ADVERTISEMENT

ഓണ്‍ലൈന്‍ വഴി ബീജ ദാനത്തിലൂടെ 35 കുഞ്ഞുങ്ങളുടെ പിതാവായെന്ന് അവകാശപ്പെട്ട് 29കാരനായ കെയ്ല്‍ ഗോര്‍ഡി. ഇപ്പോള്‍ ആറ് സ്ത്രീകള്‍ ഇയാളില്‍ നിന്നും ഗര്‍ഭം ധരിച്ചിട്ടുണ്ടെന്നും അമേരിക്കക്കാരനായ ഗോര്‍ഡി അവകാശപ്പെടുന്നു. ആയിരക്കണക്കിന് പേര്‍ അംഗങ്ങളായ രണ്ട് ഫെയ്സ്ബുക് ഗ്രൂപ്പുകള്‍ വഴിയാണ് ഗോര്‍ഡിയുടെ ബീജദാനം. ഒരു കുഞ്ഞിനുവേണ്ടി തന്നെ സമീപിച്ച സ്ത്രീയെ കാണാന്‍ വൈകാതെ ബ്രിട്ടനിലേക്ക് പോകാനിരിക്കുകയാണ് ഗോര്‍ഡി ഇപ്പോൾ.

നാല് വര്‍ഷങ്ങള്‍ക്ക് മുൻപാണ് ലോസ് ആഞ്ചല്‍സില്‍ വസിക്കുന്ന ഗോര്‍ഡി ഫെയ്സ്ബുക്കില്‍ ബീജം ആവശ്യമുള്ളവര്‍ക്കായി പ്രൈവറ്റ് ഗ്രൂപ്പ് ആരംഭിച്ചത്. ഇപ്പോള്‍ ആ ഗ്രൂപ്പില്‍ 15,000 ലേറെ അംഗങ്ങളുണ്ട്. ഒരു കുഞ്ഞ് വേണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ഔദ്യോഗിക ബീജ ബാങ്കുകളുടെ ചെലവൊന്നുമില്ലാതെ സുരക്ഷിതമായി ആഗ്രഹം സാധ്യമാക്കി കൊടുക്കുമെന്നായിരുന്നു വാഗ്ദാനം. തീര്‍ത്തും സൗജന്യമായാണ് താന്‍ ബീജം ദാനം ചെയ്യുന്നതെന്നാണ് കെയ്ല്‍ ഗോര്‍ഡി പറയുന്നത്.

പ്രൈവറ്റ് സ്‌പേം ഡോണേഴ്‌സ് എന്ന പേരില്‍ മറ്റൊരു ഫെയ്സ്ബുക് ഗ്രൂപ്പും ഗോര്‍ഡി നടത്തുന്നുണ്ട്. ഇതില്‍ ലോകമാകെയുള്ള എണ്ണായിരത്തിലേറെ പേര്‍ അംഗങ്ങളാണ്. 'ബീജ ബാങ്കുകളെ ആശ്രയിക്കാതെ തന്നെ ആവശ്യക്കാരെ സഹായിക്കുകയാണ് ലക്ഷ്യം. തുടക്കത്തില്‍ ബീജദാനത്തിനായി ബീജ ബാങ്കുകളെ സമീപിച്ചിരുന്നു. എന്നാല്‍, ഇവ തികച്ചും ഔദ്യോഗികമായ രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. നിങ്ങള്‍ ആര്‍ക്കാണ് ബീജം നല്‍കുന്നതെന്ന് അറിയാന്‍ മാര്‍ഗമില്ല. എനിക്ക് താല്‍പര്യമില്ലാത്തവര്‍ക്കാണോ ബീജം നല്‍കുന്നതെന്നുപോലും അറിയാനാവില്ല. അതുകൊണ്ടുതന്നെ ആ വഴി ഞാന്‍ തിരഞ്ഞെടുത്തില്ല' എന്നായിരുന്നു സ്‌കൈ ന്യൂസിനോട് കെയ്ല്‍ ഗാര്‍ഡി പ്രതികരിച്ചത്.

കോവിഡ് പ്രതിസന്ധിയുടെ കാലത്ത് കൂടുതല്‍ പേര്‍ കൃത്രിമമായി ഗര്‍ഭം ധരിക്കാന്‍ ശ്രമിച്ചിരുന്നു. ഇത് ഫെര്‍ട്ടിലിറ്റി ക്ലിനിക്കുകളിലെ കാത്തിരിപ്പിന്റെ ദൈര്‍ഘ്യം വര്‍ധിപ്പിച്ചിരുന്നു. ഈ കാത്തിരിപ്പും പണച്ചെലവും ഒഴിവാക്കാന്‍ നിരവധി പേര്‍ കെയ്ല്‍ ഗാര്‍ഡിയുടേത് പോലുള്ള സ്വകാര്യ സംരംഭങ്ങളെ ആശ്രയിക്കുന്നതിലെ അപകടത്തെക്കുറിച്ച് പല സംഘടനകളും മുന്നറിയിപ്പ് നല്‍കിയിരുന്നു. സമൂഹ മാധ്യമങ്ങൾ വഴി ബീജ ദാനം പ്രോത്സാഹിപ്പിക്കുന്നതിനെതിരെ ഫെയ്സ്ബുക് അടക്കമുള്ള വെബ് സൈറ്റുകള്‍ നടപടിയെടുക്കണമെന്നായിരുന്നു ആവശ്യം.

22 വയസുള്ളപ്പോള്‍ ഒരു ലെസ്ബിയന്‍ ദമ്പതികള്‍ക്കാണ് ആദ്യമായി ഗോര്‍ഡി ബീജദാനം നടത്തിയത്. ഇപ്പോള്‍ ആവശ്യക്കാരായ സ്ത്രീകള്‍ക്ക് ബന്ധപ്പെടാന്‍ വേണ്ടി ഗോര്‍ഡി സ്വന്തമായി വെബ്സൈറ്റ് വരെ തയാറാക്കിയിട്ടുണ്ട്. 90 ശതമാനം അവസരങ്ങളിലും കൃത്രിമ ബീജസങ്കലനത്തിലൂടെയാണ് തന്നെ സമീപിച്ച സ്ത്രീകള്‍ ഗര്‍ഭിണികളായതെന്ന് ഗോര്‍ഡി പറയുന്നു. ബാക്കിയുള്ള പത്ത് ശതമാനം അവസരങ്ങളില്‍ ലൈംഗിക ബന്ധത്തിലൂടെയായിരുന്നു ഗര്‍ഭധാരണമെന്നും ഇയാള്‍ വ്യക്തമാക്കുന്നു. അപകടസാധ്യത കുറയ്ക്കുന്നതിന് വര്‍ഷത്തില്‍ രണ്ട് മൂന്ന് തവണയെങ്കിലും എച്ച്ഐവി അടക്കമുള്ള ലൈംഗികമായി പകരുന്ന രോഗങ്ങളുടെ പരിശോധന താന്‍ നടത്താറുണ്ടെന്നും ഗോര്‍ഡി പറയുന്നു.

കെയ്ല്‍ ഗോര്‍ഡി ബീജദാനത്തിലൂടെ 35 കുഞ്ഞുങ്ങളുടെ പിതാവായെന്നാണ് അവകാശപ്പെടുന്നതെങ്കില്‍ സ്വകാര്യ ഓണ്‍ലൈന്‍ ബീജദാന ക്ലിനിക്കുകള്‍ വഴി നൂറ് കുഞ്ഞുങ്ങളുടെ പിതാവായെന്ന് അവകാശപ്പെടുന്നവര്‍ വരെയുണ്ടെന്നാണ് യൂണിവേഴ്‌സിറ്റി കോളജ് ലണ്ടനിലെ പ്രൊഫസര്‍ ജോയ്‌സ് ഹാര്‍പര്‍ പറയുന്നത്. ഇത് സത്യമാണെങ്കില്‍ നൂറുകണക്കിന് അര്‍ധ സഹോദരങ്ങളെയാണ് നിങ്ങള്‍ സൃഷ്ടിച്ചിരിക്കുന്നത്. ഇത്തരം പ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നതിനാണ് സര്‍ക്കാര്‍ അംഗീകൃത വന്ധ്യത നിവാരണ ക്ലിനിക്കുകളെ സമീപിക്കണമെന്ന് നിര്‍ദേശിക്കുന്നത്. ഇത്തരം ക്ലിനിക്കുകളില്‍ പരമാവധി പത്തു പേര്‍ക്ക് മാത്രമേ ഒരു വ്യക്തിയുടെ ബീജം ഗര്‍ഭധാരണത്തിനായി നല്‍കാറുള്ളൂ. വര്‍ഷങ്ങളായി ഒരു കുഞ്ഞിന് വേണ്ടി കാത്തിരുന്ന് മടുത്ത സ്ത്രീകളെ ലൈംഗികമായി ദുരുപയോഗം ചെയ്യാനും വ്യക്തികളുടെ ഓണ്‍ലൈന്‍ ബീജദാന ക്ലിനിക്കുകള്‍ ഇടയാക്കാറുണ്ടെന്നും പ്രൊഫ. ജോയ്‌സ് ഹാര്‍പര്‍ സൂചിപ്പിക്കുന്നു.

IVF

സ്വകാര്യ വ്യക്തികള്‍ ബീജ ദാനം ഓണ്‍ലൈന്‍ സഹായത്തില്‍ നടത്തുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് ഫെയ്സ്ബുക് വക്താവ് പ്രതികരിച്ചിട്ടുണ്ട്. ബീജദാനത്തെക്കുറിച്ച് ഫെയ്സ്ബുക് വഴി ചര്‍ച്ച ചെയ്യുന്നതില്‍ യാതൊരു തടസവുമില്ല. എന്നാല്‍ ഇത് അതാത് രാജ്യങ്ങളിലെ പ്രാദേശിക നിയമങ്ങളെ ലംഘിക്കുന്നതാണോ എന്ന് സൂക്ഷ്മമായി പരിശോധിച്ചുവരികയാണ്. വ്യക്തികളുടെ സുരക്ഷിതത്വത്തിന് വലിയ വിലയുണ്ട്. നിയമവിരുദ്ധമായ പ്രവൃത്തികള്‍ ശ്രദ്ധയില്‍പെട്ടാന്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ മടിക്കരുതെന്നും ഫെയ്സ്ബുക് വ്യക്തമാക്കുന്നു.

English Summary: Man 'who has fathered 35 children' by offering sperm donations online

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com