sections
MORE

ചൊവ്വയിൽ നിന്നെത്തുമോ ഭീകര വൈറസുകൾ... പെഴ്‌സിവീയറൻസ് ഉയർത്തുന്ന ആശങ്ക

mars
SHARE

പെഴ്‌സിവീയറൻസ് ദൗത്യം വിജയകരമായി ചൊവ്വയിൽ ഇറങ്ങി. ചൊവ്വയിലെ സവിശേഷവും പുരാതനവുമായ ജെസീറോ എന്ന പ്രദേശത്ത് നിരീക്ഷണവും പരീക്ഷണവും റോവർ നടത്തും. അടുത്ത കാലത്ത് നാസ കൈവരിച്ച ഏറ്റവും വലിയ വിജയങ്ങളിലൊന്നാണ് പെഴ്‌സിവീയറൻസ്. മുൻപ് സോജണർ, സ്പിരിറ്റ്, ക്യൂരിയോസിറ്റി, ഓപ്പർച്യൂണിറ്റി തുടങ്ങി 4 റോവറുകളെ നാസ ചൊവ്വയിലെത്തിച്ചിട്ടുണ്ട്. എന്നാൽ അവയ്‌ക്കൊന്നും ഇല്ലാത്ത സവിശേഷതയാണ് പെഴ്‌സിവീയറൻസിന്.

പെഴ്‌സിവീയറൻസ് ഒരു തുടക്കം മാത്രമാണ്.നാസ അണിയറയിൽ ഒരുക്കുന്ന ഒരു വൻപദ്ധതിയുടെ ആദ്യഘട്ടം. മാഴ്‌സ് സാംപിൾ റിട്ടേൺ മിഷൻ എന്നു പേരിട്ടിരിക്കുന്ന അരനൂറ്റാണ്ടോളം ആശയത്തിനു പഴക്കമുള്ള ആ പദ്ധതിയുടെ ലക്ഷ്യം ചൊവ്വയിലെ ജെസീറോയിൽ നിന്നുള്ള മണ്ണും കല്ലുകളുമടങ്ങിയ സാംപിളുകൾ ഭൂമിയിലെത്തിക്കുക എന്നതാണ്. ഇതിന്റെ നാന്ദികുറിച്ചാണ് റോവർ ചൊവ്വയുടെ ഉപരിതലത്തിൽ ഇറങ്ങി നടക്കുന്നത്. എന്നാൽ ഈ ലക്ഷ്യം ലോകത്തെ പുതിയ സാഹചര്യത്തിൽ ചില കോണുകളിൽ ആശങ്കയും പടർത്തിയിട്ടുണ്ട്.

∙ സങ്കീർണമായ ചൊവ്വാക്കടത്ത്

1975 ലാണ് ആദ്യമായി ചൊവ്വയിൽ നിന്നു സാംപിളുകൾ ശേഖരിക്കുക എന്ന ലക്ഷ്യവുമായി സോവിയറ്റ് യൂണിയന്റെ മാഴ്‌സ് 5എൻഎം ദൗത്യം ഒരുങ്ങിയത്. എന്നാൽ അക്കാലത്തെ സാങ്കേതികമായ പരാധീനതകൾ അത്തരമൊരു ദൗത്യത്തിനുള്ള സാധ്യത കുറച്ചു. ഒടുവിൽ ദൗത്യം ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് മാഴ്‌സ് എക്‌സ്‌പ്ലോറേഷൻ പ്രോഗ്രാം, മാക്‌സ് സി തുടങ്ങിയ ദൗത്യങ്ങളിലൂടെ നാസയും ഈ ലക്ഷ്യത്തിനു ശ്രമിച്ചെങ്കിലും ഫലപ്രാപ്തി കൈവരിച്ചില്ല.

എന്നാൽ ഇപ്പോൾ വിജയമായിരിക്കുന്ന പെഴ്‌സിവീയറൻസ് ഇതിനെല്ലാമൊരു മറുപടിയാണ്. 170 കോടി യുഎസ് ഡോളറിൽ പൂർത്തീകരിച്ച പെഴ്‌സിവീയറൻസിന്റെ ഏറ്റവും കാതലായ ലക്ഷ്യം തന്നെ ചൊവ്വയിൽ നിന്നുള്ള സാംപിളുകൾ ശേഖരിക്കുകയെന്നാണ്. 38 സ്ഫടിക പാത്രങ്ങൾ നിറയെ ചൊവ്വയിലെ മണ്ണും കല്ലുമടങ്ങിയ സാംപിളുകൾ ഇതിലൂടെ ഭൂമിയിലേക്ക് 10 വർഷത്തിനു ശേഷമെത്തും.

2026ലും 2031ലും ഇതിനായി രണ്ട് അനുബന്ധ ദൗത്യങ്ങൾ കൂടി നാസയും യൂറോപ്യൻ സ്‌പേസ് ഏജൻസിയും നടത്തും. 2026ൽ ഭൂമിയിൽ നിന്നു യാത്ര തിരിക്കുന്ന സാംപിൾ ഫെച്ച് റോവർ പെഴ്‌സിവറൻസ് ശേഖരിച്ച സാംപിളുകൾ എടുത്ത് ഭദ്രമായി പായ്ക്കു ചെയ്ത ശേഷം ചൊവ്വയിൽ നിന്ന് ഒരു വിക്ഷേപണം നടത്തും. ചൊവ്വയിൽ വച്ച് ആദ്യമായി നടത്തപ്പെടുന്ന ഈ വിക്ഷേപണം 2031 കഴിഞ്ഞായിരിക്കും. അപ്പോഴേക്കും യൂറോപ്യൻ സ്‌പേസ് ഏജൻസിയുടെ എർത്ത് റിട്ടേൺ ഓർബിറ്റർ ചൊവ്വയുടെ അന്തരീക്ഷത്തിലെത്തിയിട്ടുണ്ടാകും. ഇതു സാംപിളുകൾ അടങ്ങിയ പാക്കേജ് പിടിച്ചെടുത്ത ശേഷം ഭൂമിയിലേക്ക് തിരിച്ചു പറന്ന് യുഎസിലെ ഉട്ടാ മേഖലയിൽ നിക്ഷേപിക്കും. തുടർന്ന് നാസാ ശാസ്ത്രജ്ഞർ അതു കണ്ടെടുത്ത് ലബോറട്ടറികളിലേക്കു കൊണ്ടുപോകും.

ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും മഹോന്നതമായ പ്രകടനമാകും അവിടെ നടക്കുന്നത്. എന്നാൽ തിരികെ വരുന്ന സാംപിളുകൾ? അവയാണ് ഇപ്പോൾ ആശങ്കയ്ക്കു വഴിവയ്ക്കുന്നത്.

SPACE-EXPLORATION/MARS

∙ ആൻഡ്രോമെഡ സ്‌ട്രെയിൻ

നാസ പെഴ്‌സിവീയറൻസ് വികസിപ്പിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ കഴിഞ്ഞ ഫെബ്രുവരിയിൽ പ്രശസ്ത ബഹിരാകാശ നിരീക്ഷകനും എഴുത്തുകാരനുമായ ലിയോണഡ് ഡേവിഡ് സ്‌പേസ് ജേണലിൽ എഴുതിയ ലേഖനം ശ്രദ്ധേയമായിരുന്നു.

ഒരു പ്രധാനകാര്യമാണ് ഡേവിഡ് ചൂണ്ടിക്കാട്ടിയത്. തിരികെ കൊണ്ടുവരുന്ന സാംപിളുകൾ... അവയിൽ ഏതെങ്കിലും മാരകസ്വഭാവമുള്ള ഒരു സൂക്ഷ്മ കോശ ജീവി അടങ്ങിയാൽ. ഏതെങ്കിലും രീതിയിലുള്ള അശ്രദ്ധ മൂലം അതു രക്ഷപ്പെട്ട് ഭൂമി മുഴുവൻ പരന്നാൽ? ചിലപ്പോഴത് വളരെ ദൗർഭാഗ്യകരമായിരിക്കും. മനുഷ്യരാശിയുടെ നിലനിൽപ്പിനെ തന്നെ ബാധിക്കാവുന്ന ഒന്ന്.

ഇത്തരത്തിലുള്ള ചിന്തകൾ ഉയരുമ്പോൾ തന്നെ പലരും ചൂണ്ടിക്കാട്ടുന്നത് ആൻഡ്രോമെഡ സ്‌ട്രെയ്ൻ എന്ന ഹോളിവുഡ് സിനിമയുടെ കഥയാണ്. 1971ൽ പുറത്തിറങ്ങിയ ഈ സിനിമയുടെ കഥ തുടങ്ങുന്നത് യുഎസിലെ അരിസോണയിൽ ഒരു ഉപഗ്രഹം തകർന്നു വീഴുന്നത് കാണിച്ചാണ്. തുടർന്ന് പ്രദേശത്തുള്ളവരെല്ലാം മഹാമാരി മൂലം കൊല്ലപ്പെടുന്നു. പിന്നീട് നടക്കുന്ന അന്വേഷണങ്ങൾ ഇതിന്റെ രഹസ്യം വെളിവാക്കുന്നു. ഏതോ ലോകത്തിൽ നിന്ന് ഒരുൽക്കയിലേറി വന്ന അജ്ഞാത വൈറസ്. ഉൽക്ക ഉപഗ്രഹത്തിലിടിച്ച നേരം ഉപഗ്രഹത്തിലേക്കു കടന്നു കയറുകയും ഉപഗ്രഹം ഭൂമിയിൽ വീണപ്പോൾ ഭൂമിയിൽ പരക്കുകയും ചെയ്തു.

1973ൽ വിശ്രുത ശാസ്ത്രജ്ഞനും ചിന്തകനുമായ കാൾ സാഗനും ഇത്തരമൊരു പ്രബന്ധം അവതരിപ്പിച്ചിട്ടുണ്ട്. കോസ്മിക് കണക്ഷൻ എന്ന പേരിൽ പ്രശസ്തമായ ആ ലേഖനത്തിൽ ചൊവ്വയെ എഴുതിത്തള്ളരുതെന്നും ഒരു പക്ഷേ അവിടെ ഇന്നും സൂക്ഷ്മകോശ ജീവികൾ ഉണ്ടാകാമെന്നും സാഗൻ മുന്നറിയിപ്പു നൽകിയിരുന്നു. അവ ഭൂമിയിലെത്തിയാൽ ഒരു മാർഷ്യൻ പ്ലേഗ് പോലുള്ള മഹാമാരി ഉടലെടുക്കാനുള്ള സാധ്യതയും അദ്ദേഹം പങ്കുവച്ചു.

ഇതൊക്കെ വെറും സയൻസ് ഫിക്ഷൻ കഥകളെന്നു പണ്ട് നമുക്ക് സിംപിളായി എഴുതിത്തള്ളാമായിരുന്നു. എന്നാൽ ഇന്നതു പറ്റില്ല. ചൂടുപാലു രുചിച്ച് നാക്കുപൊള്ളിയ പൂച്ചയ്ക്ക് പച്ചവെള്ളം കണ്ടാലും പേടിയാകും. കോവിഡ് എന്ന ഒറ്റ മഹാമാരിയിൽ കൂടി തന്നെ ഒരു സൂക്ഷ്മകോശജീവിക്ക് എന്തെല്ലാം കോലാഹലം ഉണ്ടാക്കാമെന്ന് ലോകം ഇന്നു മനസ്സിലാക്കി. ഭൂമിയിലെ സൂക്ഷ്മകോശജീവികൾ നമുക്ക് പരിചിതരായ ഇക്കാലത്തു തന്നെ. തീർത്തും അപരിചിതനായ ഒരു സൂക്ഷ്മശത്രു അപ്പോൾ ഏതെല്ലാം തരത്തിൽ ലോകത്തിനെ തകിടം മറിക്കുമെന്നത് വലിയ ഒരു ചോദ്യം തന്നെയാണ്.

∙ ദുരൂഹതകളുടെ ജെസീറോ

പെഴ്‌സിവീയറൻസ് ഇറങ്ങിയ ജെസീറോ ക്രേറ്റർ ചൊവ്വയിലെ ഒരു ദുരൂഹമേഖലയാണ്. ഗ്രഹത്തിന്റെ വടക്കൻ മേഖലയിലെ സിർട്ടിസ് ക്വോഡ്രാംഗിൾ എന്ന പ്രദേശത്ത് 50 കിലോമീറ്ററോളം ചുറ്റളവിൽ സ്ഥിതി ചെയ്യുന്ന ജെസീറോ ഇപ്പോൾ വരണ്ടു കിടക്കുകയാണെങ്കിലും ആദിമ കാലത്ത് ഇവിടേക്കു നദികൾ ഒഴുകിയിരുന്നു. ആ ജലം കെട്ടി നിന്ന് ഇവിടെ ഒരു തടാകവും ഉടലെടുത്തിരുന്നു. ചൊവ്വയുടെ ഒരു വിദൂര ഭൂതക്കാലത്ത് ഇവിടെ ജീവൻ തുടിച്ചിരുന്നെന്നും ശാസ്ത്രജ്ഞർക്ക് പ്രതീക്ഷയുണ്ട്.

ഇന്നും അതിന്റെ ഫലമായി ഇവിടത്തെ മണ്ണിൽ ചെളിയുടെ അംശം കൂടുതലാണെന്ന് നാസയിലേതുൾപ്പെടെ ശാസ്ത്രജ്ഞർ സാക്ഷ്യപ്പെടുത്തുന്നു. പഴയകാലത്തുണ്ടായിരുന്ന ജീവന്റെ സൂക്ഷ്മഫോസിലുകൾ ഇപ്പോഴും ഇവിടെ കാണാമായിരിക്കും. അത് അന്വേഷിക്കലാണ് പെഴ്‌സിവീയറൻസിന്റെ പ്രധാന ജോലി. അതിനായാണ് സാംപിളുകൾ ശേഖരിക്കുന്നതും.

എന്നാൽ ജീവന്റെ തെളിവല്ല, ഒരു പക്ഷേ സൂക്ഷ്മകോശരൂപത്തിൽ ജീവൻ തന്നെ നിലനിൽക്കുന്ന സാധ്യത തള്ളിക്കളയാനാകില്ല. നേർത്ത അന്തരീക്ഷവും വ്യത്യസ്തമായ ധാതുഘടനയും ഉയർന്ന തോതിൽ ഉപരിതലത്തിൽ എത്തുന്ന വികിരണങ്ങളുമൊക്കെ കാരണം നിലവിൽ ചൊവ്വയിൽ ജീവൻ ഉണ്ടാകാൻ യാതൊരു സാധ്യതയും ശാസ്ത്രജ്ഞർ കൽപിക്കുന്നില്ല. പക്ഷേ അതൊക്കെ ഭൂമിയിൽ നിന്നുള്ള ചിന്തകളാണ്. ഭൂമിയിൽ തന്നെ വളരെ കടുകട്ടി സാഹചര്യങ്ങളിൽ ജീവിക്കുന്ന സൂക്ഷ്മജീവികളുണ്ട്. 

പതിറ്റാണ്ടുകളോളം പ്രതികൂല സാഹചര്യത്തിൽ ജീവിക്കാൻ ശേഷിയുള്ള ടാർഡിഗ്രേഡുകളെയൊക്കെ നമുക്ക് അറിയാം. തീർത്തും ദുസ്സഹമായ സാഹചര്യങ്ങളുള്ള ഭൂമിയിലെ ഏറ്റവും ആഴമുള്ള സ്ഥലമായ ശാന്ത സമുദ്രത്തിലെ ചലഞ്ചർ ഡീപ്പിൽ പോലും ജീവി വർഗങ്ങളുണ്ട്. ജീവനെക്കുറിച്ചുള്ള നമ്മുടെ ധാരണകൾ എപ്പോഴും ശരിയാകണമെന്നില്ല എന്നാണ് ഇതിനർഥം.

Mars Landing

ഏതായാലും നാസയ്ക്ക് ഇക്കാര്യത്തിൽ വലിയ ആശങ്കയില്ല. തിരികെ കൊണ്ടുവരുന്ന സാംപിളുകൾ ഏറ്റവും സുരക്ഷിതമായി കൈകാര്യം ചെയ്യുമെന്ന് അവർ ഉറപ്പു നൽകുന്നു. അവരുടെ ആ ശ്രമം വിജയിക്കുമെന്നു തന്നെ ലോകത്തിനു പ്രത്യാശിക്കാം.

English Summary: Terror viruses coming from Mars ... Concern raised by Perseverance

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA