sections
MORE

കൊറോണ വൈറസ് കാരണം ഭൂമിക്കടിയില്‍ സംഭവിച്ചത് വലിയ മാറ്റം, തെളിവുകൾ പുറത്ത്

earth
SHARE

കഴിഞ്ഞ ഒരു വർഷമായി ലോകം ഒന്നടങ്കം കൊറോണ വൈറസ് ഭീതിയിലാണ്. എന്നാൽ, ഈ സമയത്ത് ഭൂമിക്ക് ശാന്തിയും സമാധാനവും ലഭിച്ചുവെന്നാണ് പഠനങ്ങൾ പറയുന്നത്. മനുഷ്യന്റെ ഇടപെടലുകള്‍ മൂലമുണ്ടാകുന്ന ഭൂമിക്കടിയിലെ കമ്പനങ്ങള്‍ ദശാബ്ദങ്ങളിലെ ഏറ്റവും കുറഞ്ഞ നിരക്കിലായെന്നാണ് പഠനം തെളിയിക്കുന്നത്. സാമൂഹ്യ അകലം പാലിക്കല്‍, നിരത്തുകളില്‍ വാഹനങ്ങളുടെ തിരക്ക് കുറഞ്ഞത്, വിനോദസഞ്ചാരവും യാത്രയും കുറഞ്ഞത്, വ്യവസായങ്ങള്‍ പ്രവര്‍ത്തനം നിര്‍ത്തിയത് തുടങ്ങി പല കാരണങ്ങള്‍ മനുഷ്യ നിര്‍മിത ഭൗമ കമ്പനങ്ങളെ കുറച്ചിട്ടുണ്ട്.

കോവിഡ് 19ന്റെ വരവോടെ കഴിഞ്ഞ മാര്‍ച്ച് മുതലാണ് മാറ്റങ്ങള്‍ ദൃശ്യമായി തുടങ്ങിയത്. മനുഷ്യന്റെ പ്രവൃത്തികള്‍ മൂലമുണ്ടാകുന്ന ഭൗമകമ്പനങ്ങളില്‍ 50 ശതമാനം വരെ കുറവാണ് തുടർന്ന് രേഖപ്പെടുത്തിയത്. സാധാരണ വര്‍ഷങ്ങളില്‍ ക്രിസ്തുമസ് അവധിക്കാലത്താണ് ലോകത്ത് ഏറ്റവും കുറഞ്ഞ മനുഷ്യ നിര്‍മിത ഭൗമ കമ്പനങ്ങള്‍ രേഖപ്പെടുത്താറ്. ഇതിനേക്കാള്‍ കുറഞ്ഞ അളവിലാണ് കോവിഡിനെ തുടര്‍ന്ന് തുടര്‍ച്ചയായി ഭൗമ കമ്പനങ്ങൾ സംഭവിച്ചത്.

പ്രത്യേകിച്ചും വലിയ തോതില്‍ മനുഷ്യര്‍ തിങ്ങി പാര്‍ക്കുന്ന ന്യൂയോര്‍ക്ക് സിറ്റി, സിംഗപ്പൂര്‍ എന്നിവിടങ്ങളിലായിരുന്നു ഭൂമിക്ക് ഏറ്റവും കൂടുതല്‍ സ്വസ്ഥത ലഭിച്ചത്. വന്‍ നഗരങ്ങളില്‍ മാത്രമല്ല ജര്‍മനിയിലെ ബ്ലാക്ക് ഫോറസ്റ്റ് ആഫ്രിക്കന്‍ രാജ്യമായ നമീബിയയിലെ റുണ്ടു തുടങ്ങി അധികം ആളനക്കമില്ലാത്ത പ്രദേശങ്ങളില്‍ പോലും മനുഷ്യര്‍ മൂലമുണ്ടാകുന്ന ഭൗമകമ്പനങ്ങളില്‍ വലിയ തോതില്‍ കുറവുണ്ടായി.

ബെല്‍ജിയം റോയല്‍ ഒബ്‌സര്‍വേറ്ററിയുടെ നേതൃത്വത്തില്‍ ഇംപീരിയല്‍ കോളജ് ലണ്ടന്‍, ഓക്‌സ്‌ഫോഡ് സര്‍വകലാശാല, സൂറിച്ചിലെ സ്വിസ് സീസ്‌മോളജിക്കല്‍ സര്‍വീസ് എന്നിവയുടെ കൂടി സഹകരണത്തിലായിരുന്നു പഠനം. ഇതുവരെ രേഖപ്പെടുത്തിയതില്‍ വെച്ച് ഏറ്റവും ശാന്തമായ ആഴ്ചകളായിരുന്നു കോവിഡിനെ തുടര്‍ന്ന് ലോക്ഡൗണ്‍ ആരംഭിച്ച ശേഷമുള്ളവയെന്നാണ് പഠനത്തിന്റെ ഭാഗമായ ഭൂകമ്പശാസ്ത്രജ്ഞന്‍ ജോണ്‍ ക്ലിന്റണ്‍ പറഞ്ഞത്. കുറഞ്ഞത് 20 വര്‍ഷത്തെ മനുഷ്യ നിര്‍മിത ഭൗമ കമ്പനങ്ങളുടെ രേഖകള്‍ ഗവേഷകരുടെ കൈവശമുണ്ട്. സാധാരണഗതിയില്‍ മനുഷ്യന്റെ ഇടപെടലുകള്‍ മൂലമുള്ള ശബ്ദങ്ങള്‍ എക്കാലത്തും വര്‍ധിച്ചിട്ടേയുള്ളൂ. ഇതു കൂടി കണക്കിലെടുത്താല്‍ ഏറെക്കാലത്തിന് ശേഷമാണ് മനുഷ്യ നിര്‍മിത ഭൗമ കമ്പനങ്ങളില്‍ കുറവുണ്ടായതെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു. 

മനുഷ്യന്റെ ഇടപെടലുകള്‍ കുറഞ്ഞത് ഭൂകമ്പ ശാസ്ത്രജ്ഞര്‍ക്ക് മുന്നില്‍ പല സാധ്യതകളും തുറന്നുകൊടുക്കുകയും ചെയ്തു. പ്രത്യേകിച്ചും പകല്‍ സമയങ്ങളില്‍ മനുഷ്യ നിര്‍മിത ഭൗമ കമ്പനങ്ങള്‍ കുറഞ്ഞത് പ്രകൃതിയിലെ കമ്പനങ്ങള്‍ തിരിച്ചറിയാന്‍ സഹായിച്ചു. പ്രത്യേകിച്ചും ഭൗമപാളികളുടെ ചലനങ്ങള്‍ അടുത്തകാലത്തെങ്ങുമില്ലാത്ത വിധം പകല്‍ സമയങ്ങളില്‍ രേഖപ്പെടുത്താന്‍ സാധിച്ചു. ഇത്തരം വിവരശേഖരണത്തിനു സാധാരണഗതിയില്‍ യാതൊരു സാധ്യതയും ഇല്ലായിരുന്നുവെന്നാണ് പഠനത്തിന് നേതൃത്വം നല്‍കിയ ഫെഡറിക് മാസിന്‍ പറഞ്ഞത്.

മനുഷ്യ നിര്‍മിത ഭൗമ ചലനങ്ങള്‍ ഏതെല്ലാമെന്ന് വ്യക്തമായി തിരിച്ചറിയാനുള്ള അവസരമായും ഈ കോവിഡ് കാലം ഭൂകമ്പ ശാസ്ത്രജ്ഞര്‍ ഉപയോഗിച്ചു. ജനസംഖ്യ വലിയ തോതില്‍ വര്‍ധിച്ചതോടെ ഭൂമിശാസ്ത്രപരമായി അപകടസാധ്യതയുള്ള പ്രദേശങ്ങളില്‍ പോലും വലിയ തോതില്‍ മനുഷ്യര്‍ താമസിക്കുന്നുണ്ട്. ഇത്തരം അപകടസാധ്യതയുള്ള പ്രദേശങ്ങള്‍ തിരിച്ചറിയുന്നതിന് പ്രകൃതിയില്‍ നിന്നുള്ള ഭൗമ കമ്പനങ്ങളേയും മനുഷ്യ നിര്‍മിത ഭൗമ കമ്പനങ്ങളേയും വേര്‍തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്. 

117 രാജ്യങ്ങളിലായുള്ള 268 സീസ്മിക് സ്റ്റേഷനുകളിലെ വിവരങ്ങളാണ് ഗവേഷക സംഘം പഠനത്തിനായി ശേഖരിച്ചത്. 268ല്‍ 185 സീസ്മിക് സ്റ്റേഷനുകളിലെ ഭൗമ കമ്പനങ്ങള്‍ വലിയ തോതില്‍ കോവിഡ് കാലത്ത് കുറഞ്ഞു. ശ്രീലങ്കയിലെ സീസ്മിക് സ്റ്റേഷനില്‍ ഭൗമ കമ്പനങ്ങള്‍ പകുതിയായിട്ടാണ് കുറഞ്ഞത്. 2013 ജൂലൈയില്‍ ഈ സ്റ്റേഷന്‍ സ്ഥാപിച്ച ശേഷം ആദ്യമായാണ് ഇത്രയേറെ കുറഞ്ഞ കമ്പനങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ളത്. 

സ്വകാര്യ വ്യക്തികളുടെ സീസ്‌മോമീറ്ററുകളില്‍ നിന്നുള്ള വിവരങ്ങളും ഗവേഷകര്‍ പഠനത്തിള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അമേരിക്കയിലെ സിറ്റിസണ്‍ സീസ്‌മോമീറ്ററുകളില്‍ 20 ശതമാനത്തിലേറെ ഭൗമകമ്പനങ്ങളുടെ കുറവാണ് രേഖപ്പെടുത്തിയത്. വിനോദസഞ്ചാരത്തിന് വലിയ പ്രാധാന്യമുള്ള ബാര്‍ബഡോസ് പോലുള്ള രാജ്യങ്ങളില്‍ ഭൗമ കമ്പനങ്ങള്‍ നേര്‍ പകുതിയായി കുറഞ്ഞു. സയന്‍സ് ജേണലിലാണ് പഠനഫലം പൂര്‍ണമായും പ്രസിദ്ധീകരിച്ചിരിക്കുന്നത്.

English Summary: Covid-19 lockdowns have reduced the amount of noise

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA