ADVERTISEMENT

2021 പിറന്നു വീണപ്പോൾ തന്നെ പല ആളുകളും ആദ്യം നോക്കിയത് പ്രഞ്ച് ഭാവി നിരീക്ഷകനായ നോസ്ത്രഡാമസ് എന്തൊക്കെയാണ് ഈ വർഷത്തെ പറ്റി എഴുതി വച്ചിരിക്കുന്നതെന്നാണ്. താമസിയാതെ തന്നെ വയറു നിറച്ചു കിട്ടി. എല്ലാം വളരെ നല്ല കാര്യങ്ങളാണ്. ഒരു വമ്പൻ ഛിന്നഗ്രഹം ഭൂമിയെ വന്ന് ഇടിക്കാനുള്ള സാധ്യത, ലോകമെങ്ങും ക്ഷാമം,കലിഫോർണിയയിൽ നവംബർ 25നു ഒരു വലിയ ഭൂകമ്പം... ഒരുപാടു ദുരന്തങ്ങളാണ് നോസ്ത്രഡാമസ് 2021ലേക്കായി പറഞ്ഞിരിക്കുന്നത്. ഇതിലെ ഒരു പ്രവചനം ഞെട്ടിക്കുന്നതാണ്. ഭൂമിയിൽ ഒരു രോഗബാധ മൂലം മൃതമനുഷ്യർ (സോംബികൾ) ഉടലെടുക്കുമെന്നും നോസ്ത്രഡാമസ് മുൻകൂട്ടി കണ്ടിരിക്കുന്നത്രേ...

 

കൊറോണ കൊണ്ടു തന്നെ അടിമുടി ഞെട്ടിയിരിക്കുകയാണ്, അപ്പോഴാണ് ഇനി സോംബികൾ കൂടി വന്നു ഞെട്ടിക്കാൻ പോകുന്നത്. പലരും ഇതെല്ലാം കേട്ടു പേടിച്ചു വിറച്ചു. ഫോറങ്ങളിലും മീഡിയ സൈറ്റുകളിലുമെല്ലാം നോസ്ത്രഡാമസിന്റെ പ്രവചനങ്ങളെക്കുറിച്ചുള്ള വാർത്തകൾ നിറഞ്ഞു. ഇതിനിടെ ജനുവരി മുതലുള്ള കാലയളവിൽ അഞ്ചോളം ഛിന്നഗ്രഹങ്ങൾ ഭൂമിയുടെ ഭ്രമണപഥത്തിനു സമീപത്തു കൂടി കടന്നു പോയി. മാർച്ച് 21നു ഒരു കിലോമീറ്റർ വ്യാസമുള്ള ആസ്റ്ററോയ്ഡ് 2001 എഫ്ഒ 32 എന്ന ഛിന്നഗ്രഹം ഭൂമിയുടെ ഭ്രമണപഥത്തിനു സമീപത്തുകൂടി പാഞ്ഞുപോകുമെന്ന് നാസ പ്രഖ്യാപിച്ചു. മാർച്ച് ആദ്യവാരം തന്നെ അപോഫിസ് എന്ന കുപ്രസിദ്ധനായ മറ്റൊരു ഛിന്നഗ്രഹവും ഭൂമിക്കരികിലൂടെ കടന്നുപോകുമെന്നും പ്രവചനമുണ്ട്. ഇതെല്ലാം അറിഞ്ഞതോടെ നോസ്ത്രഡാമസിന്റെ പ്രവചനങ്ങളെല്ലാം ശരിയായി വരുന്നെന്ന് ആളുകൾ കണക്കുകൂട്ടി.

