ഹിപ്പോകളെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് നടന്ന യുദ്ധത്തില്‍ 3576 വര്‍ഷങ്ങള്‍ക്ക് മുൻപ് തെക്കന്‍ ഈജിപ്ത് ഭരിച്ചിരുന്ന ഫറവോ സെകനേരെ താവോ കൊല്ലപ്പെട്ടത് അതിക്രൂരമായാണെന്ന് പഠനം. 'ധീരന്' എന്നറിയപ്പെടുന്ന ആ ഈജിപ്ഷ്യന്‍ ഭരണാധികാരിയുടെ മമ്മിയുടെ സിടി സ്കാനിങ്ങിലൂടെയാണ് പുരാവസ്തു ഗവേഷകര്‍ക്ക് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്. പലസ്തീന് കേന്ദ്രമാക്കി ഭരിച്ചിരുന്ന ഹൈക്കോസോസ് സെകനേരെ താവോയുടെ കീഴിലുള്ള തെബെസിലെ ഹിപ്പോപൊട്ടാമസുകളെ ചൊല്ലിയുള്ള തര്‍ക്കമാണ് യുദ്ധത്തില്‍ കലാശിച്ചത്.
17–ാം രാജവംശത്തിന്റെ കാലത്ത് 1560-1555 ബിസി വരെയാണ് സെകനേരെ താവോ ദക്ഷിണ തെബാന്‍ മേഖല ഭരിച്ചത്. ഇതേകാലത്ത് തന്നെ സെകനേരെയുടെ അധീന പ്രദേശത്തോട് ചേര്‍ന്ന മധ്യ ഈജിപ്ത് ഭരിച്ചിരുന്നത് പലസ്തീന് ആസ്ഥാനമായി ഭരണം നടത്തിയിരുന്ന ഹൈക്കോസോസ് രാജാക്കൻമാരായിരുന്നു. സെകനേരയുടെ കീഴിലെ തെബാസിലുള്ള ഹിപ്പൊപൊട്ടാമസ് കുളത്തില്‍ നിന്നുള്ള ശബ്ദം രൂക്ഷമാണെന്നും രാത്രി പോലും ഉറങ്ങാന്‍ സാധിക്കുന്നില്ലെന്നും കാണിച്ച് ഹൈക്കോസോസ് രാജാവായ അപോഫിസ് സെകനേരെക്ക് കത്തയച്ചിരുന്നു.
തുടര്‍ന്നുണ്ടായ യുദ്ധത്തിനിടെയാണ് സെകനേരയും മകന് കാമോസെയും കൊല്ലപ്പെട്ടത്. ഈജിപ്തിനെ വിദേശ ശക്തികളില്‍ നിന്നും മോചിപ്പിക്കാനുള്ള സെകനേരയുടെ ശ്രമം പരാജയപ്പെട്ടെങ്കിലും അദ്ദേഹത്തിന്റെ മകന് അഹ്മോസ് ഒന്നാമന് ഈ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി. സെകനേരയുടെ മരണത്തിന് ശേഷം 18-19 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അഹ്മോസ് ഒന്നാമന് പിതാവിന്റെ മരണത്തിന് പ്രതികാരം ചെയ്ത് സ്വന്തം ഭരണം സ്ഥാപിച്ചത്.
സെകനേരെയുടെ മമ്മി 1881ലാണ് പുരാവസ്തു ഗവേഷകര്‍ കണ്ടെത്തിയത്. ദെയര്‍ എല്‍ ബഹ്രി എന്നറിയപ്പെടുന്ന ശവകുടീരത്തില്‍ നിന്നായിരുന്നു ഈ മമ്മി കണ്ടെത്തിയത്. 1960കളില്‍ ഈ മമ്മിയില്‍ നടത്തിയ എക്സ് റേ പരിശോധനയില്‍ സെകനേരെക്ക് മരണത്തിന് മുൻപ് ആഴത്തില്‍ പരിക്കേറ്റിരുന്നുവെന്ന് വ്യക്തമായിരുന്നു. അതേസമയം, സെകനേരെയുടെ മമ്മിയുടെ തലക്ക് താഴെയുള്ള ശരീരത്തില്‍ കാര്യമായ മുറിവുകളൊന്നും ഉണ്ടായിരുന്നില്ല. മരണസമയത്ത് സെകനേരെക്ക് ഏതാണ്ട് നാല്പത് വയസായിരുന്നു പ്രായമെന്നാണ് കരുതപ്പെടുന്നത്.
ലഭ്യമായ തെളിവുകള്‍ വെച്ച് സെകനേരെയെ യുദ്ധഭൂമിയില്‍ വെച്ച് പിടികൂടി ശത്രു സൈന്യം ക്രൂരമായി വധിക്കുകയായിരുന്നു എന്നാണ് കരുതപ്പെടുന്നത്. സ്വതന്ത്ര ഈജിപ്തിനായുള്ള യുദ്ധത്തില്‍ സ്വന്തം പടയാളികള്‍ക്കൊപ്പം മുന്‍നിരയില്‍ തന്നെയായിരുന്നു അദ്ദേഹം. അതുകൊണ്ടാണ് ധീരന് എന്ന വിളിപ്പേര് ഈ ഫറവോക്ക് ലഭിച്ചതെന്ന് പഠനത്തിന് നേതൃത്വം നല്കിയ കെയ്റോ സര്‍വകലാശാലയിലെ പാലിയോ റേഡിയോളജിസ്റ്റ് സഹര്‍ സലിം ഓര്‍മിപ്പിക്കുന്നു.
പിടികൂടിയ സെകനേരെയെ കൈകള്‍ പിന്നില്‍ കെട്ടിയ നിലയില്‍ നിര്‍ത്തിയാണ് ക്രൂരമായ പീഢനങ്ങള്ക്കിരയാക്കിയതെന്ന് കരുതുന്നു. പിന്നീട് മമ്മിയാക്കിയ ശരീരത്തിലെ കൈകളുടെ ഇരിപ്പ് കണ്ടാണ് ഗവേഷകര്‍ ഈ നിഗമനത്തിലെത്തിയത്. കുറഞ്ഞത് അഞ്ച് വ്യത്യസ്ത ആയുധങ്ങള്‍ ഫറവോ സെകനേരെക്കെതിരെ എതിരാളികള്‍ പ്രയോഗിച്ചിരുന്നുെവന്നും തെളിവുകള്‍ ലഭിച്ചിട്ടുണ്ട്.
സെകനേരെയുടെ ധീരമായ രക്തസാക്ഷിത്വമാണ് പിന്നീട് ഐക്യ ഈജിപ്തിനായുള്ള പോരാട്ടം ശക്തിപ്പെടുത്തിയതും അദ്ദേഹത്തിന്റെ പുത്രന് അഹ്മോസ് ഒന്നാമനിലൂടെ വര്‍ഷങ്ങള്‍ക്കിപ്പുറം ഈജ്പിതിന്റെ വിമോചനം സാധ്യമാക്കിയതും. പഠനത്തിന്റെ പൂര്‍ണരൂപം ഫ്രോണ്ടിയേഴ്സ് ഇന്‍ മെഡിസിന് ജേണലിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
English Summary: Pharaoh ruled egypt 3500 years ago caught battle executed