sections
MORE

5ജി ഫോണുകൾ വിമാനങ്ങളുടെ ടേക്ക് ഓഫിനും ലാന്‍ഡിങ്ങിനും ഭീഷണിയാകുമെന്ന് മുന്നറിയിപ്പ്

spiritairlines
SHARE

5ജി ഫോണുകള്‍ ഉപയോഗിക്കുന്ന യാത്രികര്‍ വിമാനം പറന്നുയരുമ്പോഴും ഇറങ്ങുമ്പോഴും നിര്‍ബന്ധമായും ഹാൻഡ്സെറ്റുകൾ ഓഫാക്കണമെന്ന് ഫ്രഞ്ച് സിവില്‍ വ്യോമയാന മന്ത്രാലയം. 5ജി ഉപകരണങ്ങളില്‍ നിന്നുള്ള സിഗ്നലുകള്‍ വിമാനങ്ങളുടെ ഉയരം അളക്കുന്ന അള്‍ട്ടിമീറ്റര്‍ ഉള്‍പ്പടെയുള്ളവയുടെ പ്രവര്‍ത്തനം താറുമാറാക്കാനുള്ള സാധ്യത കണക്കിലെടുത്താണ് ഈ മുന്നറിയിപ്പെന്നും മന്ത്രാലയം വ്യക്തമാക്കുന്നു.

വിമാനങ്ങളിലെ 5ജി ഉപയോഗം സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ ഫ്രഞ്ച് സിവില്‍ വ്യോമയാന മന്ത്രാലയം വിമാന കമ്പനികള്‍ക്ക് നല്‍കി കഴിഞ്ഞു. ഇതു പ്രകാരം വിമാനങ്ങള്‍ പറന്നുയരുമ്പോഴും ഇറങ്ങുമ്പോഴും 5ജി ഫോണുകള്‍ ഓഫാക്കുകയോ എയര്‍പ്ലെയിന്‍ മോഡിലേക്ക് മാറ്റുകയോ ചെയ്യണം. അള്‍ട്ടിമീറ്റര്‍ അടക്കമുള്ള വിമാനത്തിലെ നിര്‍ണായകമായ ഉപകരണങ്ങളുടെ തരംഗദൈര്‍ഘ്യത്തോട് അടുത്തോ അതിനേക്കാള്‍ ഉയര്‍ന്നു നില്‍ക്കുന്നതോ ആയ തരംഗങ്ങളാണ് 5ജി ഫോണുകളില്‍ നിന്നും വരുന്നത്. ഇത് ഉപകരണങ്ങളുടെ റീഡിങ്ങില്‍ മാറ്റം വരുത്തുമെന്നതാണ് അപായ മുന്നറിയിപ്പിന് പിന്നില്‍.

വിമാനങ്ങള്‍ പറന്നുയരുമ്പോഴും ഇറങ്ങുമ്പോഴും മൊബൈല്‍ ഫോണുകളുടെ ഉപയോഗത്തിന് നേരത്തെ തന്നെ നിയന്ത്രണങ്ങളുണ്ട്. അതേസമയം, പല വിമാന കമ്പനികളും മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കാനും കോളുകള്‍ ചെയ്യാനും യാത്രക്കാരെ അനുവദിക്കാറുണ്ട്. ഇതാണ് കര്‍ശനമായി പ്രത്യേക മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കാനുള്ള കാരണം. 5ജി ഫോണുകളുടെ ഉപയോഗത്തെ തുടര്‍ന്ന് വിമാനങ്ങളിലെ ഉപകരണങ്ങളില്‍ എന്തെങ്കിലും മാറ്റങ്ങള്‍ ദൃശ്യമായാല്‍ ഉടന്‍ തന്നെ എയര്‍ക്രൂ എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാര്‍ വഴി വിമാനത്താവള അധികൃതരെ അറിയിക്കണമെന്നും ഫ്രഞ്ച് സിവില്‍ വ്യോമയാന മന്ത്രാലയം പുറപ്പെടുവിച്ച നിര്‍ദേശത്തിലുണ്ട്.

