ADVERTISEMENT

ദൃശ്യം സിനിമകള്‍ കണ്ടവരെല്ലാം ജോര്‍ജ് കുട്ടിയെന്ന സാധാരണക്കാരന്റെ അസാധാരണ ക്രിമിനല്‍ ബുദ്ധി കണ്ട് ഞെട്ടിയിട്ടുണ്ടാവും. പൊലീസുകാര്‍ 'ക്ലാസിക്കല്‍ ക്രിമിനല്‍' എന്ന് വിശേഷിപ്പിച്ച ജോര്‍ജ് കുട്ടിക്ക് ദൃശ്യത്തിന്റെ രണ്ടാം പതിപ്പില്‍ ഒരു കൈപ്പിഴ സംഭവിച്ചിട്ടുണ്ട്. ഒരുപക്ഷേ ദൃശ്യത്തിന്റെ മൂന്നാം പതിപ്പില്‍ ജോര്‍ജ് കുട്ടിയെ തടവിലാക്കാന്‍ മാത്രം ശേഷിയുള്ള ഒരു പിഴ.

∙ ചാരത്തില്‍ നിന്നു ഡിഎന്‍എ ലഭിക്കാന്‍ സാധ്യതയുണ്ടോ?

മനുഷ്യനെ സംസ്‌ക്കരിച്ച ചാരത്തില്‍ നിന്നു ഡിഎന്‍എ ലഭിക്കാന്‍ സാധ്യതയുണ്ടോ? എന്ന ചോദ്യം ശാസ്ത്രത്തോട് ചോദിച്ചാല്‍ അതിന് സാധ്യതയുണ്ടെന്ന് തന്നെയാണ് ഉത്തരം. മരണശേഷവും ജീവികളുടെ ഭൗതികാവശിഷ്ടങ്ങളില്‍ ദീര്‍ഘകാലം ഡിഎന്‍എ നിലനില്‍ക്കും. മരിച്ചയാളുടെ ഭൗതികാവശിഷ്ടങ്ങളില്‍ നിന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷവും ഡിഎന്‍എ വേര്‍തിരിച്ചെടുക്കാനാകും. എന്നാല്‍ ഇതിനര്‍ഥം ഭൗതികാവശിഷ്ടങ്ങളില്‍ നിന്നു അനന്തകാലത്തേക്ക് ഡിഎന്‍എ വേര്‍തിരിച്ചെടുക്കാമെന്നല്ല. ഭൗതികശരീരം ജീര്‍ണിച്ചു തുടങ്ങുന്നതിനനുസരിച്ച് ഡിഎന്‍എ ലഭിക്കാനുള്ള സാധ്യത കുറയുമെന്ന് തന്നെയാണ് വിദഗ്ധാഭിപ്രായം.

∙ ഏഴായിരം വര്‍ഷങ്ങള്‍ക്ക് മുൻപ് മരിച്ച മനുഷ്യന്റെ ഭൗതിക ശരീരത്തില്‍ നിന്ന് ഡിഎൻഎ

അതേസമയം ഏഴായിരം വര്‍ഷങ്ങള്‍ക്ക് മുൻപ് മരിച്ച മനുഷ്യന്റെ ഭൗതിക ശരീരത്തില്‍ നിന്നുള്ള ഡിഎന്‍എ വരെ ഇതുവരെ ശാസ്ത്രലോകം വിജയകരമായി വേര്‍തിരിച്ചെടുത്തിട്ടുമുണ്ട്. മനുഷ്യന്റെ ഭൗതികശരീരം തീയില്‍ സംസ്‌ക്കരിച്ചാലും എല്ലുകളും പല്ലുകളും പൂര്‍ണമായി നശിക്കണമെന്നില്ല. ഈ സാധ്യതയാണ് ചാരത്തിലെ എല്ലുകളുടേയും പല്ലുകളുടേയും ഭാഗങ്ങളില്‍ നിന്നുപോലും ഡിഎന്‍എ പരിശോധന സാധ്യമാക്കുന്നത്.

∙ കത്തിച്ചാലും നശിക്കാത്ത പല്ലുകളിൽ നിന്ന് ഡിഎൻഎ

മനുഷ്യന്റെ ഭൗതിക ശരീര അവശിഷ്ടങ്ങളില്‍ ഡിഎന്‍എ വേര്‍തിരിച്ചെടുക്കാന്‍ എളുപ്പത്തില്‍ സാധ്യതയുള്ളത് പല്ലുകളില്‍ നിന്നാണ്. പല സംഭവങ്ങളില്‍ പല്ലുകള്‍ മാത്രമാണ് ഡിഎന്‍എ ലഭിക്കാന്‍ സാധ്യതയുള്ള ഒരേയൊരു സാധ്യത പോലും. പല്ലുകളുടെ രൂപവും സ്ഥാനവുമാണ് എളുപ്പത്തില്‍ ഡിഎന്‍എ പരിശോധന സാധ്യമാക്കുന്നത്. മനുഷ്യശരീരത്തിലെ മറ്റെല്ലാ ഭാഗങ്ങളും നശിച്ചാലും പല്ലുകള്‍ ലഭിച്ചാല്‍ ജനിതക പരിശോധന നടത്താനാകും. പല്ലിന് പുറമേയുള്ള തിളങ്ങുന്നതും കട്ടിയേറിയതുമായ കവചമായ ഇനാമലിനുള്ളില്‍ നിന്നും ഡിഎന്‍.എ എളുപ്പത്തില്‍ വേര്‍തിരിച്ചെടുക്കാനാകും. അഗ്നിക്കിരയാക്കിയാല്‍ പോലും മനുഷ്യശരീരത്തില്‍ നിന്നും എറ്റവും അവസാനം നശിക്കുന്ന ഭാഗമായിരിക്കും പല്ലുകള്‍.

