ADVERTISEMENT

അനുകൂല സാഹചര്യങ്ങളില്‍ പടര്‍ന്നുപന്തലിക്കാന്‍ ശേഷിയുള്ള ഏകകോശ ജീവികളാണ് ഫിസാറം പോളിസെഫാലം. ഇലകള്‍ പൊഴിഞ്ഞ മരങ്ങളുടെ ആകൃതിയില്‍ പടര്‍ന്നു പിടിക്കുന്ന മഞ്ഞനിറമുള്ള ഇവയ്ക്ക് തലച്ചോറോ നാഡീ വ്യവസ്ഥയോ ഇല്ലെങ്കിലും ഓര്‍മിക്കാനുള്ള ശേഷിയുണ്ട്. നേരത്തെ ഭക്ഷണം ലഭിച്ചിരുന്ന കേന്ദ്രങ്ങളെ ഓര്‍ത്തിരിക്കാന്‍ ഈ ഏകകോശ ജീവികള്‍ക്ക് എങ്ങനെ സാധിക്കുന്നുവെന്നതാണ് ഗവേഷകരെ അദ്ഭുതപ്പെടുത്തുന്നത്. 

 

ഭൂമിയിലെ ഏറ്റവും വിചിത്രമായ ജീവന്റെ രൂപങ്ങളിലൊന്നാണ് ഫിസാറം പോളിസെഫാലം ( Physarum polycephalum). ചെടിയോ മൃഗമോ ഫംഗസോ അല്ലാത്ത ഇവ ഏകകോശ ജീവികളാണ്. ജീവിതം തുടങ്ങുന്നത് ഏകകോശ ജീവനായിട്ടാണെങ്കിലും വൈകാതെ കോശങ്ങളുടെ എണ്ണം അതിവേഗത്തില്‍ വളരുന്നു. ദശലക്ഷക്കണക്കിന് കോശ മര്‍മങ്ങള്‍ ഒളിപ്പിച്ച വലിയൊരു ഏകകോശ ജീവിയായി ഇത് വൈകാതെ മാറും. ഈ അവസ്ഥയില്‍ ഏതാനും ചതുരശ്ര മീറ്റര്‍ വരെ ഇവയ്ക്ക് പടര്‍ന്നു പന്തലിക്കാന്‍ ശേഷിയുണ്ട്. പരസ്പര ബന്ധിതമായ സങ്കീര്‍ണ സംവിധാനമാണ് ഇവയുടെ ശരീരം.

 

അനുകൂല സാഹചര്യങ്ങള്‍ പ്രയോജനപ്പെടുത്തി അതിവേഗത്തില്‍ ഇവയ്ക്ക് വളരാനാകും. ഭക്ഷണം തേടി ദുര്‍ഘടമായ വഴികളിലൂടെ സഞ്ചരിക്കാനും ഇവയ്ക്ക് ശേഷിയുണ്ടെന്ന് 2000 ല്‍ ജാപ്പനീസ് ഗവേഷകനായ തൊഷിയൂക്കി നകഗാക്കി കണ്ടെത്തിയിരുന്നു. പിന്നീട് നടത്തിയ ഗവേഷണത്തിലാണ് ഇവക്ക് ഭക്ഷണം ലഭിക്കുന്ന ഉറവിടത്തെ ഓര്‍ത്തിരിക്കാനുള്ള ശേഷിയുണ്ടെന്നും മനസ്സിലായത്.

 

ജര്‍മനിയിലെ മാക്‌സ് പ്ലാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഡൈനാമിക്‌സ് ആൻഡ് സെല്‍ഫ് ഓര്‍ഗനൈസേഷനിലെ ബയോളജിക്കല്‍ സയന്റിസ്റ്റുകളായ മിര്‍ന ക്രാമറും കാരെന്‍ അലിം എന്നിവരാണ് ഇപ്പോഴത്തെ പഠനത്തിനു പിന്നില്‍. നേരത്തെ കണ്ടെത്തിയ ഭക്ഷണത്തിന്റെ ഉറവിടം ഓര്‍ത്തിരിക്കാന്‍ പാകത്തിന് ഇവ ശരീരഘടനയില്‍ മാറ്റം വരുത്തുന്നുവെന്നാണ് ഇവരുടെ കണ്ടെത്തല്‍. തലച്ചോറും നാഡീവ്യൂഹവുമില്ലാത്ത ഈ ഏകകോശജീവിക്ക് എങ്ങനെ ഓര്‍മ സാധ്യമാവുന്നു എന്നാണ് അദ്ഭുതപ്പെടുത്തുന്ന കാര്യം. 

 

കട്ടിയുള്ളതും മെലിഞ്ഞതുമായ കുഴലുകള്‍ വഴി പല കൈവഴികളായാണ് ഫിസാറം പോളിസെഫാലം വളരുന്നത്. അടുത്തുള്ള എവിടെയെങ്കിലും ഭക്ഷണം കണ്ടെത്തിക്കഴിഞ്ഞാല്‍ ഇവയുടെ ശരീരം ഒരു പ്രത്യേകതരം രാസവസ്തു പുറത്തേക്ക് വിടും. ഇത് കുഴലുകളെ കൂടുതല്‍ മൃദുവാക്കും. ഇതോടെ കുഴലുകള്‍ക്ക് ആവശ്യമെങ്കില്‍ വലുപ്പം വര്‍ധിപ്പിക്കാനുള്ള ശേഷിയും കൈവരുന്നു. ഭക്ഷണം വേഗത്തില്‍ വലിച്ചെടുക്കാന്‍ ഇത് സഹായിക്കുന്നുണ്ട്. മാത്രമല്ല എവിടെയാണ് ഭക്ഷണം ലഭിക്കുന്നതെന്ന സൂചന ഈ രാസവസ്തുക്കള്‍ വഴി പോളിസെഫാലം മൊത്തം ശരീരത്തിനും നല്‍കുന്നു. ഇതോടെ ശരീരഭാഗമാകെ ഭക്ഷണം ലഭിക്കുന്ന ഭാഗത്തേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നു. 

 

ഇനി അനുകൂലമല്ലാത്ത സാഹചര്യത്തിലേക്കാണ് വളരുന്നതെങ്കില്‍ അവിടത്തെ വളര്‍ച്ച മുരടിപ്പിക്കാനും പിന്‍വലിയാനും ഇവയ്ക്ക് സാധിക്കുന്നുണ്ട്. എന്നാല്‍, ഒരിക്കല്‍ മികച്ച ഭക്ഷണം ലഭിച്ചാല്‍ വലുതാവുന്ന ഭക്ഷണ കുഴലുകള്‍ അതേ നിലയില്‍ തുടരും. പിന്നീട് എപ്പോഴെങ്കിലും ഭക്ഷണം ലഭിക്കുന്ന സന്ദര്‍ഭമുണ്ടായാല്‍ വേഗത്തില്‍ വലിച്ചെടുക്കുകയും ചെയ്യും. മനുഷ്യന്റെ തലച്ചോറുമായും പോളിസെഫാലത്തിന്റെ പ്രവര്‍ത്തനത്തിന് സാമ്യമുണ്ടെന്നും ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. 

 

കാര്യങ്ങള്‍ ഓര്‍ത്തുവെക്കുന്നതില്‍ മനുഷ്യന്റെ തലച്ചോറിന്റെ പ്രവര്‍ത്തനവുമായി ഒരു സാമ്യതയും ഇവയ്ക്കുണ്ട്. തലച്ചോറിലെ ന്യൂറോണുകള്‍ തമ്മിലുള്ള സന്ദേശ കൈമാറ്റം സിനാപ്‌സെസുകള്‍ വഴിയാണ് സാധ്യമാകുന്നത്. നമ്മള്‍ പഠിക്കുമ്പോഴും വളരുമ്പോഴും കൂടുതലായി ഉപയോഗിക്കുമ്പോഴുമെല്ലാം ന്യൂറോണുകള്‍ വഴിയുള്ള ഈ സന്ദേശകൈമാറ്റം കൂടുതല്‍ ശക്തമാവുന്നു. ഉപയോഗിക്കാതിരുന്നാല്‍ ഇവ വൈകാതെ ശേഷി കുറഞ്ഞ് നശിക്കുകയും ചെയ്യും. സമാനമായ പ്രവര്‍ത്തനം തന്നെയാണ് പോളിസെഫാലത്തിന്റെ കാര്യത്തിലും സംഭവിക്കുന്നത്. ഭക്ഷണം വഹിക്കുന്ന കുഴലുകള്‍ ഭക്ഷണം ലഭിക്കുമ്പോള്‍ കൂടുതല്‍ വലുതാവുന്നു. ഭക്ഷണം ഇല്ലാത്ത സമയത്ത് കുഴലുകള്‍ കട്ടിയാവുകയും വൈകാതെ നശിച്ചുപോവുകയും ചെയ്യുന്നു. 

 

ഇത്രമേല്‍ ലളിതമായ പ്രക്രിയയിലൂടെ വഴി എങ്ങനെയാണ് ഈ ഏകകോശ ജീവികള്‍ ഫലപ്രദമായി ജീവിക്കുന്നുവെന്നാണ് പഠനം കാണിച്ചു തരുന്നത്. ഇത്തരം ലളിതജീവികളെക്കുറിച്ച് കൂടുതല്‍ അറിയാന്‍ തങ്ങളുടെ പഠനം സഹായിക്കുമെന്നാണ് കരുതുന്നതെന്ന് അലിം പറയുന്നു. ഭാവിയില്‍ സ്മാര്‍ട് ഉപകരണങ്ങളും സോഫ്റ്റ് റോബോട്ടുകളും ഇതേ ഏകകോശജീവികളെ അനുകരിച്ച് നിര്‍മിക്കാനാകുമെന്നും മനുഷ്യന് എത്തിച്ചേരാൻ ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളിലേക്ക് അവയെ എത്തിക്കാനാകുമെന്നുമാണ് ഗവേഷകര്‍ പ്രതീക്ഷിക്കുന്നത്.

 

English Summary: Slime Mold Doesn't Have a Brain, But It Can 'Remember' Where to Find Food

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com