രങ്ങള്‍ കൂടി പരിശോധിച്ചതോടെയാണ് തെരുവു വിളക്കുകളും അര്‍ബുദവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള സൂചനകള്‍ ലഭിച്ചത്. 

'ഏറ്റവും കുറഞ്ഞ വെളിച്ചം രാത്രിയില്‍ അനുഭവിക്കേണ്ടി വരുന്നവരുമായി കൂടിയ തെരുവുവെളിച്ചം അനുഭവിക്കുന്നവരെ താരതമ്യപ്പെടുത്തിയപ്പോള്‍ തൈറോയിഡ് കാൻസറിനുള്ള സാധ്യത 55 ശതമാനം കൂടുതലാണെന്നാണ് കണ്ടെത്തിയത്' എന്ന് സിയാവോ പറയുന്നു. 

 

ഇത്തരത്തിലുള്ള തൈറോയിഡ് കാന്‍സറിനുള്ള സാധ്യത സ്ത്രീകളില്‍ കൂടുതലാണെന്നും സ്ത്രീകളില്‍ തൈറോയിഡ് കാൻസര്‍ ബാധിച്ചവര്‍ക്ക് മറ്റു ഭാഗങ്ങളിലേക്ക് എളുപ്പത്തില്‍ കാൻസര്‍ വരുന്നില്ലെന്നും കണ്ടെത്തി. അതേസമയം, പുരുഷന്മാരില്‍ വേഗത്തില്‍ തൈറോയിഡ് കാൻസര്‍ ഗുരുതരമാകുന്നുണ്ടെന്നും പഠനം പറയുന്നു. 

 

ലഭ്യമായ വിവരങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് തെരുവു വിളക്കിന്റെ വെളിച്ചവും തൈറോയിഡ് അര്‍ബുദ സാധ്യതയും തമ്മില്‍ ബന്ധപ്പെടുത്തിയിരിക്കുന്നതെന്നും വിഷയത്തില്‍ കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്നുമാണ് സിയാവോ പറയുന്നത്. അതേസമയം, ഉറങ്ങുന്ന സമയത്തെ അമിത വെളിച്ചത്തിന്റെ സാന്നിധ്യം ഉറക്കത്തെയും വൈകാതെ ജൈവ ഘടികാരത്തേയും ബാധിക്കുന്നുവെന്ന് നേരത്തെ തെളിഞ്ഞിട്ടുള്ളതാണ്. വെളിച്ച മലിനീകരണത്തെക്കുറിച്ച് ബോധ്യം വന്ന പല വന്‍ നഗരങ്ങളും ഇതിനകം തന്നെ തെരുവു വിളക്കുകളുടെ വെളിച്ചത്തില്‍ നിയന്ത്രണം കൊണ്ടുവന്നിട്ടുമുണ്ട്. കാൻസര്‍ ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

 

English Summary: Street lamps can increase your risk of Cancer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com