ADVERTISEMENT

രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ നിന്നും കാലാവധി കഴിഞ്ഞ 2.9 ടണ്‍ ( ഏകദേശം 2630 കിലോഗ്രാം) ഭാരം വരുന്ന ബാറ്ററി ഭൂമിയിലേക്ക് വരുന്നു. ബഹിരാകാശ നിലയത്തിന്റെ നീളന്‍ റോബോട്ടിക് കൈകളാണ് ബാറ്ററികള്‍ പുറത്തേക്ക് എറിയുന്നത്. ഭൂമിയില്‍ നിന്നും ഏതാണ്ട് 265 മൈല്‍ ഉയരത്തില്‍ വെച്ച് പുറന്തള്ളുന്ന ബാറ്ററികള്‍ ഉടന്‍ തന്നെ ഭൂമിയിലേക്കെത്തില്ല. വര്‍ഷങ്ങള്‍ കഴിഞ്ഞ് ഭൂമിക്ക് തൊട്ടടുത്തുള്ള അന്തരീക്ഷത്തില്‍ കറങ്ങിയതിനു ശേഷമായിരിക്കും അവ താഴേക്ക് പതിച്ച് എരിഞ്ഞില്ലാതാവുക.

 

രാജ്യാന്തര ബഹിരാകാശ നിലയത്തിന് ഊര്‍ജം നല്‍കുന്ന ബാറ്ററികളുടെ അപ്ഗ്രഡേഷന്‍ നാസ പൂര്‍ത്തിയാക്കിയതിന‍ു പിന്നാലെയാണ് ബാറ്ററികള്‍ ഉപേക്ഷിക്കുന്ന വിവരവും പുറത്തുവരുന്നത്. കാലാവധി കഴിഞ്ഞ 48 നിക്കല്‍ ഹൈഡ്രജന്‍ ബാറ്ററികൾ മാറ്റി പകരം 24 ലിഥിയം അയണ്‍ ബാറ്ററികളാണ് സ്ഥാപിച്ചിരിക്കുന്നത്. 2016ല്‍ ആരംഭിച്ച ബാറ്ററി മാറ്റുന്ന പ്രക്രിയ നാല് വര്‍ഷത്തോളമാണ് നീണ്ടത്. 2020ലായിരുന്നു അവസാന ഘട്ട ബാറ്ററികള്‍ ഐഎസ്എസിലെത്തിച്ചത്.

 

ബാറ്ററികള്‍ ഇങ്ങനെ ഭൂമിയിലേക്കെറിഞ്ഞ് നശിപ്പിച്ചുകളയാനായിരുന്നില്ല നാസ നേരത്തെ തീരുമാനിച്ചിരുന്നത്. ജപ്പാന്റെ എച്ച്-II ട്രാൻസ്ഫര്‍ വെഹിക്കിൾ (എച്ച്ടിവി) വാഹനത്തില്‍ ഭൂമിയിലേക്ക് എത്തിക്കാനായിരുന്നു പദ്ധതി. എന്നാല്‍ 2018ലെ സോയുസ് വിക്ഷേപണം പരാജയപ്പെട്ടത് നാസയുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു. അറ്റകുറ്റ പണികള്‍ക്കും മറ്റുമായുള്ള ഐഎസ്എസിന് പുറത്തെ ബഹിരാകാശ നടത്തങ്ങള്‍ വീണ്ടും പുനക്രമീകരിക്കേണ്ടി വന്നു. ഇതോടെ ബാറ്ററികള്‍ ബഹിരാകാശ നിലയത്തില്‍ നിന്നു താഴേക്കിടാന്‍ തീരുമാനമെടുക്കുകയുമായിരുന്നു.

 

ഭാരം അടിസ്ഥാനപ്പെടുത്തിയാല്‍ ബഹിരാകാശ നിലയത്തില്‍ നിന്നും പുറത്തേക്കിടുന്ന ഏറ്റവും വലിയ വസ്തുവാണ് 2,630 കിലോഗ്രാം ഭാരമുള്ള ഈ ബാറ്ററികള്‍. 2007ല്‍ അമോണിയ സര്‍വീസിങ് സിസ്റ്റം ടാങ്ക് ഐഎസ്എസില്‍ നിന്നും പുറത്തേക്കിട്ടിരുന്നു. നേരത്തെ ബഹിരാകാശ നിലയം പുറന്തള്ളിയ ഏറ്റവും ഭാരമേറിയ വസ്തുവും ഇതാണ്. 

 

എന്നാല്‍, ബഹിരാകാശത്തു നിന്നും ഭൂമിയിലേക്ക് പതിക്കുന്ന ഏറ്റവും വലിയ വസ്തു ഈ ബാറ്ററികളല്ല. ചൈനയുടെ ലോങ് മാര്‍ച്ച് 5ബി റോക്കറ്റിനാണ് ഈ സ്ഥാനം. 2020 മെയ് 11നാണ് ഈ റോക്കറ്റ് വിക്ഷേപിച്ചത്. മറ്റു റോക്കറ്റുകളെ അപേക്ഷിച്ച് ഒരൊറ്റഘട്ടം മാത്രമേ ഇതിനുണ്ടായിരുന്നുള്ളൂ എന്നതായിരുന്നു പ്രത്യേകത. അതുകൊണ്ടുതന്നെ ദൗത്യം പൂര്‍ത്തിയാക്കി ആറ് ദിവസത്തിനുശേഷം നിയന്ത്രണം നഷ്ടമായ റോക്കറ്റ് ഭൂമിയിലേക്ക് വീഴുകയായിരുന്നു. ഏതാണ്ട് 21 ടണ്ണാണ് (ഏകദേശം 19,000 കിലോഗ്രാം) ഈ റോക്കറ്റിന്റെ ഭാരം കണക്കാക്കുന്നത്. അറ്റ്‌ലാന്റിക് മഹാ സമുദ്രത്തിലാണ് ഈ റോക്കറ്റ് വീണതെന്നതിനാല്‍ അപകടങ്ങള്‍ ഒഴിവായി.

 

English Summary: Space Station Batteries Weighing 2.9 Ton Are Falling Down On Earth From 426 Km

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com