ADVERTISEMENT

മെഴുകുതിരി വെട്ടം മാത്രമുള്ള മുറിയില്‍ ഓജോബോര്‍ഡ് കളിക്കുന്നതും ആത്മാക്കളെ വിളിച്ചുവരുത്തുന്നതുമെല്ലാം സിനിമകളിലും കഥകളിലുമൊക്കെയായി ഏതാണ്ടെല്ലാവരും കെട്ടിട്ടുണ്ടാവും. പലര്‍ക്കും നേരിട്ടു തന്നെ അനുഭവങ്ങളോ സുഹൃത്തുക്കളുടെ അനുഭവങ്ങളോ ഉണ്ടാകും. ശരിക്കും ഓജോ ബോര്‍ഡ് വഴി ആത്മാക്കളുമായി സംവദിക്കാനാകുമെന്ന് പറയുന്നതില്‍ എത്രത്തോളം വസ്തുതയുണ്ട്. അതേക്കുറിച്ച് വിശദമായ പഠനം തന്നെ നടത്തിയിരിക്കുകയാണ് ഡെന്‍മാര്‍ക്കിലെ ആര്‍ഹസ് സര്‍വകലാശാലയിലെ മാര്‍ക്ക് ആന്‍ഡേഴ്‌സന്റെ നേതൃത്വത്തിലുള്ള സംഘം.

 

ഇംഗ്ലിഷ് അക്ഷരമാലയിലെ അക്ഷരങ്ങളും പൂജ്യം മുതല്‍ ഒമ്പത് വരെയുള്ള അക്കങ്ങളുമാണ് ഓജോ ബോര്‍ഡില്‍ അടയാളപ്പെടുത്തിയിട്ടുണ്ടാവുക. ഇതുകൂടാതെ യെസ്, നോ, ഗുഡ് ബൈ, ഹലോ തുടങ്ങിയ വാക്കുകളും ചില ബോര്‍ഡുകളില്‍ രേഖപ്പെടുത്തിയിരിക്കും. ആത്മാക്കളുമായി സംസാരിക്കാന്‍ സഹായിക്കുന്ന ബോര്‍ഡ് എന്ന നിലയിലാണ് ഇതിന്റെ പ്രചാരം. 

കൂട്ടമായോ ഒറ്റക്കോ നിങ്ങള്‍ക്ക് ഓജോ ബോര്‍ഡ് കളിക്കാം. പ്ലാന്‍ചേ എന്ന് വിളിക്കുന്ന ത്രികോണാകൃതിയിലുള്ള വസ്തുവാണ് ഓജോ ബോര്‍ഡിന് മുകളില്‍ വെക്കുക. ഇതില്‍ ഓജോ ബോര്‍ഡ് കളിക്കുന്നവര്‍ വിരല്‍ ചേര്‍ത്ത് വെക്കണം. നിങ്ങള്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് പ്ലാന്‍ചേ എന്ന കോയിന്‍ നീക്കിക്കൊണ്ട് ഓജോ ബോര്‍ഡിലൂടെ ആത്മാവ് മറുപടി നല്‍കുമെന്നാണ് കരുതപ്പെടുന്നത്. ഓജോ ബോര്‍ഡ് ഉപയോഗിക്കുന്നവരില്‍ പ്രേതബാധയുണ്ടാകുമെന്ന് ചൂണ്ടിക്കാണിച്ച് ചില മതക്കാർ ഇത് ഉപയോഗിക്കുന്നത് വിലക്കിയിട്ടുണ്ട്. 

 

പത്തൊമ്പതാം നൂറ്റാണ്ടില്‍ പ്രചരിച്ച് തുടങ്ങിയപ്പോള്‍ മുതല്‍ ഓജോ ബോര്‍ഡ് വിവാദ വിഷയമാണ്. എങ്ങനെയാണ് ഓജോ ബോര്‍ഡിലെ സ്‌ട്രൈക്കര്‍ ചലിക്കുന്നതെന്നും ആത്മാക്കളുമായുള്ള സംവേദനം സാധ്യമാണോ എന്നു തുടങ്ങി നൂറു ചോദ്യങ്ങള്‍ ഓജോ ബോര്‍ഡിനൊപ്പം ഉയരുകയും ചെയ്യുന്നു. ഓജോ ബോര്‍ഡ് കളിക്കുന്നവരുടെ കണ്ണിന്റെ ചലനങ്ങളും ഡേറ്റ വിശകലന സംവിധാനങ്ങളും ഉപയോഗിച്ചാണ് ആന്‍ഡേഴ്‌സണും സംഘവും ഇതേക്കുറിച്ച് വിശദമായ പഠനം നടത്തിയത്. ഓജോ ബോര്‍ഡ് കളിച്ച് പരിചയമുള്ള 40 പേരില്‍ നിന്നാണ് ഇവര്‍ വിവരങ്ങള്‍ ശേഖരിച്ചത്.

 

ഓജോ ബോര്‍ഡ് കളിക്കാനിരുന്നവരുടെ കണ്ണിന്റെ ചലനങ്ങളാണ് ഗവേഷകര്‍ പ്രധാനമായും രേഖപ്പെടുത്തിയത്. പിന്നീട് നീക്കുന്ന കളങ്ങളിലേക്ക് ഓജോ ബോര്‍ഡ് കളിക്കുന്നവര്‍ നേരത്തേ ഒളിഞ്ഞു നോക്കുന്നുണ്ടോ എന്ന് ഇവര്‍ നിരീക്ഷിച്ചു. തുടര്‍ പഠനത്തിനായി ഇവര്‍ വോളണ്ടറി ആക്ഷന്‍ കണ്ടീഷന്‍ എന്നും ഓജ കണ്ടീഷന്‍ എന്നുമുള്ള രണ്ട് വിഭാഗത്തില്‍ പെട്ട ചലനങ്ങള്‍ സൃഷ്ടിച്ചു. മുന്‍നിശ്ചയിച്ച പ്രകാരമുള്ള ചലനങ്ങളാണ് വോളണ്ടറി ആക്ഷന്‍ കണ്ടീഷന്‍ എന്ന ആദ്യ വിഭാഗത്തില്‍ പെടുത്തിയത്. ഇതിനായി പരീക്ഷണത്തില്‍ പങ്കാളികളായവര്‍ക്ക് ഏതെല്ലാം കളങ്ങളിലേക്ക് ഓജോ ബോര്‍ഡിലെ കോയിന്‍ നീക്കണമെന്ന് ആദ്യം തന്നെ നിര്‍ദേശം നല്‍കി. തുടര്‍ന്ന് മുന്‍ നിശ്ചയിച്ച പ്രകാരമുള്ള കളങ്ങളിലേക്ക് ഇവര്‍ കോയിന്‍ നീക്കുന്നതിന്റെ സമയത്തുള്ള കണ്ണിന്റെ ചലനങ്ങള്‍ സൂഷ്മമായി രേഖപ്പെടുത്തി. ഓജോ ബോര്‍ഡ് ഉപയോഗിച്ചിരുന്നവരുടെ എല്ലാവരുടേയും കണ്ണിന്റെ ചലനങ്ങള്‍ ഈ സമയം ഒരുമിച്ചുള്ളതായിരുന്നു. 

 

അടുത്ത വിഭാഗത്തില്‍ പ്രത്യേകം നിര്‍ദേശങ്ങള്‍ നല്‍കാതെ ഓജോ ബോര്‍ഡ് കളിക്കാന്‍ ഇവരെ അനുവദിക്കുകയായിരുന്നു. ഇങ്ങനെ കളിക്കുമ്പോഴെല്ലാം കൂട്ടത്തില്‍ ഒരാളെങ്കിലും അക്ഷരങ്ങളിലേക്കും അക്കങ്ങളിലേക്കുമെല്ലാം ഒളിഞ്ഞു നോക്കുന്നതായും അവിടേക്ക് തന്നെ കോയിന്‍ നീങ്ങുന്നതായും കണ്ടെത്തി. ഇത് പലപ്പോഴും അബോധ മനസ്സിന്റെ പ്രവര്‍ത്തനം കൊണ്ടാണ് നടക്കുന്നത് എന്നതിനാല്‍ കളിക്കുന്നവര്‍ പോലും തങ്ങള്‍ പങ്കാളിയാവുന്ന പ്രവര്‍ത്തനത്തെക്കുറിച്ച് ബോധവാന്മാരാകുന്നില്ല. മാത്രമല്ല ഇത്തരത്തില്‍ നിയന്ത്രിക്കുന്ന ആളുകള്‍ കളിക്കിടെ മാറുകയും ചെയ്യും. ഇതോടെയാണ് പ്രേതാനുഭവമായി ഓജോ ബോര്‍ഡ് മാറുന്നതെന്നാണ് വിശദീകരണം.

 

English Summary: Ouija boards: Science explains the spooky sensation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com