 

∙ ലോകത്തെ ഞെട്ടിച്ച പ്രവചനങ്ങൾ

 

മധ്യകാലഘട്ടത്തിലെ ഫ്രാൻസിൽ ജീവിച്ചിരുന്ന ഒരു വ്യക്തിയായിരുന്നു നോസ്ത്രഡാമസ്.1505ൽ ജനിച്ചെന്നു കരുതപ്പെടുന്ന അദ്ദേഹം ജീവിതത്തിന്റെ ആദ്യ കുറേക്കാലം അപ്പോത്തിക്കരിയായി ജോലി ചെയ്തു.പ്ലേഗ് ബാധിച്ച യൂറോപ്പിലുടനീളം ആൾക്കാരെ സഹായിക്കുകയും ചികിൽസിക്കുകയും നോസ്ത്രഡാമസ് ചെയ്തിട്ടുണ്ട്. പിന്നീട് 1529 ൽ ഡോക്ടർ ആകാനുള്ള പഠനത്തിനായി ഫ്രാൻസിലെ പ്രശസ്തമായ മോണ്ട്പെല്ലിയർ സർവകലാശാലയിൽ അദ്ദേഹം പ്രവേശനം തേടിയെങ്കിലും ഇതു പൂർത്തികരിച്ചോ എന്ന കാര്യത്തിൽ സംശയമുണ്ട്.

 

1555 ലാണ് ഭാവിയിലേക്കുള്ള തന്റെ പ്രവചനങ്ങൾ ഉൾപ്പെടുത്തി ‘ലെ പ്രൊഫെസീസ്’ അഥവാ പ്രവചനങ്ങൾ എന്ന പുസ്തകം രചിച്ചത്. ഈ പുസ്തകം വാങ്ങി വായിച്ച ആളുകളിലൂട നോസ്ത്രഡാമസ് പ്രശസ്തനായി തുടങ്ങി. ഇതിനിടെ ഫ്രാൻസിലെ ഹെന്റി രണ്ടാമൻ രാജാവിന്റെ പത്നിയായ കാതറീൻ റാണിയുടെ ശ്രദ്ധ നോസ്ത്രഡാമസിൽ പതിഞ്ഞു. ഭാവി പ്രവചനങ്ങളിലും ആഭിചാരത്തിലുമൊക്കെ താൽപര്യമുണ്ടായിരുന്ന റാണി നോസ്ത്രഡാമസിനെ ഇക്കാര്യങ്ങളിൽ തന്റെ ഉപദേശകനെന്ന നിലയിൽ നിയമിച്ചതോടെ അദ്ദേഹത്തിന്റെ രാശി തെളിഞ്ഞു.

 

അന്നു മുതൽ ഇന്നു വരെ ഭാവിയെപ്പറ്റി പറയുന്നവരുടെയിടയിൽ അനിഷേധ്യനാണ് നോസ്ത്രഡാമസ്. ഇന്നത്തെ ഈ ഐടി യുഗത്തിലും അദ്ദേഹത്തിനു ലോകമെങ്ങും ആരാധകരുണ്ട്. ഇവരിൽ പലരും അദ്ദേഹത്തെ സ്നേഹത്തോടെ ‘നോസ്റ്റി’ എന്നാണു വിളിക്കുന്നത്. ലോകത്തെന്തു നടന്നാലും അതു നോസ്റ്റി നേരത്തെ പറഞ്ഞിട്ടുണ്ടെന്ന വാദവുമായി വരാൻ ഇവർ മുൻപന്തിയിലാണ്.

 

നോസ്ത്രഡാമസിന്റെ ചില പ്രവചനങ്ങൾ ശരിക്കും സത്യമായെന്ന് അദ്ദേഹത്തിന്റെ ആരാധകർ പറയാറുണ്ട്. ഫ്രാൻസിലെ രാജാവായ ഹെൻറി രണ്ടാമന്റെ മരണം, ലണ്ടനിൽ 1666ൽ സംഭവിച്ച തീപിടിത്തം, ഫ്രഞ്ച് വിപ്ലവം, നെപ്പോളിയന്റെ അധികാരത്തിലേക്കുള്ള പ്രവേശനം,ലൂയി പാസ്ചറുടെ ജീവിതം, ഹിറ്റ്ലറുടെ തേർവാഴ്ചകൾ, ആറ്റം ബോംബ്, യുഎസ് പ്രസിഡന്റ് ജോൺ എഫ്. കെന്നഡിയുടെ മരണം തുടങ്ങിയവയൊക്കെ ഇക്കൂട്ടത്തിൽ പെടും.

 

∙ പ്രവചനങ്ങളിൽ ‌കഴമ്പുണ്ടോ?

 

എന്നാൽ നോസ്ത്രഡാമസിന്റെ പ്രവചനങ്ങൾ യാതൊരു വസ്തുതയുമില്ലാത്തതാണെന്നു പല വിദഗ്ധരും അഭിപ്രായപ്പെട്ടിട്ടുണ്ട്. എന്നിട്ടും എന്തുകൊണ്ട് അവ നിലനിൽക്കുന്നു? യുഎസിലെ പ്രശസ്ത ശാസ്ത്രലേഖകനായ എവറെറ്റ് ബ്ലേല്ലിയർ ഇതിന് ഉത്തരം പറയുന്നുണ്ട്. നാലുവരി വീതം നീളമുള്ള കവിതാരൂപത്തിലാണ് അദ്ദേഹം പ്രവചനങ്ങൾ പ്രോഫസി എന്ന പുസ്തകത്തിൽ എഴുതിയത്. വളരെ സിംബോളിക് ആയ രീതിയിലാണ് നോസ്ത്ര‍ാമസിന്റെ പ്രവചനങ്ങൾ. വ്യക്തതയില്ലായ്മ അതിന്റെ മുഖമുദ്രയാണ്.

 

ഉദാഹരണത്തിന് ഒരു സ്ഥലപ്പേരൊന്നും കൃത്യമായി പറയില്ല. വലിയൊരു സിറ്റിയിൽ അപകടം സംഭവിക്കുമെന്നാകും പറയുക. ആ സിറ്റി ഏതു നഗരവുമാകാം. പാരിസ്, ന്യൂയോർക്, ലണ്ടൻ അങ്ങനെ ഏതും.എവിടെയെങ്കിലും ഒരപകടം സംഭവിച്ചു കഴിഞ്ഞാൽ അതു നോസ്ത്രഡാമസ് പ്രവചിച്ചതാണെന്ന് എളുപ്പം പറയാം. കാരണം ഏതോ ഒരു സിറ്റിയിൽ അപകടം സംഭവിക്കുമെന്ന് അദ്ദേഹം എഴുതിയിട്ടുണ്ട്. ഇപ്പോഴത്തെ പ്രവചനമായ ഛിന്നഗ്രഹത്തിന്റേതും ഇത്തരമൊരു പറച്ചിലാണ്. 2021ൽ ഭൂമിയിലെ ആകാശത്ത് തീയും തീപ്പൊരികളുമൊക്കെ വരുമെന്നാണ് അദ്ദേഹം പറഞ്ഞത്. ഇതിനെ ഛിന്നഗ്രഹമാക്കാൻ എന്തെളുപ്പമാണ്. ഛിന്നഗ്രഹം മാത്രമല്ല,വാൽനക്ഷത്രമോ,ഉൽക്കയോ എന്തുവേണമെങ്കിലും ആക്കിമാറ്റാം. ഛിന്നഗ്രഹങ്ങളും ഉൽക്കകളുമൊക്കെ കൃത്യമായ ഇടവേളകളിൽ ഭൂമിക്കരികിലൂടെ പോകാറുമുണ്ട്. കഴിഞ്ഞ വർഷവും നാസ പല ഛിന്നഗ്രഹങ്ങളെപ്പറ്റിയും മുന്നറിയിപ്പു തന്നിരുന്നു.

 

അതു പോലെ തന്നെ ചരിത്രത്തിൽ നടന്ന സംഭവങ്ങൾ വീണ്ടും ആവർത്തിക്കുമെന്ന വിശ്വാസക്കാരനായിരുന്നു നോസ്ത്രഡാമസ്. ഉദാഹരണത്തിന് ഒരു നഗരത്തിൽ തീപിടിത്തമോ യുദ്ധമോ വെള്ളപ്പൊക്കമോ നടന്നു. ഇത് അദ്ദേഹം ഭാവി പ്രവചനങ്ങളിൽ ഉപയോഗിക്കും. തിപീടിത്തവും വെള്ളപ്പൊക്കവുമൊക്കെ വീണ്ടും വീണ്ടും സംഭവിക്കാവുന്ന കാര്യങ്ങളാണല്ലോ. അന്നത്തെ കാലത്തെ യൂറോപ്പിലെ പ്രശസ്തമായ ജ്യോതിഷികളും നോസ്ത്രഡാമസിനെ തള്ളിപ്പറഞ്ഞിരുന്നു. ഇതെല്ലാം പരിഗണിക്കുമ്പോൾ നമ്മൾ പേടിക്കേണ്ട കാര്യമില്ല കേട്ടോ... 2021ൽ സോംബികളൊന്നും ഇവിടെയെത്താൻ പോകുന്നില്ല.

 

∙ നോസ്റ്റിയുടെ പേരിൽ കള്ളത്തരങ്ങളും

 

കഴിഞ്ഞ വർഷം. കോവിഡ് ഇറ്റലിയിൽ ശക്തമായിത്തുടങ്ങുന്ന കാലം. ലോകത്തെ മുഴുവൻ പ്രതിസന്ധിയിലാക്കിയ മഹാമാരിയെക്കുറിച്ച് നോസ്ത്രഡാമസ് നേരത്തെ പ്രവചിച്ചിരുന്നു എന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ ധാരാളം പോസ്റ്റുകൾ പറന്നു. ‘ഒരു ഇരട്ട വർഷം(2020), കിഴക്കു നിന്ന് (ചൈന) ഒരു രാജ്ഞി വരും (കൊറോണ). ഏഴു മലകളുടെ നാടിനെ (ഇറ്റലി) ഇതു മഹാമാരിയിൽ മുക്കും. ഇതു ലോക സമ്പദ്ഘടനയുടെ അന്ത്യത്തിന്റെ തുടക്കമായിരിക്കും.’ എന്ന് നോസ്ത്രഡാമസ് പ്രോഫസീസ് എന്ന തന്റെ പുസ്തകത്തിൽ എഴുതിയിട്ടുണ്ടെന്നായിരുന്നു ഇതിന്റെ ഉള്ളടക്കം.

 

കൊറോണയേക്കാൾ വേഗത്തിൽ ഈ പോസ്റ്റുകൾ പരന്നു തുടങ്ങിയതോടെ പ്രമുഖ ന്യൂസ് ഏജൻസിയായ റോയിട്ടേഴ്സ് ഇതിനെക്കുറിച്ച് ഒരു പരിശോധന നടത്തി. അങ്ങനെയൊരു കാര്യം നോസ്ത്രഡാമസ് പറഞ്ഞിട്ടേയില്ലെന്നാണ് റോയിട്ടേഴ്സ് കണ്ടെത്തിയത്. അമേരിക്കയിൽ വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തെക്കുറിച്ചും നോസ്ത്രഡാമസ് പ്രവചിച്ചിട്ടുണ്ടെന്ന് പണ്ട് പ്രചരണങ്ങളുണ്ടായിരുന്നു. എന്നാൽ ഇതും കള്ളമാണെന്നു പിന്നീട് തെളിഞ്ഞു.

 

English Summary: From zombie apocalypse and global famine to meteor strike and WW3, here are Nostradamus' predictions for 2021

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com