സുഭാഷ് ചന്ദ്ര ബോസ്
സുഭാഷ് ചന്ദ്ര ബോസ്

∙ നേതാജിയുടെ ചാരവും ഡിഎന്‍എ പരിശോധനയും

നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ഭൗതികാവശിഷ്ടങ്ങളില്‍ ഡിഎന്‍എ പരിശോധന നടത്തണമെന്ന് അദ്ദേഹത്തിന്റെ മകള്‍ അനിത ബോസ് രണ്ട് വര്‍ഷങ്ങള്‍ക്ക് മുൻപ് ആവശ്യപ്പെട്ടിരുന്നു. ജപ്പാനില്‍ ഒരു ആരാധനാലയത്തില്‍ സൂക്ഷിച്ചിരിക്കുന്ന നേതാജിയുടേതെന്ന് കരുതപ്പെടുന്ന ചാരത്തിന്റെ ഡിഎന്‍എ പരിശോധന നടത്തണമെന്നാണ് അനിത ബോസ് ആവശ്യപ്പെട്ടിരുന്നത്.

തായ്‌വാനില്‍ വെച്ച് 1945 ഓഗസ്റ്റ് 18നുണ്ടായ ഒരു വിമാനാപകടത്തില്‍ നേതാജി സുഭാഷ് ചന്ദ്രബോസ് കൊല്ലപ്പെട്ടുവെന്നാണ് കരുതപ്പെടുന്നത്. അതേസമയം സുഭാഷ് ചന്ദ്ര ബോസ് വിമാനാപകടത്തില്‍ കൊല്ലപ്പെട്ടിരുന്നില്ലെന്നും ഗുംനാമി ബാബ എന്ന പേരില്‍ ഉത്തര്‍പ്രദേശിലെ ഫൈസാബാദിലും അയോധ്യയിലുമായി 1985 വരെ ജീവിച്ചിരുന്നുവെന്നും വാദമുണ്ട്. 2019ല്‍ ബംഗാളിയില്‍ പുറത്തിറങ്ങിയ സുഭാഷ് ചന്ദ്ര ബോസിന്റെ ജീവിതം പറയുന്ന സിനിമക്ക് ഗുംനാമി എന്നായിരുന്നു പേര്.

നേതാജിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ കാലത്ത് ഷാ നവാസ് കമ്മീഷനും(1956) ഖോസ്‌ല കമ്മീഷനും(1970) അന്വേഷണം നടത്തിയിരുന്നു. ഈ രണ്ട് കമ്മീഷനുകളും നേതാജി വിമാനാപകടത്തില്‍ കൊല്ലപ്പെട്ടുവെന്നാണ് കണ്ടെത്തിയത്. എന്നാല്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്ത് രൂപവത്ക്കരിച്ച മുഖര്‍ജി കമ്മീഷന്‍ (1999) ഈ കണ്ടെത്തല്‍ തള്ളിക്കളയുകയായിരുന്നു.

dna

തന്റെ പിതാവിന്റെ ജീവിതവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അവസാനിപ്പിക്കുന്നതിന് ജപ്പാനിലെ റെങ്കോജി ക്ഷേത്രത്തില്‍ സൂക്ഷിച്ചിരിക്കുന്ന നേതാജിയുടെ ചിതാഭസ്മത്തിന്റെ ഡിഎന്‍എ പരിശോധന നടത്തണമെന്നായിരുന്നു ജര്‍മനിയില്‍ കഴിയുന്ന സാമ്പത്തിക ശാസ്ത്രജ്ഞയായ അനിത ബോസിന്റെ ആവശ്യം.

∙ ദൃശ്യം 2 കണ്ടവര്‍ മാത്രം തുടര്‍ന്ന് വായിക്കുക

ദൃശ്യം സിനിമകളില്‍ സ്വന്തം ഭാര്യക്ക് പോലും ഉള്‍ക്കൊള്ളാനാവാത്ത വിധം സാത്വികനായ ആളായാണ് സിദ്ധീക്ക് അവതരിപ്പിച്ച പ്രഭാകറിന്റെ കഥാപാത്രത്തെ കാണിക്കുന്നത്. പ്രഭാകറിന്റെ അപേക്ഷയെ തുടര്‍ന്നാണ് ജോര്‍ജ് കുട്ടി (മോഹന്‍ ലാല്‍) കൊല്ലപ്പെട്ട വരുണിന്റെ ഭൗതികാവശിഷ്ടങ്ങള്‍ പ്രഭാകറിനും ഗീത പ്രഭാകറിനും അയച്ചുകൊടുക്കുന്നതും. പഞ്ചപാവത്തെ പോലെ നടിക്കുന്ന പ്രഭാകറിന്റെ കൂര്‍മ ബുദ്ധിയില്‍ ജോര്‍ജ് കുട്ടിയെ കുടുക്കാന്‍ ചെയ്തതല്ല ഈ ചിതാഭസ്മ നാടകമെന്ന് ആര് കണ്ടു?

English Summary: Can DNA material be retrieved from ashes?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com