ADVERTISEMENT

മുൻകാല ജീവിത അടയാളങ്ങൾ തേടി നാസയുടെ റോവർ ചുവന്ന ഗ്രഹത്തിൽ‌ ലാൻഡ് ചെയ്തത് കഴിഞ്ഞ ദിവസമാണ്. ഈ അവസരത്തിൽ ഇന്ത്യയുടെ അടുത്ത ചൊവ്വാ ദൗത്യത്തിന്റെ വിവരങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ (ഇസ്രോ) മേധാവി കെ. ശിവൻ. ഇന്ത്യയും രണ്ടാമത്തെ ചൊവ്വാ ദൗത്യത്തിനു ഒരുങ്ങുകയാണെന്നും അതൊരു ഓർബിറ്റർ ആയിരിക്കുമെന്നും ഇസ്രോ മേധാവി പറഞ്ഞു.

 

എന്നാൽ, മംഗൾയാൻ -2 എന്ന് പേരിട്ടിരിക്കുന്ന ദൗത്യം എപ്പോൾ തയാറാകുമെന്ന് ഇതുവരെ അറിവായിട്ടില്ല. ഇന്ത്യയുടെ വരാനിരിക്കുന്ന ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ -3 വിക്ഷേപിച്ചതിനുശേഷം മാത്രമേ മംഗൾയാൻ -2 ഏറ്റെടുക്കുകയുള്ളൂവെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നത്. ചന്ദ്രയാൻ -3 ദൗത്യത്തിൽ ചന്ദ്രോപരിതലത്തിൽ ഒരു റോവർ ഇറക്കുകയാണ് ഇസ്രോ ലക്ഷ്യമിടുന്നത്. കൊറോണ വൈറസ് മഹാമാരി കാരണമാണ് ദൗത്യം വൈകിയത്. 2022 ൽ തന്നെ ഇത് നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

 

അതേസമയം, ചൊവ്വയിലെ ലാൻഡിങ് ഏറെ വെല്ലുവിളികൾ നിറഞ്ഞതാണെന്നാണ് ശിവൻ പറഞ്ഞത്. ആദ്യത്തെ മാർസ് ഓർബിറ്റർ മിഷൻ (MOM) വിജയിച്ചതിനുശേഷം MOM-2 ദൗത്യം നടത്താനും ഇസ്രോ നേരത്തെ തന്നെ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.

 

∙ ഇന്ത്യക്കിത് അഭിമാന നിമിഷം, കാലാവധി കഴിഞ്ഞിട്ടും മംഗൾയാൻ ചിത്രങ്ങൾ പകർത്തി അയക്കുന്നു

 

ഇന്ത്യയുടെ ആദ്യത്തെ ചൊവ്വാ ദൗത്യമായ മംഗൾയാൻ -1 ഇപ്പോഴും മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്നും ഡേറ്റ അയക്കുന്നുണ്ടെന്നും ശിവൻ പറഞ്ഞു. ഇന്ത്യയുടെ ചൊവ്വാ ദൗത്യമായ മംഗൾയാൻ പ്രയാണം തുടരുകയാണ്. 2013 നവംബർ അഞ്ചിനു തുടങ്ങിയ ദൗത്യം ഇതിനകം രണ്ടായിരത്തിലേറെ ദിവസങ്ങൾ പിന്നിട്ടിട്ടും പ്രവർത്തനം സജീവമാണ്. കാലാവധി കഴിഞ്ഞിട്ടും ചൊവ്വാഭ്രമണം തുടരുകയാണ് മംഗൾയാൻ. പ്രൊപ്പൽഷൻ സിസ്റ്റത്തിന്റെ കാര്യക്ഷമതയാണ് പേടകത്തിന്റെ ആയുസ് കൂട്ടിയതെന്നാണ് റിപ്പോർട്ട്. 2020 ജൂലൈ ഒന്നിന് 4,200 കിലോമീറ്റർ അകലത്തിൽ നിന്ന് ചൊവ്വയുടെ ചന്ദ്രനായ ഫോബോസിന്റെ ചിത്രം മാർസ് ഓർബിറ്റർ ക്യാമറ പകർത്തിയിരുന്നു.

 

ഇസ്‌റോയുടെ ആദ്യത്തെ ഇന്റർപ്ലാനറ്ററി ദൗത്യത്തിന്റെ ഭാഗമായ മാർസ് ഓർബിറ്ററിലുള്ള മാർസ് കളർ ക്യാമറ (എംസിസി)യാണ് ഫോബോസിന്റെ ചിത്രം പകർത്തിയത്. ചൊവ്വയെ പരിക്രമണം ചെയ്യുന്ന രണ്ട് ഉപഗ്രഹങ്ങളായ ഫോബോസ്, ഡീമോസ് എന്നിവ അന്വേഷിക്കുന്നതിനാണ് എംസിസി ക്യാമറ കോണ്ട് ലക്ഷ്യമിടുന്നത്.

 

ഇന്ത്യയുടെ ചൊവ്വാ ദൗത്യം മംഗൾയാൻ ദൗത്യം ഇപ്പോഴും തുടരുന്നുവെന്നാണ് ഇതിൽ നിന്ന് മനസ്സിലാകുന്നത്. ശ്രീഹരിക്കോട്ടയിൽ നിന്ന് ഇന്ത്യയുടെ മംഗൾയാൻ യാത്ര ആരംഭിച്ചത് 2013 നവംബർ അഞ്ചിനാണ്. 2014 ഒക്ടോബർ 24നു ചൊവ്വാ ഭ്രമണപഥത്തിലെത്തിയ മംഗൾയാനിലൂടെ ആറു മാസത്തെ പര്യവേക്ഷണമാണു ലക്ഷ്യമിട്ടിരുന്നത്. ആദ്യം ആറുമാസത്തെ പര്യവേക്ഷണം ലക്ഷ്യമിട്ടിരുന്ന മംഗൾയാനിൽ ഇന്ധനം ശേഷിച്ചതിനാൽ, മാർച്ച് 24ന് ആറു മാസത്തേക്കുകൂടി ദൗത്യം നീട്ടുകയായിരുന്നു.

 

ചൊവ്വയെ ചുറ്റി സഞ്ചരിച്ച്, അതിന്റെ ഉപരിതലത്തെയും അന്തരീക്ഷത്തെയും കുറിച്ച് പഠിക്കുക എന്നതാണു ലക്ഷ്യം. ചൊവ്വയിലെ ജീവന്റെ പരിണാമം സന്തുലിതാവസ്ഥ എന്നിവയെക്കുറിച്ചും കാലാവസ്ഥ, പ്രതലം, പരിസ്ഥിതി, ധാതുശേഷി തുടങ്ങിയവയെക്കുറിച്ചും പഠനം നടത്തുന്നതിനായി അഞ്ചു ശാസ്ത്രീയ ഉപകരണങ്ങളും (പേ ലോഡ്) പേടകത്തിൽ സംയോജിപ്പിച്ചിട്ടുണ്ട്.

 

ചൊവ്വയിലെ ഗര്‍ത്തങ്ങള്‍, കുന്നുകൾ‍, താഴ്‌വരകള്‍, പൊടിക്കാറ്റ് തുടങ്ങി നിരവധി ചിത്രങ്ങള്‍ മംഗൾ‌യാൻ അയച്ചു. പല സമയങ്ങളിലായി അയച്ചു ചിത്രങ്ങളും വിവരങ്ങളും ശാസ്ത്രജ്ഞര്‍ പഠനവിധേയമാക്കുന്നുണ്ട്. ഏകദേശം പതിമൂന്ന് കിലോഗ്രാം ഇന്ധനംകൂടി പേടകത്തില്‍ അവശേഷിക്കുന്നുണ്ടെന്നാണ് കഴിഞ്ഞ വർഷം ഗവേഷകർ അറിയിച്ചിരുന്നത്. ഭ്രമണപഥം ക്രമീകരിക്കാനും മറ്റു ചില ദൗത്യങ്ങൾക്കും മാത്രമായാണ് ഇന്ധനം ഉപയോഗിക്കുന്നത്. പേടകത്തിലെ എല്ലാ സാങ്കേതിക സംവിധാനങ്ങളും ഇപ്പോഴും കൃത്യമായി പ്രവർത്തിക്കുന്നുണ്ട്.

 

English Summary: Isro says India's second Mars mission Mangalyaan-2 will be an orbiter mission

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com