മുന്‍ തലമുറകളെ അപേക്ഷിച്ച് ഉയര്‍ന്ന വേഗത്തിലുള്ള കണക്ടിവിറ്റിയും ബാന്‍ഡ്‌വിഡ്ത്തും 5ജിക്കുണ്ട്. ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍ക്ക് ഇതിനനുസരിച്ചുള്ള അധിക വേഗവും കൂടുതല്‍ ഉപകരണങ്ങള്‍ കൂട്ടിച്ചേര്‍ക്കാനുള്ള സൗകര്യവും 5ജിയില്‍ ലഭിക്കും. അതേസമയം, കുറഞ്ഞ ദൂരത്തേക്ക് മാത്രമേ 5ജി സിഗ്നലുകള്‍ സഞ്ചരിക്കൂ എന്നതാണ് പ്രധാന ന്യൂനത. അതുകൊണ്ട് കൂടുതല്‍ ബേസ് സ്റ്റേഷനുകളും ടവറുകളും 5ജി മൊബൈല്‍ നെറ്റ്‌വര്‍ക്കിന് ആവശ്യമാണ്. ഇത്തരം 5ജി ടവറുകളും മറ്റും വിമാനത്താവളങ്ങള്‍ക്ക് അടുത്ത് വേണ്ടെന്നും ഫ്രഞ്ച് വ്യോമയാന മന്ത്രാലയത്തിന്റെ നിര്‍ദേശത്തിലുണ്ട്.

ഫ്രാന്‍സില്‍ 5ജി സാങ്കേതികവിദ്യക്കുള്ള അനുമതി ഔദ്യോഗികമായി നല്‍കിയതിന് പിന്നാലെയാണ് വ്യോമയാന മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങളും വന്നിരിക്കുന്നത്. 5ജി സാങ്കേതികവിദ്യക്കൊപ്പം നിരവധി ഗൂഢാലോചനാ സിദ്ധാന്തങ്ങളും വ്യാപകമായി പ്രചരിക്കുന്നുണ്ട്. മുന്‍ തലമുറകളെ അപേക്ഷിച്ച് 3 മുതല്‍ 300 ജിഗാഹെട്‌സ് വരെ ഉയര്‍ന്ന ഫ്രീക്വന്‍സിയാണ് ഇതില്‍ ഉപയോഗിക്കുന്നത്. അതേസമയം, മരങ്ങളും ചുമരുകളും അടക്കമുള്ളവയുടെ തടസങ്ങള്‍ പോലും 5ജിയുടെ അള്‍ട്രാഹൈ തരംഗങ്ങളെ ബാധിക്കും. ഇത് കൂടുതല്‍ ടവറുകള്‍ക്ക് കാരണമായതും ഗൂഢാലോചനാ സിദ്ധാന്തങ്ങള്‍ക്ക് വഴിമരുന്നിട്ടു. 

5ജിയുടെ ഉയര്‍ന്ന തരംഗദൈര്‍ഘ്യമുള്ള തരംഗങ്ങള്‍ അര്‍ബുദത്തിന് കാരണമാകുന്നുവെന്നതായിരുന്നു ഇത് സംബന്ധിച്ച് വലിയ പ്രചാരം ലഭിച്ച ഒന്ന്. ബ്രിട്ടന്‍ അടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ 5ജി ടവറുകള്‍ കത്തിക്കുന്നതിലേക്ക് വരെ ഈ ഓണ്‍ലൈന്‍ പ്രചാരണം കാരണമായി. അതേസമയം, ഇത്തരം ഊഹാപോഹങ്ങളില്‍ കഴമ്പില്ലെന്ന് ലോകാരോഗ്യ സംഘടന തന്നെ വിശദീകരിച്ചിട്ടുണ്ട്. റേഡിയേഷന്‍ നിരീക്ഷക സമിതിയായ ഇന്റർനാഷണൽ കമ്മിഷൻ ഓൺ നോൻ–ലോനിസിങ് റേഡിയേഷൻ പ്രൊട്ടക്‌ഷനും (ICNIRP) 5ജി കൊണ്ട് പ്രത്യേകമായി ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് വ്യക്തമാക്കി കഴിഞ്ഞു. ആരോഗ്യപ്രശ്‌നങ്ങള്‍ തെറ്റായ ആരോപണമാണെങ്കിലും 5ജി തരംഗങ്ങള്‍ മറ്റ് ഉപകരണങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിക്കാനിടയുണ്ടെന്ന മുന്നറിയിപ്പാണ് ഫ്രഞ്ച് വ്യോമയാന മന്ത്രാലയം ഇപ്പോള്‍ നല്‍കിയിരിക്കുന്നത്.

English Summary: 5G smartphones can interfere with Critical aircraft instruments

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA