sections
MORE

ചൈനക്കാർ കൃത്രിമ ‘ചന്ദ്രനിൽ’ താമസിച്ചത് 1 വർഷം! ജീവൻ നിലനിർത്താൻ ഓക്സിജനുണ്ടാക്കി, വെള്ളവും ഭക്ഷണവും...

china-moon-mission
SHARE

പുതിയ ബഹിരാകാശ ദൗത്യങ്ങൾക്ക് പിന്നാലെയാണ് ചൈന. ചന്ദ്രനിലേക്കും ചൊവ്വയിലേക്കും മനുഷ്യരെ അയക്കാനും അവിടെ താമസം തുടങ്ങാനും ചൈനയ്ക്ക് പദ്ധതിയുണ്ട്. ഇതിന്റെ ആദ്യഘട്ട പരീക്ഷണങ്ങൾ ഭൂമിയിൽ തുടങ്ങി. സ്പേസ്എക്സ് മേധാവി ഇലോൺ മസ്ക് ചൊവ്വയില്‍ കോളനി സ്ഥാപിക്കാൻ പരിശ്രമിക്കുമ്പോൾ തന്നെ ചൈന ചന്ദ്രനിൽ മനുഷ്യർക്ക് താമസമൊരുക്കാനുള്ള പദ്ധതികളാണ് ആസൂത്രണം ചെയ്യുന്നത്. ഇതിനായി ചൈനീസ് വിദ്യാർഥികൾ ഒരു വർഷത്തോളം ചന്ദ്രന്റെ സിമുലേഷൻ (ചന്ദ്രനിലെ ആവാസവ്യവസ്ഥ കൃത്രിമമായി സൃഷ്ടിക്കുക) ഒരുക്കി പുറംലോകത്തു നിന്നു വിട്ടുനിന്ന് അതിനകത്ത് ജീവിച്ചു.

സസ്യങ്ങളിൽ നിന്ന് ഓക്സിജനും വെള്ളവും ഭക്ഷണവും നിർമിച്ച് സ്വയം പര്യാപ്തമായ ആവാസവ്യവസ്ഥയിൽ (ചന്ദ്രനിലെ ജീവിതത്തെ അനുകരിച്ച്) വർഷം മുഴുവൻ പുറംലോകത്തിന്റെ സഹായമില്ലാതെയാണ് ഒരു കൂട്ടം ചൈനീസ് വിദ്യാർഥികൾ കഴിഞ്ഞത്. ചൈനയുടെ ബഹിരാകാശ പദ്ധതികളൊന്നായ യുഗോങ് -1 (ചൈനീസ് ഫോർ ലൂണാർ പാലസ് 1) ന്റെ ഭാഗമായി പ്രത്യേകം സജ്ജമാക്കിയ ആവാസവ്യവസ്ഥയിൽ രണ്ട് ടീമുകളാണ് 370 ദിവസം ജീവിച്ചത്. അതേസമയം, അവർക്ക് ഇതിലും കൂടുതൽ കാലം അതിനകത്ത് തുടരാൻ കഴിയുമായിരുന്നുവെന്നും ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ടീമംഗങ്ങളിൽ കൂടുതൽ പേരും ബീഹാംഗ് സർവകലാശാലയിലെ ബെയ്ജിങ് ക്യാംപസിലെ വിദ്യാർഥികളായിരുന്നു. ഇവർ ആദ്യം ചെയ്തത് ഒരു ബയോസ്ഫിയർ വികസിപ്പിച്ചെടുക്കുകയായിരുന്നു. ഇത് ചന്ദ്രനിൽ മനുഷ്യന് അതിജീവിക്കാൻ ആവശ്യമായതെല്ലാം ഉൾക്കൊള്ളുന്നതായിരുന്നു. എൽ‌ഇഡി ലൈറ്റുകൾക്ക് ചുവട്ടിൽ വിവിധ അലമാരകളിൽ വളരുന്ന സസ്യങ്ങൾ നിറഞ്ഞ രണ്ട് കൃഷി മൊഡ്യൂളുകൾ ബയോസ്‌ഫിയറിൽ സജ്ജീകരിച്ചിരുന്നു. 452 ചതുരശ്രയടി ലിവിങ് ക്യാബിനോടൊപ്പം ഉറങ്ങാനുള്ള നാല് മുറികൾ, ഒരു സാധാരണ മുറി, മാലിന്യ സംസ്കരണ മുറി, ഒരു കുളിമുറി എന്നിവയും ഉണ്ടായിരുന്നു.

2014 ൽ ആദ്യമായി അവർ 105 ദിവസത്തോളം താമസിച്ച് പരീക്ഷണം നടത്തിയിരുന്നു. ഇതിനു ശേഷം 2017 മെയ് 10 ന് വീണ്ടും പരീക്ഷണം നടത്തി. ഈ സമയത്ത് താമസിക്കാൻ രണ്ട് പുരുഷന്മാരും രണ്ട് സ്ത്രീ വിദ്യാർഥികളുമായിരുന്നു ഉണ്ടായിരുന്നത്. അവർ 60 ദിവസം യുഗോംഗ് -1 നുള്ളിൽ താമസിച്ചു. പിന്നീട് ഇതേവർഷം ജൂലൈയിൽ മറ്റൊരു സംഘം 200 ദിവസം വരെയും താമസിച്ചു.

പുറത്തുനിന്നുള്ള രണ്ട് ശതമാനം വസ്തുക്കൾ മാത്രമാണ് അതിനകത്ത് അവർ ഉപയോഗിച്ചുവെന്നത് ആശ്ചര്യപ്പെടുത്തുന്ന കാര്യമാണ്. ടോയ്‌ലറ്റ് പേപ്പർ, ക്ലീനിങ് ഉൽ‌പന്നങ്ങൾ എന്നിവ ഉൾപ്പെടുന്ന കുറച്ച് വസ്തുക്കൾ മാത്രമാണ് പുറത്തുനിന്നു കൊണ്ടുവന്നത്. വീടിനകത്ത് താമസിച്ചവർ പ്ലാന്റ് മൊഡ്യൂളുകളിൽ വളർത്തിയ ഭക്ഷണം കഴിച്ചാണ് ജീവൻ നിലനിർത്തിയത്. ഗോതമ്പ്, ഉരുളക്കിഴങ്ങ്, തക്കാളി, വെള്ളരി, സ്ട്രോബെറി എന്നിവ ഇതിൽ ഉൾപ്പെടുന്നു. മാത്രമല്ല, ഈ സസ്യങ്ങൾ മനുഷ്യർക്കും മൃഗങ്ങൾക്കും മാലിന്യങ്ങൾ സംസ്കരിക്കാൻ സഹായിക്കുന്ന ജീവികൾക്കും ജീവൻ നിലനിർത്താൻ ആവശ്യമായ ഓക്സിജനും ഉൽ‌പാദിപ്പിച്ചു.

കുടിവെള്ളത്തിനായി അവർ ചെടികളുടെ സാന്ദ്രീകരണ പ്രതിഭാസത്തെയാണ് ആശ്രയിച്ചിരുന്നത്. കൂടാതെ സസ്യ മാലിന്യങ്ങൾ നിർമാജനം ചെയ്യാൻ പോലും പ്രകൃതിദത്ത സംവിധാനങ്ങളാണ് ഉപയോഗിച്ചിരുന്നത്. ഇതിനകത്ത് അവർ ഒന്നും പാഴാക്കിയില്ല, സസ്യങ്ങൾ വളരാൻ വേണ്ട കാർബൺഡൈ ഒക്സൈഡ് ഉൽ‌പാദിപ്പിക്കുന്നതിനായി മലം പോലും സസ്യ മാലിന്യത്തിൽ കലർത്തിയിരുന്നു. അതേസമയം, ജലസേചനത്തിനായി മൂത്രം സംസ്കരിച്ച് അണുവിമുക്തമാക്കി.

ചന്ദ്രനിൽ മനുഷ്യനു താമസ സൗകര്യമൊരുക്കുക എന്ന ചൈനയുടെ കാഴ്ചപ്പാടിന്റെ ആദ്യ പടിയാണ് ഈ പരീക്ഷണങ്ങൾ. ഈ ദശകത്തിൽ തന്നെ ചന്ദ്രനിലെ താവളത്തിന്റെ നിർമാണം ആരംഭിക്കാമെന്ന് ചൈന നാഷണൽ സ്‌പേസ് അഡ്മിനിസ്ട്രേഷൻ (സിഎൻ‌എസ്‌എ) ഡയറക്ടർ ഴാങ് കെജിയാൻ അവകാശപ്പെട്ടു. ഐസ് ഉണ്ടെന്ന് കരുതപ്പെടുന്ന ചന്ദ്രന്റെ ദക്ഷിണധ്രുവത്തിനടുത്ത് താവളം സ്ഥാപിക്കാനാണ് ചൈന പദ്ധതിയിടുന്നത്. മാത്രമല്ല മറ്റ് രാജ്യങ്ങൾക്കും ഇത് ഉപയോഗിക്കാൻ അനുവദിക്കുകയും ചെയ്യും.

English Summary: Chinese Students Spent 1 Year In Moon Simulation, Grew Food And Oxygen From Plants

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA