sections
MORE

ഐന്‍സ്റ്റീനിയത്തിന്റെ പുതിയ കണ്ടെത്തലുകളുമായി ഗവേഷകർ

Einsteinium
Credit: Marilyn Sargent/Berkeley Lab
SHARE

റേഡിയോ ആക്ടീവ് മൂലകമായ ഐന്‍സ്റ്റീനിയത്തിന്റെ ഘടനാപരവും രാസപരവുമായ നിര്‍ണായക വിവരങ്ങള്‍ കണ്ടെത്തി ശാസ്ത്രജ്ഞര്‍. വിഖ്യാത ശാസ്ത്രജ്ഞന്‍ ആൽബർട്ട് ഐൻസ്റ്റൈനിന്റെ ബഹുമാനാര്‍ഥം ഐന്‍സ്റ്റീനിയം എന്ന് പേരിട്ടിരിക്കുന്ന ഈ മൂലകത്തിന്റെ വിശദാംശങ്ങളാണ് ശാസ്ത്രം തിരിച്ചറിഞ്ഞിരിക്കുന്നത്. അമേരിക്കയിലെ വിവിധ പരീക്ഷണശാലകളിലെ ശാസ്ത്രജ്ഞര്‍ ഒന്നിച്ച് നടത്തിയ ശ്രമമാണ് നിഗൂഢമായ ഐന്‍സ്റ്റീനിയത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തെത്തിച്ചത്. 

കാലിഫോര്‍ണിയയിലെ ബെക്കലെ നാഷണല്‍ ലബോറട്ടറിയിലെ കെമിസ്റ്റ് റെബേക്ക അബെര്‍ജെലും സംഘവുമാണ് നേച്ചുര്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിന് പിന്നില്‍. ഐന്‍സ്റ്റീനിയത്തെക്കുറിച്ചുള്ള പുതിയ വിവരങ്ങള്‍ സമാനമായ സാന്ദ്രതയുള്ള മൂലകങ്ങളുടെ പഠനത്തിന് ശാസ്ത്രലോകത്തെ സഹായിക്കുമെന്നാണ് കരുതപ്പെടുന്നത്. സാന്ദ്രത ഏറിയ മൂലകങ്ങളെക്കുറിച്ചുള്ള അറിവുകള്‍ അതീവ പ്രാധാന്യമുള്ളതാണെന്നതിനാല്‍ ഈ പഠനത്തിന് ശാസ്ത്ര സമൂഹം ഏറെ പ്രാധാന്യം കല്‍പിക്കുന്നുണ്ട്. 

പിരിയോഡിക് ടേബിളില്‍ ഏറ്റവും ഒടുവിലായി കാണപ്പെടുന്ന സാന്ദ്രത കൂടിയ മൂലകങ്ങള്‍ വളരെ കുറഞ്ഞ അളവിലാണ് പലപ്പോഴും ലഭ്യമാകുന്നത് എന്നതും കുറഞ്ഞ ആയുസാണുണ്ടാവുക എന്നതുമാണ് ഇവയെ വിശകലനം ചെയ്യുമ്പോള്‍ നേരിടുന്ന പ്രധാന വെല്ലുവിളികളെന്ന് ഫിസിക്‌സ് വേള്‍ഡ് റിപ്പോര്‍ട്ട് വിവരിക്കുന്നു. പിരിയോഡിക് ടേബിളില്‍ യുറേനിയത്തിന് തൊട്ടടുത്തായുള്ള ഐന്‍സ്‌റ്റേനിയത്തിന്റെ അറ്റോമിക നമ്പര്‍ 99ആണ്. ഏതാണ്ട് 250 എന്‍.ജി(നാനോഗ്രാം പെര്‍ മില്ലിലിറ്റര്‍) ഐന്‍സ്റ്റേനിയമാണ് അബെര്‍ജലും സംഘവും ടെന്നസിയിലെ ഓക് റിഡ്ജ് നാഷണല്‍ ലബോറട്ടറിയില്‍ വിശകലനം ചെയ്തത്. 

എളുപ്പത്തില്‍ നശിച്ചുപോകുന്നത് തടയാനായി ലിഗന്‍ഡ്‌സ് എന്ന് വിളിക്കുന്ന ജൈവ കണികകളുമായി ചേര്‍ത്താണ് ഐന്‍സ്റ്റീനിയത്തെ സൂക്ഷിച്ചത്. ഇതിനെ എക്‌സ് റേ അബ്‌സോര്‍പ്ഷന്‍ സ്‌പെക്ട്രോസ്‌കോപിക്ക് വിധേയമാക്കിയാണ് ഐന്‍സ്റ്റീനിയത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചത്. ഐന്‍സ്റ്റീനിയം കണികകളുടെ പരസ്പര ബന്ധത്തിന്റെ അളവും വിശദാംശങ്ങളും അബെര്‍ജലും കൂട്ടരും മനസ്സിലാക്കി. ആക്ടിനൈഡ്‌സ് എന്ന് വിളിക്കുന്ന 90നും 103നും ഇടക്ക് അറ്റോമിക് നമ്പറുകളുള്ള മൂലകങ്ങളില്‍ നിന്നും ഐന്‍സ്റ്റീനിയം എത്രത്തോളം വ്യത്യാസപ്പെട്ടിരിക്കുന്നുവെന്നും ഈ പഠനത്തില്‍ നിന്നും മനസ്സിലാക്കി.

കൃത്രിമമായി നിര്‍മിക്കപ്പെട്ട മനുഷ്യ നിര്‍മിത മൂലകമാണ് ഐന്‍സ്റ്റീനിയം. ആദ്യ ഹൈഡ്രജന്‍ ബോംബ് സ്‌ഫോടനത്തില്‍ നിന്നും 1952ല്‍ ഐവി മൈക്ക് എന്ന ശാസ്ത്രജ്ഞനാണ് ഐന്‍സ്റ്റീനിയത്തെ തിരിച്ചറിഞ്ഞത്. വളരെ ചെറിയ അളവില്‍ മാത്രമേ നിര്‍മിക്കപ്പെട്ടിട്ടുള്ളൂവെങ്കിലും ഐന്‍സ്റ്റീനിയത്തിന് വെള്ളി നിറമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

English Summary: Named After Einstein, Radioactive Element 'Einsteinium' Is Finally Decrypted